Member   Donate   Books   0

മതം മാറ്റാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരോട്!!

AVS

മതം മാറ്റാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരോട്!!

“ഒരു മതേതരരാജ്യമായ ഭാരതത്തിൽ എല്ലാവർക്കും സ്വന്തം മതം അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും മതപരിവർത്തനം നടത്താനുമുള്ള അവകാശമുണ്ട്. ഒരുവന് ഇഷ്ടമുള്ള മതത്തിലേക്ക് മാറുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് രാജ്യത്തിന്റെ ഉന്നതമൂല്യങ്ങളേയും ഭരണഘടനയേയും അനാദരിക്കലാണ്.”
ചില സഭാപിതാക്കളും പാസ്റ്റർമാരും പ്രഖ്യാപിക്കുന്നു.
 
ഭരണഘടനയെ ചൂണ്ടിക്കാട്ടിയാണ് ഈ വാദം!
മതം അനുഷ്ഠിക്കുവാനും (മതവിശ്വാസി അല്ലാതിരിക്കുവാനും!) തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മതപരിവർത്തനാവകാശം അല്ലെന്ന് ആരാണ് ഇവരെ ഒന്ന് മനസിലാക്കിക്കുക?!

ഭരണഘടന കഴിഞ്ഞാൽ പിന്നീട് ഉയർത്തുന്നത് ബൈബിൾ ആണ് ! എല്ലാവരെയും മതപരിവർത്തനം നടത്താൻ തങ്ങളുടെ മതഗ്രന്ഥമായ ബൈബിൾ തങ്ങളോടാവശ്യപ്പെടുന്നുവെന്നും അതിന് വേണ്ടി രക്തസാക്ഷികളാകാൻ തയ്യാറാണെന്നും വരെ ചിലർ പ്രഖ്യാപിക്കുന്നു.

അന്ന് ഇസ്രയേൽ ഗോത്രത്തിലെ എല്ലാ ജാതികളിലും തൻ്റെ സന്ദേശം പ്രചരിപ്പിക്കണമെന്ന ജീസസിൻ്റെ വചനം ദുർവ്യാഖ്യാനം ചെയ്താണ് ചിലർ ഇങ്ങനെ പ്രസ്താവിക്കുന്നത്.

എന്നാൽ വാദത്തിന് വേണ്ടി ഈ അവകാശവാദവും സമ്മതിക്കാം.
ശരി, എല്ലാവരെയും മതം മാറ്റാൻ ബൈബിൾ പറയുന്നുണ്ടല്ലോ?
എങ്കിൽ എന്ത് കൊണ്ടാണ് നിങ്ങൾ മുസ്ലീങ്ങളുടെ അടുത്ത് പോകാത്തത്? പണ്ട് ക്രൈസ്തവ രാജ്യങ്ങളായിരുന്ന സ്ഥലങ്ങളിൽ പോലും നിങ്ങൾ ഇപ്പോൾ ചെല്ലുന്നില്ല. ഇസ്ലാമിക രാജ്യങ്ങളിൽ മാത്രമല്ല ചൈന, ഉത്തര കൊറിയ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ‘രക്ഷാപ്രവർത്തനം’ വേണ്ടേ?! ഒരു സംശയമാണ്.
 
നൈജീരിയയിലടക്കം ലോകമെങ്ങും ക്രിസ്ത്യാനികളെ ജിഹാദികൾ പീഡിപ്പിക്കുമ്പോൾ ഒരു പ്രതിഷേധ സ്വരം പോലും ഇക്കൂട്ടരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല!
എന്നാൽ എല്ലാവരെയും സഹിഷ്ണുതയോട് കൂടി വീക്ഷിക്കുന്ന ഹിന്ദു സമൂഹത്തിനെതിരെ, സനാതനധർമ്മത്തിനെതിരെയാണ് ഇവരെല്ലാം ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഹിന്ദുക്കൾ വിദേശികളാണെന്ന് വരെ ചിലർ പ്രഖ്യാപിക്കുന്നു. വളർന്ന് വരുന്ന ഹിന്ദു – ക്രിസ്ത്യൻ സൗഹൃദം തകർക്കുവാനാണ് ഇവരുടെ ശ്രമം.
ഇതിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു.
“മതംമാറ്റം ഉന്നതമായ മാനവമൂല്യങ്ങൾക്കനുസരിച്ചാണ്. ഒരാൾക്ക് സ്വന്തമിഷ്ടപ്രകാരം മറ്റ് മതങ്ങളിലേക്ക് മാറാൻ അവകാശം വേണം, അങ്ങനെ ചെയ്യുന്നവരെ സംരക്ഷിക്കാൻ പ്രത്യേക നിയമനിർമ്മാണം തന്നെ ആവശ്യമാണ്.”
സഭാ നേതാക്കൾ ഒരിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞതാണ്.
 
