Member   Donate   Books   0

‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമ റിലീസ് ദിവസം തന്നെ കണ്ടു

AVS

‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമ റിലീസ് ദിവസം തന്നെ ആചാര്യനും സഹപ്രവർത്തകർക്കും ഒപ്പം കണ്ടു. മൂന്ന് സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് ഈ സിനിമ. കേരളീയർ മാത്രമല്ല, ഭാരതീയർ മുഴുവനും കണ്ടിരിക്കേണ്ട ചിത്രം! എന്നാൽ കേരളത്തിൽ ഈ ചിത്രത്തിൻ്റെ പ്രദർശനം തടയുക, പ്രതിഷേധങ്ങൾ ഉയർത്തുക, തീയേറ്ററുകളിൽ കയറി അതിക്രമങ്ങൾ കാണിക്കുക തുടങ്ങിയവ കാണുമ്പോൾ വാസ്തവത്തിൽ ആശങ്കയാണ് ഉണ്ടാകുന്നത്! എങ്ങോട്ടാണ് ഈ ജനതയുടെ പോക്ക്!?

“ആവിഷ്കാരസ്വാതന്ത്ര്യത്തിലെ കേരളാസ്റ്റോറി”!
 
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തൊക്കെ സിനിമകൾ, നാടകങ്ങൾ, ചിത്രങ്ങൾ ഇവിടെ പുറത്തിറങ്ങി ?
 
ചിലർ നടത്തുന്ന സെലക്ടീവ് ആവിഷ്കാരസ്വാതന്ത്ര്യവാദത്തിലെ ഇരട്ടത്താപ്പു തട്ടിപ്പുകളെ തുറന്നു കാട്ടേണ്ടതുണ്ട്.
ചിലർക്ക് ആരെയും എന്തും പറയാം. മറ്റുള്ളവർക്കില്ല എന്നതാണ് കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം! വർഗീയത, മതേതരത്വം, അസഹിഷ്‌ണുത, ഫാസിസം, ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയവയ്ക്ക് കേരളത്തിൽ പ്രത്യേക അർത്ഥങ്ങളാണുള്ളത്. അവർക്കിഷ്ടമുള്ള രീതിയിൽ ഭരണഘടന, നിയമങ്ങൾ, കോടതി വിധി തുടങ്ങിയവയെ ചിലർ ചിത്രീകരിക്കും എന്നിട്ട് അത് കേരള പൊതുസമൂഹത്തിൻ്റെ ആയി പ്രഖ്യാപിക്കും. കേരള മനഃസാക്ഷിയുടെ ‘ഹോൾസെയിൽ കുത്തക’ ഏറ്റെടുത്തവർ !

രാജ്യത്തെ പ്രധാനമന്ത്രിയെ അസഭ്യം പറയുക, രാജ്യത്തെ കഷണങ്ങളാക്കും എന്ന മുദ്രാവാക്യം(ഭാരത് തേരേ ടുക്ക്ഡേ ഹോങ്കേ, അശ്ലീലവും ജാതിവൈരവും പ്രചരിപ്പിക്കുന്ന പാട്ടുകാരന് അവാർഡ്, സരസ്വതീദേവിയെയും സീതാദേവിയേയും നഗ്നകളാക്കി ചിത്രീകരിച്ച ഹുസൈന് രാജാ രവിവർമ്മ പുരസ്കാരം, മീശക്ക് അവാർഡ്, ശ്രീകൃഷ്ണനെ അവഹേളിക്കുന്ന കൃതിയായ ശ്യാമമാധവം എഴുതിയ പ്രഭാവർമ്മയ്ക്ക് അവാർഡ്, എറണാകുളത്ത് യോനീകവാടം, ആർപ്പോ ആർത്തവം, ശിവലിംഗത്തിലും ശ്രീഅയ്യപ്പൻ്റെ ചിത്രത്തിലും ദേഹത്തിൽ ആർത്തവരക്തം വീഴുന്നത് ചിത്രീകരിച്ചത്. തൃശൂർ കേരളവർമ്മ കോളേജ് സരസ്വതീദേവിയെ മോശമാക്കി വരയ്ക്കൽ അങ്ങനെ എത്രയോ ഉദാഹരണങ്ങൾ!

