ജൂൺ 21: അന്താരാഷ്ട്ര യോഗദിനം
AVS
🧘♀️ ജൂൺ 21: അന്താരാഷ്ട്ര യോഗദിനം 🪔
ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയുടെ സർവ്വമംഗളൾക്കുമായി നൽകിയ, ഷോഡശ തത്വങ്ങളോടു കൂടിയ (16 Principles) ഉജ്ജ്വല ശാസ്ത്രമാണ് യോഗവിദ്യ ! പൂർണ്ണാരോഗ്യം (ശാന്തി, സമാധാനം സ്വസ്തി), കൈവരിക്കാനും സമഗ്ര വ്യക്തിത്വ വികസനം നേടാനും സമ്പൂർണ്ണ ജീവിതവിജയം, സർവ്വ പ്രശ്നങ്ങളുടെ പരിഹാരം എന്നിവ കരസ്തമാക്കാനും അതുവഴി ശ്രേഷ്ഠ സമാജത്തെ വാർത്തെടുക്കാനും യഥാർത്ഥ യോഗയിലൂടെ കഴിയുന്നു !! യോഗയുടെ ഏറ്റവും അതുല്യമായ വരപ്രസാദം ത്വരിതഗതിയിലുള്ള അദ്ധ്യാത്മിക പുരോഗതിയാണ്. അനന്തകോടി പ്രഭയോടെ നമ്മുടെയുള്ളിൽ വിളങ്ങുന്ന ഈശ്വരചൈതന്യത്തെ അഥവാ നമ്മുടെ യഥാർത്ഥ സത്തയെ ദർശിക്കാൻ യോഗാനുഷ്ഠാനം സാധകനെ പ്രാപ്തനാക്കുന്നു.
യോഗയുടെ ശക്തിയും സിദ്ധിയും അമൂല്യമാണെന്നിരിക്കെ, നമ്മുടെ സമൂഹത്തിൽ യഥാർത്ഥ യോഗയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്! ഇന്ന് പലയിടത്തും കാണുന്നത് വികലമാക്കപ്പെട്ട, മൂല്യശോഷണം വന്ന, അടിസ്ഥാനം വെളിപ്പെടുത്താൻ മടിക്കുന്ന യോഗയാണ് ! ചിലത് സർക്കസ് – കസർത്ത് പരിശീലനമായി ഒതുക്കപ്പെട്ടു! കൂടാതെ, ആർഷഗുരുപരമ്പരകളിലൂടെ പ്രചരിക്കപ്പെട്ടു വന്ന ദിവ്യയോഗശാസ്ത്രത്തെ പലരും അവരുടേതായ രീതിയിൽ പങ്കിട്ടെടുത്തും കഴിഞ്ഞു ! അതുകൊണ്ടു തന്നെയാണ് സമസ്ത പ്രശ്നങ്ങളുടെയും സമൂലപരിഹാരശാസ്ത്രമായ യഥാർത്ഥ യോഗയെ ആരും തിരിച്ചറിയാതെ പോയതും!!
ശ്രീപരമേശ്വരൻ ആദിനാഥ രൂപത്തിൽ, ആദിയോഗിയായി വന്ന് ആദിമമനുഷ്യ കുലത്തിന് പകർന്ന് നൽകിയ യോഗവിദ്യ, സനാതനധർമ്മത്തിന്റെ അനുഷ്ഠാനമാർഗ്ഗമാണ് എന്ന് പറയാൻ ചില യോഗസമ്പ്രദായങ്ങൾക്ക് മടിയാണ്. യോഗ സാർവ്വജനീനവും മതാതീതവും മാനവപൈതൃകവുമാണെങ്കിലും അത് ഈശ്വരദത്തമായ സനാതനധർമ്മശാസ്ത്രമാണ് എന്ന് ആരും മറന്ന് പോകരുത്..!