"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ ഒമ്പതാം ഭാഗം.
ഒമ്പതാം ഭാഗം:
“ഏകമാനവദർശനവും ഏകലോകദർശനവും “
സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനത്തിലെ അവിഭാജ്യഘടകങ്ങളാണ് ഏകേശ്വരദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വാന്തര്യാമിതത്വം എന്നിവ. ഇവ അടിസ്ഥാനദർശനങ്ങളാണ്. ഈ തത്വങ്ങൾ ഒഴിവാക്കിയാൽ സനാതനധർമ്മമില്ല എന്നർത്ഥം. ഇവ മുന്നോട്ട് വയ്ക്കുന്ന ജീവിതവീക്ഷണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് മനസിലാക്കാം.
1. മനുഷ്യരെല്ലാം ഒന്ന്.
2. മനുഷ്യൻ മാത്രമല്ല ജീവികളിൽ പോലും ഈശ്വരചൈതന്യം – സർവ്വാന്തര്യാമിയായി (ആത്മാവ്) അടിസ്ഥാന തലത്തിൽ കുടികൊള്ളുന്നു.
3. പ്രപഞ്ചം പോലും ഈശ്വരീയശക്തിയുടെ പ്രകടനം, അവയിലും സർവ്വവ്യാപിയായി (ബ്രഹ്മം) ഈശ്വരൻ ആത്യന്തികമായി നിറഞ്ഞിരിക്കുന്നു.
1. മനുഷ്യരെല്ലാം ഒന്ന് :
മാനവരെല്ലാം ഒരേ ഗോത്രം (കുലം) ആണെന്ന് സനാതനധർമ്മം പ്രഖ്യാപിക്കുന്നു. മനുഷ്യർ കശ്യപകുലത്തിൽ ഉൾപ്പെടുന്നു എന്ന രീതിയിലാണ് വൈദിക-താന്ത്രിക പദ്ധതികളിൽ സാധനാസങ്കല്പം ചെയ്യുന്നത്. അതായത് മനുഷ്യരിൽ തന്നെയുള്ള സ്വഭാവികമായ ലിംഗ-പ്രായ വ്യത്യാസങ്ങളോ, മനുഷ്യനുണ്ടാക്കിയ മത-ജാതി വർഗ-വർണ ദേശ-ഭാഷാ- ഭേദങ്ങളോ സനാതനധർമ്മം അംഗീകരിക്കുന്നില്ല.
ഈശ്വരനും ഗുരുതത്വവും ചണ്ഡാളനിലും ഉണ്ടെന്ന് മാമൂൽവാദികളെ ബോധ്യപ്പെടുത്തുവാൻ ശ്രീമദ്ശങ്കരാചാര്യർ, തൻ്റെ “മനീഷാപഞ്ചകം” എന്ന കൃതിയിലൂടെ ശ്രമിച്ചു. തന്നെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടാണ് അദ്ദേഹം അത് നിർവ്വഹിച്ചത്. സമൂഹത്തിൽ അന്നു നിലനിന്നിരുന്ന ബ്രാഹ്മണ-ചണ്ഡാള വിഭജനം വേദാന്തശാസ്ത്രപ്രകാരം ശരിയല്ല എന്നും എല്ലാവരും ഒരേ ബ്രഹ്മതത്വത്തിൻ്റെ വിവിധ ആവിഷ്കാരങ്ങളാണെന്നും അദ്ദേഹത്തിൻ്റെ കൃതികൾ പ്രഖ്യാപിക്കുന്നു. വേദം സമസ്തജീവികളേയും തുല്യമായിക്കാണുന്നുവെന്നും, വേദപഠനത്തിന് എല്ലാ മനുഷ്യർക്കും അധികാരമുണ്ടെന്നും ചട്ടമ്പിസ്വാമികൾ “വേദാധികാര നിരൂപണം” എന്ന സുപ്രസിദ്ധഗ്രന്ഥത്തിൽ പ്രമാണസഹിതം വ്യക്തമാക്കിയിട്ടുണ്ട്.
മത-ജാതി-വർഗ-വർണ-ലിംഗ-ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാവർക്കുമുള്ളതാണ് സനാതനധർമ്മം. അതിൻ്റെ ഒരു പര്യായം തന്നെ മാനവധർമ്മശാസ്ത്രം എന്നാണ്.
ഏകമാനവവീക്ഷണവും ഏകലോകവീക്ഷണവും:-
ഒരു ജാതി, ഒരു മതം, ഒരു മനുഷ്യൻ എന്നത് സനാതനധർമ്മത്തിലെ സിദ്ധദർശനം ആയിരുന്നു.
