ലേഖനം - 7
ഇ എം എസിൻ്റെ ഈ നിലപാടുകൾ തന്നെയാണ് പാർട്ടി നേതാക്കൾ പിന്നീട് സ്വാഭാവികമായും സ്വീകരിച്ചത്. അതുകൊണ്ടാണ് അവ ഇന്നും ചർച്ച ചെയ്യേണ്ടി വരുന്നത്. ഈ കാഴ്ചപ്പാടിലെ പിഴവുകൾ ചൂണ്ടിക്കാട്ടുക എന്നതാണ് ഈ ലേഖനങ്ങളുടെ ഉദ്ദേശം.

“ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയർന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അദ്ധ്യാത്മികചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യ-രാഷ്ട്രീയാവകാശവാദമാണ്; ആർഷസംസ്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയിൽ ചെന്നലച്ചത് “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യ” മെന്ന പാശ്ചാത്യ- നവീനസന്ദേശമായിട്ടാണ്.“ (കേരളം മലയാളികളുടെ മാതൃഭൂമി & കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ പേജ് 193, 194)
ഇ എം എസിൻ്റെ ഈ പരാമർശം സദയം മനസിരുത്തി വായിക്കുക. ഈ വാക്യങ്ങളിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത് എന്താണ്?
ഗുരുദേവൻ വിചാരിക്കാത്ത രീതിയിൽ കാര്യങ്ങൾ സംഭവിച്ചുവെന്നോ, അദ്ദേഹത്തിൻ്റെ ഉദ്ദേശം ശരിയായിരുന്നില്ല അവ തെറ്റി അല്ലെങ്കിൽ ലക്ഷ്യം യാഥാർത്ഥ്യമായില്ല എന്നോ ആണ് ഇവ വായിക്കുമ്പോൾ തോന്നുക. ഗുരുദേവസന്ദേശത്തിനും ആർഷദർശനത്തിനും വിരുദ്ധവും നവീനവുമാണ് സ്വാതന്ത്ര്യ -സമത്വ- സാഹോദര്യ ചിന്തകൾ എന്നും വ്യംഗ്യമായ ധ്വനിയുണ്ട്. ‘പക്ഷേ ‘, ‘എന്നാൽ ‘, ‘എങ്കിലും ‘ പ്രയോഗങ്ങൾ നോക്കൂ! ഭാഷാപണ്ഡിതനും, പദങ്ങൾ, വാക്യങ്ങൾ, ശൈലികൾ, ഉദാഹരണങ്ങൾ, ചിഹ്നങ്ങൾ എന്നിവ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധാലുവും ആയിരുന്ന ഇ എം എസിന് അബദ്ധമോ വ്യാകരണപ്പിഴവോ പറ്റിയെന്ന് കരുതാനാകില്ല. നിരീശ്വരവാദപ്രത്യയശാസ്ത്ര പ്രതിബദ്ധതയായിരിക്കണം ശ്രീ നാരായണഗുരുവിനെ തരം താഴ്ത്താൻ ഇത്തരം പ്രയോഗങ്ങൾ സമൃദ്ധമായി അദ്ദേഹം ഉപയോഗിക്കുന്നത്.
ഇ എം എസും ആധുനികനേതാക്കളും!
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഭാരതത്തിലോ സനാതനധർമ്മത്തിലോ ശ്രീ നാരായണ ഗുരുവിൻ്റെ ദർശനങ്ങളിലോ ഉണ്ടായിരുന്നില്ല, അവ പാശ്ചാത്യമാണ്, നവീനമാണ് എന്നാണ് പരോക്ഷമായി ഇ എം എസ് പ്രസ്താവിക്കുന്നത്.
ഇപ്പോഴുള്ള ചില പാർട്ടിനേതാക്കൾ ഇ എം എസിൻ്റെ മൃദുവിമർശനത്തിനപ്പുറം കടന്ന് സനാതനധർമ്മത്തെ നികൃഷ്ടമായി വിമർശിക്കുന്നു. സനാതനധർമ്മത്തെ ‘അശ്ലീല’മെന്ന് വിളിക്കുന്നത് സി പി എമ്മിൻ്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയാണ്!
ആർഷഭാരതസംസ്കാരത്തെ ‘ആഭാസം’ എന്ന് മുദ്രകുത്തി പരിഹസിക്കുന്നതിലാണ് ചിലർക്ക് താല്പര്യം.!
പക്ഷേ ശ്രീനാരായണഗുരുവിൻ്റെ കാര്യത്തിൽ ഒരു മലക്കംമറിച്ചിൽ ഉണ്ടായി. ഗുരുദേവൻ്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കാതിരിക്കാനാവാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനാൽ അവിടെ നിലപാട് അല്പം മയപ്പെടുത്തി. “ഗുരുദേവൻ നല്ല വ്യക്തി, എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്ത സനാതനധർമ്മം വളരെ മോശം” എന്ന രീതിയിലാണ് ഇപ്പോൾ വ്യാപകമായി പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്.
”തികഞ്ഞ ഹിന്ദു”, “ആർഷസന്ദേശപ്രചാരകൻ “ എന്നൊക്കെ ഇ എം എസ് വിളിച്ച ഗുരുദേവനെ “ സനാതനധർമ്മത്തെ നിഷേധിച്ച ഹിന്ദു വിരുദ്ധനാക്കി “ ചിത്രീകരിക്കുന്നു!
എന്നാൽ എല്ലാ നേതാക്കളും അങ്ങനെയാണെന്ന് പറയാനാവില്ല. ആർ എസ് എസ് വിരോധത്തിൻ്റെ പേരിൽ സനാതനധർമ്മത്തെ വിമർശിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് മുൻ മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചത്.
ഉപനിഷത് ദർശനങ്ങളിലെ മഹത്തായ സനാതനകാഴ്ചപ്പാട് തിരുത്താനും വെള്ളം ചേർക്കുവാനും ശ്രമിച്ചത് ബ്രാഹ്മണമേധാവിത്വശക്തികളാണെന്ന് മാമൂൽവാദശക്തികൾ ) അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സനാതനധർമ്മം എന്ന് കേട്ടാലുടനെ ആർ എസ് എസ് – ബി ജെ പിയാണെന്ന് കരുതരുത്. അത് മതങ്ങൾക്ക് മുമ്പുണ്ടായതാണ് “ “ഗുരു-ഗാന്ധി സമാഗമ ശതാബ്ദി പരിപാടി “യിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഈ അഭിപ്രായം പങ്ക് വച്ചത്. അദ്ദേഹം പറഞ്ഞതിനോടെല്ലാം യോജിക്കാനാവില്ലെങ്കിലും മതങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ഉണ്ടായ ദർശനമാണ്, മഹത്തായദർശനങ്ങളുള്ള മാറ്റമില്ലാത്ത ധർമ്മമാണ്, സനാതനധർമ്മം എന്ന വിലയിരുത്തലിനെ സ്വാഗതം ചെയ്യുന്നു. ഇത് പാർട്ടി സംസ്ഥാനസെക്രട്ടറിക്കും കൂട്ടർക്കുമുള്ള ഉചിതമായ മറുപടിയായി മാറി!

