ആർഷവിദ്യാസമാജത്തിന്റെ പശ്ചിമബംഗാൾ പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമായി!
ദുർഗാപൂർ:
ആർഷവിദ്യാസമാജം പുതിയ പ്രവർത്തനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം, പശ്ചിമബംഗാൾ ദുർഗാപൂരിൽ 27-06-2026 (ശനിയാഴ്ച) 12.25 PM ന്, ആചാര്യശ്രീ മനോജ് ജി, ശ്രീ ദേവദത്ത് ജി (ബിജെപി നേതാവ് & സിംഗബാഹിനി പ്രസിഡൻ്റ്), ശ്രീമതി രേഖ ലഖോട്ടിയ ജി (അഖിൽ ഭാരതവർഷ് മഹേശ്വരി മഹിളാ സംഘടൻ പശ്ചിമ ബംഗാൾ സ്റ്റേറ്റ് പ്രസിഡൻ്റ്), ശ്രീ ആര്യന്ത് കുമാർ ജി (രാഷ്ട്രീയ സ്വയംസേവക് സംഘ് വിഭാഗ് വ്യവസ്ഥ പ്രമുഖ്) എന്നിവർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.



ഭാരതീയ ജനതാപാർട്ടി നേതാവും സിംഗബാഹിനി പ്രസിഡൻ്റുമായ ശ്രീ ദേവദത്ത് മാജി മുഖ്യപ്രഭാഷണം നടത്തി. ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ. കെ. ആർ മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുർഗാപൂർ ഈസ്റ്റ് MLA ശ്രീ ചന്ദ്രശേഖർ ബാനർ ജി, ഭാരതീയ മസ്ദൂർ സംഘിൻ്റെ നേതാവായ ശ്രീ ജയ്ൻനാഥ് ഛുബേയ് ജി, ശ്രീമതി രേഖ ലഖോട്ടിയ ജി, ശ്രീ ആര്യന്ത് കുമാർ ബൊറാർജി എന്നിവർ ആശംസകൾ അർപ്പിച്ചു.
കുമാരി കൃഷ്ണപ്രിയയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ആർഷവിദ്യാസമാജം ആദ്യവനിതാപ്രചാരിക ഒ. ശ്രുതി ജി സ്വാഗതവും ഡോ. അനഘ ജി നന്ദിയും പറഞ്ഞു. ശ്രുതി ജിയുടെ വന്ദേമാതരം ആലാപനത്തിന് ശേഷം മംഗളാരതിയോടെ ചടങ്ങുകൾ സമാപിച്ചു.
പശ്ചിമ ബംഗാളിലെ ദുർഗാപൂർ , ഐ.ക്യൂ സിറ്റിയിൽ ബിൽഡിംഗ് നമ്പർ MC- 2 ൽ ഒൻപതാം നിലയിലെ പുതിയ കേന്ദ്രത്തിൽ പകൽ 12.25 മുതൽ 1.40 വരെയായിരുന്നു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. വംഗദേശത്തെ സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.


സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യ നിർവ്വഹണങ്ങളിലൂടെ ‘വിശ്വത്തെ തന്നെ ശ്രേഷ്ഠമാക്കുക’ എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന വിവിധ വിദ്യാഭ്യാസ- സേവന- ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ പശ്ചിമ ബംഗാൾ ദുർഗാപൂർ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.








