"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ പത്താം ഭാഗം.
പത്താം ഭാഗം:
“ഏകമാനവദർശനവും ഏകലോകദർശനവും “
ഏകലോകവീക്ഷണവും ഏകമാനവസിദ്ധാന്തവും സനാതനധർമ്മത്തിൻ്റെ അവിഭാജ്യഘടകങ്ങളായ പരമേശ്വരദർശനത്തിൻ്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുക. സനാതനധർമ്മത്തിലെ ഈശ്വരദർശനത്തിൻ്റെ പ്രധാന സവിശേഷതകളായ സർവ്വവ്യാപി- സർവ്വന്തര്യാമിദർശനങ്ങളുടെ സ്വാഭാവികമായ അനുബന്ധസിദ്ധാന്തങ്ങളായിരുന്നു, മനുഷ്യനെയും ലോകത്തെയും ഒന്നായിക്കാണുന്ന വീക്ഷണവും അവയിൽ ഒരു ഭേദവും ദർശിക്കാത്ത സമത്വചിന്താഗതിയും. ഇതെല്ലാം അട്ടിമറിച്ചവരാണ് ജാതിമാമൂൽവാദികൾ.
“ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതി വാഴ്ത്തിടുന്നു വേദം നാലും” –
ദുരവസ്ഥയിൽ കുമാരനാശാൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അന്നത്തെ ജാതിവൈരവാദികൾ ചെയ്തതോ?
“വൈദികമാനികൾ മർത്ത്യരിൽ ഭേദവും
ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു.”
ഈ വൈരുധ്യം ആർക്കും ദർശിക്കാനാവും.
മഹത്തായ ബ്രഹ്മവിദ്യയുടെ അടിസ്ഥാനസിദ്ധാന്തങ്ങൾ അട്ടിമറിച്ചതിനെക്കുറിച്ച് ആശാൻ വിലപിക്കുന്നു.
“എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
നിർണയം നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർ ഗംഗയ്ക്കുമുണ്ടായില്ല (1098 ചിങ്ങം 14)
ജാതിമാമൂൽവാദികൾ സനാതനധർമ്മസിദ്ധാന്തങ്ങളെ അട്ടിമറിച്ചവരാണെന്ന കാര്യത്തിലും ആർഷഗുരുപരമ്പരകളുടെ ദർശനമാണ് സനാതനധർമ്മം എന്ന യാഥാർത്ഥ്യത്തിലും ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവർക്ക് സംശയമൊന്നുമുണ്ടായില്ല. അതാണ് “നിങ്ങളുടെ ശിവനെയല്ല നമ്മുടെ ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത് ” എന്ന ചരിത്രപ്രസിദ്ധമായ അദ്ദേഹത്തിൻ്റെ പ്രഖ്യാപനം തെളിയിക്കുന്നത്.
അട്ടിമറികളുടെ പരമ്പര
ബദരിനാരായണൻ, പരശുരാമൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവരെല്ലാം ഉപാസിച്ച, പരാവിദ്യയിലെ (യോഗവിദ്യ, തന്ത്രവിദ്യ, വേദാന്ത -സിദ്ധാന്തവിദ്യകൾ) പരമേശ്വരനെത്തന്നെ ഇവർ വികലമാക്കുകയും പലതാക്കി പരിമിതപ്പെടുത്തി ചിത്രീകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് “നിങ്ങളുടെ ശിവനെയല്ല നമ്മുടെ ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത്” എന്ന് ശ്രീനാരായണഗുരുവിന് പറയേണ്ടി വന്നത്. ഹ്രസ്വമെങ്കിലും ഏറെ അർത്ഥഗർഭമായ ഈ സുപ്രസിദ്ധവിളംബരത്തിൽ തൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. ഇവിടെ മാമൂൽ വാദികളുടെ സങ്കല്പത്തിലുള്ള അട്ടിമറിക്കപ്പെട്ട പരമേശ്വരസങ്കല്പത്തെയാണ് ഗുരുദേവൻ നിരാകരിച്ചത്.
