ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദസ്വാമിജയന്തി (ദേശീയയുവജനദിനം)!
AVS
“അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്!
അക്കാലത്ത് തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച് അറിയുന്നത്.
1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു…..!’
നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന് ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന് ആഗ്രഹിക്കുന്നവന് മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ് ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.
കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി.
ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു.
സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.”