Skip to content

“ഹൈന്ദവപുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപം”!

  • by

ലേഖനം 6

ശ്രീനാരായണഗുരുവിനെ ഇ.എം.എസ് വിലയിരുത്തിയതെങ്ങനെയെന്ന വിഷയത്തിലുള്ള ചർച്ച തുടരുന്നു.

അവലംബം: ‘ഒന്നേകാൽ കോടി മലയാളികൾ (1946)‘, ‘കേരളം മലയാളികളുടെ മാതൃഭൂമി (1948)’, ‘കേരളത്തിൻ്റെ ദേശീയ പ്രശ്നം (1952)‘, ‘കേരളം ഇന്നലെ ഇന്ന് നാളെ (1966)‘, ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം (1977)’, ‘കേരള ചരിത്രവും സംസ്കാരവും’ (1981), ‘കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ’ (1990) എന്നീ ഗ്രന്ഥങ്ങൾ, ദേശാഭിമാനി ദിനപ്പത്രം, ദേശാഭിമാനി, ചിന്ത വാരികകൾ തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങൾ, മറുപടികൾ, പ്രഭാഷണങ്ങൾ എന്നിവയിലാണ് ഇ എം എസ് കേരളനവോത്ഥാനത്തെക്കുറിച്ചും ശ്രീനാരായണഗുരുവിനെക്കുറിച്ചും പരാമർശിക്കുന്നത്. ഇവയെല്ലാം ഇ.എം.എസ് സമ്പൂർണ കൃതികളിൽ (100 Volumes) സമാഹരിച്ചിട്ടുണ്ട്.

(ഇ.എം.എസിൻ്റെ പല പുസ്തകങ്ങളും ലേഖനങ്ങളും ആവർത്തനങ്ങൾ മാത്രമാണ്. പല കാലങ്ങളിൽ എഴുതിയതാണെങ്കിലും അതേപടി, വരികൾ പോലും വ്യത്യാസമില്ലാതെ തന്നെയാണ് ചേർത്തിരിക്കുന്നത്.)
Sree-narayana-guru-samadhi
7. “ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം” എന്ന ഗ്രന്ഥത്തിൽ ശ്രീനാരായണഗുരുവിൻ്റെ പ്രവർത്തനങ്ങളെ ഇ.എം.എസ് പരാമർശിക്കുന്നത് “ഹൈന്ദവപുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപം” എന്ന പത്തൊമ്പതാം അധ്യായത്തിലാണ്. (ഭാഗം – 4) തലക്കെട്ട് അദ്ദേഹത്തിൻ്റെ വീക്ഷണം വ്യക്തമാക്കുന്നു.

നവോത്ഥാനത്തിന് നേതൃത്വം വഹിച്ച ശ്രീരാമകൃഷ്ണ പരമഹംസര്, സ്വാമി വിവേകാനന്ദന്, മഹര്ഷി ദയാനന്ദസരസ്വതി, ശ്രീനാരായണഗുരു എന്നീ ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രവര്ത്തനങ്ങളെ അതിൽ ഇ.എം.എസ് വിലയിരുത്തുന്നത് നോക്കുക.

“ഹൈന്ദവസമൂഹത്തെയും സംസ്‌ക്കാരത്തെയും ബൂര്ഷ്വാ രീതിയില് നവീകരിക്കുന്നതിനുള്ള പ്രസ്ഥാനമാണ് ‘ശ്രീനാരായണന്’ അടക്കമുള്ളവര് നടത്തിയത്”.
“ബൂര്ഷ്വാദേശീയതയുടെ കൂടപ്പിറപ്പായ ദൗര്ബല്യമാണ് ഹൈന്ദവപുനരുദ്ധാരണ വ്യഗ്രത.” അദ്ദേഹം എഴുതുന്നു.

“ഹൈന്ദവസമൂഹത്തെയും സംസ്‌കാരത്തെയും ബൂര്ഷ്വാ രീതിയില് നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാഫുലെയുടെയും, കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്.”

