Member   Donate   Books   0

ഏപ്രിൽ 20 – ബസവേശ്വര ജയന്തി

AVS

Basaveshwara Jayanti April 20, 2026

പന്ത്രണ്ടാം നൂറ്റാണ്ടിലെ മഹാനായ സാമൂഹിക പരിഷ്കർത്താവും ദാർശനികനും കവിയുമായിരുന്ന മഹാത്മാ ബസവേശ്വരന്റെ ജന്മദിനമാണ് ബസവജയന്തി. ഹിന്ദു കലണ്ടർ അനുസരിച്ച് വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് ബസവേശ്വരന്റെ ജന്മദിനം.

ഈ വർഷം ഏപ്രിൽ 20-ന് ആണ് ബസവജയന്തി ഭാരതത്തിലെമ്പാടും ആഘോഷിക്കുന്നത്. ബസവേശ്വരന്റെ ജന്മദിനം പുതിയ പാർലമെന്റ് മന്ദിരത്തിൽ എല്ലാ വർഷവും ആഘോഷിക്കുവാൻ ഭാരത സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്നത് ശുഭകരമാണ്.

പ്രലോഭനത്തിന്റെയും ചതിയുടെയും മാർഗത്തിലൂടെയുള്ള മതപരിവർത്തനത്തെ ബസവേശ്വരൻ എതിർത്തു. ഈശ്വര ഉപാസകരായി സദാചാരബോധം ഉള്ളവരായി, സ്വതന്ത്രരായി, തുല്യരായി, ജീവിക്കാൻ സ്വയം തത്പരരാകണമെന്നു മാത്രമാണ് ബസവണ്ണ ഉപദേശിച്ചത്.

ആധ്യാത്മികതയെയും ഭൗതികതയെയും സംയോജിപ്പിച്ച ലോകത്തിലെ ആദ്യ സ്വതന്ത്രചിന്തകനും, സോഷ്യലിസ്റ്റുമെന്ന് ചരിത്രകാരൻ ആർതർ മിൽസ് വിശേഷിപ്പിച്ച ബസവേശ്വരൻ ഭാരതനവോത്ഥാന ശില്പികളിൽ പ്രഥമഗണനീയനാണ്. ബസവേശ്വര അനുസ്മരണം ചരിത്രപഠനം മാത്രമല്ല, സംസ്കാരികവും ധാർമ്മികവുമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അസമത്വവും അസഹിഷ്ണുതയും ഒഴിവാക്കാനും സാമൂഹ്യനീതിയും തൊഴിലിനോടുള്ള ആദരവും പുലർത്താനും സമൂഹത്തെ ഉദ്ബോധിപ്പിച്ച മഹാത്മാവായിരുന്നു ബസവണ്ണ.

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരൻ എട്ടാം വയസിൽ, തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂൽ തനിക്ക് ആവശ്യമില്ല എന്നു പ്രഖ്യാപിച്ച് ഉപനയനവേദി വിട്ടിറങ്ങി. സ്ത്രീ-പുരുഷ വിവേചനത്തിനെതിരേ ഭാരതത്തിൽ ആദ്യം ശബ്ദമുയർത്തിയ അദ്ദേഹം, അന്ധവിശ്വാസങ്ങൾക്കും
അനാചാര-ദുരാചാരങ്ങൾക്കും എതിരെ ആഞ്ഞടിച്ചു.
എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സേവനം, സോഷ്യലിസം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു.

ബസവേശ്വരൻ അഥവാ ‘ബസവണ്ണ’ ലിംഗായത്ത് ദർശനത്തിന്റെ സ്ഥാപകനാണ്. “അറിവിനേക്കാൾ വലുതാണ് സേവനം” എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ലോകത്തിന് നൽകിയത്.

സി.ഇ 1131-ൽ കർണാടകത്തിലെ ബിജാപ്പൂർ ജില്ലയിലുള്ള
ഇംഗലേശ്വര ബഗവാഡിയിൽ ബ്രാഹ്മണ ദമ്പതികളായ മദരസയുടെയും മദലാംബികയുടെയും
മകനായി ബസവേശ്വരൻ ജനിച്ചു. ഗ്രാമത്തലവൻ ആയിരുന്നു അച്ഛൻ. പൂണൂൽ, ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മാനവരെ വേർതിരിച്ചു കാണിക്കുവാനുള്ള ഉപകരണം മാത്രമാണിതെന്നും ബസവേശ്വരൻ വിശ്വസിച്ചു. ഉപനയനച്ചടങ്ങ് ബഹിഷ്കരിച്ച ബസവേശ്വരൻ, കുടലസംഗമ
ക്ഷേത്രത്തിലെത്തിച്ചേർന്ന് അവിടെനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമ്മാവനും കല്യാണിയിലെ രാജാവിന്റെ മന്ത്രിയുമായ ബാലദേവന്റെ മകളെ വിവാഹം ചെയ്തു. തുടർന്ന് കല്യാൺ ഭരിച്ചിരുന്ന ബിജ്വലന്റെ രാജധാനിയിലെത്തുകയും ഖജനാവു സൂക്ഷിപ്പുകാരനാകുകയും ക്രമേണ പ്രധാനമന്ത്രി പദത്തിലെത്തിച്ചേരുകയും ചെയ്തു.

