Skip to content

Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 4

  • by
ഗുരുദേവൻ “തികഞ്ഞ ഹിന്ദു !”, “വേദാന്തി!!” “ആർഷസന്ദേശപ്രചാരകൻ!!!” – ഇ എം എസ് (നാലാം ലേഖനം)

ഗുരുദേവൻ സനാതനധർമ്മാചാര്യൻ, എന്നാൽ മാമൂൽവാദവിരുദ്ധൻ!

സനാതനധർമ്മം x മാമൂൽവാദം

ഹിന്ദുധർമ്മത്തിൻ്റെ അപചയകാലഘട്ടത്തിൽ, ആർഷസന്ദേശത്തിനും വേദോപനിഷത് ചിന്തകൾക്കും കടകവിരുദ്ധമായ, ബ്രാഹ്മണിസം (ബ്രാഹ്മണമതം) എന്ന് വിമർശകർ വിളിക്കുന്ന “മാമൂൽവാദം“ (Conventionalism/Conservatism) സനാതനധർമ്മസിദ്ധാന്തങ്ങളെ പരിമിതപ്പെടുത്താനും വികലമാക്കാനും വികൃതമായി ചിത്രീകരിക്കാനും അട്ടിമറിക്കാനും തുടങ്ങി. സ്വാധ്യായരാഹിത്യം മൂലമുണ്ടായ പ്രമാദം ആണ് മാമൂൽവാദത്തിന് കാരണമായത്. ആത്മീയാജീർണം, ആശയമലിനീകരണം, അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം (സദ്ഗുണ വൈകൃതം), ജാതിഭേദം, ജാതിശ്രേഷ്ഠവാദം (ജാതിമേൽക്കോയ്മാവാദം), ജാതിവൈരവാദം, ജാതിമേധാവിത്വം, ജാതിചൂഷണം, ജാതിക്കുത്തകവത്കരണം, ഭ്രഷ്ട് വാദം തുടങ്ങിയവയെല്ലാം മാമൂൽവാദത്തിൻ്റെ ഉത്പന്നങ്ങളാണ്. എല്ലാവിധത്തിലുമുള്ള മാമൂൽവാദങ്ങൾക്കുമെതിരെ ശ്രീ നാരായണഗുരു സനാതനധർമ്മപക്ഷത്ത് നിന്ന് ശാന്തമായി പ്രവർത്തിച്ചു.

സനാതനധർമ്മത്തിലെ പരമേശ്വരദർശനം, ജീവിതദർശനം, ഏകമാനവദർശനം, ഏകലോകവീക്ഷണം, അഭേദദർശനം, ക്ഷേത്രസങ്കല്പം എന്നിവയെയെല്ലാം മാമൂൽവാദികൾ അട്ടിമറിച്ചിരുന്നു.

Sree-narayana-guru-samadhi

“നിങ്ങളുടെ ശിവനെയല്ല, നമ്മുടെ ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത് “ എന്ന ഗുരുദേവവചനം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇതിനർത്ഥം രണ്ട് ശിവൻമാർ ഉണ്ടെന്നല്ല. കാച്ചിക്കുറുക്കിയ വാക്യങ്ങൾക്ക് കീർത്തികേട്ട ഗുരുദേവൻ രണ്ട് ഈശ്വരവീക്ഷണങ്ങളാണിവിടെ താരതമ്യം ചെയ്യുന്നത്. വേദോപനിഷത്തുക്കളിലും, യോഗവിദ്യ, തന്ത്രവിദ്യ, വേദാന്തം, സിദ്ധാന്തം തുടങ്ങിയ സനാതനധർമ്മത്തിലെ പരാവിദ്യകളിലും പ്രതിപാദിക്കുന്ന ആർഷഗുരുപരമ്പരയുടെ പരമേശ്വരദർശനമാണ്(പരബ്രഹ്മദർശനം) ശ്രീ നാരായണഗുരുദേവൻ സ്വീകരിച്ചത്. അതാണ് ഗുരുദേവൻ പറഞ്ഞ “നമ്മുടെ ശിവൻ“. പുരാണങ്ങൾ, പഴങ്കഥകൾ, ഐതിഹ്യങ്ങൾ, മിത്ത്, കപടജ്യോതിഷികളും വ്യാജ പൂജാരിമാരും വിവരിക്കുന്ന ഈശ്വരസങ്കല്പങ്ങൾ – ഇവയൊന്നുമല്ല തൻ്റേത് ( സനാതനധർമ്മത്തിൻ്റേയും!)എന്ന് അദ്ദേഹം വ്യക്തമാക്കി. “ആദ്യം ശിവൻ വരട്ടെ പിന്നെയെല്ലാം തനിയെ വന്നുകൊള്ളും” എന്നും അദ്ദേഹം പ്രസ്താവിച്ചു. അപചയകാലഘട്ടത്തിലുണ്ടായ പുരാണകഥകളിലെ ദൈവസങ്കല്പങ്ങളെ പ്രതിഷ്ഠിക്കാൻ അദ്ദേഹം മടിച്ചു. ഉദാഹരണം പല പുരാണങ്ങൾ വിവിധ രീതിയിൽ വിവരിക്കുന്ന ദശാവതാരപ്രതിഷ്ഠ നിർവ്വഹിക്കാൻ അദ്ദേഹം തയ്യാറായില്ല.എന്നാൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവരെ അവതാരങ്ങളായി അദ്ദേഹം മാനിച്ചിരുന്നു. സ്തോത്രങ്ങളും രചിച്ചിട്ടുണ്ട്. മൃഗപക്ഷിബലിയിൽ പ്രസാദിക്കുന്ന ദൈവസങ്കല്പങ്ങൾ ദുരിതാനുഭവത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു (“ദൈവ ചിന്തനം ” എന്ന ഗദ്യപ്രബന്ധം നോക്കുക). സെമിറ്റിക് മതങ്ങളിലെ യഹോവ അല്ലാഹു തുടങ്ങിയവ മൃഗപക്ഷിബലി ആവശ്യപ്പെടുന്നുവെന്ന് ബൈബിൾ, ഖുർആൻ വായിച്ചവർക്കറിയാം. ജൂത-ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളിൽ മാത്രമല്ല ഹിന്ദുസമൂഹത്തിലും -കേരളത്തിലെ ചില കാവുകളിലും – ഇങ്ങനെയുള്ള ദുരാചാരങ്ങൾ ഉണ്ടായിരുന്നു.

