Member   Donate   Books   0

അന്താരാഷ്ട്ര യോഗദിനം ജൂൺ 21 (2026)

AVS

അന്താരാഷ്ട്ര യോഗദിനം ജൂൺ 21 (2026) – ആരോഗ്യം, ആത്മീയത, ഭാരതീയ പാരമ്പര്യത്തിന്റെ ലോകസന്ദേശം!

1. യോഗയുടെ ഉത്ഭവവും സനാതനധർമ്മപാരമ്പര്യവും

“യോഗ” ഭാരതത്തിന്റെ അതിപുരാതനമായ ആത്മീയ-സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. സനാതനധർമ്മത്തിന്റെ ജീവിതദർശനത്തിൽ നിന്നാണ് യോഗ രൂപംകൊണ്ടത്. “യുജ്” എന്ന സംസ്കൃത ധാതുവിൽ നിന്നാണ് “യോഗ” എന്ന പദം ഉത്ഭവിച്ചത്. യോജിപ്പിക്കുക അഥവാ ഏകീകരിക്കുക എന്നതാണ് അതിൻ്റെ അർത്ഥം. ശരീരവും മനസ്സും ബുദ്ധിയും ആത്മാവും തമ്മിലുള്ള സമന്വയമാണ് യോഗ ലക്ഷ്യമിടുന്നത്. അതിനാൽ യോഗ വെറും ശാരീരിക കസർത്ത് അല്ല. മറിച്ച് ആരോഗ്യകരവും സന്തുലിതവും സമാധാനപൂർവ്വമായ ജീവിതത്തിലേക്കുള്ള സമഗ്രമായ ഒരു മാർഗ്ഗമാണ്. ശിവസംഹിത, പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾ, ഹഠയോഗപ്രദീപിക, ഘേരണ്ഡ സംഹിത, യോഗവാസിഷ്ഠം,വേദങ്ങൾ, ഉപനിഷത്തുകൾ (ശ്വേതാശ്വതരോപനിഷത്ത്, യോഗചൂഡാമണി ഉപനിഷത്ത്, യോഗശിഖോപനിഷത്ത്, യോഗതത്ത്വോപനിഷത്ത്, മൈത്രായണീയോപനിഷത്ത്, കഠോപനിഷത്ത് etc), ഭഗവദ്ഗീത തുടങ്ങിയവ യോഗശാസ്ത്രത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായി കണക്കാക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയ ഋഷിമാർ പരിപോഷിപ്പിച്ച ഈ മഹത്തായ വിജ്ഞാനം ഇന്ന് ലോകമെമ്പാടും ആരോഗ്യത്തിന്റെയും ആത്മീയതയുടെയും മാർഗ്ഗദർശകമായി മാറിയിരിക്കുന്നു.

2. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര യോഗദിനാചരണം

എല്ലാ വർഷവും ജൂൺ 21-ന് ആണ് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നത്. ഭാരതം, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങി ലോകത്തിലെ നൂറിലധികം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ യോഗാഭ്യാസം, ധ്യാനം, ആരോഗ്യ സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് ഈ ദിനം സമുചിതമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക യോഗപരിപാടികൾ നടക്കാറുണ്ട്.

ഭാരതത്തിന്റെ മഹത്തായ ഋഷിപാരമ്പര്യത്തിന്റെ അമൂല്യ സംഭാവനയായ യോഗത്തിന്റെ മഹത്വം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും, മനുഷ്യരുടെ ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവും സാമാജികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
ആരോഗ്യകരമായ ജീവിതശൈലിയും മാനസിക സമാധാനവും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

3.നരേന്ദ്രമോദിയും അന്താരാഷ്ട്രയോഗദിനത്തിന്റെ രൂപീകരണവും

2014 സെപ്റ്റംബർ 27-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗദിനം ആചരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്ന് 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ ജൂൺ 21-നെ അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചു. 177 അംഗരാജ്യങ്ങൾ സഹപിന്തുണ നൽകിയ ഈ പ്രമേയം ചരിത്രപരമായ അംഗീകാരമാണ് നേടിയത്. തുടർന്ന് 2015 മുതൽ ലോകമെമ്പാടും യോഗദിനം ആചരിക്കപ്പെടുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ ഈ സംരംഭം നിർണായക പങ്കുവഹിച്ചു.

വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21-ന് ഭാരതീയ ദർശനത്തിൽ പ്രത്യേക പ്രാധാന്യമുള്ളതിനാലാണ് ഈ ദിവസം യോഗദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.

