ഭാരതത്തിൻ്റെ അഖണ്ഡത, ജനാധിപത്യം, നിയമസംവിധാനം എന്നിവയ്ക്കു മാത്രമല്ല ലോകശാന്തിയ്ക്ക് തന്നെ കടുത്ത വെല്ലുവിളികളുയർത്തുന്ന നക്സൽ ഭീകരതയെ തുറന്നു കാട്ടുന്ന സിനിമ.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എരീസ് പ്ലക്സിൽ ആർഷവിദ്യാസമാജം പ്രവർത്തകർക്കൊപ്പം “ബസ്തർ -ദി നക്സൽ സ്റ്റോറി “ കണ്ടു. ഭാരതത്തിൻ്റെ അഖണ്ഡത, ജനാധിപത്യം, നിയമസംവിധാനം എന്നിവയ്ക്കു മാത്രമല്ല ലോകശാന്തിയ്ക്ക് തന്നെ കടുത്ത വെല്ലുവിളികളുയർത്തുന്ന നക്സൽ ഭീകരതയെ തുറന്നു കാട്ടുന്ന സിനിമ. ചിത്രം നിർമ്മിക്കാൻ സന്മനസും ധൈര്യവും കാട്ടിയ നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷാ ജിയ്ക്കും സംവിധാനം ഭംഗിയായി നിർവഹിച്ച സുദീപ്തോ സെൻജിയ്ക്കും, അഭിനയമികവ് പുലർത്തിയ അദാശർമ്മ (നീരജാ മാധവൻ) ,ഇന്ദിരാ തിവാരി ( രത്ന)വിജയ് കൃഷ്ണ (ലങ്കാറെഡ്ഡി ) തുടങ്ങിയവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ !
“രാജ്യം ദർശിച്ച ഏറ്റവും വലിയ ആഭ്യന്തരസുരക്ഷാഭീഷണിയാണ് നക്സലിസം “ ഇങ്ങനെ പ്രഖ്യാപിച്ചത് യു പി എ ഭരണകാലത്ത് ഡോ.മൻമോഹൻ സിംഗ്. കൊല്ലപ്പെട്ട സുരക്ഷാഭടൻമാരുടെ എണ്ണം, വിമോചിത മേഖലയെന്ന പേരിൽ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളുടെ വിസ്തീർണ്ണം, റെഡ്കോറിഡോറിൻ്റെ വൈപുല്യം (പത്തിലേറെ സംസ്ഥാനങ്ങൾ,70 ഓളം ജില്ലകൾ) സമാന്തരഭരണവ്യവസ്ഥ (ഭരണകൂടം, പട്ടാളം, പോലീസ്, കോടതി, നീതിന്യായക്രമം), ജനങ്ങളെ ഭയപ്പെടുത്തി അടിമകളാക്കുന്ന അന്തരീക്ഷം തുടങ്ങിയവയാണ് നമ്മുടെ മുൻപ്രധാനമന്ത്രിയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. രാജ്യത്തിൻ്റെ അകത്തും പുറത്തുമുള്ള രാഷ്ട്രവിരുദ്ധശക്തികളുമായുള്ള സജീവബന്ധം, ഓരോ പ്രദേശങ്ങളിലെയും അധോലോക സംഘടനകൾ,കള്ളക്കടത്ത് ലോബി, മയക്കുമരുന്നു മാഫിയ എന്നിവയുമായി ഒത്ത് ചേർന്നുള്ള ശ്രൃംഖല, വിപുലമായ ഫണ്ടിംഗ് ശ്രോതസുകൾ, ഹമാസിനെപ്പോലെ കുട്ടിസൈനികരെ വാർത്തെടുക്കാനുള്ള സായുധപരിശീലനം, അത്യന്താധുനികമായ ആയുധങ്ങൾ, ഹീനമായ ആക്രമണങ്ങൾ തുടങ്ങിയവയെല്ലാം നക്സൽഭീഷണിയെ അതീവഗുരുതരമാക്കുന്നു.