ജാതി-മാമൂൽവാദികൾ അബദ്ധപുരാണങ്ങളിലൂടെ ത്രിമൂർത്തികളിലൊരാളായ സംഹാരമൂർത്തിയായി മാത്രം ‘തരം താഴ്ത്തിയൊതുക്കിയ’ ദേവനല്ല, വേദോപനിഷത്തുക്കളും, ആർഷഗുരുപരമ്പരകളും, ഋഷികളെഴുതിയ ദിവ്യസ്തോത്രങ്ങളും പ്രഖ്യാപിയ്ക്കുന്ന പരമേശ്വരനായ പരമശിവസങ്കല്പം ആയിരുന്നു ശ്രീനാരായണഗുരുവിൻ്റെ കൃതികളിലും പ്രതിഷ്ഠകളിലും തെളിഞ്ഞ ശിവൻ. സനാതനധർമ്മത്തിലെ പരമേശ്വരൻ. തന്ത്രവിദ്യയിലെ 36 തത്വങ്ങളിലെ ഒന്നാം സ്ഥാനം ശിവതത്വവും രണ്ടാം സ്ഥാനം ശക്തിതത്വവുമാണ്. യോഗവിദ്യയിൽ സഹസ്രാരപത്മത്തിൽ വിരാജിക്കുന്നത് ശിവതത്വമാണ് (‘പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാനാവും ശിവശംഭോ ‘!) സിദ്ധ-വേദാന്തദർശനത്തിലും ശിവോഹപദപ്രാപ്തിയാണ് മോക്ഷം. “ആദ്യം ശിവൻ വരട്ടെ പിന്നെ ബാക്കിയെല്ലാം വരും” എന്നാണദ്ദേഹം അരുളിയത്.
പരമശിവൻ, പരാശക്തി, മഹാവിഷ്ണു, ബ്രഹ്മാവ്, തുടങ്ങിയവയെല്ലാം പരമേശ്വരൻ്റെ വിവിധ തത്വ-അനന്യ-അവ്യയഗുണ-മഹിമാനാമങ്ങളാണെന്ന സത്യം അട്ടിമറിച്ച് ഇവരെയെല്ലാം തമ്മിൽ തല്ലുന്ന രീതിയിൽ അവതരിപ്പിച്ച മഹാപാതകവും മാമൂൽവാദികളാണ് ചെയ്തത്.
പരമേശ്വരൻ്റെ വ്യത്യസ്തനാമങ്ങളും ഭാവങ്ങളുമായ പരമശിവൻ, വിഷ്ണു, ബ്രഹ്മാവ്, പരാശക്തി, ഗണപതി തുടങ്ങിയവരെ അധിക്ഷേപിക്കുവാൻ എന്തെല്ലാം വിചിത്രകഥകളാണ് മാമൂൽവാദികൾ എഴുതി വച്ചതെന്ന് ഇവിടെ എഴുതുവാൻ പ്രയാസം.
ഈശ്വരപ്രതീകങ്ങളെയും ഋഷിമാരേയും മനുഷ്യരേക്കാൾ (Subhuman) പരിമിതരാക്കിയും ചിലപ്പോൾ മൃഗത്തേക്കാൾ (Sub-animal) തരംതാഴ്ത്തിയും അസംബന്ധകഥകളും അബദ്ധകൃതികളും അവർ നിർമ്മിച്ചു. എത്രയെത്ര ബാലിശകഥകൾ ഇവിടെ ചൂണ്ടിക്കാട്ടാനാകും. വ്യാജജ്യോതിഷികളും കപടപുരോഹിതരും ഇതിന് വളമേകി. ഭൂരിപക്ഷം ജനങ്ങളിലും ഇത്തരം തെറ്റിദ്ധാരണകളും അബദ്ധകഥകളുമാണ്, ഇന്നും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് തല്പരകക്ഷികൾ ചൂഷണം ചെയ്യുന്നത്. ‘എല്ലാ മതങ്ങളും ഒരുപോലെ അബദ്ധമാണ് ‘ എന്ന് ചിന്താശക്തിയുള്ള ജനത കരുതാനുള്ള കാരണവും ഇത് തന്നെ.