4. യോഗയുടെ ഗുണങ്ങൾ

യോഗ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. സ്ഥിരമായി യോഗാഭ്യാസം ചെയ്യുന്നത് ശരീരത്തിന്റെ വഴക്കം വർധിപ്പിക്കുകയും പേശികൾക്കും സന്ധികൾക്കും കരുത്ത് നൽകുകയും ചെയ്യുന്നു. ശ്വാസനിയന്ത്രണവും ധ്യാനവും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും യോഗ സഹായകമാണ്. അതോടൊപ്പം ആത്മവിശ്വാസം, മനഃശാന്തി, ആത്മീയ ഉണർവ് എന്നിവ വളർത്തുന്നതിനും യോഗാഭ്യാസം പ്രയോജനപ്പെടുന്നു. അതിനാൽ തന്നെ ലോകമെമ്പാടും ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്രമായ മാർഗ്ഗമായി യോഗ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ജീവിതശൈലീരോഗങ്ങളും മാനസിക സമ്മർദ്ദവും. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, വിഷാദം, ഉത്കണ്ഠ, മനോജന്യ ശാരീരിക രോഗങ്ങൾ എന്നിവ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ യോഗ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഒരു പ്രകൃതിദത്ത മാർഗമാണ്. സ്ഥിരമായ യോഗാഭ്യാസം ശരീരത്തിന് ആരോഗ്യം നൽകുകയും മനസ്സിന് ഏകാഗ്രതയും സമാധാനവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം വ്യക്തിത്വവികാസത്തിനും ആത്മവിശ്വാസത്തിനും നല്ല സ്വഭാവരൂപീകരണത്തിനും യോഗം സഹായകമാണ്.

യോഗ ഏതെങ്കിലും ഒരു മതത്തിനോ വിഭാഗത്തിനോ ജാതിക്കോ വർഗത്തിനോ വർണത്തിനോ ദേശത്തിനോ മാത്രമായുള്ളതല്ല. അത് മുഴുവൻ മനുഷ്യരാശിയ്ക്കും വേണ്ടിയുള്ള സർവ്വജനീയമായ ദിവ്യ പദ്ധതിയാണ്. “വസുധൈവ കുടുംബകം” എന്ന ഭാരതീയ സന്ദേശം പോലെ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണാനും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയിലേക്ക് മനുഷ്യരെ നയിക്കാനുമുള്ള ശക്തി യോഗക്കുണ്ട്.

5. ആർഷവിദ്യാസമാജവും യോഗവിദ്യയും

ആർഷവിദ്യാസമാജം സനാതനധർമ്മത്തിന്റെ ശാസ്ത്രീയവും ആധികാരികവുമായ പഠനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സാംസ്കാരിക-ആദ്ധ്യാത്മിക- വിദ്യാഭ്യാസ പ്രസ്ഥാപനമാണ്.

ആദിനാഥൻ എന്ന ആദിയോഗിയിലൂടെ ഭൂമിയിൽ ഷോഡശ (16) തത്ത്വങ്ങളോടുകൂടി നൽകപ്പെട്ട ശിവശക്തിയോഗവിദ്യ സമഗ്രമായും സമ്പൂർണ്ണമായും ശാസ്ത്രീയമായും ആധികാരികമായും വ്യക്തമായും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം കൂടിയാണ് ആർഷവിദ്യാസമാജം. യോഗവിദ്യയുടെ യഥാർത്ഥ തത്ത്വവും പ്രായോഗിക പരിശീലനങ്ങളും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി സമാജം വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21-ന് തിരുവനന്തപുരം കേന്ദ്രത്തിൽ പ്രത്യേക യോഗസെഷൻ, ധ്യാനം, ആരോഗ്യബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങൾക്ക് യോഗയുടെ പ്രാധാന്യം പരിചയപ്പെടുത്തുകയാണ്.

യോഗവിദ്യയുടെയും സനാതനധർമ്മശാസ്ത്രത്തിന്റെയും ഋഷി പ്രോക്തമായ ദിവ്യരഹസ്യങ്ങളും ആധുനികമായ കണ്ടെത്തലുകളും സമഞ്ജസമായി ചേർത്ത് കോർത്തുകൊണ്ട് ആവിഷ്കരിച്ചതായ
മൃത്യുഞ്ജയം (7 Day Challenge) എന്ന അതുല്യ പദ്ധതിയിലൂടെ പൂർണാരോഗ്യവും ആത്മീയതയും സമന്വയിപ്പിച്ച ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിന് ആർഷവിദ്യാസമാജം വിലപ്പെട്ട സംഭാവനകൾ നൽകുന്നു.