Skip to content

സ്വതന്ത്രവീർസാവർക്കർ

  • by
ആർഷവിദ്യാസമാജം പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം “സ്വതന്ത്രവീർസാവർക്കർ” സിനിമ കണ്ടു. ഭാരതത്തിൻ്റെ യഥാർത്ഥചരിത്രം അറിയാനാഗ്രഹിക്കുന്നവർ നിശ്ചയമായും കണ്ടിരിക്കേണ്ട നല്ല ഫിലിം .
ചലച്ചിത്ര നിർമ്മാണത്തിന് സന്മനസും ദേശീയബോധവും കാട്ടിയത് ആനന്ദ് പണ്ഡിറ്റ് (Anand Pandit), സന്ദീപ് സിംഗ് (Sandeep Singh), സാം ഖാൻ (Sam Khan ), യോഗേഷ് രഹാർ (Yogesh Rahar) എന്നിവരാണ്. കഥയും തിരക്കഥയും മനോഹരമായി രചിച്ചത് ഉത്കൃഷ് നൈഥാനി(Utkarsh Naithani). എന്നാൽ ഒരു രൺദീപ്ഹുഡ്ഡ സിനിമ എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. കഥ, തിരക്കഥ, സംഭാഷണം എന്നീ രചനകളിൽ പങ്കു ചേർന്ന്, നിർമ്മാണത്തിൽ സഹകരിച്ച് മികച്ച രീതിയിൽ സംവിധാനം നിർവ്വഹിച്ച്, സാവർക്കറായി “ജീവിച്ച് ” -രൺദീപ് ഹുഡ്ഡ (RANDEEP HOODA) സൃഷ്ടിച്ചത് ബോളിവുഡിലെ മറ്റൊരു ചരിത്രമാണ്. ദേശീയപുരസ്കാരത്തിനർഹമായ അദ്ദേഹത്തിൻ്റെ അഭിനയപാടവം എടുത്തു പറയണം. മറ്റ് നടീനടൻമാർ, അണിയറ പ്രവർത്തകർ എന്നിവരേയും അഭിനന്ദിക്കുന്നു.
വീര സാവർക്കറോട് നാം കാട്ടിയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തവും ശ്രദ്ധാഞ്ജലിയുമായി ഈ സിനിമയെ കാണാനാണ് എനിക്ക് താല്പര്യം.വിദേശികൾ സ്വദേശികൾ എന്നിവരാൽ അത്രയേറെ അദ്ദേഹം നിർദയം ആക്രമിക്കപ്പെട്ടു. മാപ്പർഹിക്കാത്ത മഹാപാതകമാണ് ഈ ധീര രാജ്യസ്നേഹിയോട് ഇന്നും ചിലർ ചെയ്തുകൊണ്ടിരിക്കുന്നത്.
സാവർക്കർ വിവാദനായകൻ:
സാവർക്കർ എന്നും ഒരു വിവാദപുരുഷനായിരുന്നു. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണത്തിന് ശേഷം 58 വർഷങ്ങൾ പിന്നിടുന്ന ഇക്കാലത്തും അദ്ദേഹം ദേശസ്നേഹികൾക്ക് ഹീറോയായും മറ്റ് ചിലർക്ക് വില്ലനായും ചിന്തകളിലും ചർച്ചകളിലും നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിൻ്റെ സംഭാവനകളെ തമസ്കരിക്കാനായിരുന്നു ഒരു കൂട്ടർക്ക് താല്പര്യം. വ്യക്തിപരമായി പോലും അദ്ദേഹത്തെ തേജോവധം ചെയ്യുന്നതിൽ ചിലർ ക്രൂരമായ സുഖമാസ്വദിച്ചു. “ഭീരു, ഷൂനക്കി, മാപ്പപേക്ഷക്കാരൻ, ഗാന്ധിഘാതകൻ, വർഗീയവാദി” – എന്തെല്ലാം ആരോപണങ്ങൾ! ഒരു മനുഷ്യായുസാകെ മാതൃഭൂമിയ്ക്ക് യജ്ഞമായി സമർപ്പിച്ച മഹാത്മാവിന് നാം കൊടുത്ത സമ്മാനങ്ങൾ !
സത്യം അറിയണമെന്നാഗ്രഹിക്കുന്നവരെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഗീബത്സിയൻ നുണപ്രചാരണങ്ങളും ഹീനമായ സ്വഭാവഹത്യയുമാണ് രാജ്യം കണ്ട ഏറ്റവും വലിയ ധീരദേശാഭിമാനിക്കെതിരെ സ്വതന്ത്രഭാരതത്തിലും നടക്കുന്നത്. ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ദുർവിധി!
