വിനായകചതുർത്ഥിയോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം !
ഓം ഗം ഗണപതയേ നമ:
ഗണപതിയ്ക്ക് എങ്ങനെയാണ് ആനത്തല വന്നത്? ഏറെ വിവാദം സൃഷ്ടിച്ച ഒരു പ്രശ്നമായിരുന്നല്ലോ അത്? പ്ലാസ്റ്റിക് സർജറിയോ അവയവമാറ്റ ശസ്ത്രക്രിയയോ?! ഇത്തരം ആശയങ്ങൾ പ്ലാസ്റ്റിക് സർജറി, അവയവമാറ്റശസ്ത്രക്രിയ (പുഷ്‌പകവിമാനം (വിമാനം) ദിവ്യാസ്ത്രങ്ങൾ ( ആണവായുധങ്ങൾ ), കൗരവരുടെ ജനനം (ടെസ്റ്റ് റ്റ്യൂബ് ശിശുക്കൾ) എന്നിവ ഭാരതത്തിലുണ്ടായിരുന്നു എന്ന് തമാശമട്ടിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതിനെച്ചൊല്ലിയാണ് ഈയിടെ ‘ഗണപതിമിത്ത് വിവാദം’ ഉണ്ടായത് എന്നത് കൗതുകകരമാണ്.
ഗണപതിയുടെ ഉത്ഭവത്തെക്കുറിച്ച് പ്രചരിക്കുന്ന ചില കഥകളുടെ ആശയങ്ങൾ ലഘുവായി പരാമർശിക്കാം..
‘ഗണപതി ഒരു മിത്ത് ‘ എന്ന് വാദിക്കുന്നവർക്കും, ‘പാർവ്വതിയുടെ കുളിമുറിയ്ക്ക് സാക്ഷ ഉണ്ടായിരുന്നെങ്കിൽ ഗണപതി ഉണ്ടാകുമായിരുന്നില്ല’ എന്ന് പരിഹസിക്കുന്നവർക്കും ചില ലക്ഷ്യങ്ങൾ ഉണ്ടാവാം. ഇവർക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം ജനമനസുകളിൽ ഉറച്ചു പോയ അബദ്ധധാരണകളും തിരുത്തുവാൻ ശ്രമിക്കേണ്ടതുണ്ട്.
ഗജമുഖഗണപതി
ഗജാസുരൻ, അനലാസുരൻ എന്നീ അസുരന്മാരെ വധിയ്ക്കാനായി കാരണലോകത്തിലെ മഹാഗണപതി (മൂലഗണപതി) ഭൂമിയിൽ ഗജമുഖനായി (ഗജമുഖഗണപതി) പ്രത്യക്ഷപ്പെട്ടു എന്നാണ് ഗണപതിയുമായി ബന്ധപ്പെട്ട മൂന്നാം കഥ -(ഋഷികൾ ചൂണ്ടിക്കാട്ടുന്ന ഈ കഥയ്ക്ക് കുറച്ചു കൂടി യുക്തിയുണ്ട് ). ഭൂമിയിൽ ചരിത്രാതീതകാലഘട്ടത്തിൽ ഗജാസുരൻ അനലാസുരൻ തുടങ്ങിയ രണ്ട് അസുരന്മാർ തങ്ങൾ അജയ്യരാകണം എന്ന ആഗ്രഹത്തോടെ, വരങ്ങൾ നേടാൻ തപസനുഷ്ഠിച്ചു. തപസ്സിനവസാനം പ്രത്യക്ഷപ്പെട്ട ഈശ്വരനോട് "ആനയുടെ മുഖത്തോട് സാദൃശ്യവും മനുഷ്യശരീരവുമുള്ള ഒരു ജീവിയിൽ നിന്ന് മാത്രമേ തങ്ങൾക്ക് പരാജയം ഉണ്ടാകാവൂ" എന്നാണ് അവർ അഭ്യർത്ഥിച്ചത്. അങ്ങനെയൊരു വിചിത്രജീവി ഒരിക്കലും ഉണ്ടാകാനിടയില്ല എന്ന ഉത്തമവിശ്വാസത്തിലാണ് അസുരന്മാർ തങ്ങളെ ആർക്കും പരാജയപ്പെടുത്താതിരിക്കാൻ ഇങ്ങനെയൊരു 'വളഞ്ഞവഴി' ഉപയോഗിച്ചത്. കഠിനതപസിന് പ്രപഞ്ചനിയമപ്രകാരം ഫലം കൊടുത്തേ തീരൂ. എന്നാൽ വരസിദ്ധി മറ്റുള്ളവർക്കെതിരെ പ്രയോഗിച്ചാൽ അതായത് ധർമ്മത്തിന് തന്നെ എതിരായി ജീവിച്ചാൽ നാശം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഈശ്വരൻ അവർ ചോദിച്ച വരം തന്നെ നൽകി. എന്നാൽ വരബലം കൊണ്ട് അന്ധരും അഹങ്കാരികളുമായി മാറിയ ഗജാസുരനും അനലാസുരനും ഭൂമിയിൽ ഋഷികളെയും സാമാന്യജനങ്ങളേയും മറ്റ് ജീവികളെയും ഉപദ്രവിക്കാൻ തുടങ്ങി. ഇവരെ നേരിടാനുള്ള രാജാക്കന്മാരുടെ ശ്രമങ്ങളൊന്നും ഫലിച്ചില്ല. വരബലം കൊണ്ട് അന്ധരായ അസുരർ കൂടുതൽ ക്രൂരതയോടെ ജീവജാലങ്ങളെ ദ്രോഹിക്കാൻ തുടങ്ങി. "ഈ അസുരന്മാരുടെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ നിന്ന് ഈശ്വരാ, ഞങ്ങളെ കാത്ത് രക്ഷിക്കണേ" എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന അവസ്ഥയിലെത്തി ,ജനങ്ങൾ. ഈ സമയത്താണ് ഋഷിമാരെയും ജനങ്ങളെയും ജീവജാലങ്ങളെയും ഈശ്വരൻ നൽകിയ സനാതനധർമ്മത്തെയും രക്ഷിയ്ക്കാനായി കാരണലോകത്തിലെ മഹാഗണപതി ഭൂമിയിൽ ഗജമുഖഗണപതിയായി പ്രത്യക്ഷപ്പെട്ടത്. ഗജാസുരൻ, അനലാസുരൻ തുടങ്ങിയവരെ വധിച്ച് അദ്ദേഹം ലോകത്തെ രക്ഷിച്ചു. മൂഷികരൂപം ധരിച്ച് രക്ഷ നേടാൻ ശ്രമിച്ച ഗജാസുരനെ തൻ്റെ പ്രതിഷ്ഠയോടൊപ്പം വാഹനരൂപത്തിൽ ഇടം നൽകി അനുഗ്രഹിക്കുകയും ചെയ്തു. ഗജാസുരനെ വധിയ്ക്കാനായി കുറച്ചു സമയങ്ങൾ മാത്രമാണ് ഈ രൂപം സ്വീകരിച്ചത്. എങ്കിലും നാം അന്നു മുതൽ ഗജമുഖഗണപതിയെ ആരാധിക്കുന്ന സമ്പ്രദായങ്ങൾ ആരംഭിച്ചു. ഗജാസുരനെയും കൂട്ടരെയും വധിച്ച് ലോകത്തെ രക്ഷിയ്ക്കുവാൻ ഗജമുഖനായി ഗണപതി പ്രത്യക്ഷപ്പെട്ട ദിവസമാണ് വിനായകചതുർത്ഥി.(വിനായക ചതുർത്ഥിയായി ബന്ധപ്പെട്ട ചന്ദ്രൻ, കുബേര കഥകൾ അസംബന്ധമാണ്) ഇന്ന് പ്രചരിക്കുന്ന ബാലിശകഥകളേക്കാൾ യുക്തിസഹവും, ഈശ്വരൻ്റെ സ്വഭാവത്തിന് ചേർന്നതുമായ വിവരണമാണിത്. ഇതാണ് നാം പ്രചരിപ്പിക്കേണ്ടത് -
മഹാഗണപതിരഹസ്യം
ആരാണ് മഹാഗണപതി ? ഗജമുഖഗണപതിയായി ഭഗവാൻ പ്രത്യക്ഷപ്പെട്ടതെങ്ങനെ? എന്നിവ വിശദീകരിച്ചു കൊണ്ട് പ്രമുഖരായ ആർഷഗുരുപരമ്പരകൾ നൽകുന്ന വിശദീകരണമാണ് ഇവിടെ നൽകുന്നത്. എൻ്റെ ഗുരുക്കന്മാരായ ശ്രീശങ്കരഗുരുദേവ് ജി, ശ്രീ നിഖിലേശ്വരാനന്ദ പരമഹംസ ജി തുടങ്ങിയവർ പഠിപ്പിച്ചത് ഈ വ്യാഖ്യാനമാണ്.
