Skip to content

ശിവരാത്രിദിന സന്ദേശം – ഭാഗം 3

  • by
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം -
ജാഗ്രത:
ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്!!

അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് നേരിട്ട് കേട്ടു പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം.(ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ ശ്രുതി എന്ന് വിശേഷിപ്പിക്കുന്നത്) വേദോപനിഷത്ഗ്രന്ഥങ്ങളും, ഇതിഹാസങ്ങളും, ദാർശനികകൃതികളും, ഋഷിമാർ രചിച്ച ദിവ്യസ്തോത്രങ്ങളുമാണ് ആധികാരികഗ്രന്ഥങ്ങൾ! ഇവയിലൊന്നും ഇത്തരം അബദ്ധകഥകളില്ല. അവയിൽത്തന്നെ തെറ്റുണ്ടെങ്കിൽ തിരുത്താനുള്ള സ്വാതന്ത്ര്യവും അവകാശവും നമുക്കുണ്ട് എന്ന് ഋഷിമാർ പ്രഖ്യാപിക്കുന്നു. സനാതനധർമ്മത്തിൻ്റെ മഹത്വം സത്യത്തോടുള്ള ഈ പ്രതിബദ്ധതയാണ്. സത്യാന്വേഷണമാണ് ആദ്ധ്യാത്മിക ജീവിതം. ഗ്രന്ഥങ്ങൾക്ക് ഗ്രന്ഥദോഷങ്ങൾ ഉണ്ടാകാം. (മനുഷ്യൻ്റെ കൈകടത്തൽ, കൂട്ടിച്ചേർക്കൽ (പ്രക്ഷിപ്തം), തിരുത്തൽ, നീക്കൽ മുതലായവ

സ്വാദ്ധ്യായ രീതിയിലാണ് എന്തും പഠിക്കേണ്ടത്. (ശ്രവണം, മനനം (Brainstorming), നിദിധ്യാസനം എന്ന ക്രമത്തിൽ). സ്വാദ്ധ്യായസമ്പ്രദായം നഷ്ടപ്പെട്ടതാണ് നമ്മുടെ എല്ലാ അപചയങ്ങൾക്കും കാരണം. പ്രത്യക്ഷം (ഇന്ദ്രിയാനുഭവജന്യം,ശാസ്ത്രസമ്മതം), അനുമാനം(യുക്തി), ശബ്ദം(ആപ്തവചനം, അന്തർദർശനം, ശ്രുതി) എന്നീ പ്രമാണങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എവിടെയുണ്ടെങ്കിലും അത് ത്യജിക്കാനുള്ള ആഹ്വാനവുമുണ്ട്!! പുരാണങ്ങൾ ആധികാരികമേയല്ല. സമൂഹത്തിൽ പ്രചരിച്ചിരുന്ന ആശയങ്ങൾ സംസ്കൃതത്തിൽ രേഖപ്പെടുത്തിയ കൃതികൾ മാത്രമാണിത്. അതിൽ നല്ലതും ചീത്തയും ഉണ്ട്.

അതിനാൽ ആര് പറഞ്ഞാലും, എവിടെ എഴുതിയെന്നു പറഞ്ഞാലും അബദ്ധങ്ങൾ തള്ളിക്കളയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല എന്ന് സാരം. ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്ന ഒരു കഥ ഉദാഹരണമായി ചൂണ്ടിക്കാട്ടാം: “കാളകൂടവിഷം ആമാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ പാർവ്വതി പരമശിവന്റെ തൊണ്ടയ്ക്ക് പിടിച്ചു! വിഷം ഇറങ്ങാതിരിക്കാൻ ഉറക്കമൊഴിഞ്ഞു, അതാണ് ശിവരാത്രി” എന്നിങ്ങനെ ചില അസംബന്ധകഥകൾ ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്നുണ്ട്!!

ഈശ്വരമഹിമ മനസിലാക്കാതെയുള്ള ഇത്തരം ബാലിശകഥകളുടെ പ്രചാരകരാകാതിരിക്കാനുള്ള വിവേകം കാട്ടുക!
ഈ പഴങ്കഥയിലെ ചില അബദ്ധങ്ങളും യുക്തിയില്ലായ്മയും ചൂണ്ടിക്കാട്ടാം!
1. ഈശ്വരൻ സനാതനനും ജനിമൃതിരഹിതനുമാണ്. മൃത്യുഞ്ജയനായ അദ്ദേഹത്തിന് വിഷബാധയോ മരണമോ ഉണ്ടാകുമോ? അതോ ഈ സത്യങ്ങൾ പാർവ്വതിയ്ക്കറിയില്ല എന്നാണോ?