“ഹൈന്ദവ പുനരുത്ഥാനവാദികളായ” ഈ നവോത്ഥാന മഹാത്മാക്കളുടെ ചിത്രങ്ങളും ഈ അദ്ധ്യായത്തില് ചേര്ത്തിരുന്നു.
8. ചിന്ത വാരികയിലെ ചോദ്യോത്തരപംക്തിയില് ഇ.എം.എസ് ഈ നിലപാട് കൂടുതൽ വിശദീകരിക്കുന്നുണ്ട്. “മാര്ക്‌സും എംഗല്സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിനു മുന്പ് അന്തരിച്ചുപോയ രാജാറാം മോഹന് റോയി ബൂര്ഷ്വാ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നുവെന്നു പറയുന്നതില് അസാംഗത്യമില്ല. ഏതാനും ദശവര്ഷങ്ങള്ക്കു ശേഷമാണെങ്കിലും കേരളത്തിന്റെ ഒരറ്റം മുതല് മറ്റേയറ്റം വരെ സാമൂഹ്യസമത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച നാരായണഗുരു, അദ്ദേഹത്തിന്റെ മുന്ഗാമികളോ സമകാലീനരോ പിന്ഗാമികളോ ആയ മറ്റു സാമൂഹ്യ പരിഷ്‌കര്ത്താക്കള് എന്നിവര് ബംഗാളില് റാം മോഹന് റോയിയുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.”
(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 1997 മാര്ച്ച് 30)

(ശ്രീനാരായണഗുരുവിനെ മാത്രമല്ല സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെയും ‘ബൂർഷ്വാദേശീയതയുടെ വക്താക്കളെ’ന്ന് ഇ എം എസ് നിരവധി സന്ദർഭങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.)
9. ഗുരുദേവൻ ‘പെറ്റി ബൂർഷ്വ’
കെ.പി വിജയൻ്റെ “ബ്രാഹ്മിൻ കമ്യൂണിസവും മറ്റ് പഠനങ്ങളും” എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിൻ്റെ പേര് “ഇ എം എസ് ചിന്തകനും വിശ്വാസിയും” (പേജ് 127) എന്നാണ്. അതിൽ ഇ എം എസിൻ്റെ വാക്കുകളെ അദ്ദേഹം ഉദ്ധരിക്കുന്നു.

“ജാതി- ജന്മി- നാടുവാഴി മേധാവിത്വത്തിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിൽ നിന്നുയർന്നു വന്ന ഒരു പെറ്റി ബൂർഷ്വാ വിഭാഗമാണൊന്ന്. പതുക്കെപ്പതുക്കെയായി ഇടത്തരത്തിലും വൻകിടയിലും പെട്ട പെറ്റിബൂർഷ്വയായി ഉയർന്നതിൻ്റെ ഉത്തമ പ്രതിനിധിയാണ് ഡോ.അംബേദ്ക്കർ. അതേ പ്രതിഭാസം കേരളത്തിൽ രൂപപ്പെട്ടത് നാരായണഗുരു തൊട്ടുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ രൂപത്തിലാണ്.”