മഹാദുരന്തങ്ങളിൽ നിന്ന് സമാജത്തെ
രക്ഷപെടുത്തിയത് ഋഷികളാണ്. എന്നാൽ അവർ ഉയർത്തിപ്പിടിച്ച സനാതനധർമ്മവും, അതിലെ ഈശ്വര-ജീവിതദർശനങ്ങളും എന്തെന്ന് മനസ്സിലാക്കി സ്വീകരിക്കുവാൻ സാമാന്യഹിന്ദുക്കൾ ഇനിയും ശ്രമിക്കുന്നില്ല എന്നതാണ് നമ്മുടെ ദുരവസ്ഥ! ആർഷഗുരുപരമ്പരകളാണ് സനാതനധർമ്മത്തിൻ്റെ യഥാർത്ഥ ശ്രോതസും പ്രമാണവും (Aarsha Rishis are the real custodians of our Sanathana Dharma – Sree Paramahamsa Yoganandaji)
ഇവിടെ വീണ്ടും ആദ്ധ്യാത്മിക-ദാർശനിക നവോത്ഥാന പ്രവർത്തനങ്ങൾ അത്യാവശ്യമായിരിക്കുന്നു.
“സനാതനധർമ്മത്തിലേയ്ക്ക് വരൂ”- ശ്രീ നാരായണഗുരുദേവൻ
എല്ലാവരേയും ഒന്നായിക്കാണുന്ന ദർശനമാണ് സനാതനധർമ്മമെന്ന് ശ്രീനാരായണഗുരുദേവന് ബോധ്യമായിരുന്നു. മാത്രമല്ല, താനടക്കമുള്ള ഗുരുപരമ്പരകളുടേതാണ് സനാതനധർമ്മമെന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയലേശമുണ്ടായിരുന്നില്ല. അതാണ് “സനാതനധർമ്മത്തിലേയ്ക്ക് വരൂ” എന്ന അന്ത്യസന്ദേശം നൽകാൻ ഗുരുദേവനെ പ്രേരിപ്പിച്ചത്.
മതം മാറണമെന്നുള്ളവർ എല്ലാവരേയും ഒന്നായിക്കാണുന്ന സനാതനധർമ്മത്തിലേയ്ക്ക് മതം മാറാനാണ് പള്ളാത്തുരുത്തി എസ് എൻ ഡി പി സമ്മേളനത്തിനയച്ച തൻ്റെ അവസാനസന്ദേശത്തിൽ ശ്രീനാരായണഗുരു ഉദ്ബോധനം ചെയ്തത്.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗം കാര്യമായ ആലോചനകൾ നടത്തുന്ന കാലം. ഇതിനെക്കൂടി പരാമർശിച്ച് 1926-ൽ കൂടിയ യോഗം വാർഷിക സമ്മേളനത്തിനു
ഗുരു എഴുതി അയച്ച സംഘടനാ സന്ദേശം ഇങ്ങനെയായിരുന്നു. (അവസാന സന്ദേശം പള്ളാത്തുരുത്തി)
“സമുദായസംഘടനയെപറ്റിയും മതപരിഷ്കാരത്തെക്കുറിച്ചും നിങ്ങൾ ഗൗരവമായി ചില ആലോചനകൾ ചെയ്തു വരുന്നുണ്ടെന്ന് അറിയുന്നതിൽ നമുക്കു വളരെ സന്തോഷമുണ്ട്. എന്നാൽ സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേകവർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ
സൃഷ്ടിക്കുവാനായിരിക്കരുത്. മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും മത
സംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരേയും
ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനു
വദിക്കുന്നതും സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ
ഉത്തമമായ ഒരാദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം.
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന സനാതനധർമം
അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധർമത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു നമുക്കു തോന്നുന്നു. മതപരിവർത്തനം
കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിശ്വസിക്കുന്നവർക്ക് “സനാതനധർമം” മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ് “.
(കുമാരനാശാൻ എഴുതിയ ജീവചരിത്രത്തിൽ സ്വാമി ആർഷജ്ഞാനാനന്ദ
എഴുതിച്ചേർത്ത ഭാഗത്തു നിന്ന്.)
മൂർക്കോത്ത് കുമാരൻ രചിച്ച ജീവചരിത്രം – “പരിശുദ്ധ ഹിന്ദു മതത്തിൻ്റെ ഒരു വിശിഷ്ട സന്താനമായ ശ്രീ നാരായണഗുരുസ്വാമി” (പേജ് 79) എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
(തുടരും)