മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക
AVS
ഹിന്ദുക്കൾ നീചരും നികൃഷ്ടരും ലോകത്തിൽ വെച്ചേറ്റവും ബീഭത്സരായ പിശാചുക്കളുമാണെന്ന് ഓരോ ക്രിസ്ത്യാനികുട്ടിയേയും കൊണ്ട് വിളിപ്പിക്കാൻ വേണ്ടുവോളം ക്രിസ്തുവിന്റെ ഈ അനുയായികളേ ഹിന്ദുക്കൾ എന്തുചെയ്തു? ഞായറാഴ്ചതോറുമുളള പള്ളിക്കൂടത്തിൽ കൂടി ഓരോ കുട്ടിയേയും പഠിപ്പിക്കുന്നത് ക്രിസ്ത്യാനിയല്ലാത്ത ഏവനെയും പ്രത്യേകിച്ച് ഹിന്ദുക്കളെ വെറുക്കാനാണ്. ഉദ്ദേശ്യം അവർ ചെറുപ്പം മുതൽക്കേ പണം മിഷനറിമാർക്ക് കൊടുക്കണമെന്നതാണ്.
സത്യത്തിനുവേണ്ടിയല്ലെങ്കിലും സ്വന്തം കുട്ടികളുടെ സദാചാരത്തിനു വേണ്ടിയെങ്കിലും ക്രിസ്ത്യൻ മിഷനറിമാർ പ്രവർത്തനങ്ങൾ അനുവദിച്ചുകൂടാത്തതാണ്. അങ്ങനെയുള്ള കുട്ടികൾ നിർദയരും നിഷ്ഠൂരരുമായ സ്ത്രീകളും പുരുഷന്മാരുമായി വളർന്നുവെങ്കിൽ അദ്ഭുതമെന്ത്? നിത്യനരകത്തിലെ യാതനകൾ, അവയുടെ സർവഭയങ്കാരിതയോടുകൂടി ഒരുപദേശിക്ക് എത്രകണ്ട് പൊക്കിക്കാണിക്കുവാൻ കഴിയുമോ അത്രകണ്ട് ഉയർന്ന സ്ഥാനമാണ് അദ്ദേഹത്തിന് പഴമക്കാർക്കിടയിൽ കിട്ടുക. പ്രബോധക പ്രസംഗങ്ങൾ എന്നിവിടെ പറയപ്പെടുന്നവ കേട്ടതിന്റെ ഫലമായി എന്റെ ഒരു സുഹൃത്തിന്റെ വേലക്കാരിയെ ഭ്രാന്താലയത്തിലേക്കയക്കേണ്ടിവന്നു. നരകത്തേയും നരകയാതനയേയും കുറിച്ചുള്ള പ്രബോധനം അവൾക്ക് ദഹിച്ചില്ല. ഹിന്ദുമതത്തിനെതിരായി മദിരാശിയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വീണ്ടും നോക്കുക, ക്രിസ്തുമതത്തിനെതിരായി ഒരു ഹിന്ദു അപ്രകാരമൊരു വരി എഴുതിപ്പോയാൽ മിഷനറിമാർ അതിനെതിരായി തീയും വാളുമെടുക്കും.
എന്റെ നാട്ടുകാരേ, ഒരു കൊല്ലത്തിലേറെ ഞാൻ ഈ നാട്ടിൽ തന്നെ പാർത്തുവരികയാണ്. ഇവിടുത്തെ സമുദായത്തിന്റെ ഏതാണ്ടെല്ലാ മൂലകളും എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഒത്തുനോക്കി ഞാൻ നിങ്ങളോട് പറയുകയാണ്, മിഷനറിമാർ ലോകത്തോട് പറയുംപോലെ നമ്മൾ പിശാചുക്കളോ, അവർ സ്വയമവകാശപ്പെടും പോലെ ദൈവദൂതന്മാരോ അല്ല. ശിശുഹത്യ, അസാന്മാർഗികത, ഹിന്ദു വിവാഹസമ്പ്രദായത്തിലെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് മിഷനറിമാർ എത്രയും കുറച്ച് സംസാരിക്കുന്നുവോ അത്രയുമവർക്കുനന്ന്. ഹിന്ദു സമുദായത്തെക്കുറിച്ച് മിഷനറിമാർ വരച്ചുകാട്ടുന്ന സങ്കല്പചിത്രങ്ങളെ വെളിച്ചമായി മാറ്റുന്ന യഥാർഥ ചിത്രങ്ങൾ ചില നാടുകൾക്ക് കാട്ടാനുണ്ടാകാം. എന്നാൽ ശമ്പളം പറ്റുന്ന നിന്ദകനാവുകയല്ല എന്റെ ജീവിതോദ്ദേശ്യം. ഹിന്ദുസമുദായം പരിപൂർണമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അതിൽ കടന്നുകൂടിയ ദോഷങ്ങളെക്കുറിച്ചും അനവധി കൊല്ലക്കാലം നീണ്ടുനിന്ന ദുരിതങ്ങളുളവാക്കിയ തിന്മകളെക്കുറിച്ചും എനിക്കുള്ളത്ര ബോധം മറ്റാർക്കുമില്ല.
വിദേശമിത്രങ്ങളേ, ആത്മാർഥമായ അനുകമ്പയോടുകൂടി സഹായിക്കാനാണ്, നശിപ്പിക്കാനല്ല നിങ്ങൾ വരുന്നതെങ്കിൽ, നിങ്ങൾക്ക് സർവവിധഭാവുകങ്ങൾ. അല്ല നെടുനീളെ വീണുകിടക്കുന്ന ഒരു ജനതയുടെ തലയിൽ ഇടതടവില്ലാതെ, സ്ഥാനത്തും അസ്ഥാനത്തും ശകാരം ചൊരിഞ്ഞ് സ്വന്തം രാഷ്ട്രത്തിന്റെ സാന്മാർഗിക മേന്മ വിജയപൂർവം സ്ഥാപിച്ചെടുക്കാനാണ് ഭാവമെങ്കിൽ, ഞാൻ നിങ്ങളോട് തുറന്നുപറയട്ടെ. ഏതു നീതിന്യായബോധത്തോടുകൂടി താരതമ്യപ്പെടുത്തിനോക്കിയാലും മറ്റെല്ലാലോകരാഷ്ട്രങ്ങളുടെയുമിടയിൽ സാന്മാർഗികജനത എന്ന നിലക്ക് ഹിന്ദു തലയെടുപ്പോടുകൂടി നില്ക്കും.”
ഞങ്ങൾ ലോകത്തിലുള്ള എല്ലാ ജനങ്ങളെയും ശപിക്കുന്നു. ദുഷിക്കുന്നു. മറ്റെന്തും പറയുന്നു. ശരിതന്നെ, എന്നാൽ ഞങ്ങളെ തൊടരുത്. ഞങ്ങൾ തൊട്ടാവാടികളാണ്.