ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന ആഹ്വാനം:
രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന-ബസ്തർ ദി നക്സൽ സ്റ്റോറി (Bastar – The Naxal Story), ആർട്ടിക്കിൾ 370 ( Article 370), റസാക്കർ (Razakar: The Silent Genocide of Hyderabad) എന്നീ മൂന്നു സിനിമകളാണ് ആർഷവിദ്യാസമാജം ടീം ഈയാഴ്ച തീയേറ്ററുകളിലെത്തി കണ്ടത്. രാജ്യം നിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽത്തന്നെ ഈ ചലച്ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഈ ചിത്രങ്ങളുടെ നിർമ്മാതാക്കൾ, സംവിധായകർ, കഥ-തിരക്കഥ തയ്യാറാക്കിയവരുൾപ്പെടെയുള്ള അണിയറ പ്രവർത്തകർ, നടീനടന്മാർ എന്നിവർക്ക് അഭിനന്ദനങ്ങൾ.
(1) ബസ്തർ ദി നക്സൽ സ്റ്റോറി
(Bastar – The Naxal Story):
Director: Sudipto Sen
Producer – Vipul Amrutlal Shah
ബസ്തർ സിനിമയെക്കുറിച്ച് കഴിഞ്ഞ ദിവസം വിശദമായ ഒരു പോസ്റ്റിട്ടിരുന്നു. ദയവായി വായിക്കുക.
മലയാളം Post Link –https://www.facebook.com/share/p/GmQgXmXkMT8GnYd8/?mibextid=oFDknk
ഇംഗ്ലിഷ് Post Link –https://www.facebook.com/share/p/jam1aNRN1niQq8KG/?mibextid=oFDknk
ഹിന്ദി Post Link –https://www.facebook.com/share/p/3UBaw1aLBMk6poTZ/?mibextid=oFDknk
(2) ആർട്ടിക്കിൾ 370 :
Article 370
Director – Aditya Suhas JambhaIe
Producer – Aditya Dhar, Jyoti Deshpande and others
“കൂട്ടക്കൊലവാർത്തകളില്ലാത്ത കാശ്മീർ” സൃഷ്ടിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ, ആർടിക്കിൾ 35 (A), 370 വകുപ്പുകൾ നീക്കിയ തീരുമാനത്തിൽ 2019 ആഗസ്ത് 5 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജി ഒപ്പ് വയ്ക്കുന്നതിന് മുമ്പ് നടന്ന മുന്നൊരുക്കങ്ങൾ, രാജ്യസഭയിലെ അവതരണം- എല്ലാം മനോഹരമായി ചിത്രീകരിക്കുന്ന സിനിമയാണ് ആർട്ടിക്കിൾ 370. ധീരസൈനികരുടെ പോരാട്ടവും ബലിദാനവും നന്നായി ദൃശ്യവത്കരിച്ചിരിക്കുന്നു.
ജമ്മു കാശ്മീരിനെ ഭാരതത്തിൻ്റെ അവിഭാജ്യഭാഗമായിത്തന്നെ നിലനിർത്തുന്ന ചരിത്രപരമായ നടപടിയാണ് ശ്രീ നരേന്ദ്രമോദിജിയിൽ നിന്നുണ്ടായത്. ദേശീയമുഖ്യധാരയിൽ നിന്ന് കാശ്മീരികളെ അകറ്റുന്ന കുപ്രസിദ്ധമായ ഈ വകുപ്പ് മാറ്റാൻ ആർക്കും കഴിയില്ല എന്ന ചിലരുടെ അഹന്തയും തെറ്റിദ്ധാരണയുമാണ് അതോടെ തകർന്നടിഞ്ഞത്.