എന്നാൽ അതേക്കുറിച്ച് ക്രിസ്തുമതഗ്രന്ഥമായ ബൈബിൾ എന്തു പറയുന്നുവെന്നന്വേഷിക്കുന്നത് കൗതുകകരമാണ്!!
കാരണം “എല്ലാ ചർച്ചകളും തീർപ്പും ബൈബിൾ അടിസ്ഥാനത്തിൽ മാത്രം” (സോളാ സ്ക്രിപ്ച്ചുറാ) എന്നാണല്ലോ പ്രഖ്യാപിതാശയം.!

മതപരിവർത്തനത്തെ പറ്റി ബൈബിൾ എന്തു പറയുന്നു?!

മതം മാറുന്നതിനെ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യമായിട്ടാണ് ബൈബിൾ കണക്കാക്കുന്നത്. മതപരിവർത്തനത്തെക്കുറിച്ച് ക്രിസ്തുമതത്തിന്റെ അടിസ്ഥാനഗ്രന്ഥത്തിന്റെ നിലപാട് എന്താണ്?

1. മതപരിവർത്തനാശയം, അന്യദേവാരാധന : നിലപാട്
പഴയനിയമം ആവർത്തനപുസ്തകം 13-ാം അധ്യായം 7-10 വരെയുള്ള വരികൾ വായിക്കുന്നവർക്ക് ബൈബിളിന്റെ നിലപാട് വളരെ വ്യക്തമാണെന്ന് ബോധ്യപ്പെടും.
യഹോവ പറയുന്നതായി ബൈബിൾ വിവരിക്കുന്ന ഭാഗങ്ങളിതാ:
“നിന്റെ അമ്മയുടെ പുത്രനായ നിന്റെ സഹോദരനോ നിന്റെ പുത്രനോ പുത്രിയോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ആത്മസുഹൃത്തോ ‘വരൂ നമുക്ക് മറ്റ് ദേവന്മാരെ സേവിക്കാം’ എന്ന് രഹസ്യമായി പറഞ്ഞ് നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരിലേക്ക് ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമീപത്തോ വിദൂരത്തോ നിങ്ങൾക്ക് ചുറ്റുമുള്ള ജനങ്ങളുടെ ചില ദേവന്മാരിലേക്ക് നിന്നെ വശീകരിച്ചാൽ നീ വഴങ്ങരുത്, അയാൾക്ക് ചെവി കൊടുക്കരുത്.”
നോക്കൂ മതപരിവർത്തനം നടത്താനെന്നല്ല, മറ്റ് ദേവന്മാരെ വന്ദിക്കാനുള്ള നിരുപദ്രവമായ ആശയം പോലും തള്ളിക്കളയണമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഇത് മാത്രമല്ല, ഇങ്ങനെയൊരാശയം നമ്മളോട് രഹസ്യമായി പറയുന്നവരെ – അത് പ്രിയപ്പെട്ട ഭാര്യയോ പുത്രനോ പുത്രിയോ ആത്മസുഹൃത്തോ സഹോദരനോ ആരായാലും-എങ്ങനെ ‘കൈകാര്യം’ ചെയ്യണമെന്നുകൂടി ബൈബിൾ തുടർന്ന് പറയുന്നുണ്ട്.

“നിന്റെ കണ്ണുകളിൽ അയാളോട് കാരുണ്യം ഉണ്ടാകരുത്. അയാളെ നീ വെറുതെ വിടരുത്. ഒളിച്ചു വയ്ക്കുകയുമരുത്. അയാളെ നീ കൊല്ലണം. അയാളെ വധിക്കാൻ നീ ആദ്യം കരം ഉയർത്തണം. പിന്നീട് ജനങ്ങൾ എല്ലാവരും കരം ഉയർത്തണം. നീ അയാളെ കല്ലെറിഞ്ഞു കൊല്ലണം.”

