Skip to content

Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 3

  • by

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ! മൂന്നാം ലേഖനം

മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളിൽ സ്വാഗതാർഹമായ പല തിരുത്തലുകളുമുണ്ട് എന്ന് ഫേസ്ബുക്കിൽ നൽകിയ രണ്ടാം ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു.

മഹാത്മാഗാന്ധിയിൽ ശ്രീനാരായണഗുരുദേവൻ ചെലുത്തിയ പ്രഭാവവും കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനപ്രമേയം അവതരിപ്പിച്ചതിന് പിന്നിലെ ഗുരുദേവസ്വാധീനവും ടി.കെ മാധവൻ്റെ സംഭാവനകളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം പാർട്ടിയുടെ മുൻ നിലപാടുകളിൽ നിന്നുള്ള ആരോഗ്യകരമായ പരിണാമങ്ങളാണ്.

എന്നാൽ മുഖ്യമന്ത്രിയുടെ ചില അഭിപ്രായങ്ങളോട് ഒട്ടും യോജിക്കുവാൻ കഴിയുകയുമില്ല. ഈ വിമർശനങ്ങൾ ശ്രദ്ധിക്കുക.

(1).”ശ്രീനാരായണഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.സനാതനധർമ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണ് ഗുരു “.

(ഈ പ്രസ്താവനയാണ് ഇന്നത്തെ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.)

(2). “സനാതനധർമ്മം സ്മൃതി വ്യവസ്ഥയിലെ വർണാശ്രമ വ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല “ എന്നും അദ്ദേഹം വാദിക്കുന്നു. അതായത് സനാതനധർമ്മം ജാതി വ്യവസ്ഥയാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇത് ശരിയാണോയെന്ന് ഇനിയുള്ള ലേഖനങ്ങളിൽ നാം വിശദമായി പരിശോധിക്കും.

(3). “ആ വർണാശ്രമധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിന്, ഒത്തുനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗമാനവികധർമ്മം. മതങ്ങൾ നിർവചിച്ചുവച്ചതേയല്ല, ഗുരുവിന്റെ ഈ നവയുഗധർമ്മം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സർവമതങ്ങളുടെയും സാരം ഏകമാണ്, എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോൾ വ്യക്തമാകുന്നത് എന്താണ്? മതാതീതമായ മാനുഷികത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന ധർമ്മത്തിന്റെ ചട്ടക്കൂടിന് ഉള്ളിലാക്കാൻ നിന്നാൽ അത് ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാവും “. അദ്ദേഹം തുടരുന്നു.
ശ്രീ നാരായണഗുരുവിൻ്റെ മഹത്വം ചൂണ്ടിക്കാണിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെങ്കിൽ അതിനോട് വിരോധമില്ല. എന്നാൽ ഗുരുവിൻ്റെ ഈ ഏകത്വദർശനവും മാനവധർമ്മ വീക്ഷണങ്ങളും സനാതനധർമ്മത്തിലില്ലാത്തതാണ്, അഥവാ അതിനുമുമ്പ് ആർഷഗുരുക്കന്മാരാരും പറയാത്തതാണ് എന്നൊക്കെ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് സമ്മതിക്കുവാൻ നിവൃത്തിയില്ല . അതിൻ്റെ കാരണമെന്തെന്ന് തെളിവുകൾ സഹിതം അടുത്ത ലേഖനങ്ങളിൽ വ്യക്തമാക്കാം.
4). “ഏതാണ് ധർമ്മമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ സംശയത്തിൻ്റെ ചോദ്യചിഹ്നം ഉയർത്തി മഹാഭാരതം പിൻവാങ്ങുന്നു “ – അടുത്ത വിമർശനം.
ഏതാണ് ധർമ്മം എന്നതിനെക്കുറിച്ച് വിവിധ കഥാപാത്രങ്ങളിലൂടെ മഹാഭാരതത്തിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ശ്രീകൃഷ്ണപക്ഷം (പാണ്ഡവപക്ഷം) ആണ് ശരി എന്ന തീർപ്പും ആ ഗ്രന്ഥത്തിലുണ്ട്. അതിനാൽ ഈ ആരോപണവും നിലനിൽക്കുന്നതല്ല. ആവശ്യമെങ്കിൽ പിന്നീട് ഈ വിഷയവും ചർച്ച ചെയ്യാൻ ശ്രമിക്കാം.

