Skip to content

ശിവരാത്രിദിന സന്ദേശം – ഭാഗം 1

  • by
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം - 1

ഓം നമഃ ശിവായ. ഏവർക്കും അനുഗ്രഹീതമായ ശിവരാത്രി ആശംസിക്കുന്നു!

◼️ മഹാശിവരാത്രിയുടെ മഹത്വം –

സനാതനധർമ്മം (വേദം) നൽകാനായി മഹർഷിമാരുടെ ചിത്തത്തിലും ലോകങ്ങളിലും ആവിർഭവിച്ച ശ്രീപരമേശ്വരനെ ഉപാസിക്കുന്നതിനുള്ള വിശിഷ്ടദിനമാണ് ശിവരാത്രി. ശ്രീപരമേശ്വരൻ്റെ ആവിർഭാവദിനവും ആർഷഗുരുപരമ്പരകളുടേയും സനാതനധർമ്മശാസ്ത്രത്തിൻ്റെയും സ്ഥാപനദിനവുമാണ് ശിവരാത്രി എന്നും പറയാം. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമശിവൻ മൂന്നു ലോകങ്ങളിലേയും ജീവികൾക്ക് മുന്നിൽ വേദം (ഈശ്വരജ്ഞാനം, സനാതനധർമ്മം) നൽകാനായി പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുള്ള പുണ്യദിനമാണ് ശിവരാത്രി.

◼️ ആരാണ് സനാതനധർമ്മത്തിലെ പരമേശ്വരൻ?
വിശ്വത്തിൻ്റെയും കാലത്തിൻ്റേയും ചരാചരങ്ങളുടെയും ഈശ്വരനായ പരമതത്വമാണ് പരമേശ്വരൻ. കാരണലോകാധിപതികളായ ഭഗവാന്മാർ, സൂക്ഷ്മലോകവാസികളായ ദേവന്മാർ, സ്ഥൂലലോകജീവികൾ എന്നിവരുടെയെല്ലാം ഈശ്വരനായതിനാലും തനിക്ക് തുല്യനായോ പരമായോ (അതീതം) മറ്റാരും ഇല്ലാത്തവനായതുകൊണ്ടും അദ്ദേഹം പരമേശ്വരനായി.
എന്നും നിലനിൽക്കുന്ന സനാതനനും വിശ്വത്തിന്റെയും കാലത്തിന്റേയും ജീവികളുടെയും നാഥനും ഈശ്വരനുമാണവിടുന്ന്. വിശ്വേശ്വരനും കാലേശ്വരനും ആത്മേശ്വരനും ഭൂതേശ്വരനും സകല ചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനും ആ പരബ്രഹ്മതത്വം തന്നെ!

ശ്രീപരമേശ്വരനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ മഹേശ്വരനായും, ദേവന്മാരുടെ നാഥനായ സുരേശ്വരൻ, ദേവദേവൻ, മഹാദേവൻ എന്നീ പേരുകളിലും കാരണ-സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും, (വിശ്വേശ്വരൻ, ജഗദീശ്വരൻ, ജഗന്നാഥൻ) കാലത്തിന്റെ നാഥനായ മഹാകാലനായും (കാലേശ്വരൻ, കാലനാഥൻ) ചരാചരങ്ങളുടെയെല്ലാം ആശ്രയമായ പശുപതിയായും (ഭൂതനാഥൻ, ഭൂതേശ്വരൻ, ഗണപതി, ഗണേശൻ, ഗണേശ്വരൻ, ഗണനാഥൻ, ജീവനാഥൻ, ജീവേശ്വരൻ, ആത്മനാഥൻ, ആത്മേശ്വരൻ) വേദോപനിഷത്തുക്കളും, ഋഷി പരമ്പരകളും ഒരുപോലെ വർണ്ണിക്കുന്നു !

