Member   Donate   Books   0

2026 ജൂലൈ 29: ഗുരുപൂർണ്ണിമ ദിനം

AVS

ഓം നമഃശിവായ

ആചാര്യന്മാരെ വന്ദിക്കാനും പൂജിക്കാനുമുള്ള ഒരു പവിത്രദിനമാണ് ഗുരുപൂർണ്ണിമ!

ഗുരുക്കന്മാരെയും ആദ്ധ്യാത്മികാചാര്യന്മാരെയും സന്യാസി ശ്രേഷ്ഠരെയും ആഷാഢ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് പൂജ ചെയ്ത് ആദരിക്കാറുള്ളത് ! ലോകഗുരുവായ വേദവ്യാസമഹർഷിയുടെ ജന്മദിനം കൂടിയായ ഈ സുദിനം ഗുരുപൂർണ്ണിമയായി ഭാരതത്തിലെ എല്ലാ അദ്ധ്യാത്മിക കേന്ദ്രങ്ങളും മഠങ്ങളും ആശ്രമങ്ങളും മഹോത്സവം പോലെ ആഘോഷിക്കുന്നു! അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. (പ്രസ്ഥാനത്രയങ്ങളിൽ ഒന്നായ ബ്രഹ്മസൂത്രം വ്യാസമഹർഷി രചിച്ചതും ഈ തിഥിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.)

ആത്മീയ ജ്ഞാനവും പരമസത്യവും അന്വേഷിക്കുന്നവർക്കും, എല്ലാ സാധകന്മാർക്കും അത്യന്തം പുണ്യമായ ദിവസമാണ് ആഷാഢ പൗർണ്ണമി എന്ന ഗുരുപൂർണ്ണിമ ദിനം!

പരമേശ്വരനിൽ നിന്ന് ആരംഭിച്ച് നമ്മുടെ ഗുരുവരെ എത്തി നിൽക്കുന്ന എല്ലാ ഗുരുക്കന്മാരേയും, ഗുരുപരമ്പരകളെയും സ്മരിക്കാൻ പറ്റുന്ന ഒരു ദിവസമാണിന്ന്! ഒരു ദിവസം മാത്രം ഓർമ്മിക്കേണ്ടവരല്ല ഇവർ. ജീവിതത്തിലുടനീളം, മരണസമയത്ത് പോലും അവരോടുള്ള സ്മരണ നിലനിർത്തേണ്ടതാണ്! മരണത്തിനുപോലും വേർപ്പെടുത്താനാവാത്ത ആത്മബന്ധമാണ് ശിഷ്യനും ഗുരുവുമായിട്ടുള്ളത്! നമ്മുടെ ജീവിതലക്ഷ്യം നേടുവാൻ സഹായിക്കാനായി, എല്ലാ ദുഃഖദുരിതങ്ങളും നീക്കുവാനായി ഈശ്വരൻ അയക്കുന്ന പ്രത്യക്ഷദൈവം തന്നെയാണ് ഗുരു!

ജീവിതലക്ഷ്യം നേടുവാൻ പരാജയപ്പെട്ടാൽ അടുത്ത ജന്മങ്ങളിലോ, അടുത്ത ലോകങ്ങളിലോ പോലും കടന്നുവന്ന് പരിണാമത്തിന്റെ ഏത് നിലയിലാണെങ്കിലും നമ്മെ അവിടെനിന്ന് കൈപിടിച്ച്, സ്നേഹബുദ്ധ്യാ ഉപദേശിച്ചും ചിലപ്പോൾ ശാസിച്ചും തിരുത്തിയും അദ്ധ്യാത്മികവിദ്യ പഠിപ്പിച്ചും, സനാതനധർമ്മ വിദ്യാഭ്യാസം നൽകികൊണ്ട് നമ്മെ ഈശ്വരനിലേയ്ക്ക് നയിക്കുന്ന മഹാഗുരുപരമ്പരകൾക്ക് വന്ദനം അർപ്പിക്കാനുള്ള ദിവസം കൂടിയാണിത്!

അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കി ജ്ഞാനമാകുന്ന വെളിച്ചം നൽകുന്നയാളാണ് ഗുരു. ശിഷ്യരുടെ അജ്ഞതയെ നിർമ്മാർജ്ജനം ചെയ്ത് അവരെ ശരിയായ ഈശ്വരീയ പാതയിലേയ്ക്ക് കൈപിടിച്ച് നയിക്കുന്ന കാരുണ്യമൂർത്തിയത്രെ സദ്ഗുരു! നമ്മളെ മോക്ഷത്തിലേക്ക് നയിക്കുവാൻ ഈശ്വരൻ ഗുരുരൂപത്തിൽ നമുക്ക് മുന്നിൽ എത്തുന്നു എന്നതാണ് സത്യം !!

“ഗുരുർ വിനാ ഗതിർ നാസ്തി” എന്നാണ് ശാസ്ത്രം. ഒരുവന് ഇഹലോകത്തിലും പരലോകത്തിലും ശരിയായ വിജയം കൈവരിക്കാനും ആത്യന്തിക ജന്മലക്ഷ്യമായ മോക്ഷം അഥവാ ഈശ്വരസാക്ഷാത്കാരത്തിലൂടെ പരിപൂർണ്ണതയിലെത്താനും ഒരു സദ്ഗുരുവിലൂടെ മാത്രമേ സാധിക്കൂ !

സനാതനധർമ്മത്തിൻ്റെ യഥാർത്ഥ സ്രോതസ് ഗുരുപരമ്പരകളാണ് ! പുരാതനകാലം മുതൽ നിത്യനൂതനമായി ധർമ്മത്തെ നിലനിർത്തുന്ന കണ്ണികളാണവർ. സനാതനധർമ്മം പഠിക്കേണ്ടത് ഗുരുമുഖത്തു നിന്നാണ്, അനുഷ്ഠിച്ചു തുടങ്ങേണ്ടത് ഗുരുസവിധത്തിൽ വെച്ചുമാണ്.

സത്യത്തെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കാൻ നമുക്ക് കഴിയുന്നത് ഒരു ഉത്തമ ഗുരുവിനെ കിട്ടുമ്പോഴാണല്ലോ? സന്ത് കബീർദാസ് പറയുന്നത് :

“ഈശ്വരനും, ഗുരുവും ഒരേസമയം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഞാൻ ആദ്യം ഗുരുവിനെ ആയിരിക്കും വന്ദിക്കുക, അതിന് ശേഷമേ ഈശ്വരനെ നമസ്ക്കരിക്കുകയുള്ളൂ, കാരണം ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ച് തന്നത്.”

ശരിയായ ഒരു ഗുരുവിന്റെ സവിധത്തിൽ എത്തിച്ചേരുമ്പോൾ പൂർവ്വജന്മസുകൃതികളുടെ ജീവിതത്തിൽ വലിയമാറ്റം ഉണ്ടാകുന്ന നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും! അവയിൽ ചിലത് മാത്രം സ്മരിക്കാം. നരേന്ദ്രൻ എന്ന യുക്തിവാദിയായ യുവാവ് ലോകവിശ്രുതനായ സ്വാമി വിവേകാനന്ദനായി മാറുന്നത് ശ്രീ രാമകൃഷ്ണദേവന്റെ പ്രിയശിഷ്യനായതിന് ശേഷമാണല്ലോ ?! ബാലകൃഷ്ണമേനോൻ എന്ന നിരീശ്വരവാദിയും വിപ്ലവകാരിയുമായ പത്രപ്രവർത്തകൻ സ്വാമി ചിന്മയാനന്ദനായിത്തീർന്നതും ശ്രീമദ് സ്വാമി ശിവാനന്ദജിയുടെ ശിഷ്യനായി കഴിഞ്ഞിട്ടായിരുന്നു. നക്സലേറ്റ് തീവ്രവാദിയും നിരീശ്വരവാദിയുമായിരുന്ന ഫിലിപ്പ് എം. പ്രസാദ് സനാതന ഹിന്ദുവായി മാറിയത് ശ്രീ സത്യസായിബാബയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്നാണ്. നിരീശ്വരവാദ – യുക്തിവാദ – അജ്ഞേയവാദ – ശാസ്ത്രാന്ധവിശ്വാസികളായ അനേകർ ഇപ്രകാരം സദ്ഗുരുക്കന്മാരുമായുള്ള സമ്പർക്കംമൂലം സജ്ജനങ്ങളായി മാറിയിട്ടുണ്ട് !!

