ഇന്ന് (21/04/2026) : സംപൂജ്യ ഗുരുദേവ് ശ്രീ നിഖിലേശ്വരാനന്ദ പരമഹംസ ജിയുടെ ജന്മദിനം
AVS
1933 ഏപ്രിൽ 21-ന് രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു ഗ്രാമത്തിൽ പാരമ്പര്യ ബ്രാഹ്മണകുടുംബത്തിൽ പണ്ഡിറ്റ് മുൾത്താൻ ചന്ദ് ശ്രീമാലി ജിയുടെയും രൂപാദേവിയുടെയും മകനായി ജനിച്ച നാരായണൻ ദത്ത് ശ്രീമാലിജിയാണ് ആധുനിക ലോകത്തെ ഋഷിശ്രേഷ്ഠനായ സംപൂജ്യ സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരായിത്തീർന്നത് ! ഇരുപതാം നൂറ്റാണ്ടിലെ മഹാഋഷിയായിരുന്നു
ശ്രീമാലിജി !
ഭഗവതിദേവിയെ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കേണ്ടിവന്നുവെങ്കിലും, ശ്രീമാലിജിയുടെ മനസ്സ് ജ്ഞാന-വിജ്ഞാനങ്ങൾ തേടുന്നതിലായിരുന്നു വ്യാപരിച്ചിരുന്നത്. സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന മഹാവിദ്യകൾ ആർജ്ജിക്കുവാനാണ് അദ്ദേഹം തുനിഞ്ഞത് ! നമ്മുടെ ഭാരതീയ ശാസ്ത്രങ്ങളിൽ സൂചിപ്പിക്കുന്നവയെല്ലാം സത്യമാണോ? ഇവയെല്ലാം ആധികാരികമായി എവിടെ നിന്ന് പഠിക്കാം? തുടങ്ങിയ ചിന്തകളിൽ പെട്ടുപോയ അദ്ദേഹം സത്യം അറിയാൻവേണ്ടി വീട് വിട്ടിറങ്ങി ! പിന്നീട് സന്യാസിയായി മാറി ! പല പല ഗുരുക്കന്മാരെ തേടി നടന്നു ! അവരിൽ പലരും കള്ളനാണയങ്ങളുമായിരുന്നു !! അതിക്രൂരമായ രീതിയിൽ കഷ്ടപ്പെടുത്തിയ, ശിക്ഷിച്ച ആചാര്യന്മാരും ഉണ്ടായിരുന്നു!! അനേകമനേകം കൊടും യാതനകൾക്ക് ഒടുവിൽ ശരിയായ ഗുരുക്കന്മാരെ ആശ്രയിച്ച് വിദ്യ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു ! ഋഷിമണ്ഡലമായ സിദ്ധാശ്രമത്തിലെ പരമാചാര്യനായ സംപൂജ്യ സദ്ഗുരു സ്വാമി സച്ചിദാനന്ദ പരമഹംസരുടെ ശിഷ്യനായതോടുകൂടി സമ്പൂർണ്ണ ജ്ഞാനവും വിജ്ഞാനങ്ങളും ആർജ്ജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ! 20 വർഷത്തെ കഠിനതപശ്ചര്യക്കൊടുവിൽ പൂർണ്ണത നേടിയ അദ്ദേഹം, ഗുരുനാഥൻ സച്ചിദാനന്ദ പരമഹംസരുടെ പ്രത്യേക ആജ്ഞപ്രകാരം, ഗൃഹസ്ഥാശ്രമ ജീവിതം നയിക്കുവാൻ വീട്ടിലേക്ക് മടങ്ങി ! വീട്ടിൽ വന്നശേഷം ഹിന്ദി അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.ഭഗവതിദേവിക്കും ശ്രീമാലിജിക്കുമായി മൂന്ന് ആൺമക്കൾ ജനിച്ചു : നന്ദകിശോർ ശ്രീമാലി, കൈലാസ്ചന്ദ്ര് ശ്രീമാലി, അരവിന്ദ് ശ്രീമാലി എന്നിങ്ങനെയാണ് അവരുടെ പേരുകൾ.
