Skip to content

സനാതനധർമ്മം – 2

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു.
 ഒന്നാം ഭാഗം:
“വളച്ചൊടിക്കൽ, ദുർവ്യാഖ്യാനങ്ങൾ, ബ്രെയിൻ വാഷിംഗ് “സർവ്വത്ര!

2017 ലെ സംഭവമാണ്. ഇസ്ലാംമതം സ്വീകരിച്ച് ‘ആയിഷ’യായി മാറിയ ആതിര എന്ന കാസർകോട് ഉദുമ സ്വദേശിനി, ആർഷവിദ്യാസമാജത്തിലെ ക്ലാസുകളുടെ ഫലമായി സനാതനധർമ്മം സ്വീകരിച്ച് ‘ആതിരയായി ‘ മടങ്ങിയെത്തിയ സന്ദർഭം. വീടുപേക്ഷിക്കുന്നതിന് മുമ്പ് തൻ്റെ അച്ഛനമ്മമാരെക്കൂടി ഇസ്ലാമിലേയ്ക്ക് ക്ഷണിച്ച് ആ യുവതി എഴുതിയ കത്ത് വെറൊരു വ്യക്തിയുടെ ശബ്ദം നൽകി ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയുണ്ട്. “നിച്ച് ഓഫ് ട്രൂത്ത് ” എന്നാണ് പേര്. അതിൻ്റെ സ്ഥാപകൻ എം എം അക്ബറുടെ നേരെ പൊതുവേദിയിൽ ഒരു ചോദ്യം ഉയരുന്നു. ആ സംശയവും അക്ബർ നൽകിയ ഉത്തരവും “ആതിര മനസ്സിലാക്കിയ സനാതനധർമ്മം” എന്ന തലക്കെട്ടിൽ MM Akbar -ൻ്റെ YouTube ചാനലിൽ ഇന്നും കാണാം. ഈ ചോദ്യോത്തരത്തിലെ പ്രസക്തഭാഗങ്ങൾ ഇവിടെ എഴുതുന്നു

ചോദ്യം : “ഇസ്ലാം സഹിഷ്ണുതയുടെ മതമാണെന്ന് മനസ്സിലാക്കിയ ഒരു സഹോദരി ആതിര, 22 പേരുള്ള ഒരു ലെറ്റർ എഴുതി വെച്ച് ഇസ്ലാം പഠിക്കാനായി പോകുന്നു. പിന്നീട് ആർഷവിദ്യാസമാജത്തിലെ 22 ദിവസത്തെ വാസത്തിനു ശേഷം ഇസ്ലാമിനെ ഇത്രയും ആഴത്തിൽ പഠിച്ചു മനസ്സിലാക്കിയ ഈ സഹോദരി പറയുകയാണ്, ഇസ്ലാം തെറ്റായ മതമാണെന്ന്. ആതിര പറഞ്ഞ സനാതനധർമ്മം എന്താണെന്ന് ഒന്നു വിശദമാക്കാമോ?”
MM Akbar ( മറുപടി) : “ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ച ആതിര എന്ന സഹോദരി 22 പേജുള്ള കത്തിലൂടെ എല്ലാവരെയും അറിയിച്ച അവരുടെ ഇസ്ലാമിക വിജ്ഞാനവും ഇസ്ലാമിനോടുള്ള പ്രതിബദ്ധതയും ആ വിശ്വാസത്തിന്റെ ആഴവുമെല്ലാം മാതാപിതാക്കളെ അറിയിക്കുകയും ഇപ്പോൾ നമ്മൾ എല്ലാവരും അറിയുകയും ചെയ്ത ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുപോക്ക് അതിനുശേഷം അവർ പറയുന്ന കാര്യങ്ങളെ കുറച്ചു പറയണം എന്നാണ് സുഹൃത്ത് പറയുന്നത്. “
“ഈ ആർഷവിദ്യാസമാജത്തെക്കുറിച്ച് നമുക്കറിയാം. അവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാൽ ഒരു സാധാരണ മനുഷ്യനും താങ്ങാൻ പറ്റാത്ത പീഡനങ്ങളും മസ്തിഷ്കപ്രക്ഷാളനവും ആണ് നടക്കുന്നത്. നാല് സൈഡിൽ നിന്നും പരിശുദ്ധ ഖുർആന്റെ പരിഭാഷ വച്ച് കുട്ടികളെ അങ്ങോട്ടുമിങ്ങോട്ടും ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ച് പ്രയാസപ്പെടുത്തുന്ന രീതി. അതിന്റെ ഒരു പ്രോഡക്റ്റ് ആണ് ഇന്നത്തെ അവളുടെ സംസാരം. ആ സംസാരം നാവു കൊണ്ടുള്ളതാണ്. ഹൃദയം കൊണ്ടുള്ളതാണോ എന്ന് കാണാനിരിക്കുന്നതെ ഉള്ളൂ”………