ജി.സുധാകരൻ ഇന്ത്യാ പാക് വിഭജനത്തെ എതിർത്തു പ്രസംഗിച്ചതിനേയും സ്വാഗതം ചെയ്യേണ്ടതാണ്. വിഭജനം ഉണ്ടാകാതിരുന്നെങ്കിൽ ഭാരതം ലോകത്തിലെ വൻശക്തിയായി മാറുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീംലീഗിൻ്റെ വിഭജനവാദത്തെ അനുകൂലിച്ച് ഭാരതത്തെ പതിനാറ് രാജ്യങ്ങളായി വിഭജിക്കണമെന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നിലപാട് തള്ളിക്കളയാനും ചിന്തിക്കുന്ന നേതാക്കൾ രംഗത്തെത്തുന്നു!
ഇ എം എസിൻ്റെ പരാമർശത്തിലേക്ക് തന്നെ വരാം.
സനാതനധർമ്മത്തിലെ സമത്വദർശനം
മനുഷ്യർ എല്ലാവരും ഒന്നാണെന്ന നിലപാടാണ് സമത്വദർശനം. എന്നാൽ ഈശ്വരനും മനുഷ്യനും മാത്രമല്ല ജീവികളും പ്രപഞ്ചവും തമ്മിലുള്ള അടിസ്ഥാനപരമായ ഏകത്വത്തെ ചൂണ്ടിക്കാട്ടുന്ന ദർശനമാണ് അദ്വൈതദർശനം എന്ന അഭേദദർശനം. എത്രയോ തെളിവുകൾ!
സമത്വദർശനത്തിൻ്റെ പാരമ്യം
സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനത്തിലെ അവിഭാജ്യഘടകങ്ങളാണ് ഏകേശ്വരദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വാന്തര്യാമിതത്വം, അദ്വൈതദർശനം (അഭേദദർശനം), ജീവബ്രഹ്മൈക്യദർശനം എന്നിവ. ഇവ അടിസ്ഥാനദർശനങ്ങളാണ്. ഈ തത്വങ്ങൾ ഒഴിവാക്കിയാൽ സനാതനധർമ്മമില്ല എന്നർത്ഥം. ഈ സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ജീവിതവീക്ഷണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് മനസിലാക്കാം.

(തുടരും)