നോക്കൂ ‘നമുക്ക് മതത്തെയോ യഹോവയേയോ ഉപേക്ഷിക്കാം, വേറൊരു മതത്തിൽ ചേരാം’ എന്ന് പോലും ഇവിടെ പറഞ്ഞിട്ടില്ല.

നിങ്ങളുടെ പ്രിയപ്പെട്ടവരിലൊരാൾ മറ്റേതെങ്കിലും ഒരു ദൈവത്തെക്കൂടി ആരാധിക്കാം എന്ന ആശയം രഹസ്യമായി പറഞ്ഞാൽ പോലും അയാളെ നാട്ടുകാരുടെ മുമ്പിൽ ഹാജരാക്കി കുറ്റാരോപണം നടത്തി കല്ലെറിഞ്ഞു കൊല്ലണമെന്നും ആദ്യത്തെ കല്ല് നിങ്ങളുടെ കയ്യിൽ നിന്ന് തന്നെ പതിക്കണമെന്നുമാണ് ബൈബിളിലെ വ്യക്തമായ അനുശാസനം!

ഇവിടെ ചോദ്യം വളരെ ലളിതമാണ്. സഭാ നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ‘ഉന്നതമൂല്യങ്ങളെ’ മുൻനിർത്തി ബൈബിളിന്റെ ഈ ആഹ്വാനത്തെ തള്ളിപ്പറയാനോ പുനർവ്യാഖ്യാനിക്കാനോ സഭാനേതാക്കൾ തയ്യാറാകുമോ?!

പ്രാകൃതവും നിഷ്ഠൂരവുമായ ഈ ശിക്ഷ എന്തിനെന്ന് കൂടി തുടർന്ന് അതേ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

“ഇസ്രായേൽകാരെല്ലാം ഇത് കേട്ട് ഭയപ്പെടണം. ഇനി ഒരിക്കലും നിങ്ങളുടെ ഇടയിൽ ഇത്തരം ദുഷ്ടത ആരും ചെയ്യരുത്.” (ആവർത്തനപുസ്തകം 13:11,12)

ഇത്തരം ശിക്ഷാവിധികൾ നടപ്പാക്കി ജനങ്ങളുടെ മനസ്സിൽ ഭയാശങ്കകൾ സൃഷ്ടിച്ചാൽ മതപരിവർത്തനം തടയാമെന്നാണല്ലോ പല അതിക്രമകാരികളും കരുതുന്നത്. ബൈബിളിൽ യഹോവ പറയുന്ന കാര്യങ്ങളെ അക്ഷരം പ്രതി നടപ്പിലാക്കുന്ന അവരെ ക്രിസ്ത്യൻ പുരോഹിതർക്ക് എങ്ങനെ കുറ്റപ്പെടുത്താനാകും?!

2. ഒരു നഗരത്തിൽ അന്യ ദേവാരാധനയോ മതപരിവർത്തനമോ നടന്നാൽ
നേരത്തെ പറഞ്ഞത് അന്യദേവാരാധന ചെയ്യാൻ (മതപരിവർത്തനാശയം) പറയുന്നവരോട് ചെയ്യേണ്ട നടപടിയാണ്. ഇനി ഒരു നഗരത്തിൽ മതപരിവർത്തനം നടന്നുവെന്നറിഞ്ഞാലോ?!
 
ആവർത്തനപുസ്തകം 13:12-16 പറയുന്നു.
“നിന്റെ ദൈവമായ കർത്താവ് നിനക്ക് വസിക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ നിങ്ങളുടെ ഇടയിൽനിന്ന് ചില നീചന്മാർ ചെന്ന് നമുക്ക് പോയി മറ്റ് ദേവന്മാരെ സേവിക്കാം എന്ന് നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് ആ നഗരവാസികളെ വശീകരിച്ചു എന്ന് കേട്ടാൽ നീ അത് തിരക്കി അന്വേഷിച്ച് താൽപര്യപൂർവ്വം വിസ്തരിച്ചറിയണം. അത്തരം ഒരു മ്ലേച്ഛത നിങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു എന്നത് സത്യവും തീർച്ചയും ആയാൽ ആ നഗരവാസികളെ നീ നിശ്ചയമായും വാളിന്ന് ഇരയാക്കണം.”
 
