ബ്രഹ്മാദിദേവന്മാരുടെ ശിവാരാധന വ്യക്തമാക്കുന്ന നിരവധി പ്രാചീന വിഗ്രഹങ്ങളുണ്ട്. പരമേശ്വരൻ “അർത്ഥേശ്വര” ഭാവത്തിൽ മഹാലക്ഷ്മിയ്ക്കും കുബേരനും “അർത്ഥസിദ്ധി”യും, “കാമേശ്വര” ഭാവത്തിൽ കാമദേവനും രതീദേവിയ്ക്കും “കാമസിദ്ധി”യും നൽകുന്ന പുരാതനചിത്രങ്ങളുമുണ്ട്. അനന്തശയനത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീപത്മനാഭനെയും താമരപ്പൂവ് കൊണ്ട് ശിവലിംഗാരാധന അനുഷ്ഠിക്കുന്നതു പോലെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അന്നൊന്നും വിവിധ സമ്പ്രദായങ്ങളുണ്ടായിരുന്നില്ല.
ശൈവ – ശാക്ത – വൈഷ്ണവ – ബ്രാഹ്മ – ഗാണപത്യ – കൗമാര – ശാസ്ത-ആഗ്നേയ – സൗര മതഭേദങ്ങൾ ഉണ്ടാകുന്നത് ഹിന്ദു ജനതയുടെ അപചയ കാലഘട്ടങ്ങളിൽ ഉണ്ടായ പുരാണ – ഉപപുരാണ സാഹിത്യ നിർമ്മിതിയോടെയാണ്. സനാതനധർമ്മത്തിലെ ഏകേശ്വരദർശനവും സർവവ്യാപി – സർവ്വന്തര്യാമി സിദ്ധാന്തങ്ങളും ഉജ്വലജീവിതദർശനങ്ങളും അട്ടിമറിച്ച് ഈശ്വരന്‍റെ പേരിൽ വിഡ്ഢിക്കഥകളും അസംബന്ധചിത്രീകരണങ്ങളും അബദ്ധപരാമർശങ്ങളും ഉണ്ടാക്കിയത് പുരാണ – സ്മൃതി ഗ്രന്ഥങ്ങളാണ്. അപചയസമൂഹത്തിന്‍റെ സൃഷ്ടിയായിരുന്നതിനാൽ സ്വാഭാവികമായും അക്കാലത്തുണ്ടായിരുന്ന അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം എന്നിവയൊക്കെ ഈ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്നാൽ നല്ല ഉപദേശങ്ങളും തത്വങ്ങളും അന്നത്തെ സമൂഹത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദിവ്യസ്തോത്രങ്ങളും പൂജാവിധാനങ്ങളും അതിൽ കാണാം. നന്മതിന്മകളുടെ മിശ്രിതം ആണ് പുരാണങ്ങൾ. ത്യാജ്യ ഗ്രാഹ്യബുദ്ധിയില്ലാത്തവർ ( നന്മയും സത്യവും സ്വീകരിക്കാനും തെറ്റും തിന്മയും തിരസ്കരിക്കാനും കഴിയാത്തവർ) പുരാണങ്ങൾ കൈകാര്യം ചെയ്യരുതെന്ന് സാരം. ശ്രുതിയ്ക്കനുകൂലമായത് എവിടെ നിന്നും സ്വീകരിക്കാം. എന്നാൽ നന്മതിന്മകൾ ഇടകലർന്ന പുരാണകൃതികളെ പ്രാമാണികമോ ആധികാരികമോ ആയി ഒരിക്കലും കണക്കാക്കാനാവില്ല. നല്ലവണ്ണം തയ്യാറാക്കിയ പാൽപ്പായസമാണെങ്കിലും ഒരു തുള്ളി വിഷം വീണാൽ പാല്പായസം നാം ഉപേക്ഷിക്കുമല്ലോ? അതു പോലെ ഈ പുരാണഗ്രന്ഥങ്ങളെയെല്ലാം തള്ളിക്കളയണമെന്നാണ് ശ്രീ ദയാനന്ദ സരസ്വതികളെപ്പോലുള്ള മഹാത്മാക്കൾ നിർദ്ദേശിച്ചത്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്.
