Skip to content

സനാതനധർമ്മം – 4

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ മൂന്നാംഭാഗം.
മൂന്നാം ഭാഗം:
“സനാതനധർമ്മവിരുദ്ധമായ മാമൂൽവാദം”
ജാതിയെ ചൂണ്ടിക്കാട്ടി ‘സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ‘ ആഹ്വാനം ചെയ്യുന്നവരുടെയെല്ലാം വാദങ്ങൾ ഒരേ രീതിയിലാണ്.
1. സനാതനധർമ്മം വർണവ്യവസ്ഥ മാത്രമാണെന്ന് വാദിയ്ക്കുക,
2. വർണ്ണവ്യവസ്ഥയെ ജാതിസമ്പ്രദായമായി ചിത്രീകരിക്കുക.
3. ജാതിയുടെ പേരിൽ സമൂഹത്തിൽ നടന്ന എല്ലാ അനീതികളേയും അതിക്രമങ്ങളെയും സനാതനധർമ്മത്തിൻ്റെ തലയിൽ വച്ച് കെട്ടുക.
4. അതുകൊണ്ട് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുക.
അതായത് “ജാതിവിഷയം ” ചൂണ്ടിക്കാട്ടി സനാതനധർമ്മത്തെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുക. ഇതാണ് ഇക്കൂട്ടരുടെ കാലങ്ങളായുള്ള സ്ഥിരം തന്ത്രം.
പക്ഷേ ഇങ്ങനെയൊക്കെ വാദിക്കുന്നവർ ആരാണെന്നറിയാമോ?
ജാതിവ്യവസ്ഥ നശിയ്ക്കാതെ എന്നും നിലനിർത്തണമെന്ന് ശഠിക്കുന്നവർ!
അതിൻ്റെ പേരിൽ ഹിന്ദുക്കളെ എക്കാലവും തമ്മിലടിപ്പിച്ച് നേട്ടങ്ങൾ കൊയ്യാനാഗ്രഹിക്കുന്നവർ!
ജാതിയുടെ പേരിലുള്ള ആനുകൂല്യങ്ങളും സംവരണങ്ങളും “ലോകാവസാനം വരെ ” ഉണ്ടാകണമെന്ന് സ്വപ്നം കാണുന്നവർ! മനുഷ്യവിവേചനം, വിദ്വേഷം, അടിമത്തം, ക്രൂരത എന്നിവയ്ക്കാഹ്വാനം ചെയ്യുന്ന സിദ്ധാന്തങ്ങളടങ്ങിയ “മതഗ്രന്ഥവും ” കക്ഷത്തിൽ വച്ച് ഹിന്ദുധർമ്മത്തിനെതിരെ വിരൽ ചൂണ്ടുന്നവർ!
ആക്രമണങ്ങൾ, കോളനിവത്കരണം, ചൂഷണം എന്നിവയിലൂടെ ലോകമെങ്ങും കോടാനുകോടി അടിമകളെ സൃഷ്ടിച്ച ചരിത്രവുമായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവർ!.
ഇവരുടെ നിലപാട് തന്നെ ദുർബ്ബലവും പരിഹാസ്യവുമാക്കുന്നത് ഈ വസ്തുതകളാണ്.
സനാതനധർമ്മം, വർണ്ണം, ജാതി എന്നിവയെ സംബന്ധിച്ച ചർച്ചകളിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ഉറപ്പിച്ച് പറയാം.
സുദീർഘമായ ഭാരതചരിത്രത്തിൽ രണ്ട് പാരമ്പര്യങ്ങൾ കാണാൻ കഴിയും.
(ഒന്ന്)
ആർഷഗുരുപരമ്പരകൾ പ്രചരിപ്പിച്ച സനാതനധർമ്മപാരമ്പര്യം. ഉജ്വലമായ തത്വങ്ങൾ, ദർശനങ്ങൾ, മഹനീയവിദ്യാഭ്യാസപൈതൃകം, വൈജ്ഞാനിക പുരോഗതി, ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ എന്നിവയെല്ലാം ഈ ആർഷപാരമ്പര്യത്തിലുണ്ട്. ഭാരതത്തെ ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിക്കുവാൻ സഹായിക്കുന്നത് ഈ സംസ്കൃതിയാണ്.