(5) “സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കുന്നത് ബ്രാഹ്മണാധിപത്യത്തിൻ്റെ പഴയ രാജവാഴ്ചക്കാലമാണ്. “
ഈ “സനാതനധർമ്മോഫോബിയ “യ്ക്ക് അടിസ്ഥാനമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.

(6)സുപ്രസിദ്ധമായ വിശ്വശാന്തിപ്രാർത്ഥന (ലോകാ:സമസ്താ : സുഖിനോ ഭവന്തു എന്നവസാനിക്കുന്നത് )യേയും അതിലെ “ഗോ ബ്രാഹ്മണേഭ്യ” പരാമർശത്തിൻ്റെ പേരിൽ അദ്ദേഹം വിമർശിക്കുന്നു.
ഈ ആക്ഷേപത്തിനും ഈ ലേഖനപരമ്പരയിൽത്തന്നെ മറുപടി കൊടുക്കുന്നുണ്ട്.

ചുരുക്കത്തിൽ ഇവയാണ് ശ്രീ പിണറായി വിജയൻ്റെ പ്രധാന സനാതനധർമ്മവിമർശനങ്ങൾ . ഈ ആരോപണങ്ങൾക്കെല്ലാം ഓരോന്നായി ഉത്തരവും വിശദീകരണവും നൽകാം. എന്നാൽ മുഖ്യമന്ത്രിയ്ക്കുള്ള മറുപടി മാത്രമാണ് ഈ ലേഖനപരമ്പരയുടെ ഉദ്ദേശം എന്ന് ധരിക്കരുത്. ഇന്ന് സാമാന്യജനങ്ങളിൽ വേരുറച്ചു പോയ ചില തെറ്റിദ്ധാരണകളേയും ദുഷ്പ്രചരണങ്ങളേയും പരമാവധി തെളിവുകളും ആധികാരിക വസ്തുതകളും നിരത്തി തിരുത്തുവാനുള്ള ശ്രമങ്ങളാണിവ. സത്യാന്വേഷണത്തിൽ താത്പര്യമുള്ളവരെയെല്ലാം ഈ ചർച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.വിവിധ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണ്. ആരോഗ്യകരമായ വിമർശനങ്ങളേയും ക്ഷണിക്കുന്നു.

Chennai-Awareness-Class-Acharyasri-KR-Manoj-Ji-Speaking
ശ്രീ പിണറായി വിജയൻ്റെ ആദ്യ വിമർശനം എടുക്കാം. അത് ഇതാണ്.
( 1 )“ശ്രീനാരായണ ഗുരു സനാതനധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.സനാതനധർമ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണ് ഗുരു.”
ഈ പരാമർശം വാസ്തവമാണോ?
ഹിന്ദുസമൂഹത്തിൽ കടന്നു കൂടിയ മാമൂൽവാദ നിലപാടുകളെ നീക്കിയ പ്രവർത്തിയെയാണ് മുഖ്യമന്ത്രി “ഉടച്ചുവാർത്തു “എന്ന പദം കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ അതിനോട് പൂർണമായി യോജിക്കുന്നു.
ഗുരുദേവൻ്റെ അതുല്യ സംഭാവനകൾ !