അതിനോടൊന്നും ഗുരുദേവൻ ഒരിക്കലും സന്ധി ചെയ്തില്ല. അനാചാരങ്ങൾ നിറഞ്ഞ ചടങ്ങുകൾ മാത്രമല്ല ചില വിഗ്രഹങ്ങൾ തന്നെ നീക്കം ചെയ്യാനും അദ്ദേഹം തയ്യാറായി. പകരം സനാതനധർമ്മത്തിലെ ഉദാത്തദർശനപ്രകാരമുള്ള ക്ഷേത്രമാതൃകകൾ വ്യാപകമായി സ്ഥാപിച്ചു!
ആളെക്കൂട്ടാനോ, സാമാന്യജനങ്ങൾക്ക് ആരാധിക്കാൻ എന്തെങ്കിലും നൽകാനുമോ ആയിരുന്നില്ല, അദ്ദേഹത്തിന് വിഗ്രഹപ്രതിഷ്ഠകൾ!

കൃതയുഗത്തിൽ ബദരീനാരായണനും, ത്രേതായുഗത്തിൽ ശ്രീരാമനും, ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനും, എല്ലാക്കാലത്തും ആർഷഗുരുപരമ്പരകളും ഉപാസിച്ച പരമേശ്വരദർശനത്തിൻ്റെ പുന:പ്രതിഷ്ഠകളായിരുന്നു, അവയെല്ലാം. വ്യക്തമായ ദർശനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷേത്ര നിർമ്മാണങ്ങൾ എന്ന് സാരം.
മതപരിവർത്തനം തടയുവാൻ ഗുരുദേവൻ ഏറെ പരിശ്രമിച്ചു. തെറ്റിദ്ധാരണ, പ്രലോഭനം, ജാതിവാദികളുടെ പീഡനം എന്നിവയാൽ മതം മാറിയവരെ തിരികെ കൊണ്ടുവരുവാനും മുൻകൈയ്യെടുത്തു.
ഈ യാഥാർത്ഥ്യങ്ങൾ മറച്ചു പിടിച്ച് അന്ന് നിലവിലുണ്ടായിരുന്ന അബദ്ധാശയങ്ങളെയും വിവിധ മതങ്ങളിലെ ദൈവസങ്കല്പങ്ങളെയും അംഗീകരിച്ച വ്യക്തിയായി ചിലർ ശ്രീ നാരായണഗുരുവിനെ ചിത്രീകരിക്കുന്നുണ്ട്. ഇത് സത്യവിരുദ്ധമാണ്.

അതുപോലെ തന്നെ തെറ്റാണ് ശ്രീ നാരായണഗുരുവിനെ അദ്ദേഹത്തിൻ്റെ പരമേശ്വരദർശനം, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആർഷഗുരുപരമ്പര, സനാതനധർമ്മം, യോഗ – വേദാന്ത – സിദ്ധാന്തദർശനങ്ങൾ എന്നിവയിൽ നിന്നടർത്തി മാറ്റാൻ ശ്രമിക്കുന്നത്. സമുദായാചാര്യൻ, സവർണർക്കെതിരായ അവർണപക്ഷസമര നേതാവ് എന്നിങ്ങനെ ചിത്രീകരിക്കാനും ചിലർ ആഗ്രഹിക്കുന്നു!

എന്നാൽ ഇതൊന്നും വിജയിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം!
മാമൂൽവാദത്തിനെതിരെ കേരളം മുതൽ കാശ്മീർ വരെയുള്ള സ്ഥലങ്ങളിൽ സനാതനധർമ്മപക്ഷത്തുനിന്ന് കർമ്മയോഗവിധിപ്രകാരം പ്രവർത്തിച്ച ആർഷഗുരുപരമ്പരകളുടെ സുദീർഘമായ നാമധേയങ്ങളിൽ തിളങ്ങുന്ന നക്ഷത്രമാണ് ശ്രീ നാരായണഗുരു. ഇവരെല്ലാം പൊരുതിയത് സനാതനധർമ്മത്തോടല്ല, മാമൂൽവാദങ്ങളോടാണ്. പിന്നീടുണ്ടായ അപചയാശയങ്ങൾ തിരുത്തി ഹിന്ദുധർമ്മത്തെ ശുദ്ധീകരിക്കുവാനാണ് അവർ ജീവിതകാലം മുഴുവൻ ശ്രമിച്ചത്.
സനാതനധർമ്മവും മാമുൽവാദങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്തതാണ് ചിലരുടെ വീക്ഷണദൗർബല്യം. സനാതനധർമ്മത്തെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത വ്യക്തിയാണ് ഗുരുദേവനെന്ന് മുഖ്യമന്ത്രിയെപ്പോലുള്ളവർ പ്രസ്താവിക്കാനുള്ള കാരണവും ഇതാണ്.
ഇരട്ടത്താപ്പ്!

ഇതിലും ഒരു ഇരട്ടത്താപ്പ് കാണുന്നുണ്ട്. ഇസ്ലാം – ക്രിസ്ത്യൻ സമൂഹങ്ങളിൽ ഉണ്ടാകുന്ന പരിഷ്കരണശ്രമങ്ങൾ ഇസ്ലാം – ക്രിസ്തുമതവിരുദ്ധമാണെന്ന് രാഷ്ട്രീയക്കാർ ഒരിക്കലും പറയില്ല. ഈ വിഭാഗങ്ങളിലെ സാമൂഹ്യ പരിഷ്കരണവാദികളെ അവരുടെ മതങ്ങളെ വെല്ലുവിളിച്ചവരോ ധിക്കരിച്ചവരോ ആയി ഇവർ ചിത്രീകരിക്കാറുമില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അതിന് മുൻകൈയെടുത്തവരെക്കുറിച്ച് പരാമർശിക്കുമ്പോൾ ആ വിഭാഗത്തിലുണ്ടായ അപചയങ്ങൾക്കെതിരെ പൊരുതിയവർ എന്നേ ഇവർ പറയൂ! എന്നാൽ ഹിന്ദുധർമ്മത്തിൻ്റെ കാര്യത്തിൽ നിലപാട് കടകവിരുദ്ധമാകും!

സനാതനധർമ്മത്തിൻ്റെ അടിയുറച്ച വക്താവിനെപ്പോലും ഹിന്ദുവിരുദ്ധനാക്കും!
സാമാന്യബോധം നഷ്ടപ്പെടാത്ത ആർക്കും മനസിലാകുന്ന രീതിയിലുള്ള യാഥാർത്ഥ്യങ്ങൾ നൂറുകണക്കിന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയാൽ പോലും ചിലർ കൂട്ടാക്കില്ല എന്നറിയാം. എന്നാൽ തൻ്റെ രാഷ്ട്രീയ ഗുരുവും സി പി എമ്മിൻ്റെ സൈദ്ധാന്തികാചാര്യനുമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് പറയുന്നത് അംഗീകരിക്കാതിരിക്കാൻ ശ്രീ പിണറായി വിജയനും ശ്രീ എം വി ഗോവിന്ദനും കഴിയില്ലല്ലോ? അതിനാലാണ് ഇവിടെ ഇ എം എസിനെ ഉദ്ധരിക്കുന്നത്.