ഏതായാലും പുരാണങ്ങളിലെ ഈശ്വരസങ്കല്പം ശാസ്ത്രീയ വസ്തുതകൾക്കും, ഈശ്വരനെക്കുറിച്ചുള്ള സാമാന്യയുക്തിക്കും, ഉദാത്താശയങ്ങളുള്ള ശ്രുതികൾക്കും വിരുദ്ധമാണ്. തമ്മിൽത്തല്ലുന്ന ദേവീദേവസങ്കല്പങ്ങളും ഈശ്വരപ്രതീകങ്ങളേയും ദേവന്മാരേയും ഋഷികളെയും മനുഷ്യനേക്കാൾ – ചിലപ്പോൾ മൃഗത്തേക്കാൾ – തരംതാഴ്ത്തി ചിത്രീകരിക്കുന്നതും പുരാണങ്ങളുടെ പതിവുരീതികളാണ്! (പരമേശ്വരൻ, പരാശക്തി, മഹാവിഷ്ണു, മഹാലക്ഷ്മി, ബ്രഹ്മാവ്, സരസ്വതി, ഗണപതി, സുബ്രമണ്യൻ തുടങ്ങിയ ഈശ്വരപ്രതീകങ്ങൾ, ഇന്ദ്രാദിദേവന്മാർ, ഋഷിമാർ – ഒരാളെപ്പോലും തരംതാഴ്ത്തി അവഹേളിക്കാതെ വെറുതെ വിട്ടിട്ടില്ല!) അവതാരങ്ങളുടെയും മഹാത്മാക്കളുടെയും ജീവിതവും ദർശനവും അട്ടിമറിച്ച് അവതാരോദ്ദേശ്യം തന്നെ തകർക്കുക (ഉദാ: ശ്രീരാമൻ, ശ്രീകൃഷ്ണൻ ) ശാസ്ത്രവിരുദ്ധ പരാമർശങ്ങൾ, ജാതി, ബ്രാഹ്മണജാതിയ്ക്ക് ഈശ്വരനേക്കാൾ പ്രാധാന്യം നൽകുക, സ്ത്രീയെ അടിച്ചമർത്തൽ, സതി തുടങ്ങിയ ദുരാചാരങ്ങളെ വരെ ന്യായീകരിക്കൽ, അസംബന്ധകഥകൾ, പരസ്പരവൈരുദ്ധ്യങ്ങൾ, പ്രക്ഷിപ്തങ്ങൾ… തുടങ്ങിയ ദോഷങ്ങൾ ഏറെയുണ്ടവയിൽ. വ്യാസന്‍റെ പേരിൽ പുരാണങ്ങൾ രചിച്ച “വ്യാജന്മാരെ ഭോജ രാജനെപ്പോലെയുള്ള ഹിന്ദു രാജാക്കന്മാർ തടവിലിട്ടുണ്ട്.
നിർഭാഗ്യവശാൽ ജനകീയമായി മാറിയ ഈ പുരാണങ്ങളെയും വ്യാജജ്യോതിഷികളും കപടപുരോഹിതരും സ്വാർത്ഥതാല്പര്യത്തിന് വേണ്ടി പടച്ച വിഡ്ഢിക്കഥകളെയും വികലമായ ചില ക്ഷേത്ര ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് കഥാപ്രസംഗം, ബാലെ, നാടകം, സീരിയൽ, സിനിമ, ഗാനങ്ങൾ, ചിത്രങ്ങൾ എന്നീ കലാരൂപങ്ങളും അമർ- പൂമ്പാറ്റ – ബാലരമ – ബാലഭൂമിചിത്രകഥകളും നിർമ്മിക്കുന്നത്! ഇതെല്ലാം തലയിൽകയറിയാണ് പല ഹിന്ദുക്കളും നിരീശ്വരവാദികളാകുന്നതും മതം മാറുന്നതും! ഹിന്ദുധർമ്മത്തിന്‍റെയും ഭാരതത്തിന്‍റെയും അപചയത്തിനുള്ള മുഖ്യ കാരണം ഇത്തരം മാമൂൽ കൃതികളാണ്. വർഷങ്ങൾ നീണ്ട പഠനഗവേഷണങ്ങൾ, മതം ഉപേക്ഷിച്ച് ഹിന്ദുധർമ്മവിദ്വേഷികളായി മാറിയ ആയിരക്കണക്കിനാളുകളുമായി സംവദിച്ചതിലൂടെ ലഭിച്ച അനുഭവപാഠങ്ങൾ തുടങ്ങിയവയിലൂടെ എനിക്ക് ബോധ്യപ്പെട്ട കടുത്ത യാഥാർത്ഥ്യമാണ് ഞാൻ പറഞ്ഞത്! ഹിന്ദു സമൂഹത്തിൽ വേണ്ടത് അടിമുടിയുളള ഒരു ശുദ്ധീകരണം തന്നെ.
