Member   Donate   Books   0

ജനുവരി 2: മന്നം ജയന്തി – ആർഷ വിദ്യാ സമാജത്തിൻ്റെ ലേഖനം

AVS

ജനുവരി 2: മന്നംജയന്തി.
ഭാരതകേസരി മന്നത്ത് പത്മനാഭൻ (1878 ജനുവരി 2-ന് പെരുന്നയിൽ ജനിച്ചു. 1970 ഫെബ്രുവരി 25 – ന് അന്തരിച്ചു).
 
കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക – സാമുദായിക നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കുവഹിച്ച മഹത് വ്യക്തിത്വമായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ. പ്രമുഖനായ സാമൂഹ്യപരിഷ്ക്കർത്താവ് മാത്രമായിരുന്നില്ല സ്വാതന്ത്ര്യസമരപ്പോരാളിയും കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ജന്മദിനം (ജനുവരി 2) ‘മന്നംജയന്തി’യായി ആചരിക്കുന്നു.

മന്നം,1914 ഒക്ടോബർ 31-ന് നായർസമുദായഭൃത്യജനസംഘം രൂപീകരിച്ചു. 1917-ൽ അത്, നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സൊസൈറ്റിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. സാമൂഹ്യ പരിഷ്കരണത്തോടൊപ്പം, നായർ സമുദായത്തിന്റെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ‘പിടിയരിയും ഉത്പന്നപ്പിരിവും’ നടത്തി സ്കൂൾ- കോളേജ് ഉൾപ്പെടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ സംരംഭങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചു. ചങ്ങനാശ്ശേരിയിൽ എൻ. എസ്. എസ് ഹിന്ദു കോളേജ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ ഒറ്റപ്പാലത്തും പന്തളത്തും എൻ. എസ്. എസ് കോളേജുകളും പാലക്കാട് എൻജിനീയറിങ് കോളേജും തുടങ്ങിയത് മന്നമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക മാത്രമായിരുന്നില്ല,അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അഭിഭാഷക വൃത്തിയിലും തൻ്റെ പ്രഗത്ഭ്യം അദ്ദേഹം തെളിയിച്ചു.

നായർ സമുദായത്തിൽ അന്ന് നിലനിന്നിരുന്ന എല്ലാ അനാചാരങ്ങളും ആർഭാടങ്ങളും തർക്കങ്ങളും അവസാനിപ്പിക്കാൻ വേണ്ടി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. ചെറുപ്പക്കാരെ അണിനിരത്തിയുള്ള ശുദ്ധീകരണ വിപ്ലവമാണ് മന്നം നടത്തിയത്. “കരയുന്നവന് ജീവിക്കാനുള്ള ലോകമല്ല ഇന്നത്തേത്. പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾക്ക് മാത്രമേ ജീവിക്കാൻ മാർഗ്ഗമുള്ളു” – തുടങ്ങിയ ആശയങ്ങളിലൂടെ യുവാക്കളെ പ്രചോദിപ്പിച്ചാണ് അദ്ദേഹം സംഘടനാ പ്രവർത്തനം നിർവഹിച്ചത്.

1924-ലെ പ്രസിദ്ധമായ വൈക്കം സത്യാഗ്രഹസമരനായകനായിരുന്നു മന്നം.
വൈക്കം പ്രക്ഷോഭത്തിൽ അവർണർക്ക് പിന്തുണയേകി കൊണ്ട് മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തേക്ക് ‘സവർണജാഥ’ (പദയാത്ര) നയിച്ചു. തൻ്റെ പേരിൻ്റെ കൂടെയുണ്ടായിരുന്ന ‘പിള്ള’ എന്ന ജാതിചിഹ്നം ഉപേക്ഷിച്ച് മന്നത്ത് പത്മനാഭൻ, നവോത്ഥാനത്തിന് മാതൃക കാണിച്ചു. ജാതിപരമായ ഉച്ചനീചത്വങ്ങൾക്കും ജാതിവൈര്യത്തിനുമെതിരെ ശക്തമായ നിലപാട് മന്നം സ്വീകരിച്ചു.
 