ഫാസിസ്റ്റ്പ്രത്യയശാസ്ത്രത്തിന് പുറമേ ദേശവിരുദ്ധ – വിഘടനവാദ നിലപാടുകൾ, പട്ടിണി, പിന്നോക്കാവസ്ഥ എന്നിവ ചൂണ്ടിക്കാട്ടി സമൂഹത്തിലും അണികളിലും അടിച്ചേൽപ്പിക്കുന്ന ഐഡിയോളജിക്കൽ ബ്രെയിൻ വാഷിംഗ്,കൊടുംകാടുകളിലെ ഓപ്പറേഷൻസ്,വനവാസികളേയും കുട്ടികളെയും സ്ത്രീകളെയും മറയാക്കിയുള്ള പോരാട്ടം, അന്താരാഷ്ട്രസ്വാധീനം, ചൈന, നേപ്പാൾ ഇതര രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഭരണത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണ,ജർമനി, ഫിലിപ്പീൻസ്, നേപ്പാൾ, ഫ്രാൻസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിലെ ഭീകര സംഘങ്ങളുമായുള്ള അടുത്ത ബന്ധം, അതിശക്തവും വിപുലവുമായ സപ്പോർട്ടിംഗ് സിസ്റ്റം എന്നിവ നക്സൽ ഭീകരതയുടെ പ്രത്യേകതകളാണ്.
താലിബാൻ,ഐഎസ്, അൽ ശബാബ്, ബോക്കോ ഹറാം, ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ, ആഗോളതലത്തിൽ ഏറ്റവും ഭീകരമായ സംഘടന സിപിഐ (മാവോയിസ്റ്റ്) ആണെന്ന് 2018 ൽ US Country Report on Terrorism വ്യക്തമാക്കി.
നിരന്തരവും കർശനവുമായ പാർട്ടി സ്റ്റഡിക്ലാസുകളിലൂടെയുള്ള ബ്രെയിൻ വാഷിംഗ്-റിക്രൂട്ട്മെൻ്റ് -സായുധ പരിശീലനം – ഭീകരപ്രവർത്തനം – ഭരണം പിടിച്ചെടുക്കൽ – സമാന്തര ഭരണം -അരാജകവാദം ഇതൊക്കെയാണ് നക്സൽ വിപ്ലവപ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ
ഓട്ടോമാറ്റിക് തോക്കുകൾ, ലൈറ്റ് മെഷീൻഗണ്ണുകൾ, എകെ 47,തോളിൽ വയ്ക്കാവുന്ന റോക്കറ്റ് ലോഞ്ചർ,
മോർട്ടാറുകൾ, ഉഗ്രസ്ഫോടകശേഷിയുള്ള ഗ്രനേഡുകൾ, കുഴിബോംബുകൾ എന്നിവയുള്ള ഇരുപതിനായിരത്തിലേറെ പേരാണ് നക്സൽ സായുധസേനയിൽ ഒരിക്കൽ ഉണ്ടായിരുന്നത്. എത്രയോ രാഷ്ട്രീയ നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥൻമാരെയും സാമാന്യജനങ്ങളേയും അവർ ഇതിനകം കൊന്നു, കെട്ടിടങ്ങളും വാഹനങ്ങളും തകർത്തതിന് കണക്കില്ല. നിരവധി ജയിലാക്രമണങ്ങളിലൂടെ പ്രവർത്തകരെ മോചിപ്പിച്ചു. 1980-2015 വരെ 3105 സുരക്ഷാഭടന്മാരടക്കം 20012 പേർ നക്സൽ കലാപങ്ങളിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതിൽ 12146 പേർ സാധാരണക്കാരാണ്. 2019 ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇറക്കിയ രേഖപ്രകാരം, 2010 -2019 ൽ, പ്രതിവർഷം 1200 നക്സൽ ഭീകരാക്രമണങ്ങളിൽ ശരാശരി 417 നാട്ടുകാർ കൊല്ലപ്പെടുന്നു.നക്സലുകളെ സഹായിക്കുന്ന ഗ്രാമവാസികളെ സംശയത്തിൻ്റെ പേരിൽ ചോദ്യം ചെയ്ത് വധിച്ചിട്ടുണ്ട്. വിചാരണ നടത്തുക, വിധി പ്രസ്താവിക്കുക ശിക്ഷിക്കുക ഇതെല്ലാം പാർട്ടി തന്നെ! പൊലീസിന് വിവരം നൽകി എന്നാരോപിച്ച് 2018 ൽ 61 പേരെയും2019 ൽ 21 പേരെയും വധിച്ചു. എട്ട് കുഞ്ഞുങ്ങളെ തീയിലെറിഞ്ഞു കൊന്ന നീചകൃത്യങ്ങൾ വരെ നടന്നിട്ടുണ്ട് !.
