ശുദ്ധബോധചൈതന്യാനന്ദസ്വരൂപനായ ഈ പരമതത്വത്തിന് ലിംഗഭേദമില്ല, അതായത് പരമ്പൊരുൾ പുരുഷനോ സ്ത്രീയോ അല്ല. അദ്ദേഹത്തിന് ശരീരങ്ങളേയില്ല. പരമേശ്വരൻ അകായനും (സ്ഥൂല – സൂക്ഷ്മ – കാരണശരീരങ്ങളില്ലാത്തവൻ), നിരാകാരനും (ആകൃതി, അഥവാ രൂപങ്ങളില്ലാത്തവൻ), നിരവയവനും (അവയവങ്ങളില്ലാത്തവൻ) ആണ്.
പ്രകൃതിയുടെ സത്വം (പ്രകൃതിയുടെ ബോധം, ക്രമം, Consciousness, ചൈതന്യം) രജസ് (പ്രകൃതിയുടെ ഊർജം-energy) തമസ് ( ജഡം, ദ്രവ്യം (Matter) എന്നീ മൂന്നു ഗുണങ്ങളോ അതിൻ്റെ പരിമിതികളോ ബാധിക്കാത്ത തത്വമായതിനാൽ ശ്രീ പരമേശ്വരനെ നിർഗുണൻ, ത്രിഗുണാതീതൻ, നിരഞ്ജനൻ എന്നെല്ലാം വിളിക്കുന്നു.
പരമേശ്വരൻ്റെ മറ്റൊരു നാമമാണ് സനാതനൻ എന്നുള്ളത്. നിത്യശുദ്ധ-നിത്യ മുക്ത-നിത്യബുദ്ധഭാവമാണ് സനാതനത്വം..
ഈ വിശ്വം, കാലം, ജീവികൾ എന്നിവ ഉണ്ടാകുന്നതിന് മുമ്പും ഉണ്ടായിരുന്നവൻ- പിന്നീട് ലോകം, കാലം, ജീവികൾ എന്നിവ ആവിർഭവിക്കുമ്പോഴും പരിണമിക്കുമ്പോഴും തൻ്റെ സ്വഭാവത്തിലോ ശക്തി വിശേഷങ്ങളിലോ മഹിമയിലോ യാതൊരു മാറ്റവും വരാത്ത അവ്യയൻ – അവസാനം ഉണ്ടായതിനെയെല്ലാം തന്നിൽത്തന്നെ ലയിപ്പിച്ച് ഏകമാത്ര സത്യസ്വരൂപനായി നിലകൊള്ളുന്ന കേവലൻ – ഈ ഗുണങ്ങളെല്ലാമുള്ളതിനാലാണ് പരമേശ്വരൻ സനാതനനായത്.
എന്നാൽ ഈശ്വരൻ്റെ പ്രത്യക്ഷദർശനത്തെയും സനാതനധർമ്മം അംഗീകരിക്കുന്നു. പരമേശ്വരൻ പരാശക്തി കൂടിയാണ്. എല്ലാ ശക്തികളും അടങ്ങിയ സർവ്വശക്തിത്വഭാവത്തെയാണ് പരാശക്തി എന്നു വർണ്ണിച്ചിരിക്കുന്നത്. തൻ്റെ മഹിമയ്ക്കും വിഭുത്വത്തെയും ബാധിക്കാത്തതെല്ലാം ചെയ്യാൻ കഴിയുന്ന അവസ്ഥയാണ് സർവ്വശക്തിത്വം. സർവ്വശക്തിത്വം ഉള്ളതിനാൽ ലോകത്തിൻ്റെയോ കാലത്തിൻ്റെയോ ജീവശരീരങ്ങളുടെയോ പരിമിതികളോ നിയമങ്ങളോ ബാധിക്കാത്ത തരത്തിൽ സഗുണനും സാകാരനും ആകാനും പരമേശ്വരന് കഴിയും. സാധകന്മാർക്കും ലോകത്തിനും വേണ്ടി പരമേശ്വരൻ അവയവങ്ങളോട് കൂടിയ (സാവയവിയായി) സാകാരപ്രത്യക്ഷഭാവം നിരവധി സ്വീകരിച്ചതായി ഋഷികൾ സൂചിപ്പിക്കുന്നു. അങ്ങനെ തൻ്റെ സർവ്വശക്തിത്വത്താൽ അദ്ദേഹം സ്വീകരിക്കുന്ന രൂപങ്ങൾ/അമ്മയ്ക്കും അച്ഛനും ജനിക്കാത്ത ശരീരങ്ങൾ/ആണ് ഈ പ്രത്യക്ഷ ശരീരങ്ങൾ. ഇച്ഛാമാത്രയിൽ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും കഴിയുന്ന ഇത്തരം ശരീരങ്ങളെയാണ് ഭവരൂപം, ദിവ്യദേഹം, മായാരൂപം, വിഭൂതിശരീരം, ലിംഗശരീരം എന്നെല്ലാം പരാമർശിക്കുന്നത്.
സനാതനധർമ്മം, യോഗവിദ്യ, തന്ത്രവിദ്യ, വേദാന്തം, സിദ്ധാന്തം എന്നിവ മനുഷ്യരാശിയ്ക്ക് നൽകാനായി ആർഷഗുരുപരമ്പരകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട ദക്ഷിണാമൂർത്തി അങ്ങനെയൊരു പ്രത്യക്ഷമൂർത്തിയാണ്. അദ്ദേഹത്തെത്തന്നെയാണ് ജ്ഞാനമൂർത്തി, വേദമൂർത്തി, ആദിനാഥൻ, ആദിയോഗി, ശിവഋഷി, ശിവശങ്കരഋഷി, ശ്രീകണ്ഠരുദ്രൻ, നീലകണ്ഠരുദ്രൻ കൈലാസനാഥൻ എന്നൊക്കെ വിവിധ പരമ്പരകൾ പ്രകീർത്തിക്കുന്നത്. നരസിംഹമൂർത്തി, ഗജമുഖഗണപതി, ദുർഗ, ധ്യാന ശ്ലോകങ്ങളിൽ വർണിക്കുന്ന തരത്തിലുള്ള മൂർത്തികൾ തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ള പ്രത്യക്ഷദർശനരൂപങ്ങളാണ്.