Skip to content

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ എന്നിവരറിയാൻ!

  • by

കഴിഞ്ഞ ദിവസം വർക്കല ശിവഗിരിമഠം വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ “ശ്രീനാരായണഗുരു സനാതനധർമ്മത്തിൻ്റെ വക്താവോ പ്രയോക്താവോ അല്ല. അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം ശ്രദ്ധിച്ചു.

തൊട്ടു പിന്നാലെ “സനാതനധർമ്മം വർണാശ്രമവ്യവസ്ഥ മാത്രമാണ്, അത് ഈ കാലഘട്ടത്തിൻ്റെ തന്നെ അശ്ലീലമാണ് “ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവിച്ചു.

സനാതനധർമ്മത്തെക്കുറിച്ചും ശ്രീ നാരായണഗുരുവിനെക്കുറിച്ചുമുള്ള ആരോഗ്യകരമായ സംവാദങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതിന് മുമ്പ് ചില ചോദ്യങ്ങൾ വിനയത്തോടെ ചോദിക്കട്ടെ!

(1) ഭാരതത്തിൽ (കേരളത്തിലും) ബഹുഭൂരിപക്ഷം പേർ ഹിന്ദുക്കളാണ്. ഹിന്ദുധർമ്മത്തിൻ്റെ യഥാർത്ഥ പേരാണ് സനാതനധർമ്മം എന്നത് എല്ലാവർക്കും ബോധ്യമുള്ള കാര്യവുമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രമുഖ വ്യക്തികൾ ഈ പേരിനെ ഇത്ര നികൃഷ്ടമായ രീതിയിൽ പരാമർശിക്കുന്നത് ധാർമ്മികമായി ശരിയാണോ?

ഭൂരിപക്ഷം ഹിന്ദുക്കളും വോട്ടു ചെയ്ത് അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെൻ്റിൻ്റെ തലവനാണ് ഇങ്ങനെ പറയുന്നത് എന്നോർമ്മിക്കുക. എൽ ഡി എഫിന് വോട്ട് ചെയ്തവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അവർ ഏറെയും ഹിന്ദുധർമ്മവിശ്വാസികളുമാണ്.

സർക്കാർ ഭൂമിയിൽ നാട്ടിയ കുരിശ് ജില്ലാ കളക്ടർ നീക്കിയപ്പോൾ അങ്ങ് മുമ്പ് പറഞ്ഞത് “കുരിശ് ക്രിസ്തുമതത്തിൻ്റെ പ്രതീകമാണ്. അത് നീക്കം ചെയ്യുമ്പോൾ വിശ്വാസികൾക്ക് ഉണ്ടാകുന്ന വിഷമം കണക്കാക്കേണ്ടതായിരുന്നു “ എന്നാണ്. സനാതനധർമ്മം എന്തോ മോശമാണെന്ന മട്ടിൽ പരാമർശിക്കുമ്പോൾ സാധാരണ ഹിന്ദുക്കൾക്കുണ്ടാകുന്ന വേദന അങ്ങ് എന്താണ് കാര്യമാക്കാത്തത്.?!

അങ്ങ് ഇവിടുത്തെ ഹിന്ദുക്കളുടെയും കൂടി മുഖ്യമന്ത്രിയല്ലേ?ഹിന്ദുക്കൾ എല്ലാവരും സംഘപരിവാർ സംഘടനകളിൽപ്പെടുന്നവരാണോ?

ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സനാതനധർമ്മത്തെ അശ്ലീലമെന്ന് പരസ്യമായി വിമർശിക്കുന്നു. ഈ വിഭാഗത്തെ ഇങ്ങനെ അവഹേളിക്കുന്നതിൽ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ടീയ നേതാവും യാതൊരു തെറ്റും അപകടവും കാണുന്നില്ലേ? അതോ, എന്ത് പറഞ്ഞാലും ചെയ്താലും പ്രതികരിക്കാത്ത ഒരു ജനതയായി നിങ്ങൾ ഹിന്ദുക്കളെ തരംതാഴ്ത്തി വിലയിരുത്തുന്നുവോ? ഉടൻ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അസംബ്ലി ഇലക്ഷനിലും ഹിന്ദുക്കളുൾപ്പെടുന്ന വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ചോദിക്കേണ്ടതാണെന്ന തിരിച്ചറിവ് പോലും സനാതനധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയ്ക്ക് നഷ്ടപ്പെട്ടോ?