ഗുരുദേവനെ പെറ്റി ബൂർഷ്വാ, ബൂര്ഷ്വാ സാമൂഹ്യപരിഷ്‌കര്ത്താവ് എന്നൊക്കെ വിലയിരുത്തിയ ഇ.എം.എസ്സിന്റെ നിലപാടിനെ എതിര്ത്തവര്ക്ക് സി പി എം വിട്ടു പോകേണ്ടി വന്നിട്ടുണ്ട്. ഉദാഹരണം പി. ഗംഗാധരന്
എസ് എൻ ഡി പി യുടെ ഇന്നത്തെ നേതാക്കളെ മാത്രമല്ല, SNDP സ്ഥാപക നേതാക്കളായ ഡോ.പല്പു, കുമാരനാശാൻ എന്നിവരെയും ബൂർഷ്വാ രാഷ്ട്രീയവക്താക്കൾ എന്ന് ഇ.എം.എസ് ആരോപിച്ചിട്ടുണ്ട്.
ഉദാ: ഇ. എം. എസ് സമ്പൂർണ കൃതികൾ -77 (സഞ്ചിക – 64)
10. “ഗുരുവിൻ്റെ ആശയം പൂർണമല്ല” – ഇ.എം.എസ്
ശ്രീനാരായണഗുരുവിൻ്റെ “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ആശയത്തോടും ഇ.എം.എസിന് യോജിപ്പില്ല. “കാരണം ഇത് പൂർണമല്ല. വ്യക്തികൾ നന്നാവാൻ തന്നെ നല്ല രാഷ്ട്രീയം ഉണ്ടാവണം എന്നാണ്. ഈ സത്യം കണക്കിലെടുക്കാതെ മനുഷ്യൻ നന്നാവുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വയ്യ” (ഇ എം എസ് സമ്പൂർണ കൃതികൾ- സഞ്ചിക – 41- പേജ് 299)
ശ്രീനാരായണപ്രസ്ഥാനത്തോടുള്ള നിലപാട്!
11. ശ്രീനാരായണപ്രസ്ഥാനം വിപ്ലവകരമല്ല!
“ശ്രീ നാരായണപ്രസ്ഥാനം ആദ്യം മുതൽ വിപ്ലവകരമായിരുന്നു എന്ന് വാദിക്കുന്നത് മാർക്സിസ്റ്റ് വീക്ഷണത്തിന് നിരക്കുന്നതല്ല” എന്നും ഇ.എം.എസ് വാദിക്കുന്നു.
അതിനുള്ള കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
(1) ആത്മീയതയിൽ അടിയുറച്ചു.
(2) ഇന്ത്യൻ ദേശീയതയുടെ മുഖ്യമുദ്രാവാക്യങ്ങളിൽ നിന്ന് അകന്നു നിന്നു.
ഇ.എം.എസ് സമ്പൂർണ കൃതികൾ (P30) സഞ്ചിക 64
12. കുടിയാൻ പ്രസ്ഥാനത്തേക്കാൾ വളരെ താഴ്ന്ന പടി!
“കുടിയാൻ പ്രസ്ഥാനത്തേക്കാൾ വളരെയധികം ബഹുജന സ്വഭാവമുണ്ടായിരുന്നെങ്കിലും ഉള്ളടക്കത്തിൽ അതിനേക്കാൾ വളരെ താണ പടിയിലായിരുന്നു മർദ്ദിതരും അയിത്തജാതിക്കാരുമായ അധ:കൃതരുടെ സാമൂഹ്യ സമത്വത്തിന് വേണ്ടിയുള്ള (SNDP യോഗം തുടങ്ങിയ) പ്രസ്ഥാനം. “കേരളത്തിൻ്റെ ദേശീയ പ്രശ്നം – ഇ.എം.എസ്, പേജ് 188)