സനാതനധർമ്മത്തിൽ ഉറച്ചു നിന്ന് കൊണ്ട് അപചയങ്ങൾക്കെതിരെ പൊരുതിയ വ്യക്തിയാണ് ശ്രീ നാരായണഗുരുദേവൻ എന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന ഇ എം എസ് വിലയിരുത്തുന്നുണ്ട്.

1) യാഥാസ്ഥിതികർക്കെതിരെയായിരുന്നു നവോത്ഥാനാചാര്യന്മാർ പോരാടിയത് – ഇ എം എസ്: “ബംഗാളിലെ റാം മോഹൻ റോയിയും വിവേകാനന്ദനും തൊട്ടുള്ളവർ മുൻകൈയെടുത്ത് സാമൂഹ്യ ജീവിതത്തിലും സാംസ്കാരിക നിലപാടുകളിലും യാഥാസ്ഥിതികരെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുത്തു. കേരളത്തിലെ ചട്ടമ്പിസ്വാമികളും നാരായണഗുരുവും തൊട്ടുള്ള ആത്മീയ നേതാക്കളും ഇത് തന്നെയാണ് ചെയ്തത്.”
ലേഖനത്തോടൊപ്പം നൽകുന്ന ചിത്രം 1 നോക്കുക. (ഇ എം എസ് സമ്പൂർണ കൃതികൾ – സഞ്ചിക – 42 (പേജ് – 107) )

2) ഗുരുദേവൻ ഹിന്ദുധർമ്മത്തിലെ പൊതുദർശനത്തെ അടിസ്ഥാനമാക്കി അപചയങ്ങൾക്കെതിരെ പോരാടിയ വ്യക്തിയെന്ന് ഇ എം എസ് !
ദേശാഭിമാനി വാരികയിൽ “ഇ എം എസിൻ്റെ ഡയറി“ എന്ന പംക്തിയിൽ – “വാഗ്ഭടാനന്ദൻ്റെ ആത്മവിദ്യ” എന്ന ലേഖനത്തിലാണ് (27-04-1997) ഇ എം എസ് ഇക്കാര്യം വ്യക്തമാക്കിയത്.
“മതങ്ങൾക്കു വന്ന ഈ അപചയത്തിനെതിരായ കലാപക്കൊടിയാണ് ശ്രീ നാരായണനും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ഉയർത്തിയത്.” എന്ന് ഇ എം എസ് വ്യക്തമായി നിരീക്ഷിക്കുന്നു.
എന്നാൽ സനാതനധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ അവർ പ്രവർത്തിച്ചതിനോട് യോജിക്കാൻ ഇ എം എസിലെ കമ്യൂണിസ്റ്റിന് കഴിയുന്നുമില്ല.
അദ്ദേഹം തുടരുന്നു. “മതത്തിൻ്റെ പൊതുദർശനത്തെ ആസ്പദമാക്കിയാണ് അവരെല്ലാം മതത്തിന് വന്ന അപചയത്തെ എതിർത്തത്. ഈ ദൗർബല്യം ശ്രീ നാരായണൻ്റേയും ചട്ടമ്പിസ്വാമികളുടെയും ബ്രഹ്മാനന്ദ ശിവയോഗിയുടേതെന്ന പോലെ വാഗ്ഭടാനന്ദൻ്റെയും ദർശനത്തിനുണ്ട്.
ചിത്രം 2 കാണുക (“വാഗ്ഭടാനന്ദൻ്റെ ആത്മവിദ്യ- ദേശാഭിമാനി വാരിക ഇ എം എസിൻ്റെ ഡയറി-27/4/1997) സമ്പൂർണ കൃതികൾ 94 -പേജ് 61)
ഇനി പറയൂ, ഇ എം എസിൻ്റെ അഭിപ്രായത്തിൽ ശ്രീനാരായണഗുരു പൊരുതിയത് ഹിന്ദുധർമ്മത്തിനെതിരെയോ അതിൽ വന്ന അപചയങ്ങൾക്കെതിരെയോ? ഇവിടെ കാര്യങ്ങൾ വ്യക്തം. ഹിന്ദുധർമ്മത്തിനെതിരെയല്ല, അതിൽ കടന്നു കൂടിയ അപചയങ്ങൾക്കെതിരെയാണ് ഇവരുടെ സമരം. അത് “ഹിന്ദുധർമ്മത്തിൻ്റെ പൊതുദർശനത്തെ” അടിസ്ഥാനമാക്കിയുമാണ്. ഈ പോരാട്ടം എന്തിനായിരിക്കും?! സനാതനധർമ്മത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്കെതിരായ ആശയങ്ങളെ നീക്കി ശുദ്ധീകരിക്കുന്ന പ്രവർത്തനങ്ങൾ സ്വാഭാവികമായും ഹിന്ദുധർമ്മസംരക്ഷണത്തിനായിരിക്കുമല്ലോ?

