ലേഖനം 5
കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കുമ്പോൾ “ശ്രീ നാരായണഗുരുദേവൻ്റെ ആശയങ്ങൾ പിന്തുടരുന്ന വ്യക്തിയായിരുന്നു ഇ എം എസ് ” എന്ന് സാധാരണവായനക്കാർ തെറ്റിദ്ധരിച്ചേക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ഗുരുദേവൻ്റെ സമകാലികപ്രസക്തി എടുത്തുപറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ഞാൻ അംഗീകരിച്ചുവെന്നതിലാണ് ഒരു വിഭാഗത്തിന് പരാതി. ഒന്നു മുതൽ നാലു വരെയുള്ള ലേഖനങ്ങൾ ആദ്യം മുതൽ ശ്രദ്ധയോടെ വായിക്കണമെന്ന് മാത്രമാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാനുള്ളത്.

ശ്രീനാരായണഗുരുവിനോടും അദ്ദേഹം പ്രതിനിധാനം ചെയ്ത സനാതനധർമ്മത്തോടും ഇ എം എസിന് യോജിപ്പുണ്ടായിരുന്നില്ല എന്ന വസ്തുത ആർക്കും മനസിലാകുംവിധം വ്യക്തമായിത്തന്നെ ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഗുരുദേവൻ്റെ മാഹാത്മ്യം താഴ്ത്തിക്കെട്ടുവാൻ ഇ എം എസ് ശ്രമിച്ചുവെന്ന കാര്യവും ഒരു യാഥാർത്ഥ്യമാണ്. ഇത് പിന്നീട് ഞാൻ വിശദമാക്കാം. എന്നാൽ ഞാൻ ഇവിടെ ചൂണ്ടിക്കാട്ടാനാഗ്രഹിച്ച ചില വൈരുധ്യങ്ങൾ ഇവയാണ്.
അരുവിപ്പുറം, ശിവഗിരി സമ്മേളനങ്ങൾക്ക് ക്ഷണിക്കപ്പെടുമ്പോൾ ഇ എം എസ് മുഖ്യമന്ത്രിയല്ല. എന്നിട്ടും അതിൽ “തന്നെപ്പോലുള്ളവർ പങ്കെടുക്കുന്നത് വിവേകശൂന്യമാണെ”ന്ന് ഇ എം എസ് കരുതി. അത് പ്രത്യയശാസ്ത്ര നിലപാടാണെന്ന് ന്യായീകരിക്കപ്പെടാം. എന്നാൽ കേരള മുഖ്യമന്ത്രിയെന്ന നിലയിൽ മറ്റ് മതസ്തരെ ഇസ്ലാമിലേക്ക് മതംമാറ്റുന്ന മതപരിവർത്തനകേന്ദ്രം സന്ദർശിക്കുന്നതിൽ അനൗചിത്യമോ വിവേകരാഹിത്യമോ അദ്ദേഹം ദർശിച്ചില്ല. ഇ എം എസ് അവിടുത്തെ സന്ദർശക ഡയറിയിൽ “നിർബന്ധിതമല്ലാത്ത മതപരിവർത്തനത്തിന് ഞങ്ങൾ എതിരല്ല” എന്ന് കുറിച്ചു. “നിങ്ങളുടെ പ്രവർത്തനം തല്ലിനും വക്കാണത്തിനും ഇടയാതെ സൂക്ഷിക്കണ”മെന്ന് ഉപദേശിച്ച അദ്ദേഹം “നിങ്ങളുടെ സ്ഥാപനത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് ആശിക്കുന്നു” എന്ന് ആശംസിക്കാനും മറന്നില്ല!
