Member   Donate   Books   0

‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ (ഒരു അവലോകനം)

AVS

‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ (ഒരു അവലോകനം)

ശ്രീ കാമാഖ്യ നാരായൺ സിംഗ്ജി സംവിധാനം ചെയ്തു സൺഷൈൻ പിക്ചേഴ്സിലൂടെ ശ്രീ വിപുൽ അമൃത് ലാൽ ഷാ ജി നിർമ്മിച്ച കാലികപ്രാധാന്യമുള്ള ഒരു സൂപ്പർ ഹിന്ദി സിനിമയാണ് ‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’. 2023-ൽ പുറത്തിറങ്ങിയ ‘ദ കേരളാസ്റ്റോറി’ എന്ന വിഖ്യാത സിനിമയുടെ തുടർച്ചയാണിത്.

ചില സംസ്ഥാനങ്ങളിലുള്ള (കേരളത്തിലെ കൊച്ചി, മധ്യപ്രദേശിലേ ഗ്വാളിയാർ, രാജസ്ഥാനിലെ ജോധ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ) കുറച്ച് യുവതികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്. സുരേഖ, ദിവ്യ, നേഹ എന്നിവർ സന്തോഷപൂർണ്ണമായ ജീവിതം മാതാപിതാക്കളോടൊപ്പം നയിക്കുമ്പോൾ, അവരുടെ ജീവിതത്തിലേക്ക് പുതിയ സുഹൃത്തുക്കളായി, ചിലർ
കടന്നുവരുന്നു! സൗഹൃദം നടിക്കൽ, കപട വാഗ്ദാനം, പ്രണയനാട്യം, വിശ്വാസമാർജിക്കൽ, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ സംഘടിതവും ആസൂത്രിതവുമായ സമീപനത്തിലൂടെയാണ് പെൺകുട്ടികളുമായി അവർ ബന്ധം സ്ഥാപിക്കുന്നത്. ഈ ബന്ധങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ജിഹാദിയൻ ലക്ഷ്യങ്ങൾ യുവതികൾക്ക് ആദ്യം മനസ്സിലാകുന്നില്ല. വീട്ടുകാരുടെ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചുകൊണ്ടാണ് ഈ കപടനാട്യക്കാരോടൊപ്പം യുവതികൾ പോകുന്നത്. ഒടുവിൽ അവർക്ക് നിജസ്ഥിതി ബോധ്യമാകുമ്പോൾ അവരുടെയെല്ലാംതന്നെ നഷ്ടമായിപോയിരുന്നു! രക്ഷപ്പെടാനുള്ള ശ്രമങ്ങളും, സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടവുമാണ് പിന്നീടുള്ളത്.

തന്നെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളോട് ഈ സിനിമയിലെ ഒരു പെൺകുട്ടി പറയുന്ന ഡയലോഗ് – “നിങ്ങൾക്ക് ഇസ്ലാമോഫോബിയ” ആണെന്നാണ്. തൻ്റെ കാമുകൻ സെക്കുലറായ ഒരു ജെന്റിൽമാനാണ് എന്ന് വീമ്പു പറഞ്ഞിരുന്ന അവൾ ഒടുവിൽ പച്ചയായ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നു! ഹിന്ദുവിശ്വാസിയായി നടിച്ച്, പ്രണയക്കെണിയിൽ പെടുത്തിയ ഒരു സംഭവവും ഈ ചലച്ചിത്രത്തിൽ കാണാൻ കഴിയും. ഇതുപോലെയുള്ള അൽ-തക്കിയകൾ (വിശുദ്ധ കള്ളങ്ങൾ/ ചതികൾ) വേറെയുമുണ്ട്. വീട്ടുകാർ തടഞ്ഞ നൃത്തത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരാൾ പെൺകുട്ടിയെ വലയിലാക്കിയശേഷം അവളെ മുസ്ലീം ആക്കുകയും ഡാൻസ് ഹറാമാണെന്ന് പറഞ്ഞ് തടയുകയും ചെയ്യുന്നു! ഭാര്യ ഗർഭിണിയായിരിക്കെ മറ്റൊരുവളെ പുതുമണവാട്ടിയായി കൊണ്ടുവരികയും ചെയ്യുന്നു! ഭാരതത്തിൽ പലയിടങ്ങളിലായി നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിലെ ഏതാനും ഭാഗങ്ങൾ മാത്രമാണ് ഇവയൊക്കെ!!

