*സനാതനധർമ്മത്തിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദനും ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജി നൽകുന്ന മറുപടി!!! – ഭാഗം 2*.
(To Read Part 1 – Click Here)
മുഖ്യമന്ത്രിയുടെ ശിവഗിരിപ്രഭാഷണത്തിലെ സ്വാഗതാർഹമായ കാര്യങ്ങൾ !
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിവഗിരി പ്രസംഗം മുഴുവൻ അബദ്ധമാണെന്ന മട്ടിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം സമ്മേളനവേദിയിലെ മുപ്പത്തിയഞ്ച് മിനുട്ട് നീണ്ടു നിന്ന അദ്ദേഹത്തിൻ്റെ ഉദ്ഘാടനപ്രസംഗം മുഴുവനും കേൾക്കുകയും പ്രസക്തഭാഗങ്ങളുടെ സംഗ്രഹം ദേശാഭിമാനിയിൽ (3/1/2025) ‘ഗുരുവിന്റെ ആശയം നവയുഗ മാനവികധർമ്മം’ എന്ന തലക്കെട്ടിൽ നൽകിയിരുന്നത് വായിക്കുകയും ചെയ്തയാളാണ് ഞാൻ. നിഷ്പക്ഷമായി പറയട്ടേ, ഈ പ്രഭാഷണത്തിൽ സ്വാഗതാർഹവും നാമെല്ലാം അംഗീകരിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്.
അതുപോലെ തന്നെ അദ്ദേഹത്തിൻ്റെ വാദങ്ങളിൽ ശക്തമായി വിയോജിക്കേണ്ടവയും ഏറെയുണ്ട്. കേരളത്തിൽ വ്യാപകമായി നിലനിൽക്കുന്ന തെറ്റിദ്ധാരണ ( or ബ്രെയിൻ വാഷിംഗ്) മൂലം സംഭവിച്ച ചില അബദ്ധങ്ങളാണിവ എന്നതാണ് യാഥാർത്ഥ്യം. വസ്തുതകൾ ചൂണ്ടിക്കാട്ടിത്തന്നെ ഈ ദുഷ്പ്രചരണസംവിധാനം തിരുത്താൻ ആവുന്നത് പോലെ ശ്രമിക്കാം.
രണ്ടും,സ്വാഗതാർഹമായതും വിയോജിപ്പുള്ളതും, പ്രത്യേകം എഴുതുന്നു.
സ്വാഗതം ചെയ്യേണ്ട നിലപാടുകൾ:
(1).മതഭീകരവാദത്തെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ നിരീക്ഷണം പ്രസക്തം.
“ലോകത്തിൻ്റെ പല ഭാഗങ്ങളിലും മതത്തിൻ്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിൻ്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തു വരുന്നുണ്ട് വംശീയ വേർതിരിവുകളാലും അതിൻ്റെ അടിസ്ഥാനത്തിലുള്ള സംഘർഷത്താലും ലോകത്തിൻ്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. എല്ലായിടത്തും ചോർന്ന് പോകുന്നത് മനുഷ്യത്വമാണ്. “
തികച്ചും സത്യസന്ധമായ ഈ പ്രസ്താവനയോട് വിയോജിക്കാൻ ആർക്കാണ് കഴിയുക?.
എന്നാൽ ഏത് മതത്തിൻ്റെ പേരിലുള്ള ചിന്തകൾ ആണ് തീവ്രവാദത്തിലേക്കും, ഭീകരവാദത്തിലേയ്ക്കും ഇന്ന് മനുഷ്യനെ നയിക്കുന്നത് എന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമായിരുന്നു. ഇന്ന് നിലവിലില്ലാത്ത / ആരും പിന്തുടരാത്ത വർണാശ്രമവ്യവസ്ഥയുടെ പേരിൽ സനാതനഹിന്ദുത്വത്തെ വിമർശിക്കുകയാണല്ലോ അദ്ദേഹം.? എന്നാൽ ഇന്നത്തെ ലോകത്തിൻ്റെ യഥാർത്ഥഭീഷണി – ഫണമുയർത്തി നൃത്തം ചെയ്യുന്ന മതഭീകരവാദത്തിൻ്റെ പ്രഭവകേന്ദ്രം ഏതെല്ലാം മതങ്ങളുടെ ആശയങ്ങളാണെന്ന് സൂചിപ്പിക്കുവാനുള്ള ആർജവം കൂടി പുലർത്തണമായിരുന്നു എന്ന് അഭിപ്രായമുണ്ട്.