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിലും മന്നത്ത് പത്മനാഭൻ നേതൃത്വം വഹിച്ചിട്ടുണ്ട്.
 
1947-ൽ തിരുവിതാംകൂർ ദിവാനെതിരെ സമരം നടത്തിയതിന് മന്നം ജയിൽ അടക്കപ്പെട്ടു.
 
1949-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മന്നം അംഗമായി സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചു.
 
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ 1959-ൽ നടന്ന വിമോചനസമരത്തിന് നേതൃത്വം വഹിച്ച മന്നം, ഹൈന്ദവ സമുദായിക പ്രസ്ഥാനങ്ങൾക്ക് ദിശാബോധം നൽകി. ഇന്നത്തെ സമദൂരം ആയിരുന്നില്ല, ശരിദൂരമായിരുന്നു മന്നത്തിൻ്റെ രാഷ്ട്രീയ നിലപാട്.
 
1959- ൽ രാഷ്ട്രപതിയിൽ നിന്ന് ‘ഭാരത കേസരി’ എന്ന ബഹുമതി ലഭിച്ചു. അന്നുമുതൽ ‘ഭാരത കേസരി മന്നത്ത് പത്മനാഭൻ’ എന്നദ്ദേഹം അറിയപ്പെട്ടു.
 
1966-ൽ ‘പത്മഭൂഷൻ’ പുരസ്കാരം നൽകി രാഷ്ട്രം മന്നത്ത് പത്മനാഭനെ ആദരിച്ചു.
 
‘ജീവിതസ്മരണകൾ'(ആത്മകഥ), ‘Our Trip to tihe Federal Malay States’ (യാത്രാവിവരണം) എന്നീ കൃതികൾ ‘സമുദായ ആചാര്യൻ’ മന്നം രചിച്ചിട്ടുണ്ട്.
 
സാമൂഹ്യവിപ്ലവകാരി മാത്രമായിരുന്നില്ല മന്നം, കേരളം കണ്ട ഉജ്ജ്വല പ്രാസംഗികനുമായിരുന്നു.
ജാതിക്കതീതമായ ഹൈന്ദവ ഐക്യത്തിനു വേണ്ടി ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് 1951-ൽ ‘ഹിന്ദു മഹാമണ്ഡലം’ രൂപീകരിച്ച് പ്രവർത്തിച്ചു. വിവിധ സമുദായ സംഘടനകളെ ഒരു പൊതുവേദിയിലേക്ക് കൊണ്ടുവരുവാനുള്ള കേരളത്തിലെ ആദ്യത്തെ പരിശ്രമമായിരുന്നു അത്. “ഹിന്ദു ഐക്യം” എന്ന മഹത്തായ ആശയത്തിന്റെ ആദ്യ രാഷ്ട്രീയ- സംഘടനാരൂപമായിരുന്നു ഹിന്ദു മഹാമണ്ഡലം.
 
ഹിന്ദുക്കളുടെ അവകാശങ്ങൾക്കായും നവോത്ഥാനത്തിനായും പ്രവർത്തിച്ച
മന്നം കേരളത്തിലെ ‘മദൻ മോഹൻ മാളവ്യ’ എന്ന് അറിയപ്പെട്ടു.
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച കേരളീയനായ സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ശ്രീ. മന്നത്ത് പത്മനാഭൻ.
 
ഹിന്ദു ഐക്യത്തിനും സാമൂഹിക- സാംസ്കാരിക- ആധ്യാത്മിക നവോത്ഥാനത്തിനും നേതൃത്വം നൽകിയ ഭാരതകേസരി ശ്രീ. മന്നത്ത് പത്മനാഭൻജി എന്ന മഹാത്മാവിന്റെ പാദങ്ങളിൽ സാദര പ്രണാമങ്ങൾ!
ആദരപൂർവം,
ആർഷവിദ്യാസമാജം