ചൈന, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാൻ (താലിബാൻ) തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള യുദ്ധഭീഷണി, ലഷ്കറെതോയ്ബ, ജയ്ഷേ മുഹമ്മദ് എന്നീ സംഘടനകൾ നടത്തുന്ന കൂട്ടക്കൊലകൾ, കാശ്മീരിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ആഭ്യന്തരജിഹാദിസംഘടനകളുടെ പ്രബലസാന്നിദ്ധ്യം, ഐക്യരാഷ്ട്രസഭാ തീരുമാനങ്ങൾ, വൻശക്തികളുടെ കണ്ണുരുട്ടൽ, കാശ്മീരിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവാക്കൾ എറിയുന്ന കല്ലുകൾ ഇവയെയെല്ലാം ചൂണ്ടിക്കാട്ടിയും ഭയന്നും, പൗരന്മാരുടെ ജീവനും സ്വത്തിനും വിലയിടാത്ത ഭരണകൂടങ്ങളുടെ തലതിരിഞ്ഞ നയങ്ങളാണ് ഇച്ഛാശക്തിയുള്ള നമ്മുടെ നേതാക്കൾ തിരുത്തിയത്. 370 വകുപ്പ് ഒഴിവാക്കുമ്പോൾ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് സാമാന്യജനതയും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ദേശീയവാദികളുടെ ഈ ദീർഘകാലസ്വപ്നം ഉരുക്കുമനുഷ്യർ യാഥാർത്ഥ്യമാക്കിയത് അക്ഷരാർത്ഥത്തിൽ “പുഷ്പം നുള്ളിയെടുക്കുന്ന വിധത്തിലായിരുന്നു.” ഒരാളുടെ ജീവനും അപഹരിക്കപ്പെട്ടില്ല. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത അവസ്ഥ, ജിഹാദി നറേറ്റീവ് പ്രചരിപ്പിക്കുന്ന കപടമതേതരകക്ഷികൾ, ഭീകരവാദികൾക്ക് നോവുമ്പോൾ മാത്രം വേദനിക്കുന്ന മാധ്യമങ്ങൾ, ഒറ്റുകാരായ ഉദ്യോഗസ്ഥർ – ഇവരെയെല്ലാം കൈകാര്യം ചെയ്തതാണ് മറ്റ് വിസ്മയങ്ങൾ. എൻ ഡി എ തീരുമാനത്തെ നഖശിഖാന്തം എതിർത്തവർക്ക് പോലും ഇന്ന് ജീവഭയം ഇല്ലാതെ ജമ്മു കശ്മീരിൽ യാത്ര ചെയ്യാനും ബിസിനസ് നടത്തുവാനും കഴിയുന്നു. ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതമകുടമായ നമ്മുടെ കാശ്മീർ ഇപ്പോൾ മനോഹരസംസ്ഥാനമായി മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യപ്രാപ്തി മുതൽ രാഷ്ട്രത്തെ അലട്ടുന്ന കാശ്മീർപ്രശ്നമെന്ന കീറാമുട്ടി ഏറിയ പങ്കും പരിഹരിക്കപ്പെട്ടിരിക്കുന്നു. ഈ സുവർണമുഹൂർത്തങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരിൽ നാം അറിഞ്ഞതും അറിയാത്തതുമായ നിരവധി മഹാത്യാഗികളുണ്ട്. ഈ മഹാത്മാക്കൾക്കെല്ലാം ഹൃദയത്തിൽ തൊട്ട് പ്രണാമങ്ങളർപ്പിക്കുന്നു. ആർട്ടിക്കിൾ 370 സിനിമ കാണുന്നവർക്ക് ഈ കർമ്മയോഗികളോടുള്ള സ്നേഹാദരങ്ങൾ വർദ്ധിക്കുക തന്നെ ചെയ്യും.
(3) റസാക്കർ (Razakar: The Silent Genocide of Hyderabad):
Director – Yata Satya Narayana
Producer – Gudur Narayana Reddy
വിഭജനാനന്തരം ഹൈദരാബാദിൽ നടന്ന ഹിന്ദുവംശഹത്യയെ യഥാർത്ഥമായി ചിത്രീകരിക്കുന്ന സിനിമ. ഭരണകൂടത്തിൻ്റെയും തീവ്രവാദി സംഘടനകളുടേയും കർശനമായ എതിർപ്പുകൾ നേരിട്ടാണ് ഈ ചലച്ചിത്രം പ്രദർശനത്തിനെത്തിയത്. പലയിടങ്ങളിലായി നടന്ന ദാരുണസംഭവങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഉൾപ്പെടുത്തുവാനും, ഗൗരവം ചോർന്നു പോകാതെ അവതരിപ്പിക്കുവാനും അണിയറയിലുള്ളവർ പരിശ്രമിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ഭാഷകളിൽ സിനിമ കാണാനാകും.