3) വിജ്ഞാനസമ്പത്ത് സ്വന്തമാക്കി വയ്ക്കുന്ന സാംസ്കാരിക കുത്തകവൽക്കരണങ്ങൾക്കെതിരെയാണ് നവോത്ഥാനാചാര്യർ പൊരുതിയതെന്നും ഇ എം എസ്
“വിജ്ഞാനസമ്പത്ത് “ അധ:സ്ഥിതർക്ക് നിഷേധിച്ച ബ്രാഹ്മണമേധാവിത്വത്തെക്കുറിച്ച് “ചട്ടമ്പിസ്വാമികൾ“ എന്ന ലേഖനത്തിൽ ഇ എം എസ് സൂചിപ്പിക്കുന്നു.
“അന്നത്തെ വിജ്ഞാനസമ്പത്ത് “ മിക്കവാറും സംസ്കൃതത്തിലായിരുന്നതിനാൽ അത് അപ്രാപ്യമായിരുന്നു. അറിവിൻ്റെ ഈ കുത്തകാവകാശത്തിനെതിരെ തുഞ്ചത്ത് രാമാനുജനാണ് ആദ്യം പ്രവർത്തിച്ചത്. പുരാണേതിഹാസങ്ങൾ ലളിതമായ മലയാളത്തിൽ അധ:സ്ഥിത ജനവിഭാഗങ്ങൾക്കദ്ദേഹം ലഭ്യമാക്കി. പക്ഷേ എഴുത്തച്ഛനു പോലും വേദങ്ങളും ഉപനിഷത്തുക്കളും അധ:സ്ഥിത വിഭാഗങ്ങൾക്ക് ലഭ്യമാക്കാനായില്ല. ഈ കുത്തകാവകാശത്തെ ചട്ടമ്പിസ്വാമികൾ പൊളിക്കാൻ തുടങ്ങി. പുരാണേതിഹാസങ്ങൾ മാത്രമല്ല വേദങ്ങളും പഠിക്കാൻ അധഃസ്ഥിത ജാതിക്കാർക്ക് അവകാശമുണ്ടെന്ന് സ്വാമികൾ സ്ഥാപിച്ചു. സ്വാമികൾ തുടങ്ങി വച്ച ജോലി പൂർത്തീകരിച്ചവരാണ് വള്ളത്തോളും ഒ എം എസിയും“ എന്ന് ഇ എം എസ് പറയുന്നു.
“വള്ളത്തോളിൻ്റേയും ഒ എം എസിയുടേയും ഗ്രന്ഥങ്ങളുടെ പ്രകാശനത്തോടുകൂടി ചട്ടമ്പിസ്വാമി കണ്ട സ്വപ്നം യാഥാർത്ഥ്യമായി“
ഏതാണ് ഈ വിജ്ഞാനസമ്പത്ത് ?ഹിന്ദുധർമ്മഗ്രന്ഥങ്ങൾ – വേദോപനിഷത്തുക്കൾ ഇതിഹാസങ്ങൾ – എന്ന് തന്നെയല്ലേ ഇ എം എസ് ഉദ്ദേശിക്കുന്നത്? ഈ വിജ്ഞാനങ്ങൾക്കെതിരെയാണോ അതോ അതിൻ്റെ കുത്തകവത്കരണത്തിനെതിരെയാണോ ഗുരുദേവനെപ്പോലുള്ള നവോത്ഥാനാചാര്യന്മാർ പ്രവർത്തിച്ചത്?!
ചിത്രം മൂന്ന് & നാല് കാണുക ദേശാഭിമാനി വാരിക” (29/10/1995) ഇ എം എസിൻ്റെ ഡയറി- ചട്ടമ്പിസ്വാമികൾ – ) ഇ എം എസ്.സമ്പൂർണ കൃതികൾ 94 -പേജ് 44)
4) “മേൽജാതിക്കാരുടെ മറ്റൊരു സാംസ്കാരികക്കുത്തക“ (ശ്രദ്ധിക്കുക സനാതനധർമ്മത്തിൻ്റേതല്ല!) ശ്രീനാരായണഗുരു തകർത്തതിനെപ്പറ്റി ഇ എം എസിൻ്റെ വിവരണം നോക്കൂ.
ഇ എം എസ് തുടർന്നെഴുതുന്നു.
“ചട്ടമ്പിസ്വാമിയുടെ സമകാലീനനായിരുന്ന ശ്രീ നാരായണൻ മേൽജാതിക്കാരുടെ മറ്റൊരു സാംസ്കാരിക കുത്തകയും പൊളിച്ചു. സവർണരുടെ കുത്തകയായിരുന്ന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അവർണർക്കുമാകാമെന്ന് സ്വാമിജി കാണിച്ചു. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങൾ, അദ്ദേഹത്തെ പിന്തുടർന്ന് വന്ന ശ്രീ നാരായണ ധർമ്മം – അതിന് പ്രചാരണം ചെയ്യുന്ന സന്യാസിമാർ – ഇതൊക്കെ കേരളത്തിൽ ഒരു സാംസ്കാരിക വിപ്ലവം തന്നെ സൃഷ്ടിച്ചു. തിരുവിതാംകൂറിൽ ശ്രീനാരായണനും ചട്ടമ്പിസ്വാമിയും എന്ന പോലെ മലബാറിൽ ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദൻ എന്നിവർ ആത്മീയതയിൽ തുടങ്ങി ആധുനികദേശീയതയിൽ ചെന്നെത്തുന്ന നവോത്ഥാനപ്രസ്ഥാനത്തിന് ബീജാവാപം നടത്തി” ചിത്രം മൂന്ന് & 4 കാണുക. (29/10/1995- ദേശാഭിമാനി വാരിക” ഇ എം എസിൻ്റെ ഡയറി- ചട്ടമ്പിസ്വാമികൾ – ) ഇ എം എസ്.സമ്പൂർണ കൃതികൾ 94 -പേജ് 45)
ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനാചാര്യർ സനാതനധർമ്മസിദ്ധാന്തങ്ങൾ, വേദോപനിഷത്തുക്കൾ, ക്ഷേത്രം, മഠം, സന്യാസം എന്നിവയെയാണോ അതോ ഇതെല്ലാം കുത്തകയാക്കി വച്ച ജാതി മേൽക്കോയ്മയെയാണോ എതിർത്തത്? ഹിന്ദുധർമ്മത്തെയല്ല, മേൽജാതിക്കാരുടെ അഥവാ ജാതിമാമൂൽവാദികളുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയുമാണ് ഗുരുദേവനും കൂട്ടരും ധിക്കരിച്ചത് എന്ന കാര്യത്തിൽ പക്ഷേ ഇ എം എസിന് സംശയമില്ല!

5) ഗുരുദേവൻ വേദാന്തദർശനത്തിൻ്റെ അടിത്തറയിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് ഇ എം എസ് !
“ആധുനിക കാലത്ത് അഖിലേന്ത്യാ തലത്തിൽ വിവേകാനന്ദനും, കേരളത്തിൽ ശ്രീനാരായണനും സാമൂഹികാവശതകൾക്കെതിരായും സാംസ്കാരികനവോത്ഥാനത്തിനു വേണ്ടിയും താന്താങ്ങളുടെ വേദാന്തദർശനം ഉപയോഗിച്ചു. (15/1/1995ലെ ദേശാഭിമാനി വാരികയിലെ ലേഖനത്തിൽ ശ്രീ നാരായണ സന്ദേശം: മൂന്നു മുഖങ്ങൾ “ഇ എം എസ് പ്രസ്താവിക്കുന്നു
ചിത്രം 5 കാണുക. ഇ എം എസ് സമ്പൂർണ കൃതികൾ 1996-1998- സഞ്ചിക – 94, പേജ് നമ്പർ 34. )