സനാതനധർമ്മത്തെയും ഹിന്ദുദേവീദേവന്മാരെയും സന്യാസിമാരെയും അപമാനിക്കുന്ന നിരവധി നാടകങ്ങൾ, പരാമർശങ്ങൾ, “ഈശ്വരൻ അറസ്റ്റിൽ”, “ഭഗവാൻ കാൽ മാറുന്നു”. “കൂരായണം” – അന്നൊന്നും കാണാത്ത ആവേശം, പ്രതിഷേധം ഒരു വിഭാഗം ആൾക്കാരെ എക്സ്പോസ് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടാകുന്നു?! The Great Indian Kitchen എന്ന സിനിമ ഇറങ്ങിയപ്പോൾ ഭാരതത്തെ നാണം കെടുത്തുന്നതായി തോന്നാത്ത പലർക്കും കേരള സ്റ്റോറി എന്ന പേര് കാണുമ്പോൾ വിറളി പിടിക്കുന്നു!

സ്ത്രീപക്ഷ നിലപാടിലെ കാപട്യം !

തങ്ങളുടേത് സ്ത്രീപക്ഷ നിലപാടാണ് എന്ന് വിവിധ സർക്കാരുകളും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും മനുഷ്യാവകാശ – വനിതാവിമോചന സംഘടനകളും ആക്ടിവിസ്റ്റുകളും കൂടെക്കൂടെ പ്രഖ്യാപിക്കാറുണ്ട്.
ഇവരോട് ഒരു ചോദ്യം മാത്രം. ഇപ്പോഴും അഫ്ഗാൻ ജയിലുകളിൽ മൂന്നു യുവതികളും പത്ത് വയസുള്ള ഒരു പെൺകുട്ടിയും ദുരിതത്തിൽ കഴിയുന്നു. ഇവരെല്ലാം മലയാളികളാണ്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇനിയും നിശ്ചയിക്കാനാകാത്ത അനുജയടക്കം അമ്പതിലേറെ ദുരൂഹമരണങ്ങൾ, ഇനിയും കണ്ടെത്താനാവാത്ത നൂറുകണക്കിന് യുവതികൾ,
കുടുംബത്തകർച്ചകൾ, കോടതി മുറിയിലെ രക്ഷിതാക്കൾക്കളുടെ ചങ്ക് പൊട്ടിയുള്ള വിലാപങ്ങളുടെ ദൃശ്യങ്ങൾ, കുടുംബസമേതം ആത്മഹത്യ ചെയ്ത മാതാപിതാക്കൾ!
 
കേരളത്തിന് ദുരിതം വിതച്ച ഈ വിഷയത്തിലുള്ള നിങ്ങളുടെ നിലപാട് എന്താണ്? നിങ്ങൾ എന്നെങ്കിലും ഇവർക്ക് വേണ്ടി ഒരക്ഷരം സംസാരിച്ചിട്ടുണ്ടോ?
നിങ്ങളാണോ സത്രീപക്ഷവാദികൾ?!

മതാവഹേളനം ഇല്ല !

ഇസ്ലാം മതത്തെ അവഹേളിക്കുന്ന ഒരു രംഗം പോലും സിനിമയിൽ ഇല്ല. എന്നു മാത്രമല്ല രാഷ്ട്രത്തിന് സദ്സംഭാവനകൾ ചെയ്ത നല്ല മുസ്ലീങ്ങളെ സ്മരിക്കുന്നുമുണ്ട്. എന്നാൽ ലവ് ട്രാപ്പ് ജിഹാദ് പോലുള്ള മാർഗ്ഗങ്ങളിലൂടെ പെൺകുട്ടികളെ വശത്താക്കി മതം വളർത്തുന്ന, തീവ്രവാദ-ഭീകരവാദ റിക്രൂട്ട്മെൻ്റ് നടത്തുന്ന “ചില വിഭാഗങ്ങളെ” തുറന്നു കാട്ടുന്നുമുണ്ട്. അതിന് ആർക്കാണ് അസ്വസ്ഥതയുണ്ടാകേണ്ടത്?!