വിഭജനവേളയിൽ ഭാരതത്തിലോ പാകിസ്ഥാനിലോ ചേരാതെ സ്വതന്ത്ര മുസ്ലീം രാജ്യമായി നിൽക്കാനാണ് ഹൈദരാബാദ് നിസാം തീരുമാനിച്ചത്. ജനങ്ങളെ ചൂഷണം ചെയ്ത് സമ്പാദിച്ച എണ്ണമറ്റ സമ്പത്തിനവകാശിയായിരുന്നു നിസാം. പാകിസ്ഥാന് 20 കോടി രൂപ സഹായം നൽകാൻ പോലും കഴിവുണ്ടായിരുന്ന സുൽത്താൻ! ഡക്കാൻ പ്രദേശത്ത് ‘തുർക്കിസ്ഥാൻ’ സ്ഥാപിക്കുവാൻ അദ്ദേഹം തുനിഞ്ഞു. എന്നാൽ അവിടെ ജനസംഖ്യയിൽ എൺപത് ശതമാനത്തിലേറെ ഹിന്ദുക്കളായിരുന്നു. ഇവരെ നിർബന്ധമായി മതം മാറ്റാനായി റസാക്കർ എന്ന് വിളിക്കുന്ന മതപ്പോലീസിനെ നിസാം നിയോഗിച്ചു. സായുധരായ റസാക്കർമാർ, നൈസാമിന്റെ പോലീസിന്റെയും ജില്ലാ അധികാരികളുടെയും പിന്തുണയോടെ ഹൈദരാബാദിൽ അതിക്രൂരമായി ഹിന്ദുവംശഹത്യ ചെയ്യുകയായിരുന്നു. തുടർന്നാണ് ഓപ്പറേഷൻ പോളോ എന്ന സൈനികനടപടി ഉണ്ടായത്. ഭാരതത്തിൻ്റെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ, കെ എം മുൻഷി എന്നിവരായിരുന്നു അതിനു മുൻകൈ എടുത്തത്. നിസാമിൻ്റെ ചൂഷണങ്ങളും റസാക്കർ സേനയുടെ അതിക്രമങ്ങളും ജനതയുടെ ചെറുത്തുനിൽപ്പും സിനിമ സത്യസന്ധമായി ചിത്രീകരിക്കുന്നു.
നിസാമിന്റെ സൈന്യത്തിൽ 24,000 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും റസാക്കർ സേനയ്ക്ക് മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീനിന്റെ നേതാവ് കാസിം റസ്വിയുടെ നേതൃത്വത്തിൽ രണ്ട് ലക്ഷം പേരുണ്ടായിരുന്നു. താൻ ആസഫ് ജാഹി രാജവംശത്തിന്റെ പതാക ചെങ്കോട്ടയുടെ കവാടങ്ങളിൽ നിന്ന് പറപ്പിക്കുമെന്ന് 1948 ജൂൺ 9 ന്, കാസിം റസ്വി, പരസ്യമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 25ന് സെക്കന്തരാബാദിൽ റസാക്കർമാർ വീണ്ടും അതിക്രമം അഴിച്ചുവിട്ടു- ഹിന്ദുക്കളുടെ കൂട്ടക്കൊലകൾ, മതപരിവർത്തനങ്ങൾ ബലാത്സംഗങ്ങൾ വീടുകളും കടകമ്പോളങ്ങളും കത്തിക്കൽ എന്നിവ വ്യാപകമായി നടന്നു. നിരവധി ക്ഷേത്രങ്ങൾ പള്ളികളായി,
ഹൈദരാബാദ് ഭാരതത്തിൻ്റെ ഉദരാർബുദമാണെന്ന് സർദാർ പട്ടേലിന് പരസ്യമായി പറയേണ്ടി വന്നു.