ഒന്നാമത്തെ ഗണപതി വേദത്തിലെ ഗണപതിയാണ്.ഇവിടെ ഗണപതി പരമേശ്വരൻ്റെ പര്യായം തന്നെയാണ്. പശുപതി, ഭൂതപതി, പ്രജാപതി എന്നൊക്കെ പറയുന്നത് പോലെ. ജീവികളുടെയെല്ലാം നാഥനായിരിക്കുന്ന പരമേശ്വരനെയാണ് ഗണപതി എന്ന് വേദം വിളിക്കുന്നത്.ജീവേശ്വരൻ, ആത്മേശ്വരൻ, ഭൂതേശ്വരൻ എന്നൊക്കെയും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.. വേദത്തിൽ വിവരിച്ചിട്ടുള്ള പരമശിവൻ, പരാശക്തി, വിഷ്ണു, പരബ്രഹ്മം, ബ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, നാരായണൻ,രാമൻ, കൃഷ്ണൻ, ഇന്ദ്രൻ, അഗ്നി, വായു, പ്രജാപതി, മനു, നിര്യതി, ആദിത്യൻ, മിത്രൻ, യമൻ, വരുണൻ തുടങ്ങിയവയെല്ലാം ഒരേ പരമേശ്വരൻ്റെ വിവിധ ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന വ്യത്യസ്തനാമങ്ങളാണെന്ന് യാസ്ക മഹർഷിയും (യാസ്കനിരുക്തം) വ്യക്തമാക്കുന്നു. ഈ പരമേശ്വരതത്വം തന്നെയാണ് ബ്രഹ്മം എന്ന പേരിൽ സമഷ്ടിഭാവത്തിൽ വിശ്വത്തിലും,ആത്മാവ് എന്ന പേരിൽ വ്യഷ്ടിഭാവത്തിൽ ചരാചരങ്ങളിലും വിളങ്ങുന്നത്. പരംപൊരുൾ , പരമാത്മാവ്, പരബ്രഹ്മം എന്നൊക്കെയും ഈ പരമതത്വത്തെ വിശേഷിപ്പിക്കുന്നു. തത്വമസി അഹംബ്രഹ്മാസ്മി,അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, സോഹം, ഹംസ, ശിവോഹം എന്നൊക്കെയുള്ള മഹാവാക്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് പാരമാർത്ഥികതലത്തിൽ ആത്മാവും പരമാത്മാവും ഒന്നാണ് എന്ന് തന്നെയാണ്.അപ്പോൾ ഗണപതിതത്വം എന്ന പരമേശ്വര തത്വം നമ്മിലും ഉണ്ടെന്നർത്ഥം !