ഐഎസ്ഐ,ലഷ്കറെ തോയ്ബ, ജയ് ഷേ മുഹമ്മദ്, സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുമായും ദാവൂദ് ഇബ്രാഹിമിൻ്റെ ഡി കമ്പനിയുമായുമുള്ള നക്സൽപങ്കാളിത്തങ്ങൾ ഭാരതത്തിനെതിരായ പരോക്ഷയുദ്ധത്തിന് (proxy war) പാകിസ്ഥാൻ സമർത്ഥമായി ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞതാണ്. എൽടിടിഇ, ഉൾഫ,സിമി, ലഷ്കർ ഇ തോയ്ബ എന്നീ സംഘടനകളിൽ നിന്ന് മാവോയിസ്റ്റുകൾക്ക് ആയുധങ്ങളും പരിശീലനവും കിട്ടിയിട്ടുണ്ട്.
മാവോവാദികളുടെ ഫണ്ടിംഗ് രീതികൾ വിചിത്രമാണ്. നിർബന്ധിതപിരിവുകൾക്ക് പുറമേ തട്ടിക്കൊണ്ട് പോയി പണം തട്ടൽ, മയക്കുമരുന്ന് കച്ചവടം, ബാങ്കുകളും,കടകളും കൊള്ളയടിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ (സ്വാമി ലക്ഷ്മണാനന്ദയടക്കം) എന്നിവയ്ക്ക് പുറമേ ഹപ്തയുമുണ്ട്’. ബിസിനസുകാരിൽ നിന്ന്
പ്രതിവർഷം 1400 കോടി രൂപ ഭീഷണിപ്പണമായി നക്സലുകൾ വാങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും നക്സൽ ഭീകരതയെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്ന ഒരു “ സപ്പോർട്ടിംഗ് സിസ്റ്റത്തെ “ വളർത്തിയെടുക്കാൻ ഇവർക്ക് കഴിയുന്നുവെന്നതാണ് യാഥാർത്ഥ്യം. അർബൻ നക്സൽസ് എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നതിതാണ്. ഭരണകൂടം, ഉദ്യോഗസ്ഥർ, കോടതി, പോലീസ്, മാധ്യമം – ഫെമിനിസ്റ്റ് – ദളിത്,ബുദ്ധിജീവികൾ, പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകർ ,വിദ്യാർത്ഥികൾ എന്നിവരെ സ്വാധീനിക്കാനോ ‘വരച്ച വരയിൽ നിർത്താനോ’ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനായി പണം, സ്ത്രീകൾ, ബ്ലാക്ക്മെയിലിംഗ്, ഭീഷണി തുടങ്ങിയവയെല്ലാം അവർ നിർബാധം ഉപയോഗിച്ചു.
നരേന്ദ്രമോദി അധികാരമേറ്റെടുത്തതിനു ശേഷമുള്ള നടപടികളാണ് നക്സൽ ഭീകരതയ്ക്ക് ശക്തമായ പ്രഹരം ഏൽപ്പിച്ചത്. റെഡ് കോറിഡോറിൽ നക്സൽ സ്വാധീനം കുറഞ്ഞെങ്കിലും, നക്സലിസത്തിൻ്റെ ഭാവി ആസ്ഥാനകേന്ദ്രം കേരളമാണെന്നാണ് അമർത്യ ദേബ് എഴുതിയ“Naxals in Kerala: Their Networks,
Resources, Legitimacy and Solutions for Curbing Future Growth “ (Centre for Land welfare Studies)എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നത്.
കർണാടകം, കേരളം,തമിഴ്നാട് എന്നിവയുടെ സംഗമസ്ഥാനമായ വനപ്രദേശങ്ങൾ തങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമുള്ള സാഹചര്യമായി മാവോവാദികൾ കരുതുന്നു. ഇവിടെയുള്ള ഇടതുപക്ഷ സ്വാധീനo, കപടമതേതരവീക്ഷണം, വോട്ട് ബാങ്ക് പൊളിറ്റിക്സ്, ജിഹാദിയൻ സംഘടനകളുടെ പ്രബലസാന്നിദ്ധ്യം, മോദി – ബി ജെ പി,- ആർ എസ് എസ് – ഹിന്ദു വിരുദ്ധമനോഭാവം , കട്ടിംഗ് സൗത്ത് പ്രചാരണം, കണ്ണടച്ചിരിട്ടാക്കുന്ന മീഡിയ തന്ത്രങ്ങൾ, ഭീകരതയ്ക്ക് കുട പിടിക്കുന്ന മനുഷ്യാവകാശസംഘടനകൾ, ക്രിമിനൽ ഗുണ്ടാസംഘശൃംഖല, സമാന്തരസാമ്പത്തിക സംവിധാനം തുടങ്ങിയവ തങ്ങൾക്ക് അനുകൂലഘടകങ്ങളാകുമെന്ന് നക്സൽ നേതാക്കൾ കണക്കുകൂട്ടുന്നു.