‘ഇന്ത്യ ഹൈദരാബാദിലേക്ക് സൈന്യത്തെ അയയ്ക്കുകയാണെങ്കിൽ ഒന്നരക്കോടി ഹിന്ദുക്കളുടെ എല്ലും ചാരവും മാത്രമേ കിട്ടുകയുള്ളൂ’ എന്നു റിസ്വിയും നൈസാമും ഭീഷണി മുഴക്കി. ഭാരത സർക്കാരും
ഹൈദരാബാദും തൽസ്ഥിതി തുടരാൻ താൽക്കാലിക കരാർ ഒപ്പിട്ടെങ്കിലും വിശേഷമൊന്നും ഉണ്ടായില്ല. കരാർ ലംഘനങ്ങൾ നടത്തിക്കൊണ്ട് നൈസാം വിദേശത്തുനിന്ന് ആയുധങ്ങൾ സമാഹരിച്ചു, പുതിയ വിമാനത്താവളങ്ങൾക്കായി ശ്രമങ്ങൾ ആരംഭിച്ചു. 20 കോടി രൂപ പാകിസ്ഥാന് നൽകുകയും ഭാരതമാക്രമിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു മുസ്ലിങ്ങളെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു പാർപ്പിച്ചു. ഹിന്ദുക്കളെ ബലംപ്രയോഗിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു.
“ഒരു കൈയിൽ ഖുർആനും മറുകൈയിൽ വാളുമായി മുന്നേറാൻ “ ആഹ്വാനം ചെയ്ത കാസിം റിസ്വി “രാജ്യത്ത് ഇസ്ലാമികഭരണം ഉറപ്പാകുംവരെ വാൾ ഉറയിലിടരുതെന്ന് “ മുസ്ലീങ്ങളെ ഓർമ്മിപ്പിച്ചു. “ഹിന്ദുസ്ഥാനിലെ നാലരക്കോടി മുസ്ലിങ്ങൾ ഞങ്ങൾക്ക് വേണ്ടി അഞ്ചാംപത്തികളായി പ്രവർത്തിക്കു”മെന്നും
“ബംഗാൾ ഉൾക്കടലിലെ തിരമാലകൾ നൈസാമിന്റെ കാൽകഴുകുന്ന ദിവസം അധികം അകലെയല്ലെന്നും” റിസ്വി പ്രഖ്യാപിച്ചു. ഇതെല്ലാം സിനിമയിലും കാണിക്കുന്നുണ്ട്.
ജൂലായ് മൂന്നാംവാരം റസാക്കർമാർ വീണ്ടും അക്രമം അഴിച്ചുവിട്ടു. കൊള്ളയും തീവെയ്പും കൊലയും ബലാത്സംഗങ്ങളും വീണ്ടും പരക്കെ നടന്നു. സൈന്യത്തെ അയയ്ക്കാൻ സമയമായെന്ന് പട്ടേൽ തീരുമാനിച്ചു. മേജർ ജനറൽ ജെ.എൻ. ചൗധരിയെ വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. പട്ടാളനടപടി ഒഴിവാക്കാൻ പണ്ഡിറ്റ് നെഹ്റുവും വൈകിപ്പിക്കാൻ സർവസൈന്യാധിപൻ സർ റോയ് ബുച്ചറും ഏറെ പരിശ്രമിച്ചു. “ബോംബെയിലും അഹമ്മദാബാദിലുമൊക്കെ പാകിസ്ഥാൻ ബോംബാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്നു “ മുന്നറിയിപ്പ് നൽകി. എന്നാൽ പട്ടേൽ അതൊന്നും ഗൗനിച്ചില്ല. സെപ്റ്റംബർ 13ന് ഓപ്പറേഷൻ പോളോ എന്നു പേരിട്ട സൈനിക നടപടി ആരംഭിച്ചു. വെറും 108 മണിക്കൂർകൊണ്ട് ഹൈദരാബാദിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ഹൈദരാബാദിൽ പാക് പിന്തുണയോടെയുള്ള തുർക്കിസ്ഥാൻ നിലനിന്നിരുന്നുവെങ്കിൽ ഭാരതത്തിൻ്റെ ഇന്നത്തെ അവസ്ഥയെന്താകുമായിരുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് സർദാർ പട്ടേലിൻ്റെയും കെ എം മുൻഷിയുടെയും ദേശീയമായ ദീർഘവീക്ഷണത്തെ നമിച്ചു പോകുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തിൻ്റെ ചിത്രീകരണം തന്നെയാണ് ഈ സിനിമയെന്നർത്ഥം. ഭാരതസ്വാതന്ത്ര്യത്തിന് ശേഷം നടന്ന ഏറ്റവും വലിയ ഹിന്ദുവംശഹത്യയെ വിവരിക്കുന്ന ചലച്ചിത്രം കൂടിയാണിത്.