(രണ്ട് )
ഒന്നാമതായി ചൂണ്ടിക്കാട്ടിയ ശ്രേഷ്ഠമായ ആർഷപാരമ്പര്യത്തിൻ്റെ മഹിമകളെല്ലാം തകർക്കാൻ ശ്രമിച്ചവരും അട്ടിമറിച്ചവരും ചരിത്രത്തിൽ നമുക്കിടയിലുണ്ടായിട്ടുണ്ട്. രാജകൊട്ടാരങ്ങളിലും സമൂഹത്തിലും ദേവാലയങ്ങളിലും ഗ്രന്ഥങ്ങളിലും അവർ ചെലുത്തിയ പ്രബലമായ സ്വാധീനം മൂലമാണ് എല്ലാ ദുരിതങ്ങളും നമുക്കുണ്ടായത്. ഈ യാഥാർത്ഥ്യം കാണാതിരിക്കുന്നത് സത്യനിഷേധമാണ്. “സനാതനധർമ്മ ഉന്മൂലനവാദികൾ ” ഉയർത്തുന്ന വിമർശനങ്ങളിൽ “ചിലത് ” കാമ്പുള്ളതാണെന്നും മനസിലാക്കുക. അന്നും ഇന്നും സനാതനധർമ്മത്തിന് വിരുദ്ധരായി നിൽക്കുന്ന തമോശക്തികളേയും നാം തിരിച്ചറിയണം.
ഒന്നാമത് ചൂണ്ടിക്കാട്ടിയ ജ്ഞാനപ്രകാശപാരമ്പര്യം ഉയർത്തിപ്പിടിക്കാനും രണ്ടാമത് സൂചിപ്പിച്ച അജ്ഞതയുടെ വിഴുപ്പ് ഭാണ്ഡം തിരസ്കരിക്കാനുമുള്ള ത്യാജ്യഗ്രാഹ്യബുദ്ധി നാം പുലർത്തണമെന്നാണ് ആദ്യമായി അഭ്യർത്ഥിക്കാനുള്ളത്.
സനാതനധർമ്മ പ്രകാശം കെടുത്താനും ഉജ്വല തത്വങ്ങൾ അട്ടിമറിക്കാനും ശ്രമിച്ചവരെയാണ് ഈ ചർച്ചയിൽ “മാമൂൽവാദികൾ ” എന്ന് വിശേഷിപ്പിക്കുന്നത്. ഇവരുടെ ചിന്താഗതിയിൽ രണ്ടു ഘടകങ്ങളുണ്ട്
1.ആധികാരികമല്ലാത്ത സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ, ഗ്രന്ഥങ്ങൾ, കൾട്ടുകൾ എന്നിവയെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസപ്രമാണങ്ങളായി അന്ധമായി സ്വീകരിയ്ക്കുക.
2. വ്യക്തിയ്ക്കും സമാജത്തിനും എതിരായ ശീലങ്ങൾ, നാട്ടുനടപ്പുകൾ, ആചാരങ്ങൾ എന്നിവയെ നീക്കുപോക്കില്ലാത്ത കീഴ് വഴക്കങ്ങളായി പിന്തുടരുക. ഈ രണ്ട് മനോഭാവങ്ങളെയുമാണ് ‘മാമൂൽവാദം’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.

അന്ധമായ വിശ്വാസങ്ങളും, വ്യക്തിയ്ക്കും സമാജത്തിനും വിരുദ്ധമായ ആചാരങ്ങളും പിന്തുടരുന്ന രീതിയാണ് മാമൂൽവാദം എന്നർത്ഥം. അത് ഭാരതത്തിലും ശക്തി പ്രാപിച്ചിരുന്നു. മാനവവിഭജനം, വിവേചനം, വിദ്വേഷ മനോഭാവം, ജാതിവ്യവസ്ഥ, (ജാതിഭേദം, ഉച്ചനീചത്വം, അയിത്തം) ഭ്രഷ്ട്, അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം, ആശയമലിനീകരണം, അജ്ഞത, പ്രമാദം, തുടങ്ങിയവയെല്ലാം മാമൂൽവാദചിന്താഗതിയുടെ ചില ഉൽപന്നങ്ങൾ മാത്രം!