താരതമ്യത്തിലൂടെ ഇകഴ്ത്തൽ
ഗുരുദേവനെ ചില മഹാത്മാക്കളുമായി ‘താരതമ്യം ചെയ്ത് ചെറുതാക്കുക’ (‘തുലയിത്വാ സീമിതം’) എന്ന തർക്കശാസ്ത്ര കുതന്ത്രവും ഇ.എം.എസ് ഉപയോഗിച്ചിട്ടുണ്ട്.
13. വാഗ്ഭടാനന്ദനെ ഉയർത്തി ശ്രീനാരായണഗുരുവിനെ തരം താഴ്ത്തുന്നു.
27-4-1997 ൽ ദേശാഭിമാനിയിൽ എഴുതിയ ‘വാഗ്ഭടാനന്ദൻ്റെ ആത്മവിദ്യ’ എന്ന ലേഖനം കാണുക. (ഇ.എം.എസ് സമ്പൂർണ കൃതികൾ: സഞ്ചിക 94- പേജ്- 58.)
ഈ ലേഖനത്തിൻ്റെ തുടക്കം തന്നെ ശ്രദ്ധിക്കുക:-
“കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ രൂപപ്പെട്ടിട്ടുള്ള ആധുനികനവോത്ഥാനത്തിൻ്റെ ഒരേയൊരു സ്രോതസായി ശ്രീനാരായണഗുരുവിനെ പൊക്കിക്കാട്ടാനുള്ള (?!) പ്രവണത കേരളത്തിൽ പൊതുവിലും, തിരുവിതാംകൂർ പ്രദേശത്ത് വിശേഷിച്ചും, വളർന്നു വരികയുണ്ടായിട്ടുണ്ട്. അതിൻ്റെ ഫലമായി തെക്കേ മലബാർ ഭാഗത്ത് രൂപപ്പെട്ട ബ്രഹ്മാനന്ദ ശിവയോഗി, വടക്കേമലബാറിലെ വാഗ്ഭടാനന്ദ ഗുരുദേവൻ എന്നിവർ കേരള നവോത്ഥാനത്തിന് നൽകിയ വില പിടിച്ച സംഭാവന വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല” – ഇ.എം.എസ് എഴുതുന്നു.

ഇവിടെ രണ്ട് ചോദ്യങ്ങൾ പ്രസക്തമാകുന്നു.

ശ്രീനാരായണഗുരുവിനെ നവോത്ഥാനത്തിൻ്റെ ഏക സ്രോതസായി ‘പൊക്കിക്കാട്ടിയത്’ ആരാണ്?! അങ്ങനെ ആരെങ്കിലും ഗുരുദേവനെ ഉയർത്തിക്കാട്ടിയത് കൊണ്ടാണോ ബ്രഹ്മാനന്ദ ശിവയോഗിക്കും വാഗ്ഭടാനന്ദനും പരിഗണന ലഭിക്കാതെ പോയത്?
ഇ.എം.എസിൻ്റെ പുസ്തകങ്ങളിലെ താരതമ്യം ശ്രദ്ധിക്കുക!

ഇ.എം.എസ് എഴുതുന്നു,
“നാരായണഗുരുസ്വാമികളെപ്പോലെ അഖിലകേരളപ്രചാരം കിട്ടിയിട്ടില്ലെങ്കിലും സമുദായത്തിൻ്റെ വളർച്ചയെ സാരമായി സഹായിച്ച മറ്റൊരു വ്യക്തിയാണ് വടക്കേ മലബാറിലെ കോട്ടയം താലൂക്കിൽ ജനിച്ച വാഗ്ഭടാനന്ദഗുരുദേവൻ.

പാണ്ഡിത്യത്തിലും വാഗ്‌മിത്വത്തിലും നാരായണഗുരുദേവനെപ്പോലും കവച്ചുവച്ചിരുന്ന അദ്ദേഹം ആദ്യം ബ്രഹ്മസമാജത്തിലൂടെയും പിന്നീട് സ്വന്തമായി സ്ഥാപിച്ച ആത്മവിദ്യാസംഘം മുഖേനയും ജാതിവ്യത്യാസം, വിഗ്രഹാരാധന, മദ്യപാനം മുതലായവയ്ക്കെതിരായി ശക്തിപൂർവം പ്രവർത്തിക്കുകയും ഇതിൽ സവർണഹിന്ദുക്കളിൽ ചിലരെപ്പോലും തന്റെ ശിഷ്യന്മാരാക്കുകയും ചെയ്തു. വടക്കേ മലബാറിൻ്റെ സാമൂഹ്യവളർച്ചയിൽ വളരെ പ്രധാനമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്നതിനു സംശയമില്ല.”