മറയ്ക്കപ്പെട്ട ചരിത്രസത്യങ്ങളെ ജനങ്ങളുടെ മുന്നിലെത്തിയ്ക്കാൻ ഈ ചലച്ചിത്ര പ്രവർത്തകർ നടത്തിയ ധീരമായ പരിശ്രമങ്ങളെ ദേശസ്നേഹികൾ ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ട്. ചരിത്രവും വർത്തമാനവും അട്ടിമറിക്കാൻ ശ്രമിക്കുന്ന തമസ്കരണശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും സജീവമാണ്. വിക്കിപീഡിയയിൽ പോലും ഹൈദരാബാദ് കൂട്ടക്കൊലയെന്ന് Search ചെയ്യുമ്പോൾ മുസ്ലീംവംശഹത്യയെന്ന രീതിയിലാണ് ചിലർ വിവരങ്ങൾ നൽകിയിരിക്കുന്നത്. വിവരണാതീതമായ ദുരിതങ്ങളനുഭവിച്ച ഹിന്ദുക്കളേയും ഭാരതത്തെയും കുറ്റവാളികളായി ചിത്രീകരിക്കുന്ന രീതിയിലാണ് ഭാരതത്തിൽ നിന്ന് കൊണ്ട് ചിലർ നടത്തുന്ന സോഷ്യൽ മീഡിയാ ദുഷ്പ്രചരണം.! (ക്രൂരമായ മാപ്പിളലഹളയെ സ്വതന്ത്രഭാരതത്തിൽ സ്വാതന്ത്ര്യസമരമാക്കി മാറ്റിയെടുത്തതെങ്ങനെയെന്ന് നാം കണ്ടതാണ്) നക്സൽ – കാശ്മീർ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും ചിലർ പരക്കേ തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട്.
ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ ഈ മൂന്നു ചലച്ചിത്രങ്ങൾക്കും പരമാവധി പ്രചാരണം നൽകാൻ ദേശസ്നേഹികൾ തയ്യാറാകേണ്ടതുണ്ട്. ജനമനസുകളിൽ സിനിമ ചെലുത്തുന്ന സ്വാധീനം നാം ചിന്തിക്കുന്നതിനപ്പുറമാണ്. എന്നാൽ കേരളത്തിലെ തീയേറ്ററുകളിൽ ഈ സിനിമകളുടെ അവസ്ഥ ഇപ്പോൾ പരിതാപകരമാണ്. പലരും ഈ ചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഭാരതത്തിൻ്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും കരുത്ത് പകരുന്ന സിനിമകൾ പരാജയപ്പെടുത്തേണ്ടത് ആരുടെ ആവശ്യമാണെന്നോർമ്മിക്കുക.ശ്രീ രാമസിംഹൻജിയുടെ “പുഴ മുതൽ പുഴ വരെ “യ്ക്കുണ്ടായ ഗതികേട് ഈ സിനിമകൾക്കുണ്ടാവാതിരിക്കട്ടെ! ദേശസ്നേഹികളുടെ സമയോചിതമായ ഇടപെടലുകളാണ് ആ ഫിലിമിനെ അല്പമെങ്കിലും കരകയറ്റിയത്. കാശ്മീർ ഫയൽസ്, കേരളാ സ്റ്റോറി എന്നീ സിനിമകൾക്ക് നൽകിയ ബൂസ്റ്റിംഗ് ഈ മൂന്ന് സിനിമകൾക്കും നൽകണം. ചരിത്ര- വർത്തമാന യാഥാർത്ഥ്യങ്ങൾ അഭ്രപാളികളിലാക്കാൻ ഇതുവരെ ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ ചിലർ ധീരമായി മുന്നിട്ടിറങ്ങുന്നു. അവരെ ഒറ്റപ്പെടുത്തി നിരാശരാക്കി തളർത്തരുത്.