സാവർക്കറെ അറിയുക:
ആരായിരുന്നു സാവർക്കർ? സാവർക്കറുടെ ആശയങ്ങളും പ്രവർത്തനങ്ങളും ഭാരതത്തിൻ്റെ സ്വാതന്ത്ര്യ പ്രാപ്തിയ്ക്ക് എത്രത്തോളം സഹായകരമായി? സ്വന്തം പ്രവർത്തനങ്ങൾക്ക് പുറമേ അദ്ദേഹം പ്രചോദിപ്പിച്ച വ്യക്തികളും, പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരചരിത്രത്തിൽ അടയാളപ്പെടുത്തിയ ഭാഗധേയം എത്ര? സ്വാതന്ത്ര്യത്തിന് ശേഷവും ദേശീയബോധമുള്ള ജനതയെ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്ത്? ഗവേഷണം ആവശ്യപ്പെടുന്നതരത്തിൽ വൈപുല്യമുള്ള വിഷയങ്ങൾ ആണിവ.
പരമാവധി ചുരുക്കത്തിൽ പറയാം!
കറയില്ലാത്ത ധീരദേശാഭിമാനി, വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യസമരപ്പോരാളി, ഭഗത് സിംഗും നേതാജി സുഭാഷ് ചന്ദ്രബോസുമടക്കമുള്ള എണ്ണമറ്റ സ്വാതന്ത്ര്യസമരയോദ്ധാക്കൾക്ക് പ്രേരണാസ്രോതസ്സായ പ്രചോദകൻ, പാരീസിൽ നിന്ന് റഷ്യൻ വിപ്ലവകാരികളുടെ ബോംബ് നിർമ്മിക്കാനുള്ള ഫോർമുല മനസിലാക്കുകയും അത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി സ്വാതന്ത്ര്യസമരനായകരെ പഠിപ്പിക്കുകയും ചെയ്ത സായുധവിപ്ലവശില്പി, ഭാരതചരിത്രത്തെ ശരിയായവിധം വിലയിരുത്തിയ ആദ്യത്തെ ദേശീയചരിത്രകാരൻ, ക്രാന്തദർശിയായ രാജ്യതന്ത്രജ്ഞൻ, പ്രായോഗികവാദിയായ സാമൂഹ്യപരിഷ്കർത്താവ്, മതപരിഷ്കാരകനായ യുക്തിചിന്തകൻ, നവോത്ഥാനനായകൻ, സാഹിത്യകാരൻ, കവി, ഭാഷാപരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം വിലമതിക്കാനാവാത്ത സംഭാവനകൾ രാജ്യത്തിന് നൽകിയ അപൂർവ്വ വ്യക്തിയായിരുന്നു ‘വിപ്ലവകാരികളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ വിനായക ദാമോദര സാവർക്കർ അഥവാ വീരസാവർക്കർ. സ്വാതന്ത്ര്യത്തിന് മുൻപും അതിനുശേഷവും ദേശീയവാദികളെ ഇത്രയേറെ പ്രചോദിപ്പിച്ച വീരനായകനുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഭൂതകാലത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയെ ലക്ഷ്യമാക്കി പ്രവർത്തനതന്ത്രങ്ങൾ ആവിഷ്കരിക്കാനും, വർത്തമാനകാലപ്രശ്നങ്ങളെ പ്രായോഗികമായി യുക്തിപൂർവ്വം സമീപിക്കാനും ഉപദേശിച്ച ദേശീയചരിത്രകാരനായിരുന്നു അദ്ദേഹം. രാഷ്ട്രപുനരുത്ഥാനത്തിന് ഉജ്വലസംഭാവനകളർപ്പിച്ച വൈജ്ഞാനികനായിരുന്നു സാവർക്കർ. എല്ലാ വിഭാഗങ്ങളേയും ഒരുപോലെ ഉൾക്കൊള്ളുന്ന സുവ്യക്തമായ ഹിന്ദുരാഷ്ട്രദർശനം ആദ്യമായി അവതരിപ്പിച്ച രാഷ്ട്രചിന്തകൻ. സ്വാമി വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, മഹർഷി അരവിന്ദൻ തുടങ്ങിയവർ ഉന്നയിച്ച ഹിന്ദുത്വദേശീയത എന്ന ആശയത്തിന് പ്രത്യയശാസ്ത്രരൂപം നൽകിയത് സാവർക്കറാണ്. അതിനാൽ ഹിന്ദുമഹാസഭയ്ക്ക് മാത്രമല്ല സംഘപരിവാർപ്രസ്ഥാനങ്ങൾക്ക് വരെ പ്രചോദനം നൽകിയ ഹിന്ദുത്വദേശീയത എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവായ ദാർശനികൻ വീരസാവർക്കറാണെന്ന് പറയാം. ആർ എസ് എസ്, ബി ജെ പി തുടങ്ങിയ സംഘടനകൾ ഇന്ന് ഭാരതത്തിലും വിദേശങ്ങളിലും ചെലുത്തുന്ന സ്വാധീനം ഏവർക്കുമറിയാകുന്നതാണ്. ഇതിനെല്ലാം പിന്നിൽ പരോക്ഷമായി ‘സാവർക്കർസ്വാധീന’വുമുണ്ട്. ‘ബഹുമുഖപ്രതിഭയല്ല, പ്രതിഭാസമാണ് സാവർക്കർ ‘ എന്ന് വിശേഷിപ്പിക്കപ്പെടാൻ പോന്ന വ്യക്തിത്വം!