ചില നഗരവാസികൾ മറ്റ് മതങ്ങളിലേക്ക് ആകൃഷ്ടരായാൽ ആ നഗരത്തെ കൊള്ളയടിക്കാനും ജീവജാലങ്ങളെയെല്ലാം ചുട്ടുചാമ്പലാക്കാനുമാണ് ബൈബിളിലെ ‘ദൈവനീതി’ ആഹ്വാനം ചെയ്യുന്നത്. തുടർന്ന് വായിക്കുക.
 
“സകല നിവാസികളും കന്നുകാലികളുമടക്കം ആ നഗരം വാൾകൊണ്ട് നിശ്ശേഷം നശിപ്പിക്കപ്പെടണം. നീ അതിലെ ‘കൊള്ളമുതലെല്ലാം’ അവിടെ മൈതാനമധ്യത്തിൽ കൂട്ടണം. നഗരവും അതിലെ എല്ലാ കൊള്ളമുതലും നിന്റെ ദൈവമായ കർത്താവിനുള്ള ഒരു ഹോമബലിയായി തീയിൽ നശിപ്പിക്കണം. അത് എക്കാലവും ഒരു പാഴ്ക്കൂമ്പാരമായി കിടക്കട്ടെ. അത് വീണ്ടും പണിയരുത്.”
 
നഗരവാസികളിൽ ചിലരോ ഭൂരിപക്ഷമോ മതം മാറിയാൽ ആ നഗരത്തിലെ വൃദ്ധരും ഗർഭിണികളും വികലാംഗരും കുട്ടികളുമടക്കം എല്ലാവരെയും കൊല്ലണമെന്നും മനുഷ്യരുടെ ഈ ‘പാപ’ത്തിന് അവിടുത്തെ കന്നുകാലികളെപ്പോലും കശാപ്പ് ചെയ്യണമെന്നും വീടുകളും സ്ഥാപനങ്ങളും കൊള്ളയടിച്ച് നഗരം തീയിടണമെന്നും ആ നഗരത്തിന്റെ പുനർനിർമ്മാണം എന്നന്നേക്കുമായി തടയണമെന്നും ആഹ്വാനം ചെയ്യുന്നത് മാനവികമൂല്യങ്ങൾക്കനുസരിച്ചല്ലെന്ന് സമ്മതിക്കാൻ സഭാനേതാക്കൾ തയ്യാറാകുമോ?!

3. പ്രവാചകരെ വധിക്കുക

അന്യമതത്തിലേക്ക് മാറാൻ പറയുന്ന പ്രവാചകരേയും സ്വപ്നദർശികളേയും വധിക്കുവാനും പഴയനിയമം ആഹ്വാനം ചെയ്യുന്നുണ്ട്. (ആവർത്തനം 13:1-5)

ഈ ‘തിരുവെഴുത്തുകൾ’ ചെവിക്കൊണ്ടവരാണ് യേശുക്രിസ്തുവിന് ക്രൂശുമരണം വിധിച്ചത്. കൊള്ളക്കാരനായ ബറാബസിനെ വിട്ടയച്ചാലും യേശുക്രിസ്തുവിന് മാപ്പ് കൊടുക്കരുതെന്ന് വാദിച്ചത്. ഈ വാക്യങ്ങളെയെല്ലാം ക്രിസ്തുവിന്റെ അനുയായികൾ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ?

4. അന്യമതസ്ഥരെ കല്ലെറിഞ്ഞുകൊല്ലുക

അന്യദേവന്മാരെ ആരാധിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലാനാണ് ആവർത്തനപുസ്തകത്തിൽ പറയുന്നത് (17:2-7)

തങ്ങളുടെ കൂട്ടത്തിൽനിന്ന് മതം മാറിയവരോട് മാത്രമല്ല അന്യദേവന്മാരെ ഉപാസിക്കുന്നവരോട് പോലും ബൈബിളിലെ ദൈവം ക്ഷമിക്കുന്നില്ല!

5. അന്യമതസ്ഥരുടെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കുക!

