"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.
സനാതനധർമ്മത്തെ “വർണ്ണാശ്രമധർമ്മ”ങ്ങളുമായി ബന്ധപ്പെടുത്തി വിമർശിക്കുന്നതിൽ എം എം അക്ബറെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഈ അഭിപ്രായങ്ങളുയർത്തുന്ന ധാരാളമാളുകളുണ്ട്. അവർക്കാണ് കേരളത്തിൽ ഇന്ന് ഭൂരിപക്ഷമെന്നു തോന്നുന്നു. “ഹിന്ദുധർമ്മത്തിൻ്റെ ദുഷിച്ച് നാറിയ വർണാശ്രമധർമ്മവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം” ചാനൽ മുറികളിലെ പലരുടെയും വാദങ്ങളുടെ ചുരുക്കം ഇതാണ്.
ഇപ്പോൾ ഇല്ലാത്തതും, നേരത്തെ നിലനിന്നിരുന്നതുമായ വർണവ്യവസ്ഥ, ആശ്രമവ്യവസ്ഥ എന്നീ രണ്ട് സാമൂഹ്യഘടനാസമ്പ്രദായങ്ങളെപ്പറ്റിയാണ് വിമർശനങ്ങൾ.
ആശ്രമവ്യവസ്ഥയെന്തെന്ന് ചുരുക്കത്തിൽ വിശദീകരിയ്ക്കാം.
യൗവനത്തിൽ തുടങ്ങി ഏതാണ്ട് മധ്യായുസ് വരെയുള്ള (25 വയസ് മുതൽ ഏതാണ്ട് 50 – 60 വയസു വരെ) സന്ദർഭത്തിലാണ് ഗൃഹസ്ഥാശ്രമം സ്വീകരിക്കേണ്ടത്. ഉപജീവനമാർഗം തേടുക, വിവാഹിതനാകുക, സന്താനപരിപാലനം, അച്ഛനുമമ്മയുൾപ്പെടുന്ന കുടുംബത്തെ മാത്രമല്ല സമാജത്തേയും, തന്നെ ആശ്രയിച്ച് കഴിയുന്ന ജീവജാലങ്ങളേയും രക്ഷിയ്ക്കുക എന്നിവയാണ് ഗൃഹസ്ഥൻ്റെ മുഖ്യധർമ്മങ്ങൾ. എല്ലാ ആശ്രമങ്ങളേയും നിലനിർത്തുന്നത് ഗൃഹസ്ഥനാണ്.
വാർദ്ധക്യാവസ്ഥയിലുള്ളതാണ് ‘ആശ്രമസന്യാസം’. ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞോ ബ്രഹ്മചര്യാശ്രമത്തിൽ നിന്ന് നേരിട്ടോ സന്യാസത്തിലേയ്ക്ക് പ്രവേശിയ്ക്കാം. ആത്മാന്വേഷണം എല്ലാക്കാലവും വേണ്ടതാണ്. എങ്കിലും കൂടുതൽ സമയം ഈശ്വരനുമായി ചെലവഴിയ്ക്കുന്ന ആദ്ധ്യാത്മികജീവിതമാണ് ഈ നാലാം ഘട്ടത്തിൽ വേണ്ടത്. ഈശ്വരനും സനാതനധർമ്മത്തിനുമായി ജീവിതമർപ്പിക്കലാണ് സന്യാസതാല്പര്യം. എല്ലാത്തിനോടുമുള്ള ശരിയായ മനോഭാവവും ബന്ധവുമാണ് (സമ്യക് – ന്യാസം) സന്യാസം. പ്രിയപ്പെട്ടവരുടെ വിയോഗം, അവശത, മരണം തുടങ്ങിയവയെ അതിജീവിയ്ക്കാനുള്ള ഉപാധി കൂടിയാണ് ഈ വിധമുള്ള ജീവിതക്രമം.! പരലോകജീവിതത്തിനോ അടുത്തജന്മത്തിനോ ആവശ്യമായ ആദ്ധ്യാത്മികാടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട് ഇതിൽ.
വർണവ്യവസ്ഥ, ജാതി സമ്പ്രദായം എന്ത്? ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? ജാതി -മാമൂൽ വാദികൾ എങ്ങനെയാണ് സനാതനധർമ്മവിരുദ്ധരായത്? സനാതനധർമ്മത്തേയും അതിലെ ഈശ്വര – ജീവിത ദർശനങ്ങളെയും, ഗുരുപരമ്പരകളേയും അവരെങ്ങനെ അട്ടിമറിച്ചു? ഹിന്ദുജനതയെ എങ്ങനെയൊക്കെ അവർ നശിപ്പിച്ചു.? എന്നീ ചോദ്യങ്ങൾക്കുത്തരം നേടണമെങ്കിൽ നിഷ്പക്ഷമായി വസ്തുതകളെ പരിശോധിക്കണം.. “സവർണരും അവർണരും” എന്ന് വിശേഷിപ്പിക്കപ്പെട്ടവരടക്കമുള്ള, സമൂഹത്തിലെ എല്ലാവരെയും ബാധിച്ചിരുന്ന ജാതി-മാമൂൽവ്യവസ്ഥയുടെ ദൂഷ്യങ്ങൾ നീക്കിയത് സനാതനധർമ്മം ഉയർത്തിപ്പിടിച്ച അദ്ധ്യാത്മികാചാര്യരാണെന്ന വാസ്തവവും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോൾ സനാതനധർമ്മദർശനങ്ങൾക്കും ധർമ്മാചാര്യന്മാർക്കും ഹിന്ദു ജനതയ്ക്കും വിരുദ്ധരായ ജാതി-മാമൂൽവാദസിദ്ധാന്തങ്ങളെ “സനാതനധർമ്മത്തിൻ്റെ തലയിൽ കെട്ടി വയ്ക്കുന്ന ” നീചശ്രമങ്ങൾക്ക് പിന്നിലുള്ളതെന്തെന്നും തിരിച്ചറിയണം. ഇവയെല്ലാം വ്യക്തമാക്കുന്ന തെളിവുകൾ നൽകി അടുത്ത ലേഖനങ്ങളിൽ വിശദീകരിയ്ക്കാം. ദയവായി തുടർച്ചയായി വായിക്കുക, ക്ഷമയോടെ കാത്തിരിക്കുക! (തുടരും)