സിനിമയിലെ മുഖ്യകഥാപാത്രമായ ഒരു പെൺകുട്ടി യഥാർത്ഥ ജീവിതത്തിൽ, എറണാകുളം മഹാരാജാസ് കോളേജിലെ SFI നേതാവ് അനുജ ആണ് (ജിഹാദികളാൽ കൊല്ലപ്പെട്ട അഭിമന്യു പഠിച്ച, അതേ കോളേജ്). വിവാഹിതനും രണ്ടു കുട്ടികളുടെ ബാപ്പയുമായ ഖലീം എന്ന ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ലൗ ട്രാപ്പ് ജിഹാദിൻ്റെ ചതിക്കുഴിയിൽ പെട്ടുപോയ, ഒടുവിൽ ക്രൂരമായ പീഡനമേറ്റ് റൂമിൽ തലമുടി മുഴുവൻ മൊട്ടയാക്കപ്പെട്ട് കെട്ടിത്തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അനുജ! ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മുടെ കൊച്ചിയിൽ നടന്ന യഥാർത്ഥ സംഭവം! അത് മറയ്ക്കാനാണോ SDPI-ക്ക് കീഴ്പ്പെട്ട കുട്ടിസഖാക്കളുടെ ജനാധിപത്യവിരുദ്ധമായ ഈ കോപ്രായങ്ങൾ ! അതല്ലേ തീയറ്ററിൽ കയറി അവർ കാണിക്കുന്ന ഗുണ്ടായിസത്തിന്റെ അർത്ഥം? ബീഫിന്റെ മറവിൽ യഥാർത്ഥപ്രശ്നമായ ഹിന്ദു-ക്രിസ്ത്യൻ കുട്ടികളുടെ ജീവിതം നരകമാക്കുന്ന ജിഹാദിതീവ്രവാദികളെ സംരക്ഷിക്കാൻ വേണ്ടിയല്ലേ കഴിഞ്ഞ ദിവസം കോട്ടയം അനശ്വര തിയേറ്ററിൽ ‘പുരോഗമനവാദികളായ’ DYFI-ക്കാർ ഭീഷണിനാടകം കളിച്ചത്?!

സജ്ജനങ്ങളോടുള്ള അഭ്യർത്ഥന..!

ബഹു.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവാദം കൊടുത്ത ഒരു സിനിമ കാണാൻ വന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് അക്രമം കാണിച്ചവർക്കെതിരെ ബഹു. ഹൈക്കോടതിയിൽ ഒരു കേസ് എങ്കിലും നൽകാൻ തിയേറ്ററുടമകളോ സിനിമയുടെ ആൾക്കാരോ (നിർമ്മാതാവ്, സംവിധായകൻ etc) പൊതുജനങ്ങളോ തയ്യാറാകണം എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു..!!

ബഹുമാനപ്പെട്ട ഹൈക്കോടതിയോടുള്ള പ്രാർത്ഥന…….!

ബഹു.ഹൈക്കോടതി ഉത്തരവിന് പുല്ലുവില പോലും നൽകാത്ത അക്രമികളെ അറസ്റ്റ് ചെയ്യാൻ ബഹു.ഹൈക്കോടതിക്ക് സ്വമേധയാതന്നെ നിർദ്ദേശം കൊടുക്കാൻ അധികാരമുണ്ട് എന്നത് ശുഭപ്രതീക്ഷ ഏകുന്നു. ആയതു നിർവഹിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയോട് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു…….!!

ബഹു.സംസ്ഥാന പോലീസ് ചീഫിനോടുള്ള അഭ്യർത്ഥന……!

ബഹു.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവാദം കൊടുത്ത ഒരു സിനിമ കാണാൻ വരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് അക്രമം കാണിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും താല്പര്യമുള്ളവർക്ക് നിർഭയമായി ഈ സിനിമ കാണാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും സവിനയം അപേക്ഷിച്ചുകൊള്ളുന്നു!

ശക്തമായ നടപടികളിലൂടെയും ക്രമസമാധാന പ്രശ്നങ്ങളും ഗാർഹിക പീഡനങ്ങളും, റേപ്പ് ജിഹാദുകളും അവസാനിപ്പിക്കാൻ കഴിയുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു. എന്നാൽ സൈലൻ്റ് ആയ രീതിയിൽ നടക്കുന്ന ജിഹാദിയൻ സ്ലീപ്പർ സെൽ പ്രവർത്തനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുള്ള മതപരിവർത്തനപരിപാടികളെയും തീവ്രവാദ – ഭീകരവാദ ആശയങ്ങളെയും റിക്രൂട്ട്മെൻ്റുകളെയും വേരോടെ പരിഹരിക്കുവാൻ പോന്നതായ യഥാർത്ഥ ആശയപ്പോരാട്ടം കൂടി അവതരിപ്പിച്ചിരുന്നുവെങ്കിൽ, പ്രണയക്കെണിയിൽ കുടുങ്ങാൻ പോകുന്നവർക്കുള്ള ശരിയായ പ്രതിരോധവും ബോധവൽക്കരണവും കൂടിയാകുമായിരുന്നു അത്.

ഹൈന്ദവ നേതൃത്വത്തോടുള്ള അഭ്യർത്ഥന…..!