2. ഉഗ്രവിഷമുള്ള വാസുകിയെ കണ്ഠാഭരണമാക്കിയ മഹാദേവന് വിഷബാധ എങ്ങനെയുണ്ടാകും?

3. പാമ്പിൻ വിഷം കുടിച്ചാൽ ആർക്കും കുഴപ്പമൊന്നുമുണ്ടാകില്ല. മനുഷ്യർക്ക് പോലും. മൂർഖന്റേയും അണലിയുടെയും വിഷം കുടിക്കുന്നവരുണ്ട് (അൾസർ ഉള്ളവർ സൂക്ഷിക്കുക!). പാമ്പിൻ വിഷം രക്തത്തിൽ കലർന്നാലേ പ്രശ്നമുള്ളൂ (വിഷസഞ്ചിയുമായി ആയുഷ്കാലം പാമ്പ് പോലും ജീവിക്കുന്നുണ്ടല്ലോ?) !

4. രക്തത്തിൽ കലർന്ന് ശാരീരിക പ്രവർത്തനങ്ങളിൽ കുഴപ്പം സൃഷ്ടിക്കുന്നത് കൊണ്ടാണ് മരണം ഉണ്ടാകുന്നത്. നിരാകാരനും, നിരവയവനും, അകായനുമായ ശ്രീപരമേശ്വരന് ഇതൊക്കെ എങ്ങനെ ബാധകമാകും?! അല്ലെങ്കിൽ ദിവ്യദേഹം ധരിച്ച ശിവശങ്കരഋഷിയ്ക്ക് ഇതെങ്ങനെ ബാധിക്കും?!

5. ജീവികൾക്ക് സനാതനധർമ്മം നൽകാൻ വന്ന ശ്രീപരമേശ്വരന്റെ പ്രത്യക്ഷ രൂപമായ ആദിനാഥൻ (ശിവശങ്കരഋഷി, ദക്ഷിണാമൂർത്തി) കാരുണ്യമൂർത്തിയായതിനാൽ ലോകത്തെ രക്ഷിക്കാൻ കാളകൂടവിഷം കുടിച്ചിരിക്കാം.അത് മനസിലാക്കാൻ കഴിയും. എന്നാൽ പാർവ്വതി തൊണ്ടയ്ക്ക് പിടിച്ചു, വിഷ്ണു വായ് പൊത്തി തുടങ്ങിയവ പരിഹാസ്യമാണ്. പരമേശ്വരന് വിഷം കൊണ്ട് അപകടമുണ്ടാകുമെന്നത് ബാലിശചിന്തയാണ്. അച്ഛനും അമ്മയ്ക്കും ജനിച്ച ജന്മശരീരമല്ല. പ്രത്യക്ഷരൂപം അഥവാ ഭവദേഹം (മായാശരീരം, വിഭൂതികായം, മായാശരീരം) മാത്രമായ ഈ ദിവ്യശരീരത്തിൽ അഗ്നി, വിഷം, ആയുധം മുതലായവ എങ്ങനെ ബാധിക്കും? സൂക്ഷ്മശരീരികളായ പിതൃക്കൾ പോലും സ്ഥൂലലോകത്തിലെ ഈ ഭീതികൾക്കതീതരാണെന്ന് യോഗികൾ പ്രസ്താവിക്കുന്നു! (ശവസംസ്കാര രീതികൾ ദഹിപ്പിക്കുക, കുഴിച്ചിടുക, പുഴയിൽ ഒഴുക്കുക എന്നിങ്ങനെയാണെന്ന് ഓർമ്മിക്കുക.)

6. മറ്റൊരു തമാശയുമുണ്ട്. കഴുത്തിന് കുത്തിപ്പിടിച്ചാൽ വിഷം ഇറങ്ങില്ല എന്നത് മിഥ്യാധാരണയാണ്! (മനുഷ്യനാണെങ്കിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും!)

7. രാത്രി ഉറക്കമൊഴിഞ്ഞാൽ വിഷം ബാധിക്കില്ല എന്നതും പ്രാചീന കാലത്തെ അന്ധവിശ്വാസം മാത്രം!