വിപ്ലവനാൾവഴികൾ:
1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച താത്യ എന്ന വിളിപ്പേരുള്ള സാവർക്കർ, പതിനഞ്ചാം വയസിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഭാരതത്തെ രക്ഷിക്കാൻ മരണം വരിച്ചും പോരാടുമെന്ന് ഉഗ്രപ്രതിജ്ഞ ചെയ്തു.1901 ജനുവരി 1 ന്, തൻ്റെ പതിനേഴാം വയസിൽ മിത്രമേള എന്ന രഹസ്യവിപ്ലവസംഘടന സ്ഥാപിച്ചു. 1904 ൽ (മെയ്) ഇരുപതാം വയസിൽ അഭിനവ് ഭാരത് രൂപീകരിച്ചു. ഭാരതത്തിലും വിദേശത്തും നിരവധി വിപ്ലവകാരികളെ വാർത്തെടുത്ത പ്രസ്ഥാനമാണ് അഭിനവ് ഭാരത്. അഭിനവ് ഭാരതിൻ്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനായി അദ്ദേഹം നിരവധി കഷ്ടതകൾ സഹിച്ചു.
‘രാജ്യത്തിന് വേണ്ടത് നിരുപാധികമായ സ്വാതന്ത്ര്യമാണെന്ന് ‘ ഭാരതത്തിലും പുറത്തും ആദ്യം പ്രഖ്യാപിച്ചത് സാവർക്കറായിരുന്നു. ബംഗാൾ വിഭജനത്തിനെതിരെ പ്രക്ഷോഭം നയിച്ചു. സ്വാതന്ത്ര്യസമരത്തിനുള്ള ശക്തമായ ആയുധമായി സ്വദേശിയെ അവതരിപ്പിച്ച ജനജാഗരണനായകനും അദ്ദേഹം തന്നെ. ഭാരതത്തിലാദ്യമായി വിദേശവസ്ത്രദഹനം നടത്താൻ ആഹ്വാനം ചെയ്തതും നടപ്പാക്കിയതും (1905 നവംബർ) സ്വാതന്ത്ര്യവീർ ആണ്. ദേശീയതയ്ക്കനുകൂലമായി പ്രവർത്തിച്ചതിൻ്റെ പേരിൽ ബ്രിട്ടീഷ് സർക്കാരിന്റെ സഹായത്തോടെ നടത്തിയിരുന്ന കോളേജ് ഹോസ്റ്റലിൽനിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ വിദ്യാർഥി ആയിരുന്നു സാവർക്കർ. ഫർഗ്യൂസൻ കോളേജ് അധികൃതർ അദ്ദേഹത്തിന് 10 രൂപ പിഴയിടുകയും, ഹോസ്റ്റലിൽ നിന്ന് നീക്കുകയും ചെയ്തു. എങ്കിലും പഠനം തുടർന്ന് ഫസ്റ്റ് ക്ലാസിൽ ബിരുദം നേടി.
ബോംബെയിലെ നിയമപഠനസമയത്തും ദേശഭക്തി തുളുമ്പുന്ന ലേഖനങ്ങൾ പത്രങ്ങളിൽ എഴുതി.1906 ജൂണിൽ- കൂടുതൽ ഫലപ്രദമായ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾക്കായി നിയമം പഠിക്കാനെന്ന പേരിൽ ഇംഗ്ലണ്ടിലേക്ക് പോയി.
വിദേശത്ത് ശക്തമായ ഒരു ടീം വാർത്തെടുക്കുന്നതിലും അനുപമസംഘാടകനായ സാവർക്കർ വിജയിച്ചു. മാഡം കാമയിലൂടെ അന്താരാഷ്ട്ര വേദിയിൽ ഭാരതസ്വാതന്ത്യത്തിന്റെ വിഷയം ആദ്യം ഉന്നയിച്ച വ്യക്തിയും സാവർക്കർ തന്നെ.
1857-ലെ സ്വാതന്ത്ര്യസമരത്തിൻ്റെ 50-ാം വാർഷികം വിദേശത്തുവെച്ച് (1907) ആഘോഷിച്ചതും സാവർക്കറുടെ നേതൃത്വത്തിലായിരുന്നു. ശത്രുവിൻ്റെ തട്ടകത്തിൽ തന്നെ വിപ്ലവപ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ സ്വാതന്ത്ര്യസമരനായകൻ! പത്രങ്ങളുടെ വിഷലിപ്തപ്രചരണങ്ങളെ അവഗണിച്ച് ഇൻഡ്യാ ഹൗസിൽ യോഗം ചേർന്നു. നിരവധി ലഘുലേഖകൾ, കവിതകൾ, ലേഖനങ്ങൾ – എല്ലാത്തിനും മുന്നിലും പിന്നിലും സാവർക്കർ !
