ദു:ഖ-ദുരിതങ്ങൾ എന്ത് കൊണ്ട് ഉണ്ടാകുന്നു?
AVS
ത്രിവിധകാരണങ്ങൾ:
1. ആദ്ധ്യാത്മികം (ആന്തരികം – നമ്മളിൽ നിന്നുണ്ടാകുന്നത് )
2. ആധിഭൗതികം (ബാഹ്യം – മറ്റുളളവരിൽ നിന്നുണ്ടാകുന്നത് )
3. ആധിദൈവികം ( സ്ഥല-കാല- ജീവ പ്രത്യേകതകൾ, പ്രകൃതി പ്രതിഭാസങ്ങൾ,അജ്ഞാതകാരണങ്ങൾ etc മൂലമുണ്ടാകുന്നത്.)
എന്നീ മൂന്നു ഘടകങ്ങളാണ് നമ്മുടെ സൗഭാഗ്യത്തിനും നിർഭാഗ്യത്തിനും ദൗർഭാഗ്യത്തിനും കാരണമാകുന്നത്. അതിൽ കർമ്മസിദ്ധാന്തം (സ്വന്തം കർമ്മങ്ങളുടെ സ്വാധീനത്തെപ്പറ്റിയുള്ള പഠനം) ആന്തരികമായ കാരണത്തിലാണ് ഉൾപ്പെടുന്നത് (ആധ്യാത്മികം). ഉദാഹരണം ജീവിതശൈലീ രോഗങ്ങൾ, സൈക്കോസൊമാറ്റിക് രോഗങ്ങൾ etc.
എന്നാൽ സ്വന്തം കർമ്മങ്ങൾ മാത്രമല്ല ദുരിതകാരണമാകുന്നത്. മറ്റുള്ളവരുടെ സ്വാധീനവും കർമ്മങ്ങളും ( ആധിഭൗതികം/ബാഹ്യം – ഉദാഹരണം വൈറസ്, ബാക്ടീരിയ, മറ്റുള്ളവരുടെ കർമ്മങ്ങൾ etc), സ്ഥല-കാല- ജീവപരിമിതിയും (ആധിദൈവികം ) ദുരിതകാരണങ്ങളാകുന്നുണ്ട്. കാരണങ്ങൾ മനസിലാക്കിയാലേ ദുരിതനിവാരണം സാധ്യമാകൂ.
കർമ്മസിദ്ധാന്തം എന്നാൽ എന്ത്?:
1. മുദ്രണസിദ്ധാന്തം (Impression Theory): ഒരാളുടെ കർമ്മങ്ങൾ (മാനസികം – വാചികം – കായികം) ആ വ്യക്തിയിലും മറ്റുള്ളവരിലും ചില മുദ്രകൾ ( impressions) ഉണ്ടാക്കുന്നു.
2. സ്വാധീനസിദ്ധാന്തം (lnfluence theory): ഈ മുദ്രകൾ വ്യക്തിയേയും ബാഹ്യ ഘടകങ്ങളെയും സ്വാധീനിക്കുന്നു.
3. ആകർഷണസിദ്ധാന്തം (Magnetic Theory – Law of Attraction): ഈ മുദ്രകൾക്കനുസരിച്ച് ഫലങ്ങൾ ( സൗഭാഗ്യ നിർഭാഗ്യ ദൗർഭാഗ്യാനുഭവങ്ങൾ ) ആകർഷിക്കപ്പെടുന്നു.
ഇച്ഛാ സ്വാതന്ത്ര്യം (freedom of will) ഉള്ള മനുഷ്യനെയാണ് കർമ്മസിദ്ധാന്തം ബാധിക്കുക. മറ്റ് ജീവികൾ പ്രകൃതിപ്രേരണയനുസരിച്ചാണ് സാധാരണ പ്രവർത്തിക്കുന്നത്. അവയുടെ പ്രവർത്തനങ്ങൾ, മനുഷ്യൻ്റെ അനൈച്ഛിക പ്രവർത്തനങ്ങൾ കർമ്മസിദ്ധാന്തത്തിൽ കൂടുതൽ ചർച്ച ചെയ്യാറില്ല.
കർമ്മസിദ്ധാന്തം: പ്രയോജനങ്ങൾ
1. കർമ്മസിദ്ധാന്തം സൗഭാഗ്യ നിർഭാഗ്യ ദൗർഭാഗ്യങ്ങൾക്കുള്ള ശരിയായ കാരണങ്ങൾ കണ്ടെത്തി ദുഃഖങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
2. അനുഭവസിദ്ധവും യുക്തിസഹവും ശാസ്ത്രീയവുമായ നിലപാട് പുലർത്തുന്നു. (ശരിയായ ഈശ്വര – ജീവിത ദർശനങ്ങൾ )
3. ദുരിതങ്ങൾക്ക് പ്രധാന കാരണം നാം തന്നെയെന്ന കാഴ്ചപ്പാട് പുലർത്തുന്നു. ഇത് ഉത്തരവാദിത്തബോധം വർധിപ്പിക്കുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന (ഈശ്വരനിശ്ചയം, ഗ്രഹങ്ങൾ, മറ്റുള്ളവർ) മനോഭാവം മാറ്റുന്നു.
4. പൂർവ്വകർമ്മങ്ങൾ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണെങ്കിൽ ഇന്നത്തെ കർമ്മം വഴി അത് തിരുത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം നൽകുന്നു.
5. ത്യാഗം, ദാനം, സേവനം തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നു.
6. വ്യക്തിക്കും സമാജത്തിനും പ്രയോജനകരമായ കർമ്മയോഗമനോഭാവത്തോടെയുള്ള ധന്യജീവിതം നയിക്കാൻ സഹായിക്കുന്നു.
നമ്മുടെ പ്രശ്നങ്ങൾ ഇതിൽ ഏത് കാരണം / കാരണങ്ങൾ കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കണം.അതിനുള്ള പ്രശ്നപരിഹാരതന്ത്രം സനാതനധർമ്മം നിർദ്ദേശിക്കുന്നുണ്ട്. ആചാര്യശ്രീ കെ.ആർ. മനോജ് ജി വിശദമാക്കുന്നു!!