ആർഷഗുരുപരമ്പരയിലൂടെ സനാതനധർമ്മം പഠിക്കേണ്ടതിന് പകരം കപടജ്യോതിഷികൾ, വ്യാജപുരോഹിതർ, അബദ്ധകൃതികൾ, അജ്ഞത ബാധിച്ച സമൂഹം എന്നിവയിൽ നിന്ന് ആശയങ്ങളുൾക്കൊള്ളുന്നവർ!
സനാതനധർമ്മം ഉയർത്തിപ്പിടിക്കുന്ന പ്രമാണവാദത്തിന് പകരം സെമിറ്റിക് ശക്തികളെപ്പോലെ മതഗ്രന്ഥവാദം ഉയർത്തിപ്പിടിക്കുന്നവർ! ഉജ്വലമായ ദർശനങ്ങളിൽ വെള്ളം ചേർക്കുന്ന ആശയമലിനീകരണവാദികൾ !
“മുത്തച്ഛൻ കുഴിച്ച കിണറിൽ കലക്കവെള്ളമാണെങ്കിലും അതേ കുടിക്കൂ ” എന്ന് പ്രഖ്യാപിക്കുന്നവർ!. ശാസ്ത്രത്തെയും യുക്തിയേയും സംവാദപാരമ്പര്യത്തേയും നിരാകരിച്ചവർ ! അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം പിന്തുടരുന്നവർ!. സമാജത്തിന് എത്രമാത്രം ദോഷം ചെയ്യുന്നതാണ് തങ്ങളുടെ സ്വഭാവവും നടപടികളുമെന്നറിഞ്ഞാലും തിരുത്താൻ തയ്യാറാകാത്തവർ – !
ഇത്തരം മാമൂൽവാദശക്തികൾ പണ്ട് മാത്രമല്ല, ഇന്നും എന്നുമുണ്ട്.
ബ്രാഹ്മണ്യം, പൗരോഹിത്യം ജാതിബ്രാഹ്മണർ, പുരോഹിതർ എന്നൊക്കെ ജാതിമാമൂൽവാദികളെ വിശേഷിപ്പിക്കാത്തത് മന:പൂർവ്വമാണ്. കാരണം ജാതി വ്യവസ്ഥയും മാമൂൽസിദ്ധാന്തങ്ങളും എന്നും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ അന്നും ഇന്നും എല്ലാ ജാതി-മതവിഭാഗങ്ങളിലും കാണാനാവും. സനാതനധർമ്മത്തിൻ്റെ ആശയങ്ങളിൽ ചിലതെങ്കിലും അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ചിലർ എല്ലാവരിലുമുണ്ട് എന്നതുപോലെ.
വൈക്കംസത്യാഗ്രഹ സമയത്ത് അവിടെയെത്തിയ മഹാത്മാഗാന്ധിയോട് ആധികാരികപ്രമാണങ്ങൾ വിശദീകരിച്ച് ജാതിവ്യവസ്ഥയും അതിലെ അനീതിയും സനാതനധർമ്മവിരുദ്ധമെന്ന് തെളിയിച്ചത് ആഗമാനന്ദസ്വാമികളായിരുന്നു. അദ്ദേഹമായിരുന്നു അന്നത്തെ ഹിന്ദുധർമ്മത്തിൻ്റെ പ്രതിനിധി. ഇണ്ടംതുരുത്തി നമ്പൂതിരി മാമൂൽ-ജാതിവാദത്തിൻ്റെയും !
രണ്ടു പേരും ജനിച്ചത് ഒരേ ബ്രാഹ്മണജാതിയിൽ !
(തുടരും)