“അപകടകാരിയായ വിപ്ലവകാരി”യെന്ന് വിശേഷിപ്പിച്ച്, പഠിച്ചുനേടിയ ബാരിസ്റ്റർ ബിരുദം തിരിച്ചെടുക്കുന്നതിലൂടെ അനീതി നേരിട്ട വിദ്യാർത്ഥിയും സാവർക്കർ തന്നെ. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിന്റെ പേരിൽ ബിരുദം നിഷേധിക്കപ്പെട്ട ആദ്യത്തെ ഭാരതീയനായിരുന്നു അദ്ദേഹം.1909 മെയിൽ നിയമപ്പരീക്ഷ ജയിച്ചെങ്കിലും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള അനുമതി ലഭിക്കണമെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രതിജ്ഞയെടുക്കണമായിരുന്നു. അദ്ദേഹം അതിന് വിസമ്മതിച്ചു. (ഈ സത്യപ്രതിജ്ഞയെടുത്താണ് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളിൽ പലരും ബാരിസ്റ്റർമാരായതെന്നോർമ്മിക്കുക!)
1909 ഒക്ടോബർ 24 വിജയദശമി ആഘോഷങ്ങൾ ലണ്ടനിൽ സംഘടിപ്പിച്ചു. യോഗത്തിൽ മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ചു.
ഇന്നത്തെ ത്രിവർണപതാക ജനിക്കുന്നതിനും കാൽ നൂറ്റാണ്ടുമുമ്പ് ദേശീയപതാകയുടെ രൂപകല്പന നിർവ്വഹിച്ചതും ഉയർത്തിയതും സാവർക്കറായിരുന്നു. ഭാരതത്തിന്റെ ആദ്യത്തെ ആ വന്ദേമാതര പതാകയാണ് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ജർമ്മനിയിൽ 1909 ആഗസ്റ്റ് 2-ന് നടന്ന ലോക സോഷ്യലിസ്റ്റ് സമ്മേളനത്തിൽ മാഡം കാമ അവതരിപ്പിച്ചത്.
1910 മാർച്ച് 13ന് പാരീസിൽ നിന്ന് മടങ്ങിവരവേ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതാണ് 27 വർഷങ്ങൾ നീണ്ട ജയിൽ ജീവിതത്തിന് മുമ്പുള്ള സാവർക്കർ!
ഗ്രന്ഥകാരൻ:
ദേശഭക്തിയും വിപ്ലവ വീര്യവും ജ്വലിക്കുന്ന നിരവധി കവിതകൾ, ലഘുലേഖകൾ, ലേഖനങ്ങൾ എന്നിവയ്ക്കു പുറമേ സ്വാതന്ത്ര്യപ്പോരാട്ടത്തിന് പ്രേരിപ്പിക്കുന്ന പുസ്തകങ്ങളുടെ രചനയായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു സംഭാവന.
“ജോസഫ് മസീനി“യായിരുന്നു സാവർക്കറുടെ ആദ്യ പുസ്തകം 1907 ൽ അപ്പോൾ വയസ് 24. ഇറ്റലിയിലെ ദേശഭക്തനായ മസീനി (1805-1842) യുടെ ഈ ജീവചരിത്രം നിരവധി സ്വാതന്ത്ര്യദാഹികൾക്ക് പ്രചോദനമായി. ഉടൻ തന്നെ സർക്കാർ പുസ്തകം കണ്ടു കെട്ടി.
സാമ്രാജ്യത്വ ശക്തികൾ വികലമാക്കിയ ദേശീയ ചരിത്രത്തിന് നേർവഴികാട്ടിയെന്ന ഖ്യാതിയും അദ്ദേഹത്തിന് തന്നെ. സാവർക്കറിൻ്റെ 1857-ലെ “ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യ സമരം” എന്ന ഗ്രന്ഥമാണ് ഭാരതീയ വീക്ഷണത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ദേശീയ ചരിത്ര ഗ്രന്ഥം.ഇരുപത്തി അഞ്ചാം വയസ്സിലായിരുന്നു (1908) തൻ്റെ ഈ രണ്ടാം ഗ്രന്ഥം എഴുതിയത്. സിക്ക് ചരിത്രം, ഹിന്ദുപദപാദശാഹി അഥവാ ഹൈന്ദവരാജ്യങ്ങൾ, മാപ്പിള ലഹള, ഹിന്ദുത്വം, ഹിന്ദുരാഷ്ട്രദർശൻ, എൻ്റെ ജയിൽജീവിതചരിതം തുടങ്ങിയവയാണ് മറ്റ് രചനകൾ. എൺപതാം വയസിൽ എഴുതിയ ഭാരതചരിത്രത്തിലെ ആറു സുവർണഘട്ടങ്ങൾ ആണ് അവസാന കൃതി.