ബോധ്യപ്പെട്ട വസ്തുതകൾ, പ്രമുഖപത്രങ്ങളിലെ വാർത്തകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ‘ ബസ്തർ -ദി നക്സൽ സ്റ്റോറി’യുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഈ യാഥാർത്ഥ്യങ്ങൾ സാമാന്യജനങ്ങളെ അറിയിക്കാതിരിക്കാനുള്ള ആസൂത്രണങ്ങൾ ഇന്നും സജീവമായി നടക്കുന്നു.
കേരളത്തിൽ പോലും ഗുരുതര ഭീഷണികളുയർത്തിയ – ഭാവിയിലെ വെല്ലുവിളിയാകാൻ പോകുന്ന നക്സൽ ഭീകരതയുടെ തനിനിറം വ്യക്തമാക്കുന്ന ഒരു സിനിമയ്ക്ക് നേരെ പൊതുസമൂഹം കാട്ടുന്ന അവഗണനയാണ് നമ്മെ വേദനിപ്പിക്കുന്നത്. പല തീയേറ്ററുകളിലും ചിത്രത്തിൻ്റെ ഫ്ലക്സ് പോലും വച്ചിട്ടില്ല എന്നറിയാൻ കഴിഞ്ഞു. പ്രൊമോഷൻ ഒട്ടുമില്ല. ഈ ചിത്രം ആരിലും സ്വാധീനമുണ്ടാക്കാതെ,നിശബ്ദമായി കടന്നു പോകണമെന്നാണോ ചിലർ വിചാരിക്കുന്നത്.?!
കുട്ടിക്കാലം മുതൽ ജനങ്ങളെ ശക്തമായ സ്വാധീനിക്കുന്ന ഈ മാനവവിരുദ്ധാശയങ്ങളും ഭീകരപ്രവൃത്തികളും ആരും അറിയരുതെന്ന ഉദ്ദേശം ആർക്കെങ്കിലുമുണ്ടോ?! ലോകത്തിൽ നടക്കുന്ന ഏത് കാര്യങ്ങളെക്കുറിച്ചും
അഭിപ്രായം മാത്രമല്ല, വിധിപ്രസ്താവനയും പുറപ്പെടുവിക്കുന്ന സെൻസേഷണൽ മാധ്യമങ്ങളും, സൈബർ പോരാളികളും പുലർത്തുന്ന നിശബ്ദതയും ഞെട്ടിക്കുന്നതാണ്.
അടുത്ത തലമുറയെ രക്ഷിക്കണമെന്നാഗ്രഹിക്കുന്നവർ നിർബന്ധമായി കണ്ടിരിക്കേണ്ട സിനിമ എന്ന് മാത്രമല്ല ദേശീയവാദികൾ സംഘടിതമായി പ്രചരിപ്പിക്കേണ്ട ചിത്രം കൂടിയാണിത്. “ദി കേരളാ സ്റ്റോറി “, “കാശ്മീർ ഫയൽസ് “ എന്നിവയ്ക്ക് രാഷ്ട്രസ്നേഹികൾ നൽകിയ ശക്തമായ കാമ്പയിൻ ഈ സിനിമയ്ക്ക് വേണ്ടിയും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. തീയേറ്ററുകളിൽ വിളിച്ച് സിനിമാപ്രദർശനം നടത്തിക്കാനും ഫ്ലക്സ് വയ്പിക്കാനും ശ്രമിക്കണം. ടിക്കറ്റ് സ്പോൺസർ ചെയ്യുക, പ്രമുഖ വ്യക്തികളെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിക്കുക, വ്യാപകമായ സോഷ്യൽ മീഡിയ കാമ്പയിൻ – തുടങ്ങിയ നടപടികളും ആരംഭിക്കണം.