വിവിധ നാമരൂപങ്ങളിൽ വർണ്ണിക്കുന്ന ഒരേ ഒരു ഈശ്വരനെയുള്ളൂ.
ഈശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ നൽകിയ മാനവധർമ്മശാസ്ത്രം അഥവാ സനാതനധർമ്മം ആണ് ‘ഒരേ ഒരു മതം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘ഒരേ ഒരു ജാതി’ എന്നു പറഞ്ഞാൽ അത് മാനവജാതി എന്നർത്ഥം.
1. മാതാ ച പാർവ്വതീദേവീ.
പിതാ ദേവോ മഹേശ്വരാ
ബാന്ധവാ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം – ശ്രീ ശങ്കരാചാര്യർ – (പരമേശ്വരൻ്റെ മാതൃപിതൃ ഭാവങ്ങളായ മഹേശ്വരനും പരാശക്തിയും എൻ്റെ മാതാപിതാക്കളും ലോകമെങ്ങുമുള്ള ഈശ്വരഭക്തർ ബന്ധുക്കളും സ്ഥൂല-സൂക്ഷ്മ-കാരണ ലോകങ്ങളടങ്ങുന്ന വിശ്വം എൻ്റെ സ്വദേശവുമാണ്)
2. ഒൻ്റേ കുലം ഒരു വാത ദൈവം – തിരുമൂലർ
(ഒരേ ഒരു ഈശ്വരൻ, ഒരേ ഒരു മാനവകുലം)
3. ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മൊഴി ഒരു ഗോത്രം മനുഷ്യന് – അയ്യാ വൈകുണ്ഠസ്വാമികൾ
4. തൈക്കാട് അയ്യാവ് എന്ന മഹാത്മാവ് ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും ഗുരുവായിരുന്നു. അദ്ദേഹം പറഞ്ഞത് “ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താൻ, ഒരേ ഒരു ജാതി താൻ, ഒരേ ഒരു കടവുൾ താൻ” എന്നാണ്
5. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് – ശ്രീനാരായണ ഗുരു.
ഏകലോകവീക്ഷണം – തെളിവുകൾ
1. മാതാഭൂമിഃ പുത്രോഅഹം പൃഥിവ്യാഃ (അഥർവ്വവേദം 12.1.12)
(ഈ ഭൂമി നമ്മുടെ മാതാവാണ്. ഞാൻ ഈ പൃഥ്വിയുടെ പുത്രനാണ്.)
2. വസുധൈവ കുടുംബകം (ലോകമേ തറവാട്)
3. കൃണ്വന്തോ വിശ്വമാര്യം – (ഋഗ്വേദം 9:63:5) ലോകത്തെ ശ്രേഷ്ഠമാക്കുക.
4. ഓം ആനോ ഭദ്രാ:
ക്രതവോ യന്തു വിശ്വതഃ (യജുർവേദം 25.14)
എല്ലായിടത്തുനിന്നും ഭദ്രമായ ആശയങ്ങൾ ഞങ്ങളിലേക്ക് വന്നെത്തട്ടെ.
5. യത്ര വിശ്വം ഭവത്യൈക നീഡം – ലോകം മുഴുവൻ ഒരു കിളിക്കൂട് പോലെ ഒന്നാകട്ടെ (യജുർവേദം 32/8)
ലോകം മുഴുവൻ ഒന്നായിക്കാണണമെന്ന് പറഞ്ഞ ദർശനമാണ് സനാതനധർമ്മം! കടൽ കടക്കുന്നവർക്ക് ഭ്രഷ്ട് കൽപിക്കണമെന്നു ശഠിച്ച വികൃതാശയക്കാരായ അട്ടിമറിക്കാരുടെ സ്ഥാനം എവിടെയാണെന്ന് സദയം ചിന്തിക്കൂ.
ഏകലോകവീക്ഷണം, ഏകമാനവസിദ്ധാന്തം എന്നിവയെല്ലാം ലോകത്തിൽ ആദ്യമായി അവതരിപ്പിച്ചത് സനാതനധർമ്മമാണ്. ഇതിനെയെല്ലാം തകർക്കാൻ ശ്രമിച്ചത് ജാതി-മാമൂൽ വാദികളാണ്. മനുഷ്യനിൽ മാത്രമല്ല സർവ്വ ചരാചരങ്ങളിലും അടിസ്ഥാനതലത്തിൽ ഈശ്വരൻ കുടികൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച സനാതനധർമ്മം! മനുഷ്യനെ പല വിഭാഗങ്ങളായി തരം തിരിച്ച് വിവേചനം പുലർത്തിയ ജാതിമൗലികവാദം! ഈ ആശയങ്ങൾ തമ്മിലെങ്ങനെയാണ് സാമ്യം ഉണ്ടാകുക?!(തുടരും)