ശിപായിലഹളയെന്ന് മുദ്രകുത്തി ബ്രിട്ടീഷ്കാർ തരംതാഴ്ത്തിയ 1857-ലെ വിപ്ലവത്തെ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച് സാവർക്കർ എഴുതിയ പുസ്തകമാണ് “1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം“
ലണ്ടൻ ലൈബ്രറികളിൽ ലഭ്യമായിരുന്ന ഔദ്യോഗിക രേഖകളിൽ ഗവേഷണം നടത്തി തയ്യാറാക്കിയ ഈ പുസ്തകത്തിൻ്റെ രചനയും പരിഭാഷയും പ്രസിദ്ധീകരണവും പ്രചാരവും ഭാരതസ്വാതന്ത്ര്യസമരചരിത്രത്തിലെ തിളക്കമേറിയ അധ്യായങ്ങളാണ്. ദേശീയ പ്രക്ഷോഭങ്ങൾക്ക് ഉണർവും ദിശാബോധവും നൽകിയ കൃതിയെന്നും ഇതിനെ വിശേഷിപ്പിക്കാം. പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ബ്രിട്ടൻ നിരോധിച്ച ഗ്രന്ഥവും ഇതായിരുന്നു. ബ്രിട്ടനിലും ഭാരതത്തിലും പുസ്തകം നിരോധിക്കപ്പെട്ടു. സ്കോട്ട് ലെൻറ് യാർഡിനെ കബളിപ്പിച്ച് കയ്യെഴുത്തുപ്രതി പുറത്തു കടത്തി. ഫ്രാൻസിലും ജർമ്മനിയിലുമായി ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി രഹസ്യമായി ഹോളണ്ടിൽ അച്ചടിപ്പിച്ച് നിഗൂഢ മാർഗങ്ങളിലൂടെ ഭാരതത്തിലും അമേരിക്കയിലും കാനഡയിലും ചൈനയിലും പ്രചരിപ്പിച്ചു.
വേണ്ടത്ര തെളിവുകളോടെ യുക്തിയുക്തം വാദങ്ങൾ അവതരിക്കുന്ന ഈ കൃതി പിന്നീട് ലോകമെമ്പാടുമുള്ള ദേശഭക്തൻമാരുടേയും ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളുടെയും പ്രേരണാശ്രോതസും, ഐ.എൻ.എ യുടെ പാഠപുസ്തകവും ആയി മാറി. സ്വാതന്ത്ര്യസമരധാരയിലെ എല്ലാവരെയും (ഗോഖലെ പക്ഷ മിതവാദികളേയും തിലകൻ നേതൃത്വം നൽകിയ തീവ്രവാദികളേയും വിപ്ലവകാരികളേയും) ഒരു പോലെ പ്രചോദിപ്പിക്കുന്ന മഹത്ഗ്രന്ഥമാണിത്.
പലരും ഇന്ന് ഈ പ്രക്ഷോഭത്തിൻ്റെ പ്രാധാന്യം പറയാറുണ്ട്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന സേഫ്റ്റി വാൾവ് ഉണ്ടാക്കാൻ ബ്രിട്ടീഷ് അധികാരികളെ പ്രേരിപ്പിച്ചത് ഈ വിപ്ലവവും അതിനെത്തുടർന്നുണ്ടായ രഹസ്യ റിപ്പോർട്ടുകളുമായിരുന്നുവെന്നത് ചരിത്രം. എന്നാൽ അത് വെറും ശിപായി ലഹളയല്ല സ്വാതന്ത്ര്യസമരമാണെന്ന് തെളിയിച്ച് ആദ്യമായി ഗ്രന്ഥമെഴുതിയതിൻ്റെ പേരിൽ സാവർക്കറും കുടുംബവും അനുഭവിച്ച ദുരിതങ്ങളോട് പലരും ഇന്നും മുഖംതിരിക്കുകയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിൻ്റെ പേരിലാണ് വീര സാവർക്കറുടെ ജ്യേഷ്ഠൻ ഗണേശ് റാവു സാവർക്കറിന് ആൻഡമാനിലേയ്ക്ക് നാടുകടത്തിയത്. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ച വിവരം അറിയുന്നത് ജയിലിൽ വച്ച് പിന്നീടാണ്. ആ കുടുംബങ്ങൾ തന്നെ തകർന്നു.
കേസ്, അറസ്റ്റ്, ശിക്ഷ, ജയിൽ ജീവിതം – എന്നിവയ്ക്കുമുണ്ടായിരുന്നു പ്രത്യേകതകൾ!
ജീവിതത്തിലിന്ന് വരെ ഒരാളെപ്പോലും വധിക്കാത്ത സാവർക്കറെയാണ് കൊലപാതകങ്ങൾക്ക് പ്രേരണ നൽകിയ വ്യക്തിയെന്ന രീതിയിൽ ബ്രിട്ടീഷ് സർക്കാർ ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത്. വാർത്താവിനിമയ ബന്ധങ്ങൾ ശക്തമല്ലാത്ത ആ കാലത്ത് നാസിക്കിൽ നടന്ന കൊലപാതകത്തിൻ്റെ പേരിൽ ബ്രിട്ടനിൽ കഴിയുന്ന സാവർക്കറെ ശിക്ഷിക്കുകയെന്ന പരിഹാസ്യവും ക്രൂരവുമായ അനീതിയും അവിടെ അരങ്ങേറി.
