സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നോ?!
AVS
ലേഖനപരമ്പര - 1
ലഭിച്ച യുട്യൂബ് പ്രഭാഷണങ്ങളും ലേഖനങ്ങളും ഞാൻ പൂർണമായി ശ്രദ്ധിച്ചു. സനാതനധർമ്മത്തെ വളരെ നികൃഷ്ടമായി ആക്ഷേപിക്കുന്ന വിമർശനങ്ങൾ ആണ് ഇവയിൽ പലതിലും കാണാൻ സാധിച്ചത്. ഇങ്ങനെ പ്രചരിപ്പിക്കുന്ന എല്ലാവർക്കുമായുള്ള മറുപടിയാണ് ഈ ലേഖനപരമ്പര. ഈ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തിപരമല്ലാത്തതിനാൽ ഞാൻ ആരുടെയും പേരെടുത്ത് പറയുന്നില്ല. എന്നാൽ നമ്മുടെ സമൂഹം നൽകുന്ന അഭിപ്രായപ്രചരണസ്വാതന്ത്ര്യം, മതപ്രചരണാവകാശം, സഹിഷ്ണുത, മതേതരത്വം എന്നിവയുടെ തണലിൽ സനാതനധർമ്മവിദ്വേഷം നിറഞ്ഞ അസത്യപ്രചരണം വളരെ തരംതാഴ്ന്ന ഭാഷയിൽ പറയുന്നവരോട് മിതമായ രീതിയിലെങ്കിലും പ്രതികരിക്കേണ്ടിയിരിക്കുന്നു.
കേരളത്തിൽ വളർന്നു വരുന്ന “ഹിന്ദു -ക്രിസ്ത്യൻ സ്നേഹബന്ധം” തകർക്കുവാൻ ലക്ഷ്യമിട്ട് “സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും“ (മത്തായി 7:4 ) ചെയ്യുന്ന ചില മതഭ്രാന്തന്മാർക്ക് അവരർഹിക്കുന്നതും അവർക്ക് മനസിലാകുന്നതുമായ വിധത്തിൽ മറുപടി പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു.
മതപരിവർത്തനത്തിനാണ് ചിലർ ഇതൊക്കെ ചെയ്യുന്നത്. യേശു നൽകിയ ഉപദേശ-ശകാരങ്ങൾ മാത്രമേ ഞങ്ങൾക്കും നൽകാൻ കഴിയൂ. “കപടനാട്യക്കാരായ നിങ്ങൾക്ക് ദുരിതം! ഒരൊറ്റയാളെ മതപരിവർത്തനം ചെയ്യിക്കാൻ വേണ്ടി നിങ്ങൾ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവർത്തനം കഴിഞ്ഞാൽ അയാളെ നിങ്ങളേക്കാൾ ഇരട്ടിയായി നരകത്തിന് അർഹനാക്കുന്നു” (മത്തായി: 23:14,15).
ഹമാസ് ഇസ്രയേലിൽ ചെയ്തതുപോലെ “ചെറുതു കൊടുത്ത് വലുത് വാങ്ങാനാണ് “ ഇവരുടെ ശ്രമം. പണ്ട് കേരളത്തിൽ, ഇതുപോലെയുള്ള സാഹചര്യത്തിൽ ശ്രീമദ് ചട്ടമ്പിസ്വാമികൾ ഇക്കൂട്ടർക്കുള്ള ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. ഹൈന്ദവഗ്രന്ഥങ്ങളെ പരിഹസിക്കുന്നതിൽ കാട്ടുന്ന ന്യായം സ്വന്തം മതഗ്രന്ഥങ്ങളിലും പുലർത്താൻ ചിലർ തയ്യാറാകുന്നില്ല. “മറ്റുള്ളവരുടേത് ഓഹോ, ഞങ്ങളുടെ ആഹാ “ എന്ന മട്ട്.! “അവർ ഇട്ടാൽ വള്ളി നിക്കർ, ഞങ്ങൾ ഇട്ടാൽ ബർമുഡ !!” ബൈബിളിലെ “ദൈവവാക്യങ്ങൾ“എടുത്ത് ഇഴകീറി പരിശോധിച്ചാൽ ഇവരെല്ലാം മുഖം മറച്ച് ഓടേണ്ടി വരും. അങ്ങനെ വിമർശനവിധേയമാക്കാതിരിക്കണമെങ്കിൽ ആദ്യം ഇക്കൂട്ടരെ തിരുത്തുവാനോ നിയന്ത്രിക്കുവാനോ തയ്യാറാകുക.
“ക്രിസ്തുമതത്തെ അവഹേളിക്കുന്നേ“ എന്ന് വിളിച്ചു കൂവുന്നവരോട് “വിധിക്കപ്പെടാതിരിക്കാൻ നിങ്ങൾ വിധിക്കരുത്, നിങ്ങൾ അളന്നു കൊടുക്കുന്ന അതേ അളവിൽത്തന്നെ നിങ്ങൾക്കും അളന്നു കിട്ടും“ (7:1-3) എന്ന യേശുവാക്യം ഉപദേശിക്കാനെങ്കിലും തയ്യാറാകുക. ഇതിനും സാധിക്കുന്നില്ലെങ്കിൽ ദയവായി ഞങ്ങളോട് ക്ഷമിക്കുക.
(തുടരും)