ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം - 1
ഓം നമഃ ശിവായ. ഏവർക്കും അനുഗ്രഹീതമായ ശിവരാത്രി ആശംസിക്കുന്നു!

സനാതനധർമ്മം (വേദം) നൽകാനായി മഹർഷിമാരുടെ ചിത്തത്തിലും ലോകങ്ങളിലും ആവിർഭവിച്ച ശ്രീപരമേശ്വരനെ ഉപാസിക്കുന്നതിനുള്ള വിശിഷ്ടദിനമാണ് ശിവരാത്രി. ശ്രീപരമേശ്വരൻ്റെ ആവിർഭാവദിനവും ആർഷഗുരുപരമ്പരകളുടേയും സനാതനധർമ്മശാസ്ത്രത്തിൻ്റെയും സ്ഥാപനദിനവുമാണ് ശിവരാത്രി എന്നും പറയാം. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമശിവൻ മൂന്നു ലോകങ്ങളിലേയും ജീവികൾക്ക് മുന്നിൽ വേദം (ഈശ്വരജ്ഞാനം, സനാതനധർമ്മം) നൽകാനായി പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുള്ള പുണ്യദിനമാണ് ശിവരാത്രി.

ശ്രീപരമേശ്വരനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ മഹേശ്വരനായും, ദേവന്മാരുടെ നാഥനായ സുരേശ്വരൻ, ദേവദേവൻ, മഹാദേവൻ എന്നീ പേരുകളിലും കാരണ-സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും, (വിശ്വേശ്വരൻ, ജഗദീശ്വരൻ, ജഗന്നാഥൻ) കാലത്തിന്റെ നാഥനായ മഹാകാലനായും (കാലേശ്വരൻ, കാലനാഥൻ) ചരാചരങ്ങളുടെയെല്ലാം ആശ്രയമായ പശുപതിയായും (ഭൂതനാഥൻ, ഭൂതേശ്വരൻ, ഗണപതി, ഗണേശൻ, ഗണേശ്വരൻ, ഗണനാഥൻ, ജീവനാഥൻ, ജീവേശ്വരൻ, ആത്മനാഥൻ, ആത്മേശ്വരൻ) വേദോപനിഷത്തുക്കളും, ഋഷി പരമ്പരകളും ഒരുപോലെ വർണ്ണിക്കുന്നു !
മംഗളമൂർത്തിയായ ശംഭുവും, പരമനന്മ പ്രദാനം ചെയ്യുന്ന ശങ്കരനും, എല്ലാത്തിൻ്റെയും നാരായവേരായ നാരായണനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വിഷ്ണുവും, വിശ്വോത്പത്തിയ്ക്ക് കാരണഭൂതനായതിനാലും ബൃഹത്തായ സൃഷ്ടിജ്ഞാനം (പ്രപഞ്ചബോധം) ഉള്ളതിനാലും ബ്രഹ്മാവുമാണദ്ദേഹം. എല്ലാവരേയും രമിപ്പിക്കുന്ന രാമനും, സർവ്വരേയും തന്നിലേക്ക് ആകർഷിക്കുന്ന കൃഷ്ണനും, സർവ്വ ദുഃഖദുരിതങ്ങളേയും പാപങ്ങളെയും സംഹരിക്കുന്ന ഹരനും, വിശ്വത്തിൻ്റെ പ്രഭുവായ ഹരിയും ജ്ഞാനം നൽകി മായയും അവിദ്യയും നീക്കി മോക്ഷം നൽകുന്ന രുദ്രനും ആയ പരംജ്യോതിസച്ചിദാനന്ദസ്വരൂപിയായ ഏക പരബ്രഹ്മതത്വമാണ് സനാതനധർമ്മത്തിലെ പരമേശ്വരൻ.