അതു പോലെ പാലസ്തീൻ,അഫ്ഗാനിസ്ഥാൻ, മണിപ്പൂർ എന്നീ സ്ഥലങ്ങളുടെ കൂട്ടത്തിൽ നിന്ന് ബംഗ്ളാദേശിൻ്റെ പേര് ഒഴിവാക്കിയതും ശരിയായില്ല.
(2).ആശയങ്ങളെ പരിശോധിക്കേണ്ടത് എങ്ങനെ?
“ഒരു ആശയത്തെ നമ്മൾ പിന്തുടരേണ്ടത് അത് ലോകത്തിനാകെ വെളിച്ചം പകരുകയും അത് മനുഷ്യജീവിതങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ആ ആശയം കാരണം മനുഷ്യൻ ദുഃഖിക്കാനും കഷ്ടപ്പെടാനും തുടങ്ങുന്നുവെങ്കിൽ അതിനെ സ്വാഭാവികമായും അകറ്റണം” അദ്ദേഹം പറയുന്നു.
ഒരു ആശയത്തെ വിലയിരുത്തേണ്ടത് വ്യക്തിക്കും സമാജത്തിനും അതെത്രമാത്രം പ്രയോജനകരമാണെന്ന് നിരീക്ഷിച്ചാണ്. ഇതാണ് സനാതനധർമ്മവും ദാർശനികരും മുന്നോട്ട് വയ്ക്കുന്ന പരിശോധനാരീതി. സനാതനധർമ്മത്തിലെ സത്യനിർണയമാനദണ്ഡം തന്നെ സ്വാധ്യായ സമ്പ്രദായത്തിലെ ഈ പ്രയോജനപരീക്ഷയാണ്. (അനുബന്ധചതുഷ്ടയം: വിഷയം,സംബന്ധം, പ്രയോജനം, അധികാരി).അത് തന്നെ ശ്രീ പിണറായി വിജയനും പറയുന്നു.
ഇങ്ങനെ സത്യസന്ധമായി വിലയിരുത്തിയാൽ പല മതങ്ങളേയും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളേയും അകറ്റി നിർത്തേണ്ടി വരുമെന്നത് മറ്റൊരു യാഥാർത്ഥ്യം !
(3).ശ്രീ നാരായണഗുരുവിൻ്റെ പ്രാധാന്യം , ഗുരുധർമ്മത്തിൻ്റെ സമകാലികപ്രസക്തി, ശിവഗിരി തീർത്ഥാടന മഹത്വം എന്നിവയെ ശ്രീ പിണറായി വിജയൻ അംഗീകരിക്കുന്നു.
ശ്രീ നാരായണഗുരുവിൻ്റെയും ശിവഗിരിയുടെയും ശിവഗിരി തീർത്ഥാടനത്തിൻ്റെയും പ്രസക്തിയും മഹത്വവും അംഗീകരിച്ച് തന്നെയാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് .
“കാലാതിവർത്തിയായ ഗുരുധർമ്മം ലോകത്തിന് വെളിച്ചം വീശുന്നു”
അദ്ദേഹം തുടരുന്നു.”അങ്ങനെ എത്രയെത്ര ആശയങ്ങളാണ് കാലത്തിനൊപ്പം നവീകരിക്കപ്പെടാത്തതുകൊണ്ട് വിസ്മൃതിയിൽ ആണ്ടുപോയത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം”
ശിവഗിരി തീർത്ഥാടന മഹത്വം
“ആ യുഗപ്രഭാവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീർഥാടനവും അങ്ങനെ മഹത്വമാർജിക്കുന്നു.എന്തിനുവേണ്ടിയാണ് ശിവഗിരി തീർഥാടനം.? ഗുരുവിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. ശ്രീബുദ്ധന്റെ അഷ്ടാംഗമാർഗം പോലെ എട്ടു കാര്യങ്ങൾ ഗുരുവും നിർദേശിക്കുകയുണ്ടായി.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന ,കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുമ്പോൾ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണ് ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് തന്നെ ഗുരു പറഞ്ഞു. എത്ര വലിയ ദീർഘദർശിത്വമാണ് അതിലുള്ളത് “!