ഇത്തരം സിനിമകളെ സംഘടിതമായി പ്രചരിപ്പിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും സജ്ജനങ്ങളും മുൻകൈയെടുക്കണം. സംഘടനാപ്രവർത്തകർ നിർബന്ധമായി ചലച്ചിത്രം തീയേറ്ററിൽ പോയി കാണണമെന്ന നിർദ്ദേശം അധികാരികൾക്ക് നൽകാൻ കഴിയുന്നതേയുള്ളൂ. ചരിത്രബോധവും വർത്തമാനകാലാവബോധവും പ്രവർത്തകർക്കുണ്ടാകും. അതോടൊപ്പം തീയേറ്ററുകളിൽ ടിക്കറ്റുകൾ സ്പോൺസർ ചെയ്ത് ജനങ്ങളെ കാണിക്കുവാനുള്ള തീരുമാനവുമുണ്ടാകണം. ഈ സിനിമകൾ തീയേറ്ററിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് ഹൈന്ദവസംഘടനകളും സാമുദായിക നേതൃത്വവും സജ്ജനസമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളം മാറി ചിന്തിക്കാത്തതെന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്. നമ്മുടെ ഈ കടുത്ത നിസംഗത തന്നെയാണ് കാരണം. തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലാണെന്ന ന്യായം ഒട്ടും നീതികരിക്കാൻ കഴിയില്ല. ഹൈദരാബാദ് സംയോജനത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം 2023 സെപ്തംബർ 17ന് വിവാദങ്ങളോടെയാണ് ആചരിച്ചത്. 2024 ലോക്സഭാതെരഞ്ഞെടുപ്പിൽ അതും ഒരു വിഷയമാണ്. ആർട്ടിക്കിൾ 370 നിർത്തലാക്കിയതും നക്സൽ ഭീകരതയെ അമർച്ച ചെയ്തതും ദേശസ്നേഹികൾക്ക് അഭിമാനം പകരുന്ന തീരുമാനങ്ങളാണ്. ഇവയും തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്നെ. തെറ്റായ നറേറ്റീവുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ വിവിധ തന്ത്രങ്ങൾ പയറ്റുന്ന സമയമാണെന്നോർമ്മിക്കുക. ദേശീയവികാരം പ്രോജ്വലിപ്പിക്കുന്ന ഈ സിനിമകൾ ജനങ്ങളെ കാണിക്കുവാനുള്ള നടപടികൾ ഇപ്പോൾ ആശയവിദ്യാഭ്യാസം മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണം കൂടിയാണെന്ന തിരിച്ചറിവ് കൂടി ഉണ്ടാകേണ്ടത് അനിവാര്യം.
ഭാരതത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നവരല്ലാതെ ഈ സിനിമകൾ പ്രചരിപ്പിക്കാൻ മറ്റാരാണ് രംഗത്ത് വരേണ്ടത്?! മുൻ തലമുറകൾക്കുണ്ടായ വീഴ്ച ഇനിയും ആവർത്തിക്കാതിരിക്കാനുള്ള സത്ബുദ്ധി ശ്രീ പരമേശ്വരൻ നൽകട്ടെയെന്ന് മാത്രം പ്രാർത്ഥിക്കുന്നു.!