ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025” പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ. കെ. ആർ മനോജ് ജി ഇന്നലെ (2025 നവംബർ 29-ന്) ഏറ്റുവാങ്ങി. ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിലായിരുന്നു അവാർഡ്ദാന പരിപാടി. സാമൂഹ്യ- അധ്യാത്മിക- ധാർമ്മിക- സാംസ്കാരിക മേഖലകളിലെ പ്രവർത്തനമികവ് പരിഗണിച്ചായിരുന്നു പുരസ്കാരം.
മുൻ കേന്ദ്ര മാനവവിഭവശേഷി വികസന (HRD) വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി ദേശീയ നേതാവും ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയുമായ ഡോ. മുരളി മനോഹർ ജോഷി ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീമതി. നിമുബെൻ ജെ. ബംഭാനിയ ജിയായിരുന്നു മുഖ്യാതിഥി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ജി, ഭാരത് വികാസ് പരിഷത്തിൻ്റെ ദേശീയ സംഘടനാസെക്രട്ടറി സുരേഷ് ജെയ്ൻ ജി, ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആർ ബാലശങ്കർ ജി തുടങ്ങിയവർ പ്രസംഗിച്ചു.
ആചാര്യശ്രീ കെ. ആർ മനോജ് ജിയ്ക്ക് തുടർച്ചയായി കിട്ടിയ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡിസംബർ 2 വരെ ഡൽഹിയിൽ വിവിധ പരിപാടികളിൽ ആർഷവിദ്യാസമാജം ടീം സംബന്ധിക്കും.