“നിങ്ങൾ പുറന്തള്ളാൻ പോകുന്ന ജനതകൾ അവരുടെ ദേവന്മാരെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും ഉന്നതപർവ്വതങ്ങളും മലകളും എല്ലാ പച്ചമരങ്ങളും തീർച്ചയായും നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങൾ നിങ്ങൾ തകർക്കണം. സ്തംഭങ്ങൾ ഇടിച്ചുനിരത്തണം. അവരുടെ അശേരപ്രതിഷ്ഠ തീയിൽ ചുട്ടുകളയണം. അവരുടെ ദേവന്മാരുടെ കൊത്ത് രൂപങ്ങൾ വെട്ടിവീഴ്ത്തണം. അവരുടെ പേരുകൾ ആ സ്ഥലത്തുനിന്നും നിർമാർജ്ജനം ചെയ്യുക.”

മതസഹിഷ്ണുതയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്ന മാർപ്പാപ്പ ബൈബിളിലെ ആവർത്തനപുസ്തകത്തിലെ 12-ാം അധ്യായം 1-4 വരെയുള്ള ഈ വാക്യങ്ങൾ വായിച്ചിരിക്കില്ലെന്ന് കരുതുന്നില്ല. ഇത്തരം അന്യമതവിദ്വേഷാഹ്വാനങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പാക്കിയ ഇരുണ്ടകാലഘട്ടത്തിലെ ചരിത്രവും അദ്ദേഹം മറക്കാനിടയില്ല.

6. അന്യമതസ്ഥർക്കും ഇതരവംശങ്ങൾക്കും ജീവിക്കാനർഹതയില്ലെന്ന് ബൈബിൾ

അന്യമതവിഭാഗങ്ങൾക്കോ വംശങ്ങൾക്കോ ജീവിക്കാൻതന്നെ അർഹതയില്ലെന്നാണ് ‘ലോകസൃഷ്ടാവായ ബൈബിൾ ദൈവം’ അരുളിച്ചെയ്യുന്നത്.

“നിന്റെ ദൈവമായ കർത്താവ് അതിനെ നിന്റെ കൈയിൽ ഏല്പിക്കുമ്പോൾ നീ അതിലെ എല്ലാ പുരുഷന്മാരേയും വാളിന്ന് ഇരയാക്കണം. എന്നാൽ സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും നഗരത്തിൽ ഉള്ള മറ്റ് എല്ലാറ്റിനേയും അതിലെ സമ്പത്തെല്ലാം ‘കൊള്ളമുതലായി’ നീ സ്വന്തമാക്കിക്കൊള്ളുക. നിന്റെ ദൈവമായ കർത്താവ് നിനക്ക് നൽകിയിരിക്കുന്ന ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിനക്ക് അനുഭവിക്കാം. ഇവിടെയുള്ള ജനതകളുടേതല്ലാത്തതും വിദൂരത്തിലുള്ളതുമായ എല്ലാ ജനതകളോടും ഇങ്ങനെ തന്നെ നീ പ്രവർത്തിക്കണം. നിന്റെ ദൈവമായ കർത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ നഗരങ്ങളിൽ ജീവനുള്ള ഒന്നും നീ ശേഷിപ്പിക്കരുത്.” (ആവർത്തനം 20: 13-16)

ഇത്രയും നിഷ്ഠൂരമായ ആക്രമണങ്ങൾക്കാണ് യഹോവ ആഹ്വാനം ചെയ്യുന്നത്. മറ്റ് ജനവിഭാഗങ്ങളോടും വംശങ്ങളോടും ഉള്ള ബൈബിളിന്റെ ശത്രുത ശ്രദ്ധിക്കുക!.

“നിന്റെ ദൈവമായ കർത്താവ് കല്പിച്ചിരിക്കുന്നതുപോലെ ഹിത്തിയരേയും അമോരിയരേയും കനാനിയരേയും പെരിസിയരേയും ഹിവിയരേയും യെബൂസിയരേയും നീ നിശ്ശേഷം നശിപ്പിക്കണം. അവർ തങ്ങളുടെ ദേവന്മാരുടെ ശുശ്രൂഷയ്ക്കായി ചെയ്തിരുന്ന മ്ലേഛകൃത്യങ്ങളെല്ലാം ചെയ്യാൻ നിങ്ങളെ പഠിപ്പിക്കുക വഴി നിങ്ങൾ നിങ്ങളുടെ ദേവമായ കർത്താവിനെതിരെ പാപം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്.”
(ആവർത്തനം 20:17-19)

മതപരിവർത്തനം ചെയ്യിക്കുന്നവരെയും മതം മാറിയവരേയും മാത്രമല്ല തങ്ങളെ സ്വാധീനിക്കാനിടയുള്ള ജനവിഭാഗങ്ങളെപ്പോലും കൂട്ടക്കൊല നടത്താനാണ് ബൈബിൾ ആഹ്വാനം ചെയ്യുന്നത്!

