Skip to content

സനാതനധർമ്മം – 1

  • by
സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "സുദർശനം" - സംവാദം ആരംഭിക്കുന്നു. ആമുഖം:
മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ച ചരിത്രാതീതകാലഘട്ടത്തിൽ, ആദിനാഥൻ (ദക്ഷിണാമൂർത്തി) എന്ന പ്രത്യക്ഷശരീരം സ്വീകരിച്ച്, ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയ്ക്ക് ലോകനന്മയ്ക്കായി നൽകിയ ദിവ്യ വിദ്യയാണ് സനാതനധർമ്മശാസ്ത്രം !
അത്രി, അനസൂയ, ആത്രേയദുർവ്വാസസ്, ദത്താത്രേയൻ, സോമാത്രേയൻ, അഗസ്ത്യമഹർഷി, നാഥസിദ്ധയോഗികൾ, ശ്രീ ശങ്കരഗുരുദേവ് ജി, ശ്രീ മഹാവതാര ബാബാജി, ശ്രീ ലാഹിരി മഹാശയ, ശ്രീയുക്തേശ്വർ ഗിരി മഹാരാജ്, ശ്രീപരമഹംസ യോഗാനന്ദ ജി, ശ്രീനിഖിലേശ്വരാനന്ദജി തുടങ്ങിയ എണ്ണമറ്റ ആർഷഗുരുപരമ്പരകളിലൂടെ ഇന്നും സജീവമായി നിൽക്കുന്ന മഹാശാസ്ത്രം!
ബദരിനാരായണൻ, ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നിവരടക്കമുള്ള യുഗാവതാരങ്ങൾ എത്തിയത് ഈ പവിത്രധർമ്മരക്ഷയ്ക്കായി!
ശ്രീ ശങ്കരാചാര്യർ, ശ്രീരാമകൃഷ്ണദേവൻ, സ്വാമി വിവേകാനന്ദൻ, രമണമഹർഷി, അരവിന്ദ മഹർഷി, സ്വാമി രാമ, ദയാനന്ദ സരസ്വതി, അയ്യാ വൈകുണ്ഠസ്വാമികൾ,തൈക്കാട് അയ്യാവു സിദ്ധർ, ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണ ഗുരു, സദാനന്ദ സ്വാമികൾ, വാഗ്ഭടാനന്ദൻ, ശിവാനന്ദ പരമഹംസർ, ബ്രഹ്മാനന്ദ ശിവയോഗി, ആഗമാനന്ദ സ്വാമികൾ, ചിന്മയാനന്ദൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മാക്കളെ ലോകത്തിന് സംഭാവന ചെയ്ത ആർഷധർമ്മം!
നൂറുകണക്കിന് ശാസ്ത്രജ്ഞർ, ദാർശനികർ, വൈജ്ഞാനികർ, കലാകാരന്മാർ, കവികൾ, സാഹിത്യകാരന്മാർ പണ്ഡിതർ, ഗവേഷകർ, മഹാത്മാക്കൾ, ധീരബലിദാനികൾ -ആയിരക്കണക്കിന് സംഭാവനകൾ ലോകത്തിന് നൽകിയ ദർശനം!
ബൗദ്ധ ജൈന സിക്ക് മത സ്ഥാപകന്മാരായ ഗൗതമസിദ്ധാർത്ഥ ബുദ്ധനും, വർദ്ധമാനമഹാവീരനും, ഗുരുനാനാക്കും ബോധോദയം നേടിയത് പോലും സനാതനധർമ്മഗുരുക്കന്മാരുടെ സാധനാസമ്പ്രദായത്തിലൂടെയാണ്.!
ഭാരതം എന്ന രാഷ്ട്രം, സംസ്കൃതി, വിജ്ഞാനങ്ങൾ, ജീവിത മൂല്യങ്ങൾ, നേട്ടങ്ങൾ എല്ലാം ഈ ആര്യധർമ്മത്തിൻ്റെ വരദാനമാണ്!
“കുടിലിലും കൊട്ടാരത്തിലും സനാതന ധർമ്മം എത്തിയ്ക്കണ”മെന്ന് ആഹ്വാനം ചെയ്തത് സ്വാമി വിവേകാനന്ദൻ!