കപ്പലിൽ നിന്ന് കടലിലേക്ക് ചാടി നീന്തി ഫ്രാൻസിൻ്റെ തീരത്തെത്തിയ സാവർക്കറെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഫ്രാൻസിൽ വച്ച് അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് പിടികൂടിയ സംഭവമായിരുന്നു, ഹേഗിലെ അന്താരാഷ്ട്രക്കോടതിയിൽ ആദ്യമായി വിചാരണ ചെയ്ത അറസ്റ്റ്.
ബ്രിട്ടീഷ് നീതിന്യായകോടതിയുടെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്ത നേതാവും അദ്ദേഹമാണ്.
ബ്രിട്ടീഷ് നീതിന്യായചരിത്രത്തിലാദ്യമായി ഇരട്ട ജീവപര്യന്തം വിധിച്ചത് സാവർക്കെതിരെയായിരുന്നു.
ആദ്യമായി അരനൂറ്റാണ്ടുകാലത്തേക്ക് ആൻഡമാനിലേക്ക്
നാടുകടത്തപ്പെട്ട തടവു പുള്ളിയും അമ്പത് വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ രാഷ്ട്രീയതടവുകാരനും സാവർക്കർ തന്നെ. ഭൂമിയിലെ നരകം എന്ന് വിശേഷിക്കപ്പെടുന്ന ആൻഡമാനിലെ കുപ്രസിദ്ധ തടവറയിൽ വിവരിക്കാനാകാത്ത ദുരിതങ്ങളും പീഡനങ്ങളും ഏറ്റ് വാങ്ങിയ സ്വാതന്ത്ര്യസമര സേനാനി മറ്റാരുമല്ല !
തടവറയിൽ എണ്ണയാട്ടുന്ന ചക്കിൽ കാളകൾക്കു പകരം പൂട്ടിയിട്ട
ആദ്യത്തെ ബാരിസ്റ്ററും സ്വാതന്ത്ര്യസമരസേനാനിയും അദ്ദേഹമായിരുന്നു.
ജയിൽ ജീവിതം :
മഹാത്മാഗാന്ധിയേക്കാൾ കൂടുതൽ ദിവസം ജയിലിൽ കിടന്ന ദേശീയ പ്രക്ഷോഭനായകനായിരുന്നു സാവർക്കർ.
ഗാന്ധിജി വിവിധ അവസരങ്ങളിലായി 2114 ദിവസങ്ങളായിരുന്നു ജയിൽവാസമനുഭവിച്ചത്. എന്നാൽ സാവർക്കർ 1910 മുതൽ 1924 വരെയുള്ള 14 വർഷങ്ങളിൽ മാത്രം 5045 ദിവസം നരകയാതനകളോടെ കാരാഗൃഹമനുഭവിച്ചിരുന്നു. അതായത് 2931 ദിവസങ്ങൾ കൂടുതൽ ! ഇരട്ടിയിലേറെ ദിനങ്ങൾ! അതിൽ 11 വർഷവും ആൻഡമാനിലെ തടവറയിലായിരുന്നുവെന്ന് കൂടി ഓർമ്മിക്കുക! പതിനൊന്നു വർഷം പോയിട്ട് 11 മിനുട്ട് അവിടെ നിൽക്കാൻ ഇച്ഛാശക്തിയില്ലാത്തവരാണ് സാവർക്കറെ നിന്ദിക്കുന്നതെന്നും തിരിച്ചറിയുക!
പിന്നീട് 1924 മുതൽ 1937 (13 വർഷം)വരെ രത്നഗിരിയിൽ വീട്ടുതടങ്കലിലും (പരോൾത്തടവുകാരനായി) കഴിഞ്ഞു. 27 വർഷം തടവിൽത്തന്നെ!
ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരപ്പോരാളിയായിരുന്ന നെൽസൺ മണ്ഡേലയുടെ ഇരുപ്പത്തി ആറ് വർഷത്തെ ജയിൽവാസവും 1990-ലെ മോചനവും ഭാരതത്തിലും ലോകത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ നെൽസൺ മണ്ഡേലയേക്കാൾ കൂടുതൽ ദിവസങ്ങൾ വീരസാവർക്കർ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നെൽസൺ മണ്ഡേല റോബൻ ദ്വീപിൽ 1964-1982 (18 വർഷം) പോൾസ് മൂർ ജയിൽ 1982-1988 (6 വർഷം) വിക്ടർ വെഴ്സ്റ്റർ ജയിലിൽ (1988-1990) 2 വർഷം – ആകെ 26 വർഷം.
വീര സാവർക്കർ ആൻഡമാനിൽ (1910 ജൂലൈ 4-1921 മെയ് വരെ 11 വർഷം) 1921-1924 ആലിപ്പൂർ, യാർവാദ ജയിലുകളിൽ (3 വർഷം), 1924 ഡിസംബർ മുതൽ 1937 ഡിസംബർ വരെ വീട്ട് തടങ്കലിൽ (13 വർഷം) ആകെ 27 വർഷം!
