Member   Donate   Books   0

ജൂലൈ 4 – സ്വാമി വിവേകാനന്ദ മഹാസമാധിദിനം

AVS

1863 ജനുവരി 12-ന് ബംഗാളിൽ ജനിച്ച സ്വാമി വിവേകാനന്ദൻ, സനാതനധർമ്മ-വേദാന്ത ദർശനത്തിന്റെ ആധുനിക കാലത്തെ ഏറ്റവും ശക്തനായ വക്താവും പ്രയോക്താവും ആഗോള സ്വാധീനമറിയിച്ച അദ്ധ്യാത്മിക ആചാര്യനുമായിരുന്നു. 1893-ൽ ചിക്കാഗോയിലെ വേൾഡ് പാർലമെന്റ് ഓഫ് റിലീജിയൻസിൽ (ലോക മതമഹാസമ്മേളനത്തിൽ) നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായി മാറി ! യോഗ-വേദാന്തദർശനത്തിന് പേരുകേട്ട അദ്ദേഹം ഭാരതസംസ്ക്കാരത്തിന്റേയും സനാതനധർമ്മത്തിന്റേയും പ്രതിനിധിയായി അംഗീകരിക്കപ്പെട്ടു! കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദർശനത്തിന്റെയും മതത്തിന്റെയും ശാസ്ത്രത്തിന്റെയും പാലമായി അദ്ദേഹം മാറി.

പൂർവ്വാശ്രമത്തിൽ നരേന്ദ്രനാഥ ദത്ത് എന്ന പേരുണ്ടായിരുന്ന അജ്ഞാതനായ ഈ ഭാരതീയ സന്യാസിവര്യൻ, 1893-ല്‍ ചിക്കാഗോയില്‍ നടന്ന മത പാര്‍ലമെന്റില്‍ വച്ചാണ് പൊടുന്നനെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത് ! അവിടെ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു ! പൗരസ്ത്യ- പാശ്ചാത്യ സംസ്‌കാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിസ്തൃത വിജ്ഞാനത്തോടൊപ്പം, ഉത്സാഹപൂര്‍ണ്ണമായ വാഗ്മിത്വവും ഉജ്ജ്വലമായ സംഭാഷണചാതുരിയും വിശാലമായ മാനുഷിക മൂല്യങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം പാശ്ചാത്യര്‍ക്ക് തടുക്കാനാവാത്ത ആകര്‍ഷണീയതയായി മാറി.

ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് പിന്നീട് അറിയപ്പെട്ട നരേന്ദ്രൻ. 1902-ൽ അദ്ദേഹം ദൗത്യം പൂർത്തിയാക്കി മഹാസമാധി പ്രാപിച്ചു. 39 വർഷം മാത്രമേ ഭൂമിയിൽ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ലോകത്തിന് അനശ്വരമായ സംഭാവനകൾ നൽകിയാണ് പൂജ്യ സ്വാമിജി വിടവാങ്ങിയത്. പശ്ചിമ ബംഗാളിലെ ബേലൂർ മഠം ആസ്ഥാനമായി രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഹിന്ദു ആത്മീയ സംസ്കാരത്തിന്റെ പ്രചാരണത്തിനായി ഈ സംഘടന പ്രവർത്തിക്കുന്നു.

4 July - The Mahasamadhi Day of Swami Vivekananda Ji

എല്ലാ ജീവജാലങ്ങളും ഈശ്വരീയ സത്തയുടെ മൂര്‍ത്തീഭാവമാണെന്ന തന്റെ ഗുരു ശ്രീരാമകൃഷ്ണ ദേവന്റെ വചനം വിവേകാനന്ദ സ്വാമികളെ സ്വാധീനിച്ചു; അതുകൊണ്ടു തന്നെ മനുഷ്യകുലത്തിന് നല്‍കുന്ന സേവനങ്ങളിലൂടെ പരമേശ്വരനെ സേവിക്കാന്‍ സാധിക്കുമെന്നും സ്വാമിജി പ്രഖ്യാപിച്ചു ! ശ്രീരാമകൃഷ്ണ ഗുരുവിന്റെ മഹാസമാധിക്ക് ശേഷം, ഭാരതത്തിൽ വ്യാപകമായി സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍, ബ്രിട്ടീഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം നേരിട്ട് മനസിലാക്കി ! തന്റെ യാത്രകളില്‍, ജനസാമാന്യങ്ങള്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്രവും പിന്നോക്കാവസ്ഥയും സ്വാമി വിവേകാനന്ദനെ ആഴത്തില്‍ സ്വാധീനിച്ചു ! ഭാരതത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ജനങ്ങളെ തഴയുന്നതാണെന്ന് മനസിലാക്കുകയും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ അദ്ധ്യാത്മികനേതാവായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോവുകയും ലോക മതസമ്മേളനത്തില്‍ (അവിടെ വച്ചാണ് ‘അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരേ…’ എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത് !) ഭാരതത്തെ പ്രതിനിധീകരിച്ചു ! ഹിന്ദു തത്വശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള നൂറുകണക്കിന് പൊതു-സ്വകാര്യ പ്രഭാഷണങ്ങളും ക്ലാസുകളും അദ്ദേഹം അമേരിക്കയിലും യൂറോപ്പിലും ഇംഗ്ലണ്ടിലുമായി നടത്തി.

വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ദരിദ്രരെയും സ്ത്രീകളെയും ഉദ്ധരിക്കുക തുടങ്ങിയ തന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അര്‍പ്പിത മനോഭാവമുള്ള ആളുകളുടെ ഒരു സംഘടന ആവശ്യമായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞതപോലെ, ‘ദരിദ്രരുടെയും തഴയപ്പെട്ടവരുടെ വീട്ടുപടിക്കല്‍ പോലും മഹത്തായ ആശയങ്ങള്‍ (സനാതനധർമ്മം) എത്തിക്കുന്നതിനുള്ള ഒരു യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത്,’ അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ‘ഈ യന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാണ്,’ 1897-ല്‍ അദ്ദേഹം രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത് ! ഭാരതത്തിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ഗ്രാമീണ വികസന കേന്ദ്രങ്ങള്‍ മുതലായവയുടെ നടത്തിപ്പ്, ഭുമികുലക്കം, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ ഇരകളെ പുനഃരധിവസിപ്പിക്കുന്നതിനും ആശ്വാസം നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മിഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ! സ്വാമി വിവേകാനന്ദന്‍ തന്റെ ചെറുപ്പകാലത്ത്, വെറും 39-ാം വയസില്‍ ഇഹലോകവാസം വെടിഞ്ഞു. പക്ഷേ, ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവില്‍ അദ്ദേഹം ഏറെ മഹത്തായ സംഭാവനകള്‍ നല്‍കി ! ഭാരതത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തെ പാശ്ചാത്യരുടെ ഊര്‍ജ്ജസ്വലതയുമായി അദ്ദേഹം കൂട്ടിയോജിപ്പിച്ചു !

നമ്മൾ ഈശ്വരനെ അന്വേഷിക്കുകയാണെങ്കിൽ സ്വാമിജിയുടെ ഈ വാക്കുകൾ സഹായമാകും:

“വിജയിക്കാൻ, നിങ്ങൾക്ക് വളരെയധികം സ്ഥിരോത്സാഹവും അതിശയകരമായ ഇച്ഛാശക്തിയും ഉണ്ടായിരിക്കണം. “ഞാൻ സമുദ്രം കുടിക്കും, എന്റെ ഇഷ്ടപ്രകാരം പർവ്വതങ്ങൾ തകർക്കും” എന്ന് സ്ഥിരോത്സാഹമുള്ള ആത്മാവ് പറയുന്നു. അത്തരത്തിലുള്ള ഊർജ്ജം ഉണ്ടായിരിക്കുക, അത്തരം ഇച്ഛാശക്തിയോടെ കഠിനാധ്വാനം ചെയ്യുക, നിങ്ങൾ ലക്ഷ്യത്തിലെത്തും.”

ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നവരോടുള്ള സ്വാമിജിയുടെ ഉപദേശം:

“മറ്റെല്ലാ ചിന്തകളും ഉപേക്ഷിക്കുക, പകലും രാത്രിയും പൂർണ്ണമനസ്സോടെ ഈശ്വരനെ ഉപാസിക്കുക. അങ്ങനെ, രാവും പകലും പരമേശ്വരനെ തേടുമ്പോൾ, അവൻ തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്റെ സാന്നിധ്യം ഭക്തരെ അനുഭവിപ്പിക്കുകയും ചെയ്യുന്നു.”

സനാതന ധർമ്മപ്രചാരണ – സംരക്ഷണമെന്ന പരമദൗത്യം നിറവേറ്റണമെന്ന് നമ്മളോട് ആഹ്വാനം ചെയ്ത മഹാവിപ്ലവകാരിയായ അദ്ധ്യാത്മിക ഗുരുവിന്റെ തൃപ്പാദ കമലങ്ങളിൽ ശതകോടി പ്രണാമങ്ങൾ…!