8. ശിവരാത്രി എന്ന് പറയുന്നത് രാത്രിയിൽ ഉറക്കമൊഴിയുന്നതിനുള്ള ഒരു വ്രതം മാത്രമല്ലെന്നും മനസിലാക്കുക. ഒരു ദിവസം മുഴുവൻ അഥവാ ശിവരാത്രി ദിനം പ്രഭാതം മുതൽ പിറ്റേ ദിവസം പ്രഭാതം വരെ ഈശ്വരസ്മരണയോടെ കഴിയാനുള്ള പരിശ്രമമാണ് ആ ദിനത്തിന്റെ പ്രത്യേകത. ആരോഗ്യവും മനസും കഴിവും ഉള്ളവർക്ക് ചില വ്രതങ്ങൾ എടുക്കാം എന്ന് മാത്രം. മനോവാക്ശരീര നിയന്ത്രണമാണ് വ്രതം. ബ്രഹ്മചര്യവ്രതം, മൗനവ്രതം, മിതാഹാരവ്രതം, ഉപവാസവ്രതം, നിദ്രാജാഗരണവ്രതം (ഉറക്കം ഉപേക്ഷിക്കൽ) എന്നിങ്ങനെ വ്രതങ്ങൾ കഴിവനുസരിച്ച് സ്വീകരിക്കാം. ചൈത്ര അശ്വനി മാസ നവരാത്രികൾ പോലെ ശിവരാത്രി ദിനത്തിലും രാത്രികാല സാധനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മാത്രം! അല്ലാതെ ‘രാത്രി’യെന്നും ‘നിദ്രാ ജാഗരണ വ്രതം’ എന്നും കേട്ട് “വിഷം ഇറങ്ങാതിരിക്കാൻ രാത്രി ഉറങ്ങാതിരുന്നു” എന്ന മട്ടിലുള്ള അബദ്ധകഥകളുടെ വക്താക്കൾ ആകാതിരിക്കുക.

ശിവലിംഗോപാസന

ലിംഗം എന്ന പദത്തിന് അടയാളം, ചിഹ്നം, പ്രതീകം എന്നൊക്കെയാണ് അർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമേശ്വരനെ ഉപാസിക്കാൻ ഉള്ള പ്രതീകമാണ് ശിവലിംഗം. അത് അഗ്നി (ജ്യോതിർലിംഗം) യിലും വ്യത്യസ്ത ആകൃതിയിലുള്ള ഭൗതിക വസ്തുക്കളിലും ശിവലിംഗാരാധന ചെയ്യുന്നവരുണ്ട്.

പരമേശ്വരമഹിമയെക്കുറിച്ചുള്ള സാമാന്യധാരണ പോലുമില്ലാതെ വിശ്വനാഥനെ അപഹസിക്കുന്ന രീതിയിലുള്ള പഴങ്കഥകളും അന്ധവിശ്വാസവും, അബദ്ധപുരാണകഥകളും പ്രചരിപ്പിക്കുന്ന ഗതികേടിലേയ്ക്ക് ചെന്നു വീഴരുത് എന്നാണ് എല്ലാവരോടുമുള്ള ആർഷവിദ്യാസമാജത്തിന്റെ വിനീതമായ അഭ്യർത്ഥന. അതിനേക്കാൾ വലിയ ഈശ്വരനിന്ദ മറ്റെന്താണ്?’
പുരാണങ്ങൾ ആധികാരികമല്ല. പല പുരാണങ്ങളും ഭാരതത്തിൻ്റെ അപചയകാലത്തുണ്ടായതാണ്. അതിൽ നന്മയും തിന്മയും ഇടകലർന്നിട്ടുണ്ട്. സ്വാദ്ധ്യായസമ്പ്രദായത്തിൽ പഠിച്ചാൽ ത്യാജ്യഗ്രാഹ്യബുദ്ധി കൈവരും. ആർഷ ഗുരുപരമ്പരകളുടെ ദിവ്യജ്ഞാന(വേദം)ത്തിന് വിരുദ്ധമായത് തള്ളിക്കളയണമെന്നതാണ് പൊതുവിലുള്ള തത്വം.

അതുപോലെ ശിവരാത്രി ആചരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ശബ്ദശല്യമാകുന്ന രീതിയിലുള്ള മന്ത്രജപമോ ക്ഷേത്രങ്ങളിലെ ജപയന്ത്രങ്ങളുടെ ഉപയോഗമോ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്! മൗനമാണ് ക്ഷേത്രങ്ങളിൽ അത്യാവശ്യമായി വേണ്ടത്. ഭക്തർക്കിഷ്ടമുള്ള ജപമോ പ്രാർത്ഥനയോ ഏകാഗ്രതയോടെ ചൊല്ലാനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ഇടയ്ക്ക് നടക്കുന്ന നല്ല ഭജനകൾ ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കും. എന്നാൽ മന്ത്രം അങ്ങനെയല്ല. മന്ത്രം രഹസ്യഭാഷണമാണ്. മനനം ചെയ്യേണ്ടതിനാലാണ് അത് മന്ത്രമായത്. അടുത്തിരിക്കുന്നവർ പോലും കേൾക്കാതെ തന്നോട് തന്നെ ചൊല്ലി തന്നിൽ ലയിപ്പിക്കേണ്ട തത്വമാണ് മന്ത്രം! അതുകൊണ്ട് അർത്ഥം മനസിലാക്കി ഏവർക്കും ഒരു ശല്യവും പ്രയാസവും അനുഭവപ്പെടാത്തരീതിയിൽ വേണം എല്ലാ അനുഷ്ഠാനങ്ങളും നിർവഹിക്കേണ്ടത്. അല്ലെങ്കിൽ മറ്റൊരാളുടെ സാധനയ്ക്ക് ഭംഗം ഉണ്ടാക്കിയ ദോഷം നമ്മെ ബാധിക്കും. അന്യന്റെ സമാധാനം നശിപ്പിക്കുന്നതും സനാതനധർമ്മപ്രകാരം തെറ്റാണ്. വ്യക്തിക്കും സമാജത്തിനും ശല്യമോ ദോഷമോ ഉണ്ടാക്കുന്നിനെയാണ് ദുരാചാരം എന്ന് വിളിക്കുന്നത്.

മഹാശിവരാത്രി എങ്ങനെ ആചരിക്കാം?

1. ശ്രദ്ധ (ശ്രീപരമേശ്വരദർശനം, മഹിമ അറിയുക). സാധകധർമ്മം അനുഷ്ഠിക്കുക

2. ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ വിശ്വമംഗളത്തിനായി നൽകിയ സനാതനധർമ്മത്തോടുള്ള പഞ്ചകർത്തവ്യങ്ങൾ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹിക്കുകയും ഈ കടമകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുക.

3. സനാതനധർമ്മം എന്ന മഹാശാസ്ത്രം പഠിപ്പിക്കുന്ന ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, നിയമങ്ങൾ എന്നിവയനുസരിച്ച് ജീവിക്കുക, യഥാർത്ഥ രീതിയിൽ പഞ്ചമഹാകർത്തവ്യങ്ങളും പഞ്ചമഹായജ്ഞവും എങ്ങനെ നിർവ്വഹിക്കണമെന്ന് പഠിക്കുക, അതനുസരിച്ച് ജീവിക്കുക.

4. അദ്ധ്യാത്മിക സാധനകൾക്ക് കൂടുതൽ സമയവും ഊർജ്ജവും നൽകുക. പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, സ്വാദ്ധ്യായം, സത്സംഗം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകണം.

5. സാധനയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള വ്രതങ്ങൾ ശീലിക്കുക.

6. ആദ്ധ്യാത്മിക നിയമങ്ങൾ പാലിക്കുക.
ഇങ്ങനെയാണ് ശിവരാത്രി വ്രതം ശരിയായി ആചരിക്കേണ്ടത്.

(ആർഷഗുരുപരമ്പരകൾ പഠിപ്പിച്ച യോഗവിദ്യാവിധിപ്രകാരമുള്ള പരമേശ്വരോപാസന ചെയ്യാനാഗ്രഹിക്കുന്നവർ, തങ്ങളുടെ പേര്, വിലാസം, വാട്സാപ്പ് നമ്പർ, ഇ മെയിൽ തുടങ്ങിയവ 8943006350 എന്ന നമ്പറിലേക്ക് അയയ്ക്കുക)

ഏവർക്കും ആർഷവിദ്യാസമാജത്തിന്റെയും സഹോദരപ്രസ്ഥാനങ്ങളുടെയും മഹാശിവരാത്രി ആശംസകൾ!
ഓം നമ:ശിവായ