6. “ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം” എന്ന പുസ്തകത്തിൽ ഇ.എം.എസ് ശ്രീനാരായണ ഗുരു ഉൾപ്പടെയുള്ള ഹൈന്ദവ ആദ്ധ്യാത്മികാചാര്യന്മാരുടെ ഈശ്വരദർശനത്തെയും മാർക്സിൻ്റെ പരാമർശം ഉദ്ധരിച്ച് വിമർശിക്കുന്നു. “പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യൻ കാല്മുട്ടുമടക്കി വാനരനായ ഹനുമാനെയും പശുവായ ശബലയേയും മറ്റും ആരാധിക്കത്തക്കവിധം അധഃപതിച്ചുവെന്ന വസ്തുത പ്രത്യക്ഷമായി എന്നും നാം വിസ്മരിച്ചുകൂട.” ശ്രീ നാരായണഗുരു ഉൾപ്പെടുന്ന ആദ്ധ്യാത്മികാചാര്യന്മാരെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങളിലാണ് ഈ പരിഹാസം. ഗണപതി, ഹനുമാൻ തുടങ്ങിയവരുടെ ചിത്രങ്ങളുടെ അടിക്കുറിപ്പോടെയാണ് ഈ കമൻ്റ് . ഗണപതിയെ സ്തുതിച്ച് “വിനായകാഷ്ടകം ” എന്നൊരു കൃതി ഗുരുദേവന് രചിച്ചിട്ടുണ്ട് എന്ന വസ്തുതയും ഓർമ്മിക്കുക. (പഴയ പതിപ്പിൻ്റെ സ്ക്രീൻ ഷോട്ട് കാണുക. എന്നാൽ ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകളിൽ ഈ ചിത്രം കാണുന്നില്ല)
എന്നാൽ ടിപ്പുസുൽത്താൻ്റെ ആക്രമണത്തിൽ തകർന്ന ചരിത്രപ്രസിദ്ധമായ തളിമഹാദേവക്ഷേത്രത്തിൻ്റെ പുനർനിർമ്മാണത്തിനെതിരെ സർക്കാരും സി പി എമ്മും ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. അതിന് മുൻകൈയെടുത്ത കെ.കേളപ്പജിയെ നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിക്കാൻ വരെ പാർട്ടി നേതാക്കൾ തയാറായി. “നായ മുള്ളിയ കല്ലിൽ ചന്ദനം ചാർത്തിയ കേളപ്പാ ” എന്നായിരുന്നു പുന:പ്രതിഷ്ഠക്കെതിരെ ഉന്നയിച്ച അധിക്ഷേപ മുദ്രാവാക്യങ്ങൾ! എന്നാൽ പാലക്കാട് ജില്ലയിൽ നിന്ന് മലപ്പുറത്തേക്ക് പ്രവേശിക്കുന്ന പുലാമന്തോളിലെ മുസ്ലീം പള്ളിക്ക് തറക്കല്ലിട്ടത് ഇ എം എസ് ആയിരുന്നു!
മലബാറിലെ കുപ്രസിദ്ധമായ ” മാപ്പിളഹാലിളക്കങ്ങൾക്ക്” ഇന്ധനം നൽകിയ “മലപ്പുറം നേർച്ച”യ്ക്ക് ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. പുരോഗമനവാദികളായ മുസ്ലീങ്ങളുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇ എം എസ് സർക്കാർ ഈ നിരോധനം നീക്കി. നാടിൻ്റെ സമാധാനമാഗ്രഹിക്കുന്ന ചില മുസ്ലീം നേതാക്കൾ തന്നെ ഇതിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാനസർക്കാർ ഗൗനിച്ചില്ല. ജിഹാദികൾക്ക് ആവേശം നൽകുന്നതും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായി ഇവയെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. “കാഫിർക്കെതിരെയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവർ ” എന്ന നിലയിലാണ് ഇത്തരം ആഘോഷങ്ങൾ സംഘടിക്കപ്പെട്ടിരുന്നത്. ഈ സ്മരണദിനാചരണങ്ങൾ ഇസ്ലാമിക തീവ്രവാദത്തെ ശക്തമാക്കി. ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ഇടതുപക്ഷ സഹയാത്രികർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാപ്പിളക്കലാപങ്ങളെ കർഷകസമരങ്ങളാക്കി ചിത്രീകരിച്ചത് മറ്റൊരു ഉദാഹരണം. 1921 ലെ മാപ്പിളക്കലാപത്തെ ശക്തമായി നേരിട്ട് താമസിച്ചാണെങ്കിലും നാടിനെയും അമുസ്ലീങ്ങളെയും രക്ഷിച്ച ഹിച്ച്കോക്കിൻ്റെ സ്മാരകം നീക്കാനുള്ള പ്രക്ഷോഭം തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 1967 ൽ ഇ എം എസ് സർക്കാർ ഇ.കെ. ഇമ്പിച്ചിബാവ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ ആ സ്മാരകം പൊളിച്ച് അവിടെ കെഎസ്ആർടിസി കാത്തിരിപ്പ് കേന്ദ്രമാക്കി. ഇപ്പോൾ മലപ്പുറത്തെ സ്ഥാപനങ്ങൾക്ക് മാപ്പിളക്കലാപകാരികളുടെ പേര് നൽകുക, അവർക്കായി സ്മാരകങ്ങൾ, മ്യൂസിയം നിർമ്മിക്കുക തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്..