ശ്രീപരമേശ്വരൻ അനന്തനാണ്. അനന്തമായ (അസംഖ്യം, എണ്ണമറ്റ) ഗുണങ്ങളും ശക്തികളും നാമങ്ങളും ഉള്ളവനാണ്. പരമശിവൻ, പരാശക്തി, വിഷ്ണു, ബ്രഹ്മാവ്, രുദ്രൻ, ശങ്കരൻ, ശംഭു, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, സനാതനൻ, പരമാത്മാവ്, പരമ്പൊരുൾ, പരബ്രഹ്മം തുടങ്ങി അനേകം പേരുകളുണ്ട്, പരമതത്വത്തിന്.
മൂന്ന് ലോകങ്ങൾ (ബോധ-ഊർജ-ഭൗതിക മണ്ഡലങ്ങൾ അഥവാ സത്വരജോസ്തമോലോകങ്ങളായ കാരണ-സൂക്ഷ്മ-സ്ഥൂലലോകങ്ങൾ), കാലം, ജീവികൾ എന്നിവയുണ്ടാകുന്നതിനും മുമ്പ് ഉണ്ടായിരുന്ന ആദ്യനും, ഇവയെല്ലാം ഉണ്ടാകുമ്പോഴും പരിണമിക്കുമ്പോഴും അതിന് ശേഷവും തന്റെ സ്വഭാവത്തിലോ ശക്തിവിശേഷങ്ങളിലോ മഹിമയിലോ യാതൊരു മാറ്റവും ഇല്ലാതെയും സൃഷ്ടി പരിണാമങ്ങൾക്കോ, പ്രകൃതിനിയമങ്ങൾക്കോ വിധേയനാകാതെയും നിലകൊള്ളുന്ന അവ്യയനും (അച്യുതൻ), അവസാനം എല്ലാം തന്നിലേയ്ക്ക് ലയിപ്പിച്ച് ഏകമാത്രസത്യസ്വരൂപനായി വിളങ്ങുന്ന കേവലനും ആയതിനാൽ അദ്ദേഹം സനാതനനായി.
 

മംഗളമൂർത്തിയായ ശംഭുവും, പരമനന്മ പ്രദാനം ചെയ്യുന്ന ശങ്കരനും, എല്ലാത്തിൻ്റെയും നാരായവേരായ നാരായണനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വിഷ്ണുവും, വിശ്വോത്പത്തിയ്ക്ക് കാരണഭൂതനായതിനാലും ബൃഹത്തായ സൃഷ്ടിജ്ഞാനം (പ്രപഞ്ചബോധം) ഉള്ളതിനാലും ബ്രഹ്മാവുമാണദ്ദേഹം. എല്ലാവരേയും രമിപ്പിക്കുന്ന രാമനും, സർവ്വരേയും തന്നിലേക്ക് ആകർഷിക്കുന്ന കൃഷ്ണനും, സർവ്വ ദുഃഖദുരിതങ്ങളേയും പാപങ്ങളെയും സംഹരിക്കുന്ന ഹരനും, വിശ്വത്തിൻ്റെ പ്രഭുവായ ഹരിയും ജ്ഞാനം നൽകി മായയും അവിദ്യയും നീക്കി മോക്ഷം നൽകുന്ന രുദ്രനും ആയ പരംജ്യോതിസച്ചിദാനന്ദസ്വരൂപിയായ ഏക പരബ്രഹ്മതത്വമാണ് സനാതനധർമ്മത്തിലെ പരമേശ്വരൻ.

