ഫെബ്രുവരി 19 – ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി
AVS
ഫെബ്രുവരി 19 – ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി
കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാര്പുക്കൂര് എന്ന ഗ്രാമത്തില്‍, ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1836 ഫെബ്രുവരി 17-ന് ആയിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത്. ക്ഷുദിറാം ചാറ്റര്‍ജി, ചന്ദ്രമണി എന്നിവരായിരുന്നു മാതാപിതാക്കള്‍. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരൻ (ഗദായി എന്ന ചെല്ലപ്പേരിലും അറിയപ്പെട്ടു) എന്നായിരുന്നു.
ബാല്യം മുതല്‍ തന്നെ ലൗകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകിക്കഴിയാനായിരുന്നു കൂടുതല്‍ താത്പര്യം. പിതാവ് മരിച്ചത്തെ തുടര്‍ന്ന് ഗദാധരന് കൊല്‍ക്കത്തയിലെ വിവിധക്ഷേത്രങ്ങളില് പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ാം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. 1866-ല്‍ അദ്ദേഹം ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി.
ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന രാമകൃഷ്ണ മിഷന്റെ ആസ്ഥാന കേന്ദ്രമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ബംഗാളിലെ ഹൗറയിലാണ്. ഏറ്റവും വലിയ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 1998-ൽ ഭാരത സർക്കാറിൻ്റെ 1 കോടി രൂപയും ഫലകവുമടങ്ങുന്ന ഗാന്ധി പീസ് അവാർഡ് മിഷന് ലഭിച്ചു.
ലക്ഷാവധി ആൾക്കാരെ ആദ്ധ്യാത്മിക പാതയിലേക്കും ഈശ്വരീയാനുഭൂതികളിലേക്കും നയിച്ച മഹാഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ തൃപ്പാദകമലങ്ങളിൽ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സനാതനധർമ്മത്തിൻ്റെ അദ്ധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം,സംരക്ഷണം എന്നീ പഞ്ചമഹാകർത്തവ്യങ്ങൾ ശരിയായി നിർവ്വഹിക്കുമെന്ന് ഈ ശ്രീരാമകൃഷ്ണ ജന്മദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.