(2) ഇത്തരം പരിഹാസങ്ങൾ എന്ത് പ്രയോജനമാണ് പാർട്ടിയ്ക്കും സർക്കാരിനും ഉണ്ടാക്കുക.? അഥവാ ഇതെല്ലാം ആരെ സന്തോഷിപ്പിക്കാനാണ്?

(3) ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ മാത്രം മതവിശ്വാസങ്ങളെ പരിഹസിക്കുന്നത് ശരിയാണോ? ഇതര മതങ്ങളെയും അവരുടെ വിശ്വാസങ്ങളെ സംബന്ധിച്ചും ഇതുപോലെ പറയാൻ എന്നെങ്കിലും നിങ്ങൾ ധൈര്യം കാട്ടുമോ?

എന്നാൽ ഇക്കാര്യത്തിൽ സംവാദം വേണമെന്ന നിലപാട് സ്വാഗതം ചെയ്യുന്നു.

sreenarayanaguru-sanathana-dharma

(1) ശ്രീ നാരായണഗുരുവിൻ്റെ ആശയങ്ങൾക്ക് സനാതനധർമ്മവുമായി ബന്ധമില്ല,

(2) സനാതനധർമം വർണാശ്രമധർമ്മമാണ്

തുടങ്ങിയ വിമർശനങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്ന് സമ്മതിക്കുന്നു. അതിലേക്ക് വരാം.

1) ശ്രീ നാരായണ ഗുരുവിൻ്റെ ആശയങ്ങൾക്ക് സനാതനധർമ്മവുമായി ബന്ധമില്ലേ?

ജീവിതവും ആശയങ്ങളും പരിശോധിച്ചാണ് ഒരു വ്യക്തിയെ വിലയിരുത്തേണ്ടത്.

ഗുരുദേവൻ്റെ ക്ഷേത്രപ്രതിഷ്ഠകൾ, എഴുതിയ കൃതികൾ, അദ്ദേഹം ഏർപ്പെടുത്തിയ വ്യവസ്ഥകൾ, സ്ഥാപിച്ച സംഘടനകൾ – ഇതെല്ലാം പരിശോധിച്ചാൽ ആർക്കും സനാതനധർമ്മ സന്ദേശം തന്നെയാണ് അദ്ദേഹം പ്രചരിപ്പിച്ചിരുന്നത് എന്ന് വ്യക്തമാകും. ആ ദർശനം അനുസരിച്ച് ജീവിതോപാസന ചെയ്ത വ്യക്തി കൂടിയാണ് ശ്രീ നാരായണ ഗുരു.

പിൽക്കാലത്തുണ്ടായ മാമൂൽവാദസിദ്ധാന്തങ്ങളെ സനാതനധർമ്മമെന്ന് തെറ്റിദ്ധരിച്ചതാണ് ഇവിടെ മുഖ്യമന്ത്രിയ്ക്കും പാർട്ടി സെക്രട്ടറിക്കും പിഴവ് പറ്റാനിടയാക്കിയത്. അത് അവരുടെ വ്യക്തിപരമായ കുഴപ്പമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണയോ ബോധപൂർവ്വമായ ദുഷ്പ്രചരണമോ ഇവിടെ ശക്തമായി നിലനിൽക്കുന്നുണ്ട്. ധാരാളം പേർ ഈ ബ്രെയിൻ വാഷിംഗിൽപ്പെട്ടിട്ടുമുണ്ട്.