(സനാതനധർമത്തെപ്പറ്റിയുള്ള ചോദ്യത്തിന് ആർഷവിദ്യാസമാജത്തെ കുറ്റം പറഞ്ഞ് അക്ബർ രക്ഷപ്പെടാൻ ശ്രമിക്കുന്നു! എന്നാൽ ചോദ്യം ചോദിച്ച വ്യക്തി സനാതനധർമ്മത്തെക്കുറിച്ച് സംശയം ആവർത്തിച്ചപ്പോൾ അക്ബർ പറയുന്നു.)
 
എം.എം.അക്ബർ: “സനാതനധർമ്മം എന്നു പറഞ്ഞാൽ അത് ഹൈന്ദവധർമ്മം എന്ന രൂപത്തിലാണ് അവർ പറയുന്നത്. —– ആ ധർമം വേറൊന്നുമല്ല അത് ” വർണാശ്രമവ്യവസ്ഥ “യാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ “വർണാശ്രമ വ്യവസ്ഥ “യെ അംഗീകരിക്കുന്ന ദർശനം മാത്രമേ നിലനിന്നിട്ടുള്ളൂ. അതല്ലാത്തവരെ മുഴുവനും തകർക്കുകയാണ് ഇന്ത്യയിലെ പൗരോഹിത്യം മുഴുവൻ ചെയ്തിട്ടുള്ളത്. ഇതിന്റെയെല്ലാം കാരണം “വർണാശ്രമവ്യവസ്ഥ “യെ ചോദ്യം ചെയ്തു എന്നുള്ളതാണ്. ബ്രാഹ്മണൻ ക്ഷത്രിയനും വൈശ്യനും ശൂദ്രനും ചണ്ഡാളനുമായി മനുഷ്യനെ വിഭജിക്കുന്ന “വർണാശ്രമ വ്യവസ്ഥ “യെ ചോദ്യം ചെയ്ത ആളുകൾ ഭാരതീയ ദർശനത്തിന് അകത്തിരുന്നുകൊണ്ട് ചോദ്യം ചെയ്തയാളുകൾ അവരെ നിഷ്ക്കാസനം ചെയ്യുകയും തകർക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അതേസമയം ദ്വൈതന്മാർക്കും അദ്വൈതന്മാർക്കും ഭാരതത്തിൽ സ്ഥാനം ഉണ്ടായിട്ടുണ്ട്. സാംഖ്യൻമാർക്കും വൈശേഷികന്മാർക്കും ഭാരതത്തിൽ സ്ഥാനം ഉണ്ടായിട്ടുണ്ട്. അവരെല്ലാവരും അടിസ്ഥാനപരമായി “വർണ്ണാശ്രമ വ്യവസ്ഥ “യെ അംഗീകരിച്ചിരുന്നു. “വർണാശ്രമ വ്യവസ്ഥ “യാണ് യഥാർത്ഥത്തിൽ ഇവർ പറയുന്ന ധർമ്മം അല്ലെങ്കിൽ സനാതന ധർമ്മം. അതല്ലാത്തതായി ഒന്നുമില്ല. അതല്ലാത്തതായി എന്ത് ധർമ്മമാണ് പറയുന്നത്.? ഇവർ പറയുന്ന സനാതന ധർമ്മം ഭാരതീയ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അവർ ഉദ്ദേശിക്കുന്നത് “വർണ്ണാശ്രമ വ്യവസ്ഥ ” തന്നെയാണ്. അവർ ആഗ്രഹിക്കുന്നത് “വർണ്ണാശ്രമ വ്യവസ്ഥ “യിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമമാണ്. അത് മറ്റൊന്നുമല്ല ചണ്ഡാളന്മാരെയും ശൂദ്രന്മാരെയും അടിച്ചമർത്തി ബ്രാഹ്മണന്മാർക്കും വൈശ്യന്മാർക്കും ക്ഷത്രിയന്മാർക്കും നാടിനെ ഭരിക്കാൻ നൽകുകയും നാടിനെ ചൂഷണം ചെയ്യാൻ നൽകുകയും ചെയ്യുക എന്ന ഏർപ്പാടിന്റെ പുതിയ രൂപഭാവങ്ങളാണ് ഇതെന്ന് നമ്മൾ അറിയണം”
( നോക്കുക സനാതനധർമ്മത്തെ വിശദീകരിക്കുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ 8 പ്രാവശ്യമാണ് “വർണാശ്രമവ്യവസ്ഥ ” കടന്നു വരുന്നത്!)