ഈ കാലങ്ങളിലൊക്കെ സാമൂഹിക പരിഷ്കരണ പരിശ്രമങ്ങൾ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരിൽ കണ്ടു മനസിലാക്കുകയും ചെയ്തു. വിവിധ മേഖലകളിലുള്ളവരെ
ഉൾപ്പെടുത്തിക്കൊണ്ട് “അനുഭവ മണ്ഡപം’ എന്ന അധ്യാത്മിക പാർലമെന്റിന് രൂപം നൽകി. ഇതാണ് പിന്നീട് ആധുനിക പാർലമെന്റിനും ജനാധിപത്യ സങ്കല്പത്തിനും മാതൃകയായത് എന്നു
വിശ്വസിക്കപ്പെടുന്നു!അനുഭവമണ്ഡപത്തിൽ ജാതി- വർഗ-വർണ ഭേദമന്യേ എല്ലാവരും അംഗങ്ങളായിരുന്നു. ബസവേശ്വരന്റെ ആധ്യാത്മിക പാർലമെന്റിൽ അക്കമഹാദേവി മുക്തയക്ക, നാഗാലാംബിക, നിലാംബിക തുടങ്ങിയ മഹിതകളായ സ്ത്രീകളുടെയും സജീവസാന്നിധ്യമുണ്ടായിരുന്നു.

“കായകവേ കൈലാസം” (അധ്വാനമാണ് സ്വർഗവും മോക്ഷവും) എന്ന തത്ത്വവാക്യത്തിലൂടെ തൊഴിൽ തന്നെയാണ് ഈശ്വരാരാധന എന്ന് ബസവേശ്വരൻ പ്രഖ്യാപിച്ചു.
അധ്വാനത്തെ ഈശ്വരോപാസന എന്ന നിലയിൽ കാണുമ്പോൾ
തൊഴിലിന്റെ മഹത്വമേറും!

വചനസാഹിത്യം ​സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ കന്നഡ ഭാഷയിൽ അദ്ദേഹം രചിച്ച കവിതകളാണ് ‘വചനങ്ങൾ’. ആത്മീയതയെയും ധാർമ്മികതയെയും കുറിച്ചുള്ള ഈ ചെറിയ വരികൾ ഇന്നും പ്രസക്തമാണ്. “കളബേഡ, കൊല്ലബേഡ” (മോഷ്ടിക്കരുത്, കൊല്ലരുത്) തുടങ്ങിയ ലളിതമായ ഉപദേശങ്ങളിലൂടെ അദ്ദേഹം ഒരു ഉത്തമസമൂഹത്തെ സ്വപ്നം കണ്ടു.

ബസവേശ്വരന്റെ ദർശനങ്ങളും ഉപദേശങ്ങളും ആധുനിക കാലഘട്ടത്തിലെ സാമൂഹ്യവ്യവസ്ഥിതിയിലും പ്രസക്തമാണ്. സത്യസന്ധമായും ആത്മാർത്ഥമായും ചെയ്യുന്ന എല്ലാ ജോലികൾക്കും ബഹുമാനം നൽകേണ്ടതാണ്. കർഷകനായാലും ജവാനായാലും ഡോക്ടർ ആയാലും എൻജിനീയർ ആയാലും തൂപ്പുകാരൻ ആയാലും അധ്വാനത്തിന്റെ അന്തസ്സ് സാമൂഹ്യനീതിയുടെ കേന്ദ്രബിന്ദു ആയിരിക്കണം.

ജന്മമല്ല, മറിച്ച് ഒരാളുടെ സ്വഭാവവും പെരുമാറ്റവും സമൂഹത്തോടുള്ള സംഭാവനയും ആണ് മാനവികമൂല്യം നിർണയിക്കുന്നത് എന്ന ബസവണ്ണയുടെ വചനങ്ങൾക്ക് കാലാതീതമായ പ്രാധാന്യണ്ട്.

സ്ത്രീകൾക്ക് ആത്മീയ- സാമൂഹിക ജീവിതത്തിൽ തുല്യപങ്കാളിത്തം വേണമെന്ന ബസവണ്ണയുടെ വാദം ലിംഗനീതി പ്രധാന ചർച്ചയാകുന്ന ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്.

മഹാത്മാവായ ബസവേശ്വരന്റെ പാദാരവിന്ദങ്ങളിൽ പ്രണാമങ്ങൾ….!
🙏💖🕉️💖🙏

ആദരപൂർവം,
ആർഷവിദ്യാസമാജം