ഡിസംബർ 22-ന് മാതാ ശാരദാദേവിക്ക് 172 വയസ്!
AVS
December 22, 2025
•
No Comments
ഡിസംബർ 22-ന് മാതാ ശാരദാദേവിക്ക് 172 വയസ്!
(ജനനം: 1853 ഡിസംബർ 22 ന്,
സമാധി: 1920 ജൂലൈ 20- ന് കൊൽക്കത്തയിൽ)
ആരായിരുന്നു മാതാ ശാരദാദേവി?
മാതാ ശാരദാദേവി ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. പൂർവ്വാശ്രമത്തിലെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. പരമഹംസർക്കും ശിഷ്യർക്കും അവർ ‘മാതാ’ ആയിരുന്നു. രാമകൃഷ്ണ മിഷന്റെ വളർച്ചയിൽ ഇവർ വളരെ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത് 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന ‘മാതാ’ അന്നത്തെ രീതികളനുസരിച്ച് 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. പിന്നീട് പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദാദേവി ബന്ധുക്കളുമൊത്ത് ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത് എത്തി. ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത് കാളി മാതാവാണെന്ന് അന്നുതന്നെ ശാരദാദേവിക്ക് ബോധ്യപ്പെട്ടിരുന്നു. ശ്രീരാമകൃഷ്ണ ദേവന്റെ മഹാസമാധി വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അവർ മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് മാർഗദർശനം നൽകി
നേതൃത്വം വഹിച്ചു.
1853 ഡിസംബർ 22-ന് പശ്ചിമ ബംഗാളിലുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു പുരോഹിതനും കർഷകനുമായിരുന്നു. ശ്യാമസുന്ദരി ദേവിയായിരുന്നു അമ്മ. ദിവ്യത്വമുള്ള ഒരു മകൾ തങ്ങൾക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ഈ ദമ്പതികൾക്ക് സൂചന ലഭിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഐതിഹ്യ കഥകളും ഹൈന്ദവ ഇതിഹാസകഥകളും കേട്ടാണ് ശാരദാമണി വളർന്നത്. ശാരദാമണിക്ക് ഔദ്യോഗികമായ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. ഈശ്വരാരാധന ചെയ്തും വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും, സഹോദരങ്ങളെ കരുതലോടെ നോക്കി വളർത്തിയുമാണ് ശാരദാമണി തന്റെ ബാല്യം ചെലവഴിച്ചത്.
1864-ലെ ക്ഷാമകാലത്ത് വിശന്നുവലഞ്ഞവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ ശാരദാമണി സദാ ശ്രദ്ധാലുവായിരുന്നു. ഈശ്വരനെ മാതൃഭാവത്തിൽ ശാരദാദേവി ഭക്ത്യാദരപൂർവ്വം എന്നും ഉപാസിച്ചിരുന്നു.
1920 ജുലൈ 20-ന് ശ്രീ ശാരദാദേവി സമാധിയായി.
വിവേകാനന്ദസ്വാമികളടക്കമുള്ള ശ്രീരാമകൃഷ്ണ ശിഷ്യർക്കും ഭക്തർക്കും ഭഗിനി നിവേദിതക്കും ‘മാതാ ശാരദാദേവി’ എന്നും സ്നേഹനിധിയായ മാതാവും പ്രചോദനദീപവുമായിരുന്നു. ശ്രീശാരദാദേവിയുടെ തൃപ്പാദങ്ങളിൽ പ്രണാമങ്ങൾ!
സ്നേഹപൂർവം,
ആർഷവിദ്യാസമാജം