കേരളം മലയാളികളുടെ മാതൃഭൂമി (സഞ്ചിക – 9) Page no:289, 290, ‘കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ’ പേജ് -194

ഈ രണ്ട് മഹാത്മാക്കളും അവരുടേതായ രീതിയിൽ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയവരാണെന്നതിൽ സംശയമില്ല. രണ്ടു പേരും പണ്ഡിതർ.“വാഗ്ഭടാനന്ദൻ പാണ്ഡിത്യത്തിൽ ഗുരുദേവനെ കവച്ചുവച്ചു” എന്ന താരതമ്യത്തിൻ്റെ പ്രസക്തിയും ഉദ്ദേശവും എന്താണെന്ന് മനസിലാകുന്നില്ല. വാഗ്ഭടാനന്ദനെപ്പോലെ തന്നെ ശ്രീനാരായണഗുരുവിനും സവർണഹിന്ദുക്കളായ ശിഷ്യന്മാരുണ്ടായിരുന്നു.

14. ശ്രീനാരായണഗുരുവും ബ്രഹ്മാനന്ദ ശിവയോഗിയും – ഇ.എം. എസിൻ്റെ താരതമ്യം!

“ഈ ദീർഘമായ ഉദ്ധരണിയിൽ നിന്ന് ഒരു കാര്യം വ്യക്തമാവും. ഒരു ബഹുജനപ്രസ്ഥാനമെന്ന നിലയ്ക്ക് ശ്രീനാരായണൻ്റേത് എത്ര ഉയർന്നതായിരുന്നാലും ഫ്യൂഡൽ ആശയഗതിയുടെ വിവിധ രൂപങ്ങളെ ശക്തിയായെതിർക്കുന്നതിൽ ശിവയോഗിയുടെ ആശയങ്ങൾക്കായിരുന്നു മുൻതൂക്കം.”

ശിവയോഗിയുടേത് ഗുരുദേവനേക്കാൾ “ഉയർന്ന ആശയസംഹിത” എന്ന് വിശേഷിപ്പിക്കുന്നു. ഇതാരാണ് നിശ്ചയിക്കുന്നത്?!
“ശ്രീ നാരായണൻ സ്ഥാപിച്ച ബഹുജന പ്രസ്ഥാനം: ശ്രീനാരായണൻ്റെതിനെക്കാൾ ‘ഉയർന്ന ആശയസംഹിത’ (?!) എന്നിവയ്ക്ക് ആധുനിക തൊഴിലാളിവർഗത്തിൻ്റെ വ്യക്തിത്വം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ശ്രീ നാരായണനും ശിവയോഗിയും അന്തരിച്ചതിൽ പിന്നീടേ അത് നടന്നുള്ളു. അതാണ് കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ്പ്രസ്ഥാനം (“ശ്രീ നാരായണഗുരുവും ബ്രഹ്മാനന്ദശിവയോഗിയും “5 -1 – 1997)” സഞ്ചിക – 94, പേജ് 56, 57)
15. സഹോദരൻ അയ്യപ്പൻ – “വികസനം, പുരോഗതി” !

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണവചനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നാക്കി സഹോദരൻ ‘വികസിപ്പിച്ചെടുത്തു’. ‘ശ്രീ നാരായണനിൽ നിന്ന് സഹോദരനിലേക്കുള്ള ഈ പുരോഗതിയുടെ പ്രാധാന്യം’ തോന്നയ്ക്കൽ നാരായണൻ വേണ്ടത്ര കാണുന്നുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു” (സഞ്ചിക – 94, പേജ് 31,32)
‘വികസിപ്പിച്ചെടുത്തു’, “ശ്രീ നാരായണനിൽ നിന്ന് സഹോദരനിലേക്കുള്ള ഈ പുരോഗതിയുടെ പ്രാധാന്യം” എന്നീ പ്രയോഗങ്ങളുടെ അർത്ഥം അറിയാത്തയാളായിരുന്നില്ല ഇ.എം എസ്.

(അടുത്ത ലക്കത്തിൽ തുടരും)