അക്രമികളോട് അനുവാദം ചോദിക്കുന്നതിനു പകരം “സിനിമ കാണാൻ ധൈര്യമായി വരൂ, ഞങ്ങൾ കാവലുണ്ടാകും” എന്ന് പത്രസമ്മേളനം നടത്തി അറിയിച്ചും ആ ഉറപ്പു പാലിച്ചും ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് എല്ലാ ഹൈന്ദവസംഘടനാ നേതൃത്വത്തോടും സാമുദായിക സംഘടനാനേതാക്കളോടും അഭ്യർത്ഥിച്ചുകൊള്ളുന്നു. ആളുകൾ ചിലരെ പേടിച്ചു മാത്രമാണ് തിയേറ്ററിലേക്ക് വരാതെ ഇരിക്കുന്നത്? വാസ്തവത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ, ധൈര്യമായി സിനിമ കാണാനുള്ള സാഹചര്യമല്ലേ ഒരുക്കിക്കൊടുക്കേണ്ടത്? ഹൈന്ദവസ്വാഭിമാനി നേതാക്കൾ സംഘടനാപരമായ ഒരു നിർദ്ദേശം കൊടുത്താൽ ഈ സിനിമ എല്ലാവർക്കും കാണുവാനുള്ള അവസരം ഉണ്ടാകും. തെരുവുനാടകങ്ങളും കവിതകളും നാടൻ പാട്ടുകളും KPAC പോലുള്ളവരുടെ നാടകങ്ങളും അടങ്ങുന്ന കലാരംഗമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കിയത് എന്ന വസ്തുത നാം മറക്കരുത്! നൂറു നൂറു പ്രസംഗങ്ങളേക്കാൾ ഒരു കലാസൃഷ്ടിക്ക് ജനഹൃദയങ്ങളിൽ ആഴത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയും. ആദ്ധ്യാത്മിക നേതാക്കളും സന്യാസി ശ്രേഷ്ഠന്മാരും ഹൈന്ദവ നേതൃത്വവും ഇക്കാര്യത്തിൽ സക്രിയമായ നിലപാടെടുക്കണമെന്ന് വിനയപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു…!

ശ്രീ വിപുൽ അമൃത് ലാൽ ഷാ ജി, ശ്രീ അമർനാഥ് ഝാ ജി എന്നിവർ രചിച്ച ഈ ചലച്ചിത്രത്തിൽ സുരേഖയായി ഉൽക്ക ഗുപ്തയും ദിവ്യയായി അദിതി ഭാട്ടിയയും നേഹയായി ഐശ്വര്യ ഓജയും സലിം ആയി സുമിത് ഗഹ് ലാവത്തും ഫൈസാൻ ആയി അർജൻ സിംഗ് ഔജ്ലയും റഷീദ് ആയി യുക്തം ഖോൽസയും ഹഫ്സ ബീഗമായി അൽക്ക അമീനും ഉജ്വലമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അഭിനയം,അവതരണം, പശ്ചാത്തല സംഗീതം, ഗാനങ്ങൾ, സെന്റിമെൻ്റ്സ്, കഥ, തിരക്കഥ, സംഭാഷണം എന്നിവ വളരെ മികച്ചതാണ്. ക്ലൈമാക്സും ക്ലൈമാക്സ് സോങ്ങും ശുഭപ്രതീക്ഷയോടൊപ്പം ധർമ്മവിജയത്തിനുള്ള പാഞ്ചജന്യഘോഷവുമായിത്തീർന്നു. എന്തുകൊണ്ടും, ഒന്നാം ഭാഗം സിനിമയെക്കാൾ ഹൃദയസ്പർശിയാണ് ‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന രണ്ടാം ഭാഗം.

‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയിൽ കേരളം എവിടെ എന്ന് ചോദിച്ചു ചന്ദ്രഹാസം ഇളക്കുന്നവരോട് “രണ്ടിലും കേരളമുണ്ട്” എന്നാണ് മറുപടി! കേരളത്തിൻ്റെ കഥയാണോ എന്ന് ചോദിക്കുന്നവരോട്, അതേ ഇത് കേരളത്തിൻ്റെയും കൂടി കഥയാണ്! നമ്മുടെ സഹോദരിമാരുടെ മാത്രമല്ല, നമ്മുടെ കുടുംബത്തിൻ്റെ കൂടി കഥയാണ്!! തെറ്റായ തീരുമാനങ്ങൾ മൂലം അനുഭവിക്കേണ്ടിവരുന്ന ദാരുണമായ സംഭവങ്ങൾ പെൺകുട്ടികളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതും ഇത്തരം വലയങ്ങളിൽ പെട്ടുപോകാതെ ജാഗ്രത പാലിക്കേണ്ടതിന്റെ സന്ദേശവും സിനിമ മുന്നോട്ടുവയ്ക്കുന്നു.

ഉത്തിഷ്ഠത! ജാഗ്രത!!