വന്ദേമാതരം – ദേശീയഗീതം
വന്ദേ മാതരം … വന്ദേ മാതരം
അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
(വന്ദേ മാതരം)
നല്ല ജലാശയങ്ങളുള്ളവളും, നല്ല ഫലങ്ങൾ തരുന്നവളും, മലയമാരുതനാൽ (തെന്നലാൽ) തണുപ്പേകുന്നവളും, പച്ചപ്പാർന്ന വിളവുകളാൽ ശ്യാമവർണ്ണയായി ശോഭിക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം ഫുല്ലകുസുമിത ദ്രുമദളശോഭിണീം
വെൺനിലാവെളിച്ചത്തിൽ പുളകം കൊള്ളുന്ന രാത്രികളുള്ളവളും, വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഇലകളും നിറഞ്ഞ മരങ്ങളാൽ മനോഹരിയുമായ അമ്മേ,
സുഹാസിനീം സുമധുരഭാഷിണീം സുഖദാം വരദാം മാതരം
(വന്ദേ മാതരം)
മനോഹരമായി ചിരിക്കുന്നവളും, അതിമധുരമായി സംസാരിക്കുന്നവളും, സുഖവും വരങ്ങളും ചെയ്യുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
കോടി കോടി ഭുജൈർധൃത ഖരകരവാളേ
കോടിക്കണക്കിന് (അന്ന് പതിനാല് കോടി) ജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നുമുയരുന്ന സിംഹനാദത്താൽ ശക്തയായവളും, അത്രയും തന്നെ കൈകളിൽ ഏന്തിയ മൂർച്ചയേറിയ വാളുകളാൽ പ്രബലയുമായ അമ്മേ,
അബലാ കേനോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
(വന്ദേ മാതരം)
അമ്മേ, നീ അബലയാണെന്ന് ആരാണ് പറയുക? അത്രമേൽ മഹാശക്തി ധരിച്ചവളും, ഞങ്ങളെ കാത്തുരക്ഷിക്കുന്നവളും, ശത്രുസൈന്യത്തെ തടഞ്ഞു തകർക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
തുമി വിദ്യാ തുമി ധർമ്,
തുമി ഹൃദി തുമി മർമ്
ത്വം ഹി പ്രാണാ: ശരീരേ
നീയമ്മേ ഞങ്ങളുടെ വിദ്യ, നീയമ്മേ ഞങ്ങളുടെ ധർമ്മം. ഞങ്ങളുടെ ഹൃദയവും മർമ്മവും നീയാണ്. ശരീരത്തിലെ പ്രാണനും നീ തന്നെ.
ബാഹു തേ തുമി മാ ശക്തി, ഹൃദയേ തുമി മാ ഭക്തി,
തോമാരീ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ
ഞങ്ങളുടെ കൈകളിലെ ശക്തിയും, ഹൃദയത്തിലെ ഭക്തിയും നീയാണ്. ഓരോ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നത് നിന്റെ തന്നെ പ്രതിമകളാണ്.
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
പത്തു കൈകളിൽ ആയുധങ്ങളേന്തിയ ദുർഗ്ഗാദേവി നീ തന്നെയാണ്.
കമലാ കമലദള വിഹാരിണീ
താമരപ്പൂവിൽ വസിക്കുന്ന ലക്ഷ്മിദേവിയും നീയാണ്.
വാണീ വിദ്യാദായിനീ, നമാമി ത്വം
വിദ്യയേകുന്ന സരസ്വതീദേവിയും നീ തന്നെ. അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
നമാമി കമലാം അമലാം അതുലാം സുജലാം സുഫലാം മാതരം
പരിശുദ്ധയും സമാനതകളില്ലാത്തവളും, നല്ല വെള്ളവും നല്ല ഫലങ്ങളും തരുന്നവളുമായ ലക്ഷ്മീതുല്യയായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം ധരണീം ഭരണീം മാതരം
(വന്ദേമാതരം)
ശ്യാമവർണ്ണയും, ലളിതമനസ്കയും, മനോഹരമായ പുഞ്ചിരിയുള്ളവളും, സർവ്വാഭരണഭൂഷിതയുമായ അമ്മേ , ഈ ഭൂമിയെ പരിപാലിക്കുന്നവളും ഞങ്ങളെ കാത്തുരക്ഷിക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു!