ഇന്ന് (21/04/2026): ശ്രീശങ്കരജയന്തി
AVS
സ്വാമികളുടെ ജന്മദിനത്തെ തത്വജ്ഞാനദിനമായി കേരളം ആചരിക്കുന്നു.
സംശുദ്ധ ജീവിതം നയിച്ചിരുന്ന ശിവഗുരുവിന്റെയും ആര്യാംബയുടെയും നിരന്തരമായ പ്രാർത്ഥനകൾക്ക് ശ്രീ പരമേശ്വരൻ നൽകിയ ദിവ്യാനുഗ്രഹമായിരുന്നു ശ്രീ ശങ്കരൻ.
CE 788 – 820 കാലഘട്ടമാണ് സ്വാമികളുടെ ജീവിതകാലമായി പൊതുവെ കണക്കാക്കുന്നത്. ഏപ്രിൽ 6 ന് ആണ് ശ്രീശങ്കരജയന്തി ഭാരതത്തിൽ പലയിടത്തും ആചരിക്കുന്നത്. എന്നാൽ, മേടമാസത്തിലെ തിരുവാതിര നാളിലാണ് കേരളത്തിൽ ശങ്കരജയന്തി ആഘോഷിക്കുന്നത്. കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും ഉന്നത പ്രതിഭയും പരമാചാര്യനും ആയിരുന്നു ജഗദ്ഗുരു ശ്രീ ശങ്കരാചാര്യർ.
ബുദ്ധ-ജൈന മതങ്ങളുടെയും തത്വചിന്തകളുടെയും നിരന്തരാക്രമണത്താൽ പ്രതിരോധിക്കാൻ പോലും കഴിയാതെ നിസ്സഹായരായി മാറിയ സജ്ജനങ്ങളെ സംരക്ഷിക്കാനും സനാതനധർമ്മ പുനഃസ്ഥാപനത്തിനുമുള്ള മൃതസഞ്ജീവനിയായാണ് ശ്രീശങ്കരൻ അവതരിച്ചത്! ദാർശനികവും മതപരവും ആയ താരതമ്യ ചർച്ചകളിലൂടെ സനാതനധർമ്മ മഹത്വം ബോധ്യപ്പെടുത്തുവാനും അദ്വൈതവേദാന്തത്തിന് യുക്തിഭദ്രമായ വ്യാഖ്യാനം നൽകുവാനും സ്വാമികൾക്ക് കഴിഞ്ഞു ! അന്ന് ശ്രീശങ്കരൻ സംവാദത്തിനായി ഉദ്ധരിച്ച പൂർവ്വപക്ഷ ശ്ലോകങ്ങളിലൂടെയാണ് കാലാന്തരത്തിൽ നാമാവശേഷമായ പല തത്വചിന്തകളുടെ ആശയങ്ങൾ പോലും ഇന്നും നിലനിൽക്കുന്നത് !! ഉദാഹരണം: ലോകായതം. ദർശനത്തിന്റെയും തത്വചിന്തയുടെയും മതത്തിന്റെയും മേഖലകളിൽ ശ്രീശങ്കരൻ ഉന്നയിച്ച ആശയങ്ങളെപ്പറ്റി അന്നുമുതൽ ഇന്നുവരെ കൂലങ്കഷമായ പഠനങ്ങളും ചർച്ചകളും അനുകൂലിച്ചും പ്രതികൂലിച്ചും നടന്നു പോരുന്നു ! ബ്രഹ്മസൂത്രം, ഭഗവദ്ഗീത , ഉപനിഷത്തുകൾ എന്നിവയുടെ ഭാഷ്യത്തിൽ തുടങ്ങിയ സംവാദങ്ങൾ ഇന്നും നിലച്ചിട്ടില്ല! അദ്വൈതചിന്താപദ്ധതിക്ക് സാർവ്വലൗകികമായ സ്വീകാര്യതയും അംഗീകാരവും നേടിയെടുക്കുന്നതിൽ സ്വാമികൾ വിജയിച്ചു എന്നത് നിസ്തർക്കമാണ്.
അത്യധികം സൂക്ഷ്മബുദ്ധികൾക്ക് മാത്രം ഗ്രഹിക്കാൻ കഴിയുന്ന ദാർശനിക ചർച്ചകൾ സാമാന്യ ജനത്തിന്റെ അദ്ധ്യാത്മിക വികാസത്തിന് ഉപയുക്തമല്ല എന്ന് ബോധ്യമുള്ളതിനാൽ, നിരവധി ദിവ്യ സ്തോത്ര കൃതികളുടെ രചനകൾക്ക് പുറമെ ; പരമശിവൻ, ആദിശക്തി, ഗണപതി, സ്കന്ദൻ, വിഷ്ണു, സൂര്യൻ എന്നിവരുടെ ഉപാസനയ്ക്കായി ഷൺമത സമ്പ്രദായവും ശ്രീ ശങ്കരൻ ഏർപ്പെടുത്തി. ഒപ്പം ദശനാമി സമ്പ്രദായത്തിലൂടെ സന്യാസത്തെ വ്യവസ്ഥാപിതമാക്കി. സനാതനധർമ്മപ്രചാരണത്തിനായി കാഞ്ചികാമകോടി പീഠം കൂടാതെ, നാലു മഠങ്ങളും ശ്രീശങ്കരൻ സ്ഥാപിച്ചു. വടക്ക് ബദരിയിൽ ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിൽ ദ്വാരകാപീഠം, തെക്ക് ശൃംഗേരിയിൽ ശാരദാപീഠം, കിഴക്ക് പുരിയിൽ ഗോവർദ്ധനമഠം എന്നിവയാണ് ചതുർമഠങ്ങൾ . നാല് പ്രധാന ശിഷ്യരെ മഠാധിപതികളും ആക്കി. ദേശീയ ഐക്യത്തിന് പോലും വലിയ സംഭാവനകൾ ശ്രീശങ്കരൻ ചെയ്തു.
ഭാഷ്യങ്ങൾക്ക് പുറമേ, ദിവ്യ സ്തോത്രങ്ങളടക്കമുള്ള സ്വതന്ത്രകൃതികളും (മൂന്നൂറിലധികം ഗ്രന്ഥങ്ങൾ) അദ്ദേഹം രചിച്ചു. ഭാരതവർഷം മുഴുവൻ ചുറ്റിസഞ്ചരിച്ച് സമസ്ത പണ്ഡിതരേയും ചിന്തകരേയും സത്യം ബോധ്യപ്പെടുത്തിയ ശങ്കര ദിഗ്വിജയം സ്വാമികളെ സർവ്വജ്ഞപീഠത്തിലെത്തിച്ചു ! അദ്ദേഹത്തെ ജഗദ്ഗുരുവെന്ന് ലോകം അംഗീകരിച്ചു.
നമ്മുടെ ജീവിതത്തിന്റെ പരമ ലക്ഷ്യമെന്താണ് ? ഐഹിക – പാരത്രിക നേട്ടത്തിനപ്പുറമുള്ള ശാശ്വത വിജയം എങ്ങനെ കരസ്ഥമാക്കാം? എങ്ങനെയാണ് സനാതനധർമ്മത്തിലധിഷ്ഠിതമായ ജീവിതം നയിക്കേണ്ടത് ? തുടങ്ങിയ ജീവിതോന്മുഖമായ സുചിന്തകൾ ജനങ്ങളിൽ വ്യാപകമാക്കുവാൻ ജ്ഞാനാവതാരമായ ആ കർമ്മയോഗിക്ക് സാധ്യമായി !