മുഖ്യമന്ത്രിയുടെ ഈ വീക്ഷണങ്ങളെ വിമർശിക്കാൻ അന്ധമായ രാഷ്ടീയവിരോധം പുലർത്തുന്നവർക്ക് മാത്രമേ സാധിക്കൂ
കേരളം പിന്തുടരുന്നത് ഗുരു നിർദ്ദേശിച്ച ഈ വഴിയിൽ തന്നെയാണെന്നും അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു.
“ഈ പാതയിൽ തന്നെയാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നതെന്ന് അഭിമാനപൂർവം പറയട്ടെ. വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമാർജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ഗുരു തെളിച്ച പാതയിലൂടെ തന്നെയാണ് സംസ്ഥാനസർക്കാരും നീങ്ങുന്നത്. മനുഷ്യസ്നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം “
അതായത്, സംസ്ഥാനസർക്കാരും ഗുരു നിർദേശിച്ച മാർഗത്തിലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു!
(4).ഇ എം എസിനെ പിണറായി തിരുത്തുന്നു!
ശ്രീ പിണറായി വിജയൻ്റെ പ്രസ്താവനകൾ പഴയ സി പി എം ബുദ്ധിജീവികളുടെ നിലപാടിൽ നിന്നുള്ള പ്രകടമായ വ്യതിചലനമാണ്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര വിശാരദനായിരുന്ന ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ അഭിപ്രായം ഇവയ്ക്കെല്ലാം കടകവിരുദ്ധമായിരുന്നു.
(A)ഇ എം എസ് ശിവഗിരിയിൽ നിന്ന് വിട്ടുനിന്നു x പിണറായി ഉദ്ഘാടനത്തിനെത്തി.
ശിവഗിരി തീർത്ഥാടനവേദിയിൽ ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടനമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. എന്നാൽ സി.പി.എമ്മിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് 29 വർഷങ്ങൾക്ക് മുമ്പ് ശിവഗിരിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ പോലും തയ്യാറായിരുന്നില്ല .1995 ലെ ശിവഗിരി സമ്മേളനത്തിലേക്ക് മഠം അധികൃതര്‍ ഇ.എം.എസ്സിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നതും, അതില്‍ പങ്കെടുക്കുന്നതും കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകന്മാരും ഒരു ബഹുമതിയായി കണക്കാക്കുമ്പോഴാണ് അദ്ദേഹം ബോധപൂർവ്വം ഈ ചടങ്ങ് ഒഴിവാക്കിയത്.
(B) ഗുരുദേവന് പ്രസക്തിയില്ലെന്നും തീർത്ഥാടനത്തോട് യോജിപ്പില്ലെന്നും ഇ എം എസ് x എന്നാൽ ഗുരുദേവൻ്റേയും ശിവഗിരിതീർത്ഥാടനത്തിൻ്റെയും പ്രസക്തിയും മഹത്വവും പിണറായി ചൂണ്ടിക്കാട്ടുന്നു.