6) ഗുരു ശങ്കരദർശനം പിന്തുടരുന്നുവെന്ന് ഇ എം എസ്
“ശങ്കരദർശനത്തിന് വ്യാഖ്യാനം നൽകിയവരുടെ കൂട്ടത്തിൽ സ്വാമി വിവേകാനന്ദൻ, നാരായണഗുരു ഈ രണ്ടു പേരുടെയും കാലടികളെ പിന്തുടരുന്ന ഇന്നത്തെ സന്യാസിമാരിൽ പലരും ശാങ്കരദർശനത്തെ മനുഷ്യർ തമ്മിലുള്ള സമത്വത്തിൻ്റെ തത്വശാസ്ത്രമായി അംഗീകരിക്കുന്നു” ഇ എം എസ് ഇത് വൈരുധ്യമായി കാണുന്നു. (“പിഴച്ചത് പരമേശ്വരനാണ് ” -7/7/1989 ൽ എഴുതിയ ലേഖനം)
ചിത്രം 6 നോക്കുക. (ഇ എം എസ് സമ്പൂർണ കൃതികൾ -സഞ്ചിക 42: പേജ് 320)
7) ശ്രീനാരായണഗുരു തികഞ്ഞ ഹിന്ദു മതാനുയായിയായിരുന്നുവെന്ന് ഇ എം എസ്.!
“ശ്രീ നാരായണഗുരുവെ ഹൈന്ദവവത്കരിക്കാൻ“ നോക്കുന്നു എന്നാണ് ചില രാഷ്ട്രീയക്കാർ പരാതിപ്പെടുന്നത്. എന്നാൽ ഇ എം എസിന് ഇക്കാര്യത്തിലും ഉറപ്പുണ്ടായിരുന്നു.
“ശ്രീനാരായണഗുരു തികഞ്ഞ ഹിന്ദുമതാനുയായിയായിരുന്നു. അദ്ദേഹം നടത്തിയ വിപ്ലവപ്രവർത്തനത്തിൽ പ്രധാനമായ സ്ഥാനം വഹിക്കുന്നത് ശിവലിംഗപ്രതിഷ്ഠയും കേരളത്തിൻ്റെ നാനാഭാഗത്തും സ്ഥാപിച്ച ക്ഷേത്രങ്ങളുമായിരുന്നു. അദ്ദേഹം സ്ഥാപിച്ച സന്യാസിസംഘം ഇന്നും പ്രവർത്തിക്കുന്നു” ചിത്രം 7 A, B കാണുക -ദേശാഭിമാനി വാരിക- പംക്തി -ഇ എം എസിൻ്റെ ഡയറി-5/1/1997) ലേഖനം“ശ്രീ നാരായണ ഗുരുവും ബ്രഹ്മാനന്ദ ശിവയോഗിയും“ സമാഹരണം – ഇ എം എസ് സമ്പൂർണ കൃതികൾ (സഞ്ചിക – 94- പേജ് 53,54

8) ശ്രീനാരായണഗുരു ഹൈന്ദവ പുനരുത്ഥാനവാദിയെന്ന് ഇ എം എസ്
തൻ്റെ “ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം“ എന്ന ഗ്രന്ഥത്തിൽ ശ്രീ നാരായണഗുരുവിൻ്റെ പ്രവർത്തനങ്ങളെ ഇ എം എസ് പരാമർശിക്കുന്നത് “ഹൈന്ദവപുനരുത്ഥാനം ദേശീയതയുടെ വികൃതരൂപം” എന്ന പത്തൊമ്പതാം ഭാഗത്തിലാണ്. “ദേശീയതയുടെ വികൃതരൂപം” എന്ന് വിമർശിച്ചെങ്കിലും “ഹൈന്ദവപുനരുത്ഥാനവാദികളുടെ“ കൂട്ടത്തിൽത്തന്നെയാണ് ഗുരുവിനും സ്ഥാനം നൽകിയത്.
ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, സ്വാമി ദയാനന്ദ സരസ്വതി, ശ്രീനാരായണഗുരു എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് വിവരണം.
“സാമൂഹ്യപരിഷ്കാരം, സാംസ്കാരികനവോത്ഥാനം, ഹൈന്ദവ പുനരുത്ഥാനം” എന്നീ മൂന്ന് പ്രവർത്തനങ്ങളിലാണ് ഇവർ ഏർപ്പെട്ടതെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടുന്നു.
Page No -134 “ഇതിൽ നിന്നെല്ലാം പ്രത്യക്ഷത്തിൽ ഭിന്നമായതെങ്കിലും ബൂർഷ്വാ ദേശീയതയുടെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്ന മറ്റൊരു പ്രസ്ഥാനവും ഇതേ കാലഘട്ടത്തിൽ രൂപമെടുക്കുകയുണ്ടായി. അതാണ് പഴയ ഹൈന്ദവസംസ്കാരത്തിന്റെയും മതവിശ്വാസങ്ങളുടെയും പുനരുത്ഥാനം.
രാജാ റാം മോഹൻ റോയിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന സാമൂഹ്യപരിഷ്കാര- സാംസ്കാരിക നവോത്ഥാനപ്രസ്ഥാനത്തിൽ തന്നെയും ഇതിന്റെ അംശങ്ങൾ കാണാൻ കഴിയും. ഹൈന്ദവസമൂഹത്തെയും അതിന്റെ ആചാരനടപടികളെയും സാംസ്കാരിക വീക്ഷണത്തെയുമെല്ലാം നവീകരിക്കുന്നതിൽ മുൻകൈയെടുത്ത റാം മോഹൻ തന്നെ ക്രിസ്തുമത പ്രചാരണത്തെയും അതിലേർപ്പെട്ട പാതിരിമാരുടെ പ്രവർത്തന രീതികളെയും ശക്തിയായി എതിർത്തിരുന്ന സംഗതി ഇതിനുമുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താൻ ഉദ്ദേശിക്കുന്ന നവീകരണ പ്രക്രിയയിൽ പുരാതനഹൈന്ദവസംസ്കാരത്തിന്റെ പല അംശങ്ങളും ഉൾക്കൊള്ളിക്കാൻ റാം മോഹൻ ശ്രദ്ധിച്ചിരുന്നു.
ഇങ്ങനെ നവീകരണത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടാണെങ്കിലും പുരാതനഹൈന്ദവസംസ്കാരത്തെ പുനർജീവിപ്പിക്കാൻ കൂടി ശ്രമിക്കുന്ന ഒരു പ്രസ്ഥാനമായാണ് ബംഗാളിലെ ബ്രഹ്മസമാജവും മഹാരാഷ്ട്രയിലെ പ്രാർഥനാസമാജവും പോലുള്ള സാമൂഹ്യ പരിഷ്കാര, സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്.“
അദ്ദേഹം തുടരുന്നു.“ജാതിവ്യവസ്ഥയ്ക്ക് കീഴിൽ അടിച്ചമർത്തപ്പെട്ടുകിടക്കുന്ന സമുദായക്കാർക്ക് പുരാതനഹൈന്ദവ സംസ്കാരത്തിന്റെ സമ്പത്താകെ പകർന്നുകൊടുത്ത്, അവരെ സാമൂഹ്യമായും സാംസ്കാരികമായും ഉയർത്താനാണ് ഇത്തരം പ്രസ്ഥാനങ്ങൾ ശ്രമിച്ചത്. അവരുടെ കാര്യത്തിൽ സാമൂഹ്യപരിഷ്കാരം, സാംസ്കാരിക നവോത്ഥാനം, ഹൈന്ദവപുനരുത്ഥാനം എന്നിവ മൂന്നുംകൂടി കലർന്നാണ് കിടന്നിരുന്നത്. (കേരളത്തിൽ ഇതിന്റെ ഏറ്റവും പ്രകടമായ രൂപമാണ് അവർണ ഹിന്ദു ജാതിക്കാർക്ക് പ്രത്യേകമായി ക്ഷേത്രങ്ങളും സന്യാസിമഠങ്ങളും സ്ഥാപിച്ചുകൊണ്ട് അവരെ ഉയർത്തിയ ശ്രീനാരായണന്റെ പ്രസ്ഥാനം) “
ചിത്രങ്ങൾ -8 A( പുസ്തകം കവർ), 8 B(134) 8 C (135) ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം – ഇ.എം.എസ് (Pg No – 134, 135, അധ്യായം 19 – ഹൈന്ദവപുനരുദ്ധാനം ദേശീയതയുടെ വികൃതരൂപം