എന്നാൽ ശ്രീനാരായണ ഗുരുവിന് “സനാതനധർമ്മം” എന്നത് പരിശുദ്ധമായ ഒരു പദവും ഉന്നതമായ ഒരു ആശയവുമായിരുന്നു. സനാതനൻ എന്ന പരമേശ്വരൻ്റെ പര്യായവും സർവ്വേശ്വരൻ നൽകിയ ധർമ്മം എന്നർത്ഥത്തിലുള്ള സനാതനധർമ്മപദവും അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു.

അതിനുള്ള വ്യക്തമായ തെളിവാണ് ഗുരുദേവൻ പള്ളാത്തുരുത്തി എസ് എൻ ഡി പി സമ്മേളനത്തിനയച്ച അന്ത്യ സന്ദേശം.

“സനാതനധർമ്മത്തിലേയ്ക്ക് വരൂ”- ശ്രീ നാരായണഗുരുദേവൻ

മതം മാറണമെന്നുള്ളവർ എല്ലാവരേയും ഒന്നായിക്കാണുന്ന സനാതനധർമ്മത്തിലേയ്ക്ക് മതം മാറാനാണ് പള്ളാത്തുരുത്തി എസ് എൻ ഡി പി സമ്മേളനത്തിനയച്ച തൻ്റെ അവസാനസന്ദേശത്തിൽ ശ്രീനാരായണഗുരു ഉദ്ബോധിപ്പിച്ചത്.

എല്ലാവരേയും ഒന്നായിക്കാണുന്ന ദർശനമാണ് സനാതനധർമ്മമെന്ന് ശ്രീനാരായണഗുരുദേവന് ബോധ്യമായിരുന്നു എന്നർത്ഥം. മാത്രമല്ല, താനടക്കമുള്ള ഗുരുപരമ്പരകളുടേതാണ് സനാതനധർമ്മമെന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയലേശമുണ്ടായിരുന്നില്ല. അതാണ് “സനാതനധർമ്മത്തിലേയ്ക്ക് വരൂ” എന്ന സന്ദേശം നൽകാൻ ഗുരുദേവനെ പ്രേരിപ്പിച്ചത്.

മതപരിവർത്തനവുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗം കാര്യമായ ആലോചനകൾ നടത്തുന്ന കാലം. ഇതിനെക്കൂടി പരാമർശിച്ച് 1926-ൽ കൂടിയ SNDP യോഗം വാർഷിക സമ്മേളനത്തിനു ഗുരുദേവൻ എഴുതി അയച്ച സംഘടനാസന്ദേശം ഇങ്ങനെയായിരുന്നു. (ഗുരുദേവൻ്റെ അവസാന സന്ദേശം പള്ളാത്തുരുത്തി)

“സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെക്കുറിച്ചും നിങ്ങൾ ഗൗരവമായി ചില ആലോചനകൾ ചെയ്തു വരുന്നുണ്ടെന്ന് അറിയുന്നതിൽ നമുക്കു വളരെ സന്തോഷമുണ്ട്. എന്നാൽ സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേകവർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്. മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും മത സംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഉത്തമമായ ഒരാദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ എന്ന സനാതനധർമം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധർമത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു നമുക്കു തോന്നുന്നു. മതപരിവർത്തനം

കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിശ്വസിക്കുന്നവർക്ക് “സനാതനധർമം” മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ് “.

(കുമാരനാശാൻ എഴുതിയ ജീവചരിത്രത്തിൽ സ്വാമി ആർഷജ്ഞാനാനന്ദ എഴുതിച്ചേർത്ത ഭാഗത്തു നിന്ന്.)

മൂർക്കോത്ത് കുമാരൻ രചിച്ച ജീവചരിത്രം – “പരിശുദ്ധ ഹിന്ദുമതത്തിൻ്റെ ഒരു വിശിഷ്ട സന്താനമായ ശ്രീ നാരായണഗുരുസ്വാമി” (പേജ് 79) എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

To know more about Aarsha Vidya Samajam, please visit: www.arshaworld.org

(തുടരും)