ശിവഗിരിയുടെ ക്ഷണം സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന് വിശദീകരിച്ച് ഇ.എം.എസ് “ദേശാഭിമാനി വാരികയിൽ “ എഴുതി: ”അദ്ദേഹത്തിന്റെ (ശ്രീനാരായണ ഗുരുദേവന്റെ) സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും, കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് ശ്രീനാരായണന്‍ വഴികാട്ടുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുകയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീര്‍ത്ഥാടന പരിപാടികളുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുടെ മുന്നില്‍ എന്നെപ്പോലുള്ളവര്‍ വരുന്നത് അവിവേകമായിരിക്കും” (ദേശാഭിമാനി വാരിക, 1995 ജനുവരി 15-21 ”)
ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന നിലപാടോ കേരളപുരോഗതിയ്ക്ക് അദ്ദേഹത്തിൻ്റെ ആശയങ്ങൾ സംഭാവന നൽകുന്നുവെന്ന വീക്ഷണമോ തനിക്കില്ലെന്ന് കേരളം കണ്ട എക്കാലത്തെയും മികച്ച മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര വിദഗ്ധനായ ഇ എം എസ് 1995 ൽ തുറന്ന് പ്രഖ്യാപിച്ചു. എന്നാൽ 30 വർഷത്തിനുള്ളിൽ പിണറായി ഈ നിലപാടുകളെല്ലാം തിരുത്തുന്നു.ഗുരുദേവസമാധിശതാബ്ദിയോട് (2028) അടുക്കുന്ന ഈ ആധുനിക കാലഘട്ടത്തിലും സമൂഹത്തെ മാത്രമല്ല, സർക്കാരിനേയും ശ്രീനാരായണഗുരു വഴികാട്ടുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുന്നു.
ദേശാഭിമാനി ദിനപ്പത്രം , ദേശാഭിമാനി വാരിക, ചിന്ത വാരിക എന്നിവയിലാണ് ഇ എം എസിൻ്റെ ഇക്കാര്യത്തിലുള്ള വീക്ഷണങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോൾ ദേശാഭിമാനി ദിനപ്പത്രത്തിൻ്റെ മുഖപ്രസംഗത്തിൻ്റെ തലക്കെട്ട് തന്നെ (3/1/2025) “ജാതി -മത ഭേദങ്ങളില്ലാത്ത കാലാതീതമായ ഗുരുദർശനം” എന്നാണ്. ഗുരുധർമ്മത്തെ പ്രകീർത്തിക്കുന്ന ലേഖനങ്ങളാണ് ഇപ്പോൾ ഈ പ്രസിദ്ധീകരണങ്ങളിൽ നൽകുന്നത് !
ഇത് ശുഭോദർക്കമാണ്. മൂന്നു ദശകത്തിനുള്ളിൽ ഇഎംഎസിൽ നിന്ന് പിണറായി വിജയനിലേക്ക് എത്തുമ്പോൾ മുൻകാല രാഷ്ട്രീയ നിലപാടുകൾ / അബദ്ധങ്ങൾ തിരുത്തപ്പെടുന്നത് സ്വാഗതം ചെയ്യേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ പ്രഭാഷണവിവാദങ്ങൾക്കിടെ ഈ മാനസികപരിവർത്തനങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ??
(5). കേരളം കേരളമായത് പിന്നിലും ഗുരുധർമ്മമെന്നും പിണറായി!
“ഗുരു ജീവിച്ച് മനുഷ്യത്വം പടർത്തിയ മണ്ണാണിവിടെയുള്ളത് എന്നത് കൊണ്ടാണ് കേരളത്തിൽ വംശീയ വിദ്വേഷം ഭീകരമായ തോതിൽ ആളിപ്പടരാതിരിക്കുന്നത് “ എന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
ചില രാഷ്ട്രീയക്കാർ എപ്പോഴും അവകാശപ്പെടാറുള്ളത് തങ്ങൾ ഇവിടെ ശക്തമായതുകൊണ്ടാണ് “കേരളം കേരളമായി നിലനിൽക്കുന്നത് ” എന്നാണ്. എന്നാൽ നാരായണഗുരുവിൻ്റെ ആശയങ്ങളാണിതിൻ്റെ പിന്നിൽ എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. ഇതും സ്വാഗതാർഹമായ കാര്യമല്ലേ?
(6). “ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളിൽ പ്രതിഷ്ഠിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിൽ കവിഞ്ഞ ഗുരുനിന്ദയുണ്ടാകാനില്ല. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. അതുണ്ടായിക്കൂടാ” പിണറായി ഓർമ്മിപ്പിക്കുന്നു.
നാരായണഗുരുവിനെയും ഗുരുധർമ്മത്തേയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഞങ്ങൾ ഗൗരവമായി എടുക്കുന്നു. അതുകൊണ്ട് കൂടിയാണ് ഈ ലേഖന പരമ്പര എഴുതുന്നത്.
(തുടരും)