9) ഗുരുദേവൻ
ആർഷസന്ദേശപ്രചാരകനെന്നും ഇ എം എസ് !
ക്ഷേത്രങ്ങളും, മഠങ്ങളും സ്ഥാപിച്ചുകൊണ്ട് ആദ്ധ്യാത്മിക ചിന്തയുടെ വിത്താണ് ശ്രീനാരായണഗുരു പാകിയത്, ആർഷ സംസ്കാരത്തിൻ്റെ സന്ദേശമാണ് അദ്ദേഹം പ്രചരിപ്പിച്ചത് എന്നീ കാര്യങ്ങളിലും ഇ എം എസിന് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല.
“കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ“ എന്ന തൻ്റെ ഗ്രന്ഥത്തിലെ *നവീനകേരളം : ഉത്ഭവവും വളർച്ചയും* Page no ; 193, 194 എന്ന അധ്യായത്തിൽ ( ചിത്രം – 9 A( Book Cover) – B, ( 193) C(194), കാണുക. ഇ എം എസ് എഴുതുന്നു. “കണ്ണൂർ മുതൽ കൊല്ലം വരെ കേരളത്തിന്റെ നാനാഭാഗങ്ങളിലും ക്ഷേത്രങ്ങൾ, അവിടെയെല്ലാം ഹിന്ദുമതാചാരപ്രകാരം ഈഴവരായ ശാന്തിക്കാർ നടത്തുന്ന ആരാധനക്രമം, സവർണ ക്ഷേത്രങ്ങളിലെന്നപോലുള്ള ഉത്സവങ്ങളും മറ്റടിയന്തരങ്ങളും, ഹൈന്ദവശാസ്ത്രമനുസരിച്ച് സന്യാസം വരിച്ച് സന്യാസജീവിതം നയിക്കുന്ന ഈഴവ സന്യാസിമാർ, ഇതിനെല്ലാം പ്രേരകശക്തിയായി നിൽക്കുന്ന ശ്രീനാരായണഗുരു“ – ഇ എം എസ് ശ്രീനാരായണഗുരുവെ വിലയിരുത്തുന്നു.
(ഗുരുദേവനെ സമുദായാചാര്യനായി പരിമിതപ്പെടുത്തുന്ന ഇ എം എസിൻ്റെ ഈ വീക്ഷണത്തോട് യോജിക്കാൻ കഴിയില്ല. ഗുരുദേവൻ്റെ ആദ്യ ശിഷ്യൻ ശിവലിംഗസ്വാമി, സത്യവ്രതസ്വാമി, ചൈതന്യ സ്വാമികൾ, ധർമ്മാനന്ദ തീർത്ഥർ, അവസാന ശിഷ്യൻ ആനന്ദതീർത്ഥർ എന്നിവരെല്ലാം സവർണരെന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നായിരുന്നു. ഈഴവരിൽ നിന്ന് മാത്രമല്ല പുലയ – പറയ വിഭാഗങ്ങളിൽ നിന്നും അദ്ദേഹം പൂജാരിമാരെ പരിശീലിപ്പിച്ചിട്ടുണ്ട്.)
ഇ എം എസ് തുടർന്നെഴുതുന്നു.
“ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയർന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യ-രാഷ്ട്രീയാവകാശവാദമാണ്; ആർഷസംസ്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയിൽ ചെന്നലച്ചത് “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യ” മെന്ന പാശ്ചാത്യ- നവീനസന്ദേശമായിട്ടാണ്.“
ആർഷസന്ദേശം പ്രചരിപ്പിച്ചയാളാണ് ശ്രീ നാരായണഗുരുവെന്ന് തൻ്റെ വാക്കുകളിൽ ഇ എം എസ് വ്യക്തമായി നിരീക്ഷിക്കുന്നു.
ക്ഷേത്രത്തിൽ ഹിന്ദുമതാചാരപ്രകാരമാണ് ആരാധനാക്രമങ്ങളും ഉത്സവങ്ങളും മറ്റടിയന്തിരങ്ങളും സംഘടിപ്പിച്ചത് എന്ന വസ്തുത, ഹൈന്ദവശാസ്ത്രമനുസരിച്ച് സന്യാസം വരിച്ച് (കാവിവസ്ത്രം ധരിച്ച്!) സന്യാസജീവിതം നയിക്കുന്ന സന്യാസിമാർ എന്ന യാഥാർത്ഥ്യം ഇവർക്കെല്ലാം പ്രേരണ നൽകിയത് ശ്രീനാരായണഗുരുവാണെന്ന സത്യം – ഇവയെല്ലാം തിരിച്ചറിയാൻ ആർക്കും (ഇ എം എസിനും) കഴിയുമായിരുന്നു!
ദേശാഭിമാനി വാരികയിൽ (27-9 – 1992)“ഇ എം എസിൻ്റെ ഡയറി “ എന്ന പംക്തിയിൽ “ചതയദിനചിന്ത“ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലും ശ്രീനാരായണഗുരു ആർഷസംസ്കാരത്തിൻ്റെ സന്ദേശമാണ് പ്രചരിപ്പിച്ചതെന്ന് ഇ എം എസ് ആവർത്തിക്കുന്നുമുണ്ട്. (ഇ എം എസ് സമ്പൂർണ കൃതികൾ 1996-1998- സഞ്ചിക – 94, പേജ് നമ്പർ 15, 16. ) കാണുക.
10) ശ്രീനാരായണസന്ദേശം തന്നെ സ്വാധീനിച്ചുവെന്ന് ഇ എം എസ് !
ഗുരുദേവൻ്റെ സാമൂഹ്യപരിഷ്കരണയത്നങ്ങളെ അംഗീകരിക്കുമ്പോഴും അദ്ദേഹം നിലയുറപ്പിച്ചു നിന്ന സനാതനധർമ്മത്തെയും ഗുരുവിന് പ്രചോദനം നൽകിയ – ആദ്ധ്യാത്മികാശയങ്ങളെയും, ക്ഷേത്രം, മഠം, സംഘടന, സ്ഥാപനം തുടങ്ങിയ പ്രവർത്തനായുധങ്ങളെയും- നിരാകരിക്കുന്ന നിലപാടാണ് ഇ എം എസിനും ഉണ്ടായിരുന്നത്. എന്നാൽ കൗതുകകരമായ ഒരു വൈരുധ്യം ഇവിടെയുണ്ട്. ശ്രീ നാരായണൻ ആർഷസംസ്കാരസന്ദേശം പ്രചരിപ്പിച്ചുവെന്ന് പറയുന്ന ഇ എം എസ്, വേദാന്തദർശനത്തിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് എന്ന് സമ്മതിക്കുന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ക്ഷേത്രങ്ങൾ, മഠങ്ങൾ, സന്യാസം തുടങ്ങിയവയായിരുന്നു ഗുരുദേവകർമ്മമേഖലയെന്ന് തിരിച്ചറിഞ്ഞ വ്യക്തി -പ്രസ്താവിക്കുന്നത് ശ്രീ നാരായണസന്ദേശത്തിൻ്റെ സ്വാധീനത്തിലാണ് താനടക്കമുള്ളവർ രാഷ്ടീയ പ്രസ്ഥാനത്തിലെത്തിയത് എന്നാണ്.
“ഉന്നതജാതിയിൽ ജനിച്ചവരെങ്കിലും ശ്രീനാരായണസന്ദേശമുൾക്കൊണ്ടാണ് എന്നെപ്പോലുള്ളവരും ഈ സംസ്ഥാനത്തിൻ്റെ പൊതു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നത് “ശ്രീനാരായണ സന്ദേശം: മൂന്നു മുഖങ്ങൾ എന്ന ലേഖനം. ഇ എം എസ് സമ്പൂർണ കൃതികൾ:94-പേജ് 36 (See Picture No: 10) ഇ എം എസ് ചൂണ്ടിക്കാട്ടുന്ന ഈ ശ്രീനാരായണസന്ദേശം ഏതാണെന്ന് വ്യക്തമല്ല.