ജനനമരണരഹിതനായ ഏകരക്ഷകനായതിനാൽ അജൈകപാത്തും എല്ലാത്തിന്റേയും അധിഷ്ഠാനമായതിനാൽ അഹിർബുദ്ധ്ന്യനുമാണ് അദ്ദേഹം.പരമ്പൊരുൾ സർവ്വവ്യാപിയും സർവ്വാന്തര്യാമിയും ആണ്. സമഷ്ടി രൂപത്തിൽ ബ്രഹ്മവും വ്യഷ്ടി രൂപത്തിൽ ആത്മാവുമാണ്. ശ്രീപരമേശ്വരൻ യഥാർത്ഥത്തിൽ നിർഗുണനാണ്. സത്വരജസ്തമോഗുണങ്ങളെന്ന ത്രിഗുണങ്ങൾക്കതീതനായതുകൊണ്ടും മായ ബാധിക്കാത്തതിനാലുമാണ് നിർഗുണൻ എന്ന് വിശേഷിപ്പിക്കുന്നത്. നിരഞ്ജനൻ, നിരവദ്യൻ, നിരാമയൻ എന്നെല്ലാം പര്യായങ്ങൾ. എന്നാൽ പ്രകൃതിയിൽ സ്വയമേവ സൃഷ്ടി പ്രക്രിയകളും പ്രതിഭാസങ്ങളും ആരംഭിച്ചപ്പോൾ ഹിരണ്യഗർഭനെന്ന സഗുണനുമായി.
നാമരൂപങ്ങളിലാണ് വിവിധ തർക്കങ്ങൾ ഉണ്ടാകുന്നത്. ഈശ്വരൻ നാമരൂപങ്ങൾക്കതീതനാണ്. ഇന്ദ്രിയാനുഭവങ്ങൾക്കും യുക്തിചിന്തയ്ക്കുമപ്പുറം ധ്യാന-സമാധിയിലൂടെ ലഭ്യമാകുന്ന അന്തർദർശനം (ജ്ഞാനം, Intuition) മൂലമറിയേണ്ടവനും.

(പല പേരുകളിലൂടെ ഒരേ ഒരു പരമേശ്വരതത്വത്തെയാണ് ശ്രുതികളും ഋഷിപരമ്പരകളും വിശേഷിപ്പിച്ചത്.
ഏകം സത് വിപ്രാബഹുധാ വദന്തി (പരമസത്യം ഒന്നേയുള്ളൂ-വിജ്ഞൻമാർ ഒന്നിനെ പലതായി പറയുന്നു.
സച്ചിദേകം ബ്രഹ്മ (സത്, ചിത്, ഏകത്വം -പരബ്രഹ്മതത്വലക്ഷണം) എത്രയോ പ്രമാണങ്ങൾ?!
വേദത്തിൽ പ്രതിപാദിക്കുന്ന ദേവതകളെ സൂചിപ്പിക്കുന്ന പേരുകളെല്ലാം ഏകനായ പരബ്രഹ്മതത്വത്തിന്റെ വിവിധ ഗുണങ്ങളെ പരാമർശിക്കുവാനാണെന്ന് വേദശബ്ദകോശമായ നിരുക്തത്തിൽ യാസ്കമഹർഷി ചൂണ്ടിക്കാട്ടുന്നു.
*ഏകസ്യാത്മനോfന്യേ ദേവം പ്രത്യംഗാനി ഭവതി*
(ഏകനായ പരമേശ്വരന്റെ പ്രത്യംഗങ്ങളും (അവയവങ്ങളും ഗുണവാചിയായ നാമങ്ങളും) ആണ് എല്ലാ ദേവശബ്ദങ്ങളും)
അതിനാൽ ഈശ്വരൻ്റെ വിവിധ പര്യായങ്ങളുടെ പേരിലുള്ള തെറ്റിദ്ധാരണകളും സംഘർഷങ്ങളും വേണ്ട. രൂപങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഭേദങ്ങൾ ഉണ്ടാകുന്നത്. പരമേശ്വരൻ യഥാർത്ഥത്തിൽ അകായനും നിരാകാരനും നിരവയവനുമാണ്. പിന്നെയെങ്ങനെയാണ് മതസംഘർഷങ്ങളുണ്ടാകുന്നത്.?!
(എന്നാൽ പരമേശ്വരൻ സർവ്വശക്തനായതിനാൽ സകായനും സാകാരനും സാവയവനും ആകാൻ സാധിക്കുമെന്നത് വിസ്മരിക്കുന്നില്ല. അങ്ങനെ സാധകർക്ക് അവർക്കിഷ്ടപ്പെട്ട വിധത്തിൽ പ്രത്യക്ഷപ്പെട്ട പരമേശ്വരൻ്റെ വിവിധ രൂപങ്ങളാണ് ചില ധ്യാനശ്ലോകങ്ങളിലൂടെ പ്രചരിച്ചത്.)

(തുടരും)