ആവർത്തനം 7:1-4 ലും സംഖ്യ 21:35 ലും ഇതിനോട് സാമ്യമുള്ള ഉപദേശങ്ങൾ കാണാം. അവിടെ മറ്റുള്ളവരുടെ ആരാധനാലയങ്ങളോട് എന്തുചെയ്യണമെന്ന് വ്യക്തമായ ഭാഷയിൽ ആഹ്വാനം ചെയ്യുന്നുമുണ്ട്.

“നിങ്ങൾ അവരോട് പെരുമാറേണ്ടത് ഇങ്ങനെയാണ്. നിങ്ങൾ അവരുടെ ബലിപീഠങ്ങൾ ഉടയ്ക്കണം. സ്തംഭങ്ങൾ തകർക്കണം. അശേറപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തണം. കൊത്തുരൂപങ്ങൾ ചുട്ടുകളയണം” (ആവർത്തനം 7: 5)

ഇത്തരം ഉപദേശങ്ങൾ തങ്ങൾക്ക്, യഹോവയുടെ അനുയായികൾക്ക് വേണ്ടിമാത്രമാണെന്നാണോ സഭാ നേതാക്കൾ കരുതുന്നത്?!
ഇതൊക്കെത്തന്നെയാണ് ബൈബിളിൽ നിന്ന് പ്രചോദനം നേടിയ ഇസ്ലാം മതവും പറയുന്നത്! യഹോവ നൽകിയതെന്ന് ക്രിസ്ത്യാനികൾ, മോശയ്ക്ക് അല്ലാഹു കൊടുത്തതാണെന്ന് (തൗറാത്ത്) മുസ്ലീങ്ങൾ!
അസഹിഷ്ണുത എവിടെ നിന്നാണെങ്കിലും എതിർക്കപ്പെടേണ്ടേ?!

മനുസ്മൃതി, വിചാരധാര – എന്നിവയ്ക്കെതിരെ വിരൽ ചൂണ്ടുന്നവർ തങ്ങളുടെ നേർക്ക് വിരൽ ചൂണ്ടുന്ന ഇത്തരം വചനങ്ങൾ കാണുന്നില്ലേ?!

കുറച്ചുകാലങ്ങളായി അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, Father Cyriac Thundiyil, ഫാദർ ജോൺസൺ തെക്കെടയിൽ തുടങ്ങിയവർ നടത്തുന്ന സനാതനധർമ്മവിമർശനം സഹിക്കാവുന്ന പരിധി കടന്നിരിക്കുന്നു.

സംഘടനകളുടെ നിലപാടുകൾ കാലത്തിനനുസരിച്ച് പുതുക്കണം. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി നിലപാടുകൾ എത്രയോ വട്ടം തിരുത്തിയിരിക്കുന്നു. ശാസ്ത്ര നിലപാടുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നു. അങ്ങനെയാണ് വേണ്ടത്.
സ്മൃതികൾ കാലദേശപാത്രമനുസരിച്ച് പരിഷ്കരിക്കപ്പെടേണ്ടവയാണ്.
 
എന്നാൽ ബൈബിളിലെ ഒന്നും നീക്കാനോ കൂട്ടിച്ചേർക്കുവാനോ പാടില്ല എന്നാണ് യോഹന്നാൻ്റെ വെളിപാട് പുസ്തകം പറയുന്നത്.! (22:18-20)
ആ പുസ്തകം കക്ഷത്തിൽ വച്ച് മറ്റുള്ളവരെ വിമർശിക്കാൻ വരുമ്പോൾ ഇനി എല്ലാവരും വെറുതെയിരിക്കുമെന്ന് കരുതരുത്.!
(തുടരും)