സമൂഹത്തിൽ നന്മ ചെയ്തും തങ്ങളുടെ വിശ്വാസത്തിലും അനുഷ്ഠാനങ്ങളിൽ ഒതുങ്ങിയും കഴിയുന്ന നല്ലവരായ മുസ്ലീങ്ങൾ ഇത് കാണുകയും ഭീകര ശക്തികളെ ചെറുക്കുകയുമാണ് വേണ്ടത്. യഥാർത്ഥ മതേതരവാദികളും ചെയ്യേണ്ടത് ഇതാണ്. അതിന് പകരം “ഇതൊന്നും നടക്കുന്നില്ല” എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുക, ഇരകളെ കുറ്റപ്പെടുത്തി വേട്ടക്കാരെ ന്യായീകരിക്കുക, “എല്ലാം സ്വാഭാവികം, ആസൂത്രിത സ്വഭാവം ഇല്ല” എന്നെല്ലാം വാദിക്കുക”, “ഇസ്ലാമോഫോബിയ” എന്ന ഇരവാദം ഉയർത്തുക, ഇത്‌ തുറന്നുകാട്ടുന്നവരെ കുറ്റപ്പെടുത്തുകയും ചാപ്പ ചാർത്തി ഒറ്റപ്പെടുത്തുകയും ചെയ്യുക – ഇത്തരം പ്രവണതകളാണ് നാം പലപ്പോഴും കാണുന്നത്.

മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും പൊതു സമൂഹത്തോടും പറയാനുള്ളത്!

ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു, കേരള സ്റ്റോറി, കേരള സ്റ്റോറി -2 ഗോസ് ബിയോണ്ട് എന്നിവ കെട്ടുകഥകൾ അല്ല, ഞാനും ആർഷവിദ്യാസമാജത്തിലെ എന്റെ സഹോദരിമാരായ 20 ലേറെ വരുന്ന പൂർണസമയപ്രവർത്തകരും AVS ൻ്റെ ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിലൂടെ രക്ഷപെട്ട ആയിരക്കണക്കിന് യുവതീ യുവാക്കളും കുടുംബങ്ങളും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച അതേ റാഡിക്കലൈസേഷൻ സ്ട്രാറ്റജികളാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. ലവ് ട്രാപ്പ് ജിഹാദ് അതിലൊന്ന് മാത്രം!

സിനിമയിൽ കാണിച്ച പലതും എത്രയോ പേരുടെ ജീവിതത്തിൽ നടന്നതും നാമെല്ലാം വാർത്തകളിലൂടെ കണ്ടറിഞ്ഞതുമായ പച്ചയായ യഥാർഥ്യങ്ങൾ ആണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തിൻ്റെ പല ഭാഗത്തും അനുദിനം അനുനിമിഷം നടക്കുന്ന സംഭവങ്ങളാണ്.

തെളിവുകളെവിടെ എന്ന് ചോദിക്കുന്നവർ!

വിചിത്രമെന്ന് പറയട്ടെ “ഇതൊന്നും നടക്കുന്നില്ല, തെളിവുകളില്ല, കേരളത്തിലെ യുവതികളെവിടെ?” ആക്രോശിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇവിടെ നിരവധിയുണ്ട്.
Love trap jihad യഥാർഥ്യമാണ് എന്ന് തിരിച്ചറിഞ്ഞവരും (അനുഭവസ്ഥരും) മൗനവും ഭയവും വെടിഞ്ഞു മുന്നോട്ട് വന്നാൽ മാത്രമേ ഇതിനെ ശക്തമായി പ്രതിരോധിക്കാനാകൂ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
 
എത്ര പ്രാവശ്യം ഇവർക്ക് മുന്നിൽ രംഗത്തുവരണം?!
കേരളാസ്റ്റോറി – 1 വിവാദം ഉണ്ടായ സമയത്ത് ദൽഹിയിലേയും മുംബൈയിലും പത്രപ്രവർത്തകരുടെ മുന്നിൽ ലവ് ജിഹാദിൻ്റേയും മറ്റ് തരത്തിലുള്ള റാഡിക്കലൈഡേഷനുകളുടെയും ഇരകളായ മുപ്പതോളം യുവതികളെ ആർഷവിദ്യാസമാജം ആണ് എത്തിച്ചത്. അതിൻ്റെയെല്ലാം വീഡിയോകൾ ഇന്നും യുട്യൂബിൽ ലഭ്യമാണ്. ഇനിയും നിങ്ങൾക്ക് എത്ര തെളിവുകളാണ് വേണ്ടത്?
 