സാമ്രാജ്യത്വത്തിൻ്റെ കണ്ണിൽ സാവർക്കർ എന്നും തങ്ങളുടെ നിലനില്പിന് തന്നെ അപകടകാരിയായ ശത്രുവായിരുന്നു. എന്നാൽ ബ്രിട്ടീഷ്കാർ മാത്രമല്ല ഭാരതീയരും അദ്ദേഹത്തെ അതിക്രൂരമായി വേട്ടയാടി. അതാണ് ദുഃഖകരമായ യാഥാർത്ഥ്യം. ഇത്രയേറെ, ഇന്നും അപമാനിക്കപ്പെടുന്ന മറ്റൊരു മഹാത്മാവുണ്ടോ എന്നും സംശയമാണ്.
സാവർക്കറുടെ അറസ്റ്റ് സ്വാതന്ത്ര്യദാഹികൾക്ക് ആഘാതവും ദേശവ്യാപകജാഗരണവും സൃഷ്ടിച്ചു. വിദേശങ്ങളിൽ പോലും പ്രതിഷേധങ്ങളുണ്ടായി. “ന്യൂ ഇൻഡ്യാ “ കർത്താവും 1904 ബോംബെ കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സർഹെൻറി കോട്ടൺ -സാവർക്കറുടെ ഛായാചിത്രം അലങ്കരിച്ച യോഗത്തിന് മുന്നിൽ സാവർക്കറെ പ്രകീർത്തിച്ചു. എന്നാൽ ഭാരതത്തിൽ ചിലർ ചെയ്തതോ? കൽക്കട്ടയിൽ നടന്ന കോൺഗ്രസ് – സമ്മേളനത്തിലെ അധ്യക്ഷൻ സർ വില്യംവെഡർബണും – സുരേന്ദ്രനാഥ ബാനർജിയും സാവർക്കറെയും ഹെൻറി കോട്ടണേയും വിമർശിച്ചു.
“ആ തെമ്മാടിക്ക് കിട്ടേണ്ടത് കിട്ടി“ – Bombay യിൽ നിന്ന് പ്രസീദ്ധീകരിച്ച കോൺഗ്രസ് ബന്ധമുള്ള ഇംഗ്ലീഷ് പത്രം വാർത്ത കൊടുത്തതിങ്ങനെ. ഇത് അറസ്റ്റിലായപ്പോൾത്തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള നിലപാടിൻ്റെ ഒരു തെളിവ് മാത്രം! ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രവിശ്യ സർക്കാർ അദ്ദേഹത്തെ 1937-ൽ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുന്നത്. (ബ്രിട്ടീഷ് സർക്കാരല്ല ദേശീയ പ്രവിശ്വാ സർക്കാർ ആണ് അദ്ദേഹത്തെ വിട്ടയച്ചതെന്നും മനസിലാക്കുക) ജയിൽമോചിതനായതിനുശേഷവും ബ്രിട്ടീഷുകാർ മാത്രമല്ല അധികാരദാഹികളായ ഒത്തുതീർപ്പുരാഷ്ട്രീയക്കാരും ഈ മഹാതപസ്വിക്കെതിരെയുള്ള ദുരാരോപണങ്ങൾ തുടർന്നു. ഗാന്ധിവധത്തിൻ്റെ പേരിൽ അറസ്റ്റ്. ആൻഡമാനിലേതടക്കമുള്ള തടവറകളിൽ കൊടും പീഡനങ്ങളേറ്റ് ശരീരം തകർന്ന് രോഗിയായി മാറിയ ആ അറുപത്തിഅഞ്ചുകാരനെ, സ്വതന്ത്രഭാരതത്തിലും ഗാന്ധിവധക്കേസിൽ സംശയത്തിൻ്റെ പേരിൽ പ്രതിയാക്കി ജയിലിലടച്ചു. ലോകം മുഴുവൻ ഉറ്റുനോക്കിയ കേസിൽ പഴുതടച്ച അന്വേഷണങ്ങളും കോടതിയിൽ തലനാരിഴകീറിയുള്ള പരിശോധനകളും നടന്നു. ഒടുവിൽ കുറ്റവിമുക്തനാക്കിയിട്ടും അപവാദപ്രചരണങ്ങൾക്ക് കുറവുണ്ടായില്ല. പാകിസ്ഥാൻ നേതാവ് ലിയാക്കത്ത് അലി ഖാൻ്റെ സന്ദർശനത്തോടനുബന്ധിച്ച് 1950 ഏപ്രിൽ 4 നും ഈ അറുപത്തിയേഴ്കാരനെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചു. വ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്നാണ് അദ്ദേഹത്തെ പിന്നീട്
വിട്ടയച്ചത്.