ഗജമുഖഗണപതിയെക്കുറിച്ചാണ് മൂന്നാമത്തെ വിവരണം. കാരണലോകത്തിലെ കാരണജ്യോതിസ്വരൂപനായ മഹാഗണപതി സ്ഥൂലലോകത്തിലെ ഭൂമിയിൽ മനുഷ്യരെ രക്ഷിയ്ക്കാനായി പ്രത്യക്ഷപ്പെട്ട ഒരു രൂപമാണ് ഗജമുഖഗണപതി. ( ഹിരണ്യകശിപുവിൽ നിന്ന് പ്രഹ്ലാദനെയും ലോകത്തെയും രക്ഷിക്കാൻ നരസിംഹമൂർത്തി പ്രത്യക്ഷപ്പെട്ടതു പോലെ )
ഗണപതി രഹസ്യം വ്യക്തമാക്കുന്ന ധ്യാനശ്ലോകങ്ങൾ, ചില ലഘു സ്തോത്രങ്ങൾ എന്നിവ നൽകുന്നു.ഇവ താന്ത്രികഗുരുപരമ്പരകൾ നിത്യം ചൊല്ലുന്നതാണ്. പക്ഷേ ഇതിലെല്ലാം ഗജാസുരാദി അസുരന്മാരിൽ നിന്ന് രക്ഷിക്കാൻ ഗജമുഖനായി പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ( അതിനാൽ ഋഷികൾ പരാമർശിക്കുന്ന മൂന്നാമത്തെ വ്യാഖ്യാനമാണ് യുക്തിസഹവും പ്രാമാണികവുമെന്ന് പറയാനാവും.
മഹാഗണപതി (മൂലഗണപതി) ധ്യാനശ്ലോകങ്ങൾ
അർത്ഥം:ശിവശക്തിസ്വരൂപനും, സ്ഥൂല – സൂക്ഷ്മ ലോകങ്ങൾക്കും അപ്പുറമായ കാരണലോകത്തിൽ രുദ്രലോകവാസിയായി രുദ്രഭൂതഗണാധിപതിയായി വിളങ്ങുന്നവനും, ഗജാസുരൻ അനലാസുരൻ എന്നിവരിൽ നിന്ന് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാനായി ഗജമുഖനായി പ്രത്യക്ഷപ്പെട്ടവനും, ഋദ്ധി,സിദ്ധി എന്നീ ഭാര്യമാരോടും, ശുഭം, ലാഭം- എന്നീ സന്താനങ്ങളോടുകൂടിയവനും, എല്ലാ വിഘ്നങ്ങളും നീക്കി സർവ്വവിജയങ്ങളും സിദ്ധികളും നൽകുന്ന സച്ചിദാനന്ദസത്വജ്യോതിസ്വരൂപനുമായ (മൂലഗണപതി) മഹാഗണപതിയെ ഞാൻ വന്ദിക്കുന്നു/ ധ്യാനിക്കുന്നു.
ഗജാസുരൻ തുടങ്ങിയ ക്രൂരന്മാരായ അസുരന്മാരിൽ നിന്നും ലോകത്തെ രക്ഷിയ്ക്കാനായി ഗജമുഖനായി പ്രത്യക്ഷ രൂപം കൈക്കൊണ്ടെത്തിയവനും (മൂലഭാവത്തിൽ)സച്ചിദാനന്ദ സ്വരൂപിയുമായ ഗണപതിയെ ഞാൻ ഭജിക്കുന്നു.
(ലോകർക്ക് ശുദ്ധി, സിദ്ധി, ബുദ്ധി നൽകുന്ന വിഘ്നേശനും ( സച്ചിദാനന്ദസ്വരൂപിയായ മൂലഗണപതി) മഹാഗണപതിയെ ഞാൻ ഭജിക്കുന്നു.
( സർവ്വവിധവിജയങ്ങളും ശക്തികളും നൽകുന്ന, സത്വഗുണാധിക്യമുള്ള കാരണലോകത്തിൽ ജ്യോതിസ്വരൂപനായി വിളങ്ങുന്ന ഗണപതിയെ ഞാൻ ഭജിയ്ക്കുന്നു.)