അച്ഛനോ അമ്മയോ ഭാര്യയോ മക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ നമ്മുടെ കർമ്മങ്ങളെ ഏറ്റെടുക്കാൻ മടിക്കുമ്പോൾ, ഒരു സദ്ഗുരു ശിഷ്യരുടെ കർമ്മങ്ങളെ കൂടി സ്വീകരിച്ച് അവർക്ക് ഈശ്വരീയാനുഭൂതി പ്രദാനം ചെയ്യുന്നു. അതിനാൽ ഗുരു – ശിഷ്യ ബന്ധത്തേക്കാൾ ശ്രേഷ്ഠമായ ഒരു ബന്ധവും ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം!!

യഥാർത്ഥ

ശിഷ്യരാവട്ടെ നിരുപാധിക സ്നേഹവും ഭക്തിയും ഗുരുവിൽ സമർപ്പിക്കുന്നവരുമാണ്. കഷ്ടപ്പെട്ട്, കഠിനയാതനകൾ അനുഭവിച്ച് താൻ നേടിയത് കാരുണ്യപൂർവ്വം ശിഷ്യർക്ക് പകർന്ന് കൊടുക്കുന്ന ഗുരു; വിവിധ ദീക്ഷകളിലൂടെ ശിഷ്യരെ തന്നോളമുയർത്തുന്നു! അതിനാൽ ഗുരു, ശിഷ്യർക്ക് ആത്മീയ പിതാവും മാതാവുമൊക്കെയാണ്. ശിഷ്യർ തന്നെക്കാൾ ഉയരണം എന്നാഗ്രഹിക്കുന്ന ആചാര്യന്മാർ വരെയുണ്ട് ആർഷഭാരതത്തിൽ.

യഥാർത്ഥ ശിഷ്യരാവട്ടെ നിരുപാധിക സ്നേഹവും ഭക്തിയും ഗുരുവിൽ സമർപ്പിക്കുന്നവരുമാണ്. കഷ്ടപ്പെട്ട്, കഠിനയാതനകൾ അനുഭവിച്ച് താൻ നേടിയത് കാരുണ്യപൂർവ്വം ശിഷ്യർക്ക് പകർന്ന് കൊടുക്കുന്ന ഗുരു; വിവിധ ദീക്ഷകളിലൂടെ ശിഷ്യരെ തന്നോളമുയർത്തുന്നു! അതിനാൽ ഗുരു, ശിഷ്യർക്ക് ആത്മീയ പിതാവും മാതാവുമൊക്കെയാണ്. ശിഷ്യർ തന്നെക്കാൾ ഉയരണം എന്നാഗ്രഹിക്കുന്ന ആചാര്യന്മാർ വരെയുണ്ട് ആർഷഭാരതത്തിൽ.

സൂചക ഗുരു, ചോദക ഗുരു, പ്രേരക ഗുരു, ബോധക ഗുരു, ദീക്ഷാഗുരു, വേദഗുരു, വേദാന്തഗുരു, വിദ്യാഗുരു, സിദ്ധഗുരു, ജ്ഞാനഗുരു, ആചാര്യഗുരു,യോഗീശ്വരഗുരു, മഹാഗുരു, ആത്മഗുരു തുടങ്ങിയ ഗുരുക്കന്മാരിൽ ഏറ്റവും പ്രാധാന്യമുള്ളത് സനാതനധർമ്മത്തെയും ഈശ്വര – ജീവിത ദർശനങ്ങളെയും ശരിയായി പഠിപ്പിക്കുന്ന ഗുരുപരമ്പരയിലെ കണ്ണിയായ സദ്ഗുരുവിനാണ് !! ആ ഗുരു ഈശ്വരനിൽ നിന്നാരംഭിച്ച ഗുരുപരമ്പരയുടെ ഭാഗവുമായിരിക്കണം !