“സനാതനധർമ്മം തന്നെയാണ് ദേശീയത “യെന്ന് അരവിന്ദ മഹർഷി ഉത്തരപ്പാറ പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു.

“മതം മാറണമെന്നുള്ളവർ മനുഷ്യരെയെല്ലാം ഒന്നായി കണക്കാക്കുന്ന സനാതന ധർമ്മത്തിലേയ്ക്ക് മതം മാറട്ടെ “യെന്നാണ് പള്ളാത്തുരുത്തിയിൽ നടന്ന എസ്എൻഡിപി സമ്മേളനത്തിന് ശ്രീനാരായണഗുരുദേവൻ അവസാനമായി നൽകിയ സന്ദേശം !
 
“കൃണ്വന്തോ വിശ്വമാര്യം” എന്ന ലക്ഷ്യം ചൂണ്ടിക്കാട്ടിയ വൈദിക ധർമ്മം!
 
“ലോകാ: സമസ്താ : സുഖിനോ ഭവന്തു ” എന്ന് ആശംസിച്ച ഹിന്ദുധർമ്മം !
 
സർവ്വേ ഭവന്തു സുഖിന:
സർവ്വേ സന്തു നിരാമയാ:
സർവ്വേ ഭദ്രാണി പശ്യന്തു
മാകശ്ചിത് ദു:ഖഭാഗ്ഭവേത്
എന്ന് പ്രാർത്ഥിക്കാനും ഈ ലക്ഷ്യ പൂർത്തീകരണങ്ങൾക്കായി കർമ്മയോഗരീതിയിൽ ജീവിക്കാനും പഠിപ്പിച്ച മാനവധർമ്മശാസ്ത്രം!
സനാതനധർമ്മ ദർശനം ഉയർത്തിപ്പിടിച്ച് മാമൂൽ വാദങ്ങൾക്കെതിരെ പൊരുതിയ മഹാന്മാരുടെ ചരിത്രം പോലും കൺമുന്നിലുണ്ടായിരിക്കെയാണ് സനാതനധർമ്മത്തെ മലേറിയ, ഡങ്കി, കൊറോണ കുഷ്ഠം എന്നിവ പോലെ ഉന്മൂലനം ചെയ്യണമെന്നു വരെ വാദിക്കുന്ന ഭരണാധികാരികൾ ഉണ്ടാകുന്നത്! അവരെ എല്ലാ വിധത്തിലും ന്യായീകരിക്കുന്ന ചില രാഷ്ട്രീയനേതാക്കളും ഒരു വിഭാഗം ചാനൽ അവതാരകരും അനുദിനം ദുഷ്പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ സന്ദർഭത്തിലാണ് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ ആർ മനോജ് ജി ഒരു സംവാദലേഖനപരമ്പരയ്ക്ക് ഏറെ തിരക്കുകൾക്കിടയിലും തുടക്കം കുറിയ്ക്കുന്നത്. എല്ലാ ലേഖനങ്ങളും സശ്രദ്ധം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ സ്വാഗതം ചെയ്യുന്നു. മാന്യമായ ഭാഷയിൽ ഉള്ള വിമർശനങ്ങൾക്കും വിയോജനങ്ങൾക്കും മറുപടി നൽകാം. ആരോഗ്യപൂർണ്ണമായ ഒരു ചർച്ചയായി ഇത് മാറട്ടെയെന്ന് ആശംസിക്കുന്നു.-
ആർഷവിദ്യാസമാജം –
സുദർശനം മിഷൻ
(സുദർശനം എന്ന പദത്തിന് നല്ല ദർശനം, ന്യായവൈകല്യങ്ങളില്ലാത്തതും ശാസ്ത്രീയവുമായ ചിന്താപ്രക്രിയയിൽ തെളിയുന്ന സത്യം എന്നൊക്കെയാണ് അർത്ഥം! നുണക്കൂമ്പാരങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന എല്ലാത്തരം ബ്രെയിൻ വാഷിംഗ് ശക്തികൾക്കുമെതിരെയുള്ള സത്യത്തിൻ്റെ ധീരപോരാട്ടമാണ് സുദർശനം! അത് ധാർമ്മികശക്തികളുടെ സമരായുധം കൂടിയാണ്. ) (തുടരും)