1946ൽ മലപ്പുറം കോട്ടപ്പടിയിൽ പാകിസ്ഥാന് വേണ്ടി ഘോരഘോരം വാദിക്കുന്ന ലീഗ് നേതാവിൻ്റെ (കെ.എം സീതി സാഹിബ്) പ്രഭാഷണം കേട്ട കാര്യം പി ജയരാജൻ്റെ പുസ്തകത്തിന് ആശംസകൾ നേർന്ന സി പി എം നേതാവായ പാലൊളി മുഹമ്മദ് കുട്ടി സൂചിപ്പിക്കുന്നു. അന്നും പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ലീഗിൻ്റെ ആശയപ്രചരണങ്ങളും യോഗസംഘാടനവും നടത്തിയിരുന്നത്. കുപ്രസിദ്ധ വർഗീയ- വിഘടനവാദ നിലപാടുകളുടെ പേരിൽ “കോൺഗ്രസ് തീണ്ടാപ്പാടകലം നിർത്തിയിരുന്ന ലീഗിന് 1967- 1969 കാലഘട്ടത്തിൽ മന്ത്രി സ്ഥാനം നൽകി കേരള രാഷ്ട്രീയത്തിൽ സ്ഥാനം നേടിക്കൊടുത്തത് സി പി എമ്മാണെന്ന് ” അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മാത്രമല്ല ” കേരളത്തിൽ മുസ്ലീംലീഗില്ലാതെ ആർക്കും ഭരിക്കാനാകില്ല എന്ന വീമ്പ് പറച്ചിലിന് പിന്നിൽ ഞങ്ങളാണെന്ന് ” പാലൊളി കമ്മീഷൻ്റെ ചെയർമാൻ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് കൂട്ടുകെട്ടിൻ്റെ ഗുണഫലം എന്താണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അത് എന്താണെന്നല്ലേ? “കമ്മൂണിസ്റ്റ്കാരെ മതനിഷേധികളെന്ന് വിളിക്കുന്ന ആരോപണം ” മാറിക്കിട്ടിയല്ലോ?! പക്ഷേ മുസ്ലീങ്ങളുടെ “ഈ തെറ്റിദ്ധാരണ “മാറണമെന്ന് മാത്രമേ പാർട്ടി നേതാക്കൾക്കു താത്പര്യമുള്ളൂ.! അവിടെയാണ് പ്രശ്നം.
ഇടതുപക്ഷം മുസ്ലീങ്ങളെ പ്രീണിപ്പിച്ച നിരവധി ഉദാഹരണങ്ങൾ “അഭിമാനപൂർവ്വം” പി ജയരാജൻ “കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്നീ പുസ്തകത്തിൽ അനുസ്മരിക്കുന്നു. (പേജ് 122, 123, 124, 125, 153, 154, 155, 156, 157, 158, 189 നോക്കുക). ഇവയെയാണ് മതവിവേചനം, മതപ്രീണനം, വോട്ട് ബാങ്ക് പൊളിറ്റിക്സ്, ഇരട്ടത്താപ്പ് എന്നൊക്കെ സാമാന്യബോധം പണയപ്പെടുത്താത്തവർ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം നടപടികൾ ജനങ്ങളിൽ നിസഹായതയും അരക്ഷിതത്വബോധവും ഇതരമതവിദ്വേഷവും വർഗീയതയും വളർത്തുന്നു. ഭാരതവിഭജനം പോലും അന്ധമായ മതപ്രീണനനടപടികളുടെ പരിണിതഫലമായിരുന്നു.
ഹിന്ദുക്കളുടെ "തെറ്റിദ്ധാരണ" മാറ്റേണ്ടതില്ല!
ശ്രീ നാരായണഗുരുവടക്കമുള്ള ആചാര്യന്മാർ മുന്നോട്ട് വച്ച സനാതനധർമ്മം പിന്തുടരുന്ന ഹിന്ദുസമൂഹമാണ് എന്നും കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാനവർഗമായത്. എന്നിട്ടും ഈ ഭൂരിപക്ഷജനതയെ അവഗണിച്ച് ഗുരുദേവനെയും ഗുരുദേവൻ പിന്തുടരുന്ന സനാതനധർമ്മത്തെയും അവഹേളിക്കുന്നത് ചില നേതാക്കൾ ഇപ്പോഴും തുടരുകയാണ്. ഏറ്റവും മോശമായ രീതിയിൽത്തന്നെ സനാതനധർമ്മവക്താക്കളെ അധിക്ഷേപിക്കുവാനും ഹിന്ദുസ്ത്രീകളെപ്പോലും അവഹേളിക്കുവാനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ വീണ്ടും തയാറാകുന്നു!
ഇവയെല്ലാം ഏതെങ്കിലും ഹിന്ദുസംഘടനകൾക്കെതിരെയല്ല, സനാതനധർമ്മത്തിനെതിരെയായിരുന്നു! ഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന നാട്ടിൽ സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവ് തുടരെയെന്നോണം ഈ പ്രസ്താവനകൾ നടത്തുന്നത് “വിസ്മയകര”മെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ!
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ സമീപിക്കുകയാണ്. പാർട്ടി ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർച്ച! എന്നിട്ടും ഈ നഗ്നമായ മുസ്ലീം പ്രീണനവും, ഹിന്ദുവിവേചനവും, അവഹേളനവും, വിടുവായിത്തവും അവസാനിപ്പിക്കണമെന്ന് ഈ നേതാവിനെ ഉപദേശിക്കാൻ ആ പാർട്ടിയിൽ ആരുമില്ല എന്നതാണ് കേരളത്തിൻ്റെ ദുര്യോഗം. ശബരിമലയുടെ അനുഭവങ്ങൾ പോലും അവർക്ക് പാഠമാകുന്നില്ല.
(തുടരും)