മൺമറഞ്ഞുപോയ ഭാരതീയ ജ്ഞാന-വിജ്ഞാനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നിലവിലുള്ള വിജ്ഞാനങ്ങളെ ഗവേഷണങ്ങളിലൂടെയും തപസ്സിലൂടെയും പൂർണ്ണശാസ്ത്രം ആക്കി അവതരിപ്പിക്കുകയും ചെയ്ത, ഇരുപതാം നൂറ്റാണ്ടിലെ മഹാഋഷിയായിരുന്നു ശ്രീമാലിജി ! ഭാരതീയ സാംസ്കാരിക-വൈജ്ഞാനിക പാരമ്പര്യത്തെയും സനാതനധർമ്മവിദ്യാഭ്യാസത്തെയും നിഗൂഢ വൈജ്ഞാനിക ശാഖകളെയും പ്രോജ്വലിപ്പിച്ച വ്യക്തിത്വമായിരുന്നു ശ്രീഗുരുദേവന്റേത് ! ക്രിയായോഗം എന്ന പേരിൽ അറിയപ്പെട്ട ക്രിയാകുണ്ഡലിനീയോഗം, ഇന്ത്യൻ ഹിപ്നോട്ടിസം ആയ സമ്മോഹൻ വിജ്ഞാൻ, മന്ത്ര-തന്ത്ര-യന്ത്ര വിജ്ഞാൻ, ഹസ്തരേഖാശാസ്ത്രം, ജ്യോതിഷം, സംഖ്യാജ്യോതിഷം, പ്രാണവിദ്യ, പാരദ് വിജ്ഞാൻ , സ്വർണ്ണതന്ത്രം, ആയുർവേദം, സൂര്യവിജ്ഞാൻ തുടങ്ങിയ നിഗൂഢ ജ്ഞാന-വിജ്ഞാനങ്ങളെ ജനകീയമാക്കാൻ ശ്രീമാലിജി പരിശ്രമിച്ചു ! “മന്ത്ര-തന്ത്ര-യന്ത്ര വിജ്ഞാൻ” എന്ന മാസിക 1981-ൽ അദ്ദേഹം ആരംഭിച്ചു. “സിദ്ധാശ്രം സാധക് പരിവാർ” എന്ന സംഘടനയും ശ്രീമാലിജി സ്ഥാപിച്ചു. തെറ്റിദ്ധാരണ, അജ്ഞത എന്നിവയാൽ അപ്രാപ്യമായിരുന്ന ദിവ്യവിദ്യകളെ സാമാന്യ ജനങ്ങൾക്കു കൂടി യഥാവിധി നൽകുന്നതിൽ അദ്ദേഹം തല്പരനായിരുന്നു !
അനേകം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വേൾഡ് ആസ്ട്രോളജി കോൺഫെറൻസിന്റെ പ്രസിഡണ്ടായിരുന്നു ശ്രീമാലി ജി. 1987-ൽ “തന്ത്ര ശിരോമണി”, 1988-ൽ
“മന്ത്ര ശിരോമണി” തുടങ്ങിയ ബിരുദങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ! 1982-ൽ ഇന്ത്യൻ വൈസ് പ്രസിഡന്റ് Dr. BD ജട്ടി, “മഹാമഹോപാദ്ധ്യായ” എന്ന ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചു ! 1989-ൽ ഇന്ത്യൻ വൈസ് പ്രസിഡന്റ് Dr. ശങ്കർദയാൽ ശർമ്മ, “സമാജ് ശിരോമണി” അവാർഡ് നൽകി ആദരിച്ചു !! 1991-ൽ സാമൂഹ്യ-ആദ്ധ്യാത്മിക പ്രവർത്തന മികവിൽ, നേപ്പാൾ പ്രധാനമന്ത്രി ഭട്ടറായി ശ്രീമാലിജിയെ ആദരിച്ചു !!!
Meditation, Power of Tantra, Practical Hypnotism , Practical Palmistry,
Essence of Sakthipat, Ten Mahavidyas, Gopaniya Durlabh Mantrom Ke Rahsya, Himalaya Ke Yogiyom Ki Siddhian, Shishyopanishad, Durlabhopanishad തുടങ്ങി ഇംഗ്ലീഷിലും ഹിന്ദിയിലും ധാരാളം ഗ്രന്ഥങ്ങൾ ശ്രീമാലിജിയുടേതായിട്ടുണ്ട് !
നമ്മുടെ ശാസ്ത്രങ്ങളിൽ സൂചനകൾ മാത്രമുണ്ടായിരുന്ന പര-അപരാവിദ്യകളെ പരിപോഷിപ്പിക്കുന്നതിൽ അതുല്യസ്ഥാനം വഹിച്ച പൂജ്യഗുരുദേവ് ശ്രീമാലിജിയുടെ ശിഷ്യനാണ് ആർഷവിദ്യാസമാജം സ്ഥാപകനായ ആചാര്യശ്രീ മനോജ് ജി! അദ്ദേഹത്തിൽ നിന്ന് ശക്തിപാത് ദീക്ഷയും മനോജ് ജിയ്ക്ക് ലഭിച്ചിട്ടുണ്ട് !!
1998 ജൂലൈ 3-ന് മഹാസമാധിയായ നമ്മുടെ പരമഗുരു സംപൂജ്യ ഗുരുദേവ് ശ്രീമാലിജി എന്ന സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരുടെ തൃപ്പാദപത്മങ്ങളിൽ ശതകോടി പ്രണാമങ്ങൾ… !![]()
![]()
![]()
![]()
![]()
ആദരപൂർവ്വം,
ആർഷവിദ്യാസമാജം