ഇതൊന്നും മനസിലാക്കാതെ ( വായിക്കുക പോലും ചെയ്യാതെ !) പുരാണങ്ങളെ അന്ധമായി ന്യായീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശുദ്ധഗതിക്കാരെയും കാണാം. അവരുമായി സംവാദത്തിനും ആർഷവിദ്യാസമാജം തയ്യാറാണ്. എന്നാൽ പുരാണങ്ങളിലെ ഈശ്വരവിരുദ്ധമായ അബദ്ധാശയങ്ങൾ തള്ളിക്കളയണം എന്ന കാര്യത്തിൽ പുരാണ ഗ്രന്ഥങ്ങളുടെ സംസ്കൃതമൂലവും പരിഭാഷയും വായിച്ചിട്ടുള്ള ആർക്കും രണ്ടുപക്ഷം ഉണ്ടാകാനിടയില്ല.
ഒട്ടും ആധികാരികമല്ലാത്ത പുരാണഗ്രന്ഥങ്ങളിലെ അസംബന്ധകഥകൾ ചൂണ്ടിക്കാട്ടിയാണ് സെമിറ്റിക് മതശക്തികളും നിരീശ്വരവാദികളും ഇന്നും സനാതനധർമ്മത്തെ വിമർശിക്കുന്നത് എന്നതാണ് കൗതുകകരം! നിരവധി ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റാനും ഈ “പൈങ്കിളിക്കഥകളെ” തല്പരകക്ഷികൾ സമർത്ഥമായി ഉപയോഗിക്കുന്നു! ഈയിടെ പരമശിവനെയും ശിവലിംഗത്തെയും അപമാനിച്ചുകൊണ്ട് ചില നിക്ഷിപ്ത താല്പര്യക്കാർ വ്യാപകമായി ദുഷ്പ്രചരണങ്ങൾ നടത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ? ഇവിടെയും “യഥാർത്ഥവില്ലൻ ” ചില പുരാണങ്ങളുടെ അസംബന്ധകഥകൾ തന്നെ! യേശുക്രിസ്തുവിന്‍റെ ഭാഷയിൽ പറഞ്ഞാൽ “സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും ചെയ്യുന്ന ” (മത്തായി 7:3 – 4) ചില നീചശക്തികൾ ഇതൊക്കെ ആയുധമാക്കുന്നു.
ശ്രീരാമന് സീതാപരിത്യാഗ – ശംബൂകവധദോഷങ്ങൾ ചാർത്തിക്കൊടുത്തത് യുദ്ധകാണ്ഡത്തോടെ അവസാനിക്കുന്ന വാല്മീകി രാമായണത്തിൽ പിന്നീട് കൂട്ടിച്ചേർത്ത ഉത്തരരാമായണമെന്ന ക്ഷുദ്രകൃതിയാണെന്ന് എത്ര പേർക്കറിയാം?
മഹാഭാരതത്തിൽ ധർമ്മസംസ്ഥാപകനായി അപൂർവ്വതേജസോടെ വിളങ്ങുന്ന ശ്രീകൃഷ്ണന്‍റെ ജീവിതവും ദർശനവും അട്ടിമറിച്ച് “പതിനാറായിരത്തിയെട്ട് ഭാര്യമാരും ലക്ഷക്കണക്കിന് പുത്രപൗത്രന്മാരുമുള്ള സ്ത്രീജിത” നാക്കി അവതരിപ്പിച്ചത് ജയദേവ സഹോദരനായ ബോബദേവൻ രചിച്ച ഭാഗവതം എന്ന പുരാണ കൃതിയാണ്!