11) അദ്വൈതദർശനത്തിൻ്റെ സ്വാധീനമാണ് തന്നെപ്പോലുള്ളവരെ സാമൂഹ്യവിപ്ലവത്തിലേക്ക് നയിച്ചതെന്നും ഇ എം എസ് !
തനിക്ക് അദ്വൈതദർശനത്തിൻ്റെ സ്വാധീനമുണ്ടായെന്ന് മാത്രമല്ല തങ്ങൾ സാമൂഹ്യവിപ്ലവകാരികളായത് ശ്രീനാരായണന്റേതടക്കമുള്ള അദ്വൈതദർശനങ്ങളുടെ സ്വാധീനത്തിൽപ്പെട്ടാണെന്നും ഇ എം എസ് പറയുന്നു.
“ശ്രീ നാരായണഗുരു ഉഴുതു മറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അധികാരത്തിലെത്തിയതെന്ന് “ K.അരവിന്ദാക്ഷൻ. മാതൃഭൂമി വാരിക (ലക്കം 22 പുസ്തകം 72) യിൽ എഴുതിയിരുന്നു. ഈ പരാമർശത്തെക്കുറിച്ച് സംശയമുന്നയിച്ച വ്യക്തിക്ക് മറുപടി നൽകവേയാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്. അദ്ദേഹം എഴുതുന്നു.
“ചോദ്യകർത്താവിന്റെ ഒന്നാം ചോദ്യത്തിനുള്ള മറുപടി ഈ പംക്തിയിൽത്തന്നെയും മറ്റു പലയിടത്തും ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ചോദ്യകർത്താവിനുവേണ്ടി ഒന്നുകൂടി സംക്ഷേപിച്ചു പറയാം.
1) സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും അഖിലേന്ത്യാതലത്തിലും ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവർ കേരളത്തിലും ചെയ്തതുപോലെ- ചട്ടമ്പിസ്വാമികളെയും ബ്രഹ്മാനന്ദ ശിവയോഗിയെയും അപേക്ഷിച്ചു കൂടുതൽ കൂടുതൽ വ്യാപകമായിത്തന്നെ- അദ്വൈതദർശനത്തെ ജാതിമേധാവിത്വത്തിനെതിരെ ഉപയോഗിച്ച മഹാനാണ് ശ്രീനാരായണൻ. ആ നിലക്ക് കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഈ ലേഖകനടക്കം പല കമ്യൂണിസ്റ്റുകാരും സാമൂഹ്യവിപ്ലവകാരികളായത് ശ്രീനാരായണന്റേതടക്കമുള്ള
അദ്വൈത ദർശനങ്ങളുടെ സ്വാധീനത്തിൽപ്പെട്ടിട്ടാണ്.
(ഇ എം എസ് സമ്പൂർണ കൃതികൾ പേജ്- 174 (സഞ്ചിക -64 ) – See Picture No:11)

ഇപ്പോഴുള്ള സനാതനധർമ്മവിരോധവും മാറും!

ശ്രീനാരായണഗുരു ഒരു സനാതനധർമ്മവക്താവാണെന്ന കാര്യത്തിൽ ഇ എം എസിന് സംശയം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചില പ്രസക്തഭാഗങ്ങളാണ് ചിത്രങ്ങൾ സഹിതം ഇവിടെ നൽകിയത്. ഈ യാഥാർത്ഥ്യം ഇ എം എസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ ഇപ്പോഴുള്ള നിലപാടെന്ത് എന്ന് നേതാക്കൾ തന്നെയാണ് വ്യക്തമാക്കേണ്ടത്. ഇ എം എസിൻ്റെ നിലപാട് മനസിലാക്കിയെങ്കിലും തിരുത്തുവാനുള്ള സന്മനസ് നേതാക്കൾക്ക് ഉണ്ടാകട്ടെ!

ശ്രീനാരായണഗുരു സനാതനധർമ്മാചാര്യൻ എന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് തെളിവുകൾ കൃതികളിൽ നിന്ന് തന്നെ ചൂണ്ടിക്കാട്ടാനാകും. അദ്ദേഹം എഴുതിയ ഓരോ വരിയും അതിന് ഉദാഹരണങ്ങളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും പ്രത്യക്ഷസാക്ഷ്യങ്ങളായി നിലനിൽക്കുമ്പോഴാണ് ഈ അട്ടിമറികൾക്ക് ചിലർ ഒരുമ്പെടുന്നത് എന്നതാണ് അത്ഭുതകരം!