ഇന്ന് വളരെ വ്യാപകമായി നടക്കുന്ന സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിച്ചപ്പോൾ എം എം അക്ബർ പ്രയോഗിച്ച പഴയ ആ സ്ട്രോമാൻ ഫാലസിയാണ് (Straw man fallacy) എൻ്റെ ഓർമ്മയിൽ വന്നത്.

What Is The Straw Man Fallacy?

The straw man fallacy is an argument that disturbs and twists the opposition’s stance to make it convenient to rebut. The person committing the straw man fallacy gives the impression of having dealt with an argument while actually not addressing its core aspects.
When one attacks a twisted version of the opponent’s stance, they can be said to have committed a straw man fallacy. The term is said to come from the idea of an imaginary man of straw or scarecrow who is seen as a weak adversary.)
ഒരു ദർശനത്തെ അതിൻ്റെ തന്നെ ആധികാരികപ്രമാണങ്ങളിലൂടെ ഗൗരവമായി പഠിക്കുന്നതിന് പകരം, കണ്ണടച്ചെതിർക്കാനും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും തനിക്ക് എളുപ്പമാവുന്ന രീതിയിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്ത് വിമർശിക്കുക. സൗകര്യമായിടത്തേയ്ക്ക് ഗോൾ പോസ്റ്റ് മാറ്റി ഗോളടിയ്ക്കുക. ഈ ന്യായവൈകല്യ (Logical fallacy)മാണ് സ്ട്രോമാൻ ഫാലസി. ഈ “ദുർവ്യാഖ്യാനതന്ത്ര “മെന്ന പ്രാചീനതർക്കാഭാസം ആണ് ഇന്ന് സർവ്വത്ര കാണുന്നത്. ” അത് ഇതാണ്, ഇത് മാത്രമാണ്, ഇതിനെക്കുറിച്ച് തന്നെയാണ്, ഇതല്ലാതെ മറ്റൊന്നുമല്ല ” എന്നൊക്കെ പറഞ്ഞ് അടിച്ചേൽപ്പിക്കുന്ന ജഗതിയൻ കോമഡി.



