ഇത് കെട്ടുകഥകളല്ല. താഴെ കൊടുക്കുന്നത് ചരിത്ര രേഖയാണ്.
വത്തിക്കാനിലെ കാലിക്സ്റ്റസ് മൂന്നാമൻ, നിക്കോളാസ് അഞ്ചാമൻ, അലക്സാണ്ടർ ആറാമൻ എന്നീ മാർപ്പാപ്പമാരുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പാശ്ചാത്യാധിനിവേശങ്ങൾ, നാഗരികതകളുടെ ധ്വംസനം,അറ്റ്ലാൻ്റിക് സ്ളേവ് ട്രേഡ്, കോളനിവൽക്കരണം
എന്നിവയുണ്ടായത്. പുതുതായി കണ്ടെത്തിയ നാടുകളെ രണ്ടായി പകുത്ത് ഒരു ഭാഗം സ്പെയിനും മറ്റൊന്ന് പോർത്തുഗലിനും ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കാൻ അധികാരം നൽകുന്ന പ്രഖ്യാപനമായിരുന്നു അത് .
പോർത്തുഗീസ് കപ്പലുകളിലെല്ലാം നാവികർക്കു പുറമേ കച്ചവടക്കാരും പടയാളികളും പാതിരിമാരും ഉണ്ടായിരുന്നു. ആ മിഷനറിമാർക്ക് ശമ്പളം കൊടുത്തുകൊണ്ടിരുന്നത് പോർത്തുഗീസ് ഭരണമായിരുന്നു.
ഇത് ഒരു രാജാവിന്റെ എഴുത്താണ്. മതാധിപത്യത്തിന്റെ ഔദ്യോഗിക രേഖ.”
16-ാം നൂറ്റാണ്ടിൽ പോർത്തുഗീസ് രാജാവ് ജോഓ മൂന്നാമൻ (Joao III – 1521-1557) ഗോവയിലെ പോർട്ടുഗീസ് വൈസ്റോയി “ജോഓ ദാ കാസ്ട്രോ” (Joao de Castro) യ്ക്ക് 1546 മാർച്ച് 8 ന് ഒരു കല്പന അയച്ചു.
“ക്രിസ്ത്യൻ വിശ്വാസസംബന്ധമായ കൂറും അത് പരിരക്ഷിച്ചു വർദ്ധിപ്പിക്കേണ്ട വ്യഗ്രതയും ഓരോ ക്രിസ്ത്യൻ രാജാവും ഹൃദയത്തിൽ വെച്ചുപുലർത്തേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നമ്മുടെ അധീനത്തിലുള്ള പല ഭാഗങ്ങളിലും മാത്രമല്ല നമ്മുടെ രാജധാനിയായ ഗോവയിൽ പോലും, അതായത് നമ്മുടെ വിശ്വാസം നേരാം വണ്ണം വർദ്ധിക്കണമെന്ന് പ്രതീക്ഷ പുലർത്തുന്ന കേന്ദ്രങ്ങളിൽപോലും വിഗ്രഹപൂജ നടക്കുന്നു, പാഷണ്ഡമായ ആചാരങ്ങൾ സ്വാതന്ത്ര്യത്തോടെ അനുഷ്ഠിക്കപ്പെടുന്നു. നമുക്ക് വിശ്വസനീയമായി കിട്ടിയ വിവരമാണിത്. അത് നമ്മെ നൊമ്പരം കൊള്ളിക്കുന്നു. അതുകൊണ്ട് നാം കൽപ്പിക്കുന്നതെന്തെന്നാൽ, ശുഷ്ക്കാന്തിയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് ആ വിഗ്രഹങ്ങളെല്ലാം കണ്ടെത്തി കണ്ടുകെട്ടി അവയെ തച്ചുടച്ചു നശിപ്പിക്കുക; ലോഹമോ മരമോ മണ്ണോ കല്ലോ മറ്റെന്തെങ്കിലും കൊണ്ടോ മൂർത്തികൾ വരയ്ക്കുകയോ വാർക്കുകയോ കൊത്തിയുണ്ടാക്കുകയോ ചെയ്യാൻ മുതിരുന്നവരെ കഠോരമായി ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുക; മറ്റെവിടെ നിന്നെങ്കിലും അവ കൊണ്ടുവരുന്നവരേയും അതുപോലെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുക. സ്വകാര്യമായോ പരസ്യമായോ അവയേറ്റി കൂത്താടുന്നവരെയെല്ലാം അതേ ശിക്ഷയ്ക്ക് വിധേയമാക്കുമെ ന്നും പ്രഖ്യാപിക്കുക. അവയ്ക്കുമുമ്പിൽ ചന്ദനത്തിരിയോ സമ്പ്രാണിയോ കർപ്പൂരമോ കത്തിച്ചുവെയ്ക്കുന്നവരേയും ശിക്ഷയിൽനിന്ന് ഒഴിവാക്കില്ലെന്ന് പ്രഖ്യാപിക്കുക. ക്രൈസ്തവകർമ്മമാർഗത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ ബ്രാഹ്മണരെ തുണയ്ക്കുകയോ ഒളിവിൽ പാർപ്പിക്കുകയോ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുക….. ദയാദാക്ഷിണ്യം കാണിക്കാതെ യാതൊരപേക്ഷയ്ക്കും വഴങ്ങാതെ നിശിതമായ നടപടികളിൽകൂടി കഠിനമായ ശിക്ഷ നടപ്പാക്കുന്നതിലാണ് നമുക്ക് സന്തോഷം എന്നോർമ്മയിരിക്കട്ടെ.”