“സദാശിവ സമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം” എന്നത് ഗുരുപരമ്പരാവന്ദനശ്ലോകമാണ്.
ഗുരുവിന്റെ പരമപ്രാധാന്യം വിവരിക്കുന്ന ദിവ്യസ്തോത്രങ്ങളിൽ ഗുരുഗീത മുഖ്യമാണ്. അതിലെ ഗുരു മഹിമയുടെ ഒരാശയം ഇതാണ്:
“ദേവതകൾ കോപിച്ചാൽ ഗുരു തടയും. ഗുരു കോപിച്ചാൽ ആരും തടയുകയും രക്ഷിക്കുകയും ഇല്ല !” അതത്രെ ഗുരുമഹത്വം !!
“ഗുരുകൃപാ ഹി കേവലം
ശിഷ്യ പരമ മംഗളം” – ഗുരുകൃപ തന്നെയാണ് ശിഷ്യർക്ക് പരമ മംഗളം പ്രദാനം ചെയ്യുന്നത്.

ഗുരുപൂജ ചെയ്ത്, ഗുരുദക്ഷിണ സമർപ്പിക്കേണ്ട ഈ പവിത്രദിനത്തിൽ, യഥാർത്ഥ ഗുരുദക്ഷിണ എന്തെന്നും നാം തിരിച്ചറിയണം. ശിഷ്യൻ തന്റെ ശിഷ്ടജീവിതം ഈശ്വരനും, ഗുരുപരമ്പരകൾക്കും, സനാതനധർമ്മത്തിനുമായി സമർപ്പിക്കുക എന്നതാണ് ശരിയായ ഗുരുദക്ഷിണ! ആ സമ്പൂർണ്ണ സമർപ്പണ പ്രതിജ്ഞയാണ് ഈ സുദിനത്തിൽ നാം കൈക്കൊള്ളേണ്ടത് !

ശിഷ്യർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും
മൗനത്തിലൂടെ (അന്തർജ്ഞാനത്തിലൂടെ) ഉത്തരമേകിയ പരമഗുരുവായ ദക്ഷിണാമൂർത്തിക്കും, ഭാരതത്തിന്റെ ആദ്ധ്യാത്മിക തേജസ്സ് നിലനിർത്തുന്ന കോടാനുകോടി ഋഷി – ഗുരുവര്യന്മാർക്കും ഗുരുപരമ്പരകൾക്കും പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ഗുരുപൂർണ്ണിമ ദിനത്തിൽ ശ്രീ പരമേശ്വരന്റേയും ആർഷഗുരു പരമ്പരകളുടെയും ഗുരുനാഥന്റെയും അനുഗ്രഹത്താലും കാരുണ്യത്താലും മാനവരാശിക്ക് എല്ലാവിധ നന്മകളും സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…!

ആർഷവിദ്യാസമാജത്തിൻ്റെ നാഥനും സംപൂജ്യ ആചാര്യനുമായ ശ്രീ.കെ.ആർ മനോജ് ജിയുടെ പാദാരവിന്ദങ്ങളിൽ ശിഷ്യരായ ഞങ്ങൾ ശതകോടി പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു…!
ജീവൻ്റെ അവസാനശ്വാസം വരെ ഈശ്വര-ഗുരു-ധർമ്മ സേവനം ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കിയാലും!! ഈശ്വരീയമായ ഈ പാതയിലൂടെ ജന്മലക്ഷ്യമായ മോക്ഷത്തിലേയ്ക്ക് ഞങ്ങളെ നയിച്ചാലും മഹാഗുരോ…!

അങ്ങയുടെ മഹത്വവും കീർത്തിയും അദ്ധ്യാത്മിക പ്രഭാവവും ജനകോടികളെ സനാതനധർമ്മപാതയിലേയ്ക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…!

മാനസ ഭജരേ ഗുരുചരണം
ദുസ്തരഭവസാഗരതരണം”
ഞങ്ങളുടെ പ്രിയപ്പെട്ട സദ്ഗുരുവും ആർഷവിദ്യാസമാജത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജിയുടെ പാദപത്മങ്ങളിൽ സർവ്വവും സർവ്വസ്വവും സമർപ്പിക്കുന്നു…!!!
ഓം സദ്ഗുരവേ നമഃ
ഓം ഗും ഗുരുഭ്യോ നമഃ
വന്ദേ ഗുരുപരമ്പരാം !

ഏവർക്കും ഗുരുപൂർണ്ണിമ പുണ്യദിനാശംസകൾ..!
ആർഷവിദ്യാസമാജം