സനാതനധർമ്മത്തെ വർണാശ്രമവ്യവസ്ഥയുമായി ബന്ധപ്പെടുത്തിയുള്ള ഇവരുടെയെല്ലാം വാദങ്ങൾക്ക് അടുത്ത ദിവസം മുതൽ മറുപടി നൽകാം. അതിന് മുമ്പ് ഒരു ആഖ്യാനത്തിന് (Narrative) മറുപടി നൽകേണ്ടതുണ്ട്.
അക്ബറിൻ്റെ മറ്റൊരു അഭിപ്രായം ശ്രദ്ധിച്ചുവോ? “സനാതനധർമ്മം എന്നത് ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല”! ഇതാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ! അക്ബർ മാത്രമല്ല ഹിന്ദുധർമ്മത്തെ വിമർശിക്കുന്ന സർവ്വരും ഉയർത്താറുള്ള സ്ഥിരം വാദമാണിത്.
പക്ഷേ ചരിത്രത്തിൽ ഉണ്ടായ എല്ലാ കുഴപ്പങ്ങളും സനാതനധർമ്മം മൂലമാണ് ! – അതവർക്ക് ഉറപ്പാണ് താനും! വിചിത്രമായ ന്യായങ്ങൾ !
ചില പ്രശസ്തവ്യക്തികൾ പറയുന്നത് കേൾക്കാറില്ലേ? “എന്താണ് ഹിന്ദുധർമ്മം? ഹിന്ദുധർമ്മം എന്ന ഒരു മതമേയില്ല. എന്തിനാണ് നിങ്ങൾ ഇല്ലാത്ത മതത്തിൽ അഭിമാനിക്കുന്നത്?” പക്ഷേ അവരുടെ ദൃഷ്ടിയിൽ ഹിന്ദുധർമ്മം ഇല്ലെങ്കിലും അതിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും ധാരാളമുണ്ട് ! ലോകാരംഭം മുതൽ ലോകത്തിൽ ‘ പ്രത്യേകിച്ച് ഭാരതത്തിൽ “ഉണ്ടായ കുറ്റങ്ങളെല്ലാം ” “ഇല്ലാത്ത ഹിന്ദുധർമ്മ “ത്തിൻ്റെത് തന്നെയെന്ന് നാം പ്രത്യേകം ഓർമ്മിക്കണം!
ചില രാഷ്ട്രീയക്കാർ ഇങ്ങനെ ചോദിക്കുന്നത് പതിവാണ്:
“ഇവിടെ ആരാണ് ഹിന്ദു ? “ഹിന്ദു എന്ന ഒരു വിഭാഗമേയില്ല. കേരളത്തിൽ ബ്രാഹ്മണർ, അമ്പലവാസി, നായർ, ഈഴവർ, തീയ്യർ, വിശ്വകർമ്മജർ, വെള്ളാളർ, നാടാർ,ധീവരർ, പുലയർ, പറയർ, – തുടങ്ങിയ ജാതികളുണ്ട്.
എന്നാൽ ഹിന്ദു എവിടെ “?
ചോദ്യം പ്രസക്തമാണ്. മതം രേഖപ്പെടുത്തേണ്ട കോളത്തിൽ മാത്രം ‘ഹിന്ദു’ ആയ ഹിന്ദുനാമധാരികളാണ് ഭൂരിപക്ഷവും.
എന്നാൽ ഇവിടെ ഒരു മറുചോദ്യം ഉയരുന്നു. ഇവിടെ ഹിന്ദു ഇല്ല എന്നാണല്ലോ വാദം? ശരി,സമ്മതിച്ചു. എന്നാൽ നിങ്ങൾ “ഇവിടെ ഇല്ലാത്ത ഹിന്ദുവിനെ ” നിരന്തരം പരിഹസിയ്ക്കുകയും എല്ലാ കുഴപ്പങ്ങളുടെയും മൂലകാരണമായി കരുതുകയും ചെയ്യുന്നത് എന്തിനാണ്? ഹിന്ദുക്കൾ യഥാർത്ഥത്തിൽ ‘ഇല്ലെങ്കിൽ ‘ എന്തിനാണ് അവരെ സാങ്കല്പിക ഭൂരിപക്ഷമായി ചിത്രീകരിക്കുന്നത്?! ഇസ്ലാം മതവും ക്രിസ്തുമതവും ഇല്ലെന്ന് ഏതായാലും ഇവർ പറയാനിടയില്ല. ഈ “ഉള്ള മതങ്ങളെ “- ധനവും സ്വാധീനവും ആൾബലവും വേണ്ടത്രയുള്ള സംഘടിതമതങ്ങളെ- ന്യൂനപക്ഷപദവികൾ കൊടുത്ത് സംരക്ഷിക്കുന്നത് എന്ത് ന്യായപ്രകാരമാണ്? ഇവർക്ക് ആരിൽ നിന്നാണ് സംരക്ഷണം വേണ്ടത്?! “ഇല്ലാത്ത ഹിന്ദു”വിൽ നിന്നോ? ഹിന്ദു എന്ന ഒരു മതമോ ജനതയോ തന്നെയില്ലെങ്കിൽ ചിലരെ മതേതര വിരുദ്ധമായ ന്യൂനപക്ഷാവകാശങ്ങളും സച്ചാർ കമ്മറ്റി -പാലൊളി കമ്മറ്റി ആനുകൂല്യങ്ങളും നൽകി പ്രീണിപ്പിക്കുന്നത് എന്തിന് ?! – ഈ ചോദ്യങ്ങൾക്ക് എന്നെങ്കിലും ഉത്തരം ലഭിക്കുമോയെന്നറിയില്ല. ഏതായാലും ഇവിടെ കിടക്കട്ടെ!
(തുടരും)