1966 ൽ ആത്മത്യാഗത്തിലൂടെ മരണം സ്വയം വരിച്ചതിനുശേഷവും തേജോവധപരമ്പരകൾ തുടരുകയാണ്.. സത്യാഗ്രഹസമരത്തിൻ്റെ ഏറ്റവും ഉന്നതമായ ഘട്ടമാണ് ഭക്ഷണവും ജലവും ഉപേക്ഷിച്ചുള്ളത്. ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന കൃതകൃത്യതാബോധത്തോടെ, ഇനിയൊന്നും ചെയ്യാനാവില്ല എന്ന് തിരിച്ചറിവോടെ “ആത്മഹത്യയോ ആത്മത്യാഗമോ?” എന്ന തൻ്റെ അവസാനലേഖനം എഴുതിയിട്ടാണ് അദ്ദേഹം ഉപവാസസമാധി അഥവാ പ്രായോപവേശത്തിലേക്ക് കടന്നത്. അതിനെപ്പോലും “ഭീരുത്വം, ആത്മഹത്യ” എന്നൊക്കെ മുദ്രകുത്തി അധിക്ഷേപിക്കാനും ചിലർ – “ഗാന്ധിശിഷ്യൻമാരെന്ന് ” സ്വയം വിശേഷിപ്പിച്ചവർ – ശ്രമിച്ചു ! അതെ, സാവർക്കർ എന്ന നാമം പോലും ചിലർക്ക് അസഹ്യതയുണ്ടാക്കുന്നു!
ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്ത, വിദേശ വിപ്ലവ നേതാക്കൾ പാഠപുസ്തകങ്ങളിൽ വരെ സ്ഥാനം പിടിക്കുന്നു. അവരെ മാതൃകാപുരുഷന്മാരായി വാഴ്ത്തുന്ന ഒരു തലമുറ ഇവിടെ വ്യാപകമാകുന്നു. സ്റ്റാലിൻ, മാവോ…. നിര നീളുന്നു. എന്നാൽ മാതൃഭൂമിക്ക് എണ്ണിയാലൊടുങ്ങാത്ത സംഭാവനകൾ ചെയ്ത സ്വാതന്ത്ര്യസമര സേനാനിയും – ആദ്യത്തെ ദേശീയചരിത്രകാരനുമായ സാവർക്കർക്ക് ഇന്നും ചരിത്രപുസ്തകങ്ങളിലിടമില്ല!. വിദേശാക്രമികളെയും വിഭജനവാദികളേയും (ജിന്ന, ഇക്ബാൽ etc) പാടിപ്പുകഴ്ത്തുന്നവർക്ക് സാവർക്കർ കണ്ണിൽ കരടാകുന്നതെന്തുകൊണ്ടെന്ന് മനസിലാക്കാനാകും.. ഐ എസ്, താലിബാൻ, ഹിസ്ബുള്ള ഹമാസ് സംഘടനകളെ വിസ്മയമെന്ന് വിശേഷിപ്പിച്ച് പ്രകീർത്തിക്കുന്നവർ, ബിൻ ലാദൻ, മുല്ല ഉമ്മർ എന്നിവരെ വാഴ്ത്തുന്നവർ, അഫ്സൽ ഗുരു, യാക്കൂബ് മേമൻ, അജ്മൽ കസബ് എന്നിവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ – ഇവരോടൊന്നും സാവർക്കറെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നുമറിയാം. എന്നാൽ സത്യം അറിയാനാഗ്രഹിക്കുന്നവർക്ക് അല്പമെങ്കിലും വെളിച്ചം നൽകാൻ ഈ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ.
പണ്ടും ഇന്നും ചില ഭാരതീയർ സാവർക്കറോട് കാട്ടിയ നന്ദികേടിനും മാപ്പർഹിക്കാത്ത ക്രൂരതയ്ക്കും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതവും സന്ദേശവും ശരിയായി പ്രചരിപ്പിച്ചു കൊണ്ടാണ് മഹാത്മാക്കളോടുള്ള കടം (ആർഷഋണം) വീട്ടേണ്ടത്. അതിനെയാണ് ആർഷയജ്ഞം അഥവാ ബ്രഹ്മയജ്ഞം സനാതനധർമ്മം വിശേഷിപ്പിക്കുന്നത്. അതിനായി ഈ സിനിമ പരമാവധി പ്രചരിപ്പിക്കാൻ ദേശസ്നേഹികൾ തയ്യാറാകണം.
NB:കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട നാല് സിനിമകൾ ഈയിടെ പ്രദർശനത്തിനെത്തി.ഈ നാല് സിനിമകളും പരമാവധി പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബസ്തർ, റസാക്കർ, ആർട്ടിക്കിൾ 370 എന്നീ സിനിമകളെപ്പറ്റി ഫേസ് ബുക്കിൽ നേരത്തേ എഴുതിയിരുന്നു.
ഫേസ്ബുക്ക് ലിങ്കുകൾ താഴെ കൊടുക്കുന്നു.
*Bastar Movie Review Malayalam*
*Bastar Movie Review English*
*Bastar Movie Review Hindi*
*Article 370 & Razakar Movie Reviews Malayalam* https://www.facebook.com/share/p/1VgqPme4K1C3P6W9/?mibextid=qi2Omg
*Article 370 & Razakar Movie Reviews English*
*Article 370 & Razakar Movie Reviews Hindi*