തങ്ങളുടെ ജീവിതം, കുടുംബത്തിൻ്റെ മാനം എന്നിവയെല്ലാം വേണ്ടെന്ന് വച്ച്, ഇവരെല്ലാവരും നിങ്ങളുടെ മുമ്പിൽ നിങ്ങളാവശ്യപ്പെടുമ്പോൾ എപ്പോഴും ഹാജരാകണമെന്നാണോ നിങ്ങളുടെ ആവശ്യം?!
 
പുസ്തകങ്ങൾ, അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് പരസ്യമായി രംഗത്തു വന്ന ഇരുപതിലേറെ യുവതികൾ ഇന്നും തിരുവനന്തപുരം ബാലരാമപുരത്ത് AVS – ലുണ്ട്. ധൈര്യപൂർവ്വം ഞങ്ങളിൽ നാലുപേർ പുസ്തകങ്ങളിലൂടെ റാഡിക്കലൈസേഷൻ തന്ത്രങ്ങൾ തുറന്നു കാട്ടി.

നിരവധി അനുഭവങ്ങൾ വിശദീകരിക്കുന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് കേരളത്തിലെ മുൻ ഡിജിപി സെൻകുമാർസാറാണ് എന്നത് ഈ പ്രശ്നത്തിൻ്റെ ഗൗരവം ഉറപ്പിക്കുന്നു.

എന്നാൽ ഈ വിഷയത്തിൽ ഞങ്ങളെ ബന്ധപ്പെടാനോ സത്യം തിരിച്ചറിയാനോ ഒരിക്കൽ പോലും ഈ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിച്ചിട്ടില്ല! തലസ്ഥാനത്തുള്ള ഞങ്ങളെ കാണാത്തവരാണ് ദൽഹിയിൽ “മലയാളി യുവതികളെത്തിയില്ല അവരെ കണ്ടില്ല” എന്ന് പരിഹസിക്കുന്നത്!.

ഒരിക്കൽ ഒരു ചാനൽ ചർച്ചയിൽ വിവി രാജേഷ് ജി, അഡ്വ. ബി ഗോപാലകൃഷ്ണൻ ജി തുടങ്ങിയവർ ഇക്കാര്യത്തിൽ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും വെല്ലുവിളിച്ചിരുന്നു. എന്നാൽ ഒരാളും ഞങ്ങളെ വിളിക്കുക പോലും ചെയ്തിട്ടില്ല!
ഞങ്ങൾക്കുണ്ടായ ദുരന്തം മറ്റൊരാൾക്കുണ്ടാകാതിരിക്കാൻ, ഞങ്ങളുടെ മാതാപിതാക്കൾ കുടുംബം സഹിച്ച വേദനകൾ, കടന്നു പോയ യാതനകൾ ഇനിയൊരു കുടുംബത്തിനുണ്ടാകാതിരിക്കാൻ ആർഷവിദ്യാസമാജം പൂർണസമയപ്രവർത്തകരായവരാണ് ഞങ്ങൾ. ഡീറാഡിക്കലൈസേഷൻ മേഖലയിൽ സ്വജീവിതം തന്നെ സമർപ്പിച്ച് എണ്ണായിരത്തി അഞ്ഞൂറിലേറെ യുവതീ യുവാക്കളെ രക്ഷിച്ച, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, ക്ലാസുകൾ തുടങ്ങിയവയിലൂടെ ലക്ഷങ്ങൾക്ക് ബോധവത്കരണം നൽകിയ AVS ന് എന്തെല്ലാം വ്യക്തമായി ചൂണ്ടിക്കാട്ടാനാവും?!
 
ഇപ്പോൾ കേരളാ സ്‌റ്റോറി – 2 വിവാദം ഉണ്ടായി. ഈ വിഷയത്തിൽ ചില മുഖ്യധാരാമാധ്യമങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതികരണം നല്ലതായിരുന്നില്ല. അവർക്ക് സത്യമറിയേണ്ട, മുൻവിധികളും പ്രഖ്യാപനങ്ങളും മാത്രം മതി !
നമ്മുടെ മാധ്യമങ്ങളുടെ സത്യാന്വേഷണപ്രതിബദ്ധത നോക്കൂ!
 
ഈ വിഷയത്തിൽ മാന്യമായ സംവാദങ്ങൾക്ക് എപ്പോഴും ആർഷവിദ്യാസമാജം തയ്യാറാണെന്നറിയിക്കുന്നു.