“ശ്രീനാരായണഗുരു സനാതനധർമ്മത്തെ നിഷേധിച്ചു, വെല്ലുവിളിച്ചു ” എന്നൊക്കെ ഉത്തരവാദസ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും പറയുമ്പോൾ എത്ര പേർക്കാണ് തെറ്റിദ്ധാരണ ഉണ്ടാകുന്നത് എന്ന് ചിന്തിക്കുക! അതെല്ലാം തിരുത്തുവാനാണ് ഇ എം എസിൻ്റെ തന്നെ നിരീക്ഷണങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടിയത്.

ഇ എം എസിൻ്റെ ഗുരുദേവ വീക്ഷണം: വിയോജനങ്ങളും ഏറെ!

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇ എം എസ് പുലർത്തിയ എല്ലാ നിലപാടുകളോടും യോജിക്കാൻ കഴിയില്ല. പക്ഷേ
ഹിന്ദുദർശനങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ട് സാമൂഹ്യാപചയങ്ങൾക്കെതിരെ ഗുരുദേവൻ പ്രവർത്തിച്ചു എന്ന നിരീക്ഷണം സത്യസന്ധമാണ്. എന്നാൽ തൻ്റെ പാർട്ടി ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിനും താത്പര്യങ്ങൾക്കും എതിരാണ് ശ്രീ നാരായണഗുരുവും അദ്ദേഹത്തിൻ്റെ ധർമ്മവും എന്ന കാഴ്ചപ്പാട് ഇ എം എസിനുണ്ടായിരുന്നു. ഇന്നത്തെ ചില നേതാക്കൾക്ക് സനാതനധർമ്മം “അശ്ലീല”മാകുന്നതു പോലെയായിരുന്നു അന്ന് ഇ എം എസിന് ശ്രീനാരായണഗുരുവും ശ്രീ നാരായണധർമ്മവും ശിവഗിരിയും തീർത്ഥാടനവുമെല്ലാം. (ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് ഇ എം എസ് പുലർത്തിയിരുന്ന ചില നിലപാടുകളിൽ ശക്തമായ വിയോജിപ്പുകളുണ്ട്. അവയെക്കുറിച്ച് പിന്നീട് പരാമർശിക്കാം.)
എന്നാൽ പിണറായിയുടെ ശിവഗിരി പ്രഭാഷണത്തിൽ പാർട്ടിയുടെ പഴയ നിലപാടുകൾ തിരുത്തുന്നതാണ് നാം കാണുന്നത്. ആത്മാർത്ഥമാണെങ്കിൽ ഇതിനെ സ്വാഗതം ചെയ്യുന്നു.
ശ്രീനാരായണഗുരുവിനോടും ഗുരുധർമ്മത്തോടുള്ള അകൽച്ച മാറിയതു പോലെ ഭാവിയിൽ സനാതനധർമ്മം എന്ന പദത്തോടും ആശയത്തോടുമുള്ള രാഷ്ട്രീയക്കാരുടെ അന്ധമായവിദ്വേഷവും നീങ്ങുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കത്തിൽ, സനാതനധർമ്മത്തിനും ആർഷഗുരുപാരമ്പര്യത്തിനും വിരുദ്ധമായ ജാതിമാമൂൽവ്യവസ്ഥയെ സനാതനധർമ്മമായി തെറ്റിദ്ധരിച്ചതു മൂലമാണ് സ്വാഭാവികമായി ഈ ശത്രുത ഉണ്ടായത്. അതാണ് ചിലരെ സനാതനധർമ്മവിരോധികളും ഉന്മൂലന വാദികളുമാക്കുന്നത്. ഈ തെറ്റിദ്ധാരണകളെല്ലാം സംവാദത്തിലൂടെ നീക്കാൻ കഴിയുമെന്ന് ആർഷവിദ്യാസമാജത്തിനുറപ്പുണ്ട്. കാരണം ഇന്ന് മനുഷ്യരെ ചെറുപ്പം മുതൽ പല വിധത്തിൽ സ്വാധീനിക്കുന്ന ആറു തരം ബ്രെയിൻ വാഷിംഗുകൾക്കെതിരെ സന്ധിയില്ലാബൗദ്ധികസമരങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം.

“ഗുരുസന്ദേശം ലോകത്തിലെല്ലായിടത്തും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം” – മുഖ്യമന്ത്രി

പഴയ പാർട്ടി നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്തമായി ശ്രീ നാരായണഗുരുവിനും ആശയങ്ങൾക്കും സമകാലിക പ്രസക്തി ഉണ്ടെന്ന് മാത്രമല്ല അവ എല്ലായിടത്തും എത്തിക്കണം എന്നും പിണറായി വിജയൻ ശിവഗിരിപ്രഭാഷണത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
ശ്രീനാരായണധർമ്മം (അത് എന്തായാലും ?!) ലോകത്തെങ്ങും എത്തിക്കണമെന്ന ആഹ്വാനം സ്വാഗതാർഹം മാത്രമല്ല ഏറെ ഗൗരവശ്രദ്ധയാകർഷിക്കുന്നതുമാണ്.
ഗുരുദേവൻ ഭക്തിപൂർവ്വം സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും രചിച്ച സ്തോത്രങ്ങൾ, ഗദ്യ- പദ്യ കൃതികൾ, ക്ഷേത്ര പ്രതിഷ്ഠകൾ, അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങൾ, സംഘടനകൾ, ഏർപ്പെടുത്തിയ വ്യവസ്ഥകൾ, പ്രവർത്തനങ്ങൾ, കൃതികൾ ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രചിച്ച “ശ്രീ നാരായണധർമ്മം”എന്ന നൂതന സ്മൃതിഗ്രന്ഥം, ആധികാരികജീവചരിത്രങ്ങൾ -ഇവയെല്ലാം സത്യസന്ധമായി പഠിക്കുന്ന ആർക്കും ഗുരുധർമ്മം എന്തെന്ന് മനസിലാകും. ആർഷഗുരുപരമ്പരകൾ പ്രചരിപ്പിച്ച സനാതനധർമ്മം തന്നെയാണ് ശ്രീ നാരായണധർമ്മമെന്ന് ആരെയും ബോധ്യപ്പെടുത്താൻ കഴിയുമെന്നും ഉറപ്പുണ്ട്. അതിനാൽ മുഖ്യമന്ത്രിയുടെ ഈ ആഹ്വാനം സനാതനധർമ്മപ്രചാരണദൗത്യത്തിൽ മുന്നോട്ടു പോകാനുള്ള പ്രചോദനം ഞങ്ങൾക്ക് നൽകുന്നു.

(തുടരും)