പുതിയ കാലത്തിനായുള്ള ഉപദേശങ്ങളും മാതൃകകളും ശ്രീ നാരായണഗുരു നൽകിയിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്. “വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക, വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക ” ‘ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ എത്രയോ സന്ദേശങ്ങൾ! അതിനുപുറമേ നിരവധി മൗലികസംഭാവനകൾ !
സംസ്കൃതം, മലയാളം, തമിഴ് എന്നീ മൂന്നുഭാഷകളിലും ദിവ്യ സ്തോത്രങ്ങൾ രചിച്ച മറ്റൊരു ഋഷിയുണ്ടായിട്ടില്ല. ബാദരായണബ്രഹ്മസൂത്രത്തിൻ്റെ വ്യാഖ്യാനം ആണ് ശ്രീ ശങ്കരാചാര്യർ രചിച്ചത്, എന്നാൽ ശ്രീനാരായണഗുരു സൂത്രലക്ഷണങ്ങളോടെ “വേദാന്തസൂത്രം” എന്ന ഗ്രന്ഥം തന്നെ എഴുതി. വൈദിക ഋഷിമാർ ചെയ്തതിനെ പിന്തുടർന്ന് പുതിയ മന്ത്രങ്ങളുടെ രചന നിർവ്വഹിച്ചു.(ഉദാഹരണം: ഹോമമന്ത്രം).
ഗുരുദേവൻ്റെ ക്ഷേത്ര മാതൃകകൾ!

തന്ത്രവിധിപ്രകാരം പ്രാണപ്രതിഷ്ഠ നിർവ്വഹിച്ച് പ്രതിഷ്ഠിച്ച അസംഖ്യം ക്ഷേത്രങ്ങളും മാമൂൽവാദ നിലപാടിന് പകരം സനാതനധർമ്മത്തിലെ ക്ഷേത്ര നിർവ്വചനപ്രകാരം നിർമ്മിച്ച ക്ഷേത്ര മാതൃകകളും എടുത്തു പറയേണ്ടതാണ്.
ആദ്യമായി പ്രതിഷ്ഠ നടത്തിയ പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളല്ല ശ്രീ നാരായണഗുരു. ഓമലൻ എന്ന പുലയവിഭാഗത്തിൽപ്പെട്ട യുവയോഗിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും ഗുരുദേവന് മുമ്പ് ശിവലിംഗ പ്രതിഷ്ഠ നിർവ്വഹിച്ചവരാണ്. (ആറാട്ടുപുഴ വേലായുധപ്പണിക്കർ ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതേയുള്ളൂ.) എന്നാൽ ശുദ്ധ തന്ത്രവിധിപ്രകാരമുള്ള ക്ഷേത്ര മാതൃകകൾ വ്യാപകമായി നിർമ്മിക്കുകയും അവയോട് ചേർന്ന് നവോത്ഥാന – സാമൂഹ്യ പരിഷ്കരണ -വിദ്യാഭ്യാസ-തൊഴിൽ- വ്യവസായ -സേവന സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തുവെന്നതാണ് ശ്രീ നാരായണഗുരുവിൻ്റെ ക്ഷേത്രമാതൃകകളുടെ പ്രത്യേകത. “ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര: “ (വ്യക്തിയേയും സമാജത്തേയും എല്ലാവിധ ദുരിതങ്ങളിൽ നിന്നും നീക്കുന്ന സ്ഥാനമാകണം ക്ഷേത്രം) എന്നതാണ് ആർഷധർമ്മം അനുശാസിക്കുന്നത്. അതിനുതകുന്ന രീതിയിൽ ആണ് അദ്ദേഹം ഇവയെല്ലാം ആസൂത്രണം ചെയ്തത്.
“ക്ഷേത്രത്തിൽ കരി (ആന)വേണ്ട കരിമരുന്നും വേണ്ട” എന്ന് അദ്ദേഹം നിർദേശിച്ചു. ക്ഷേത്രത്തോട് ചേർന്നുള്ള മൃഗബലി, മദ്യ നിവേദ്യം തുള്ളൽ, എന്നിവ അവസാനിപ്പിച്ചു. അനാവശ്യവും ആർഭാടപൂർണ്ണവുമായ ചടങ്ങുകൾക്ക് പകരം ലളിതവും ഭക്തിനിർഭരവുമായ സംവിധാനം ഏർപ്പെടുത്തി., ക്ഷേത്രങ്ങളോട് ചേർന്ന് പൂന്തോട്ടം, ലൈബ്രറി, സ്കൂൾ, വ്യവസായ – തൊഴിൽ സ്ഥാപനങ്ങൾ സജ്ജീകരിച്ചു. ജാതിശുദ്ധിയ്ക്ക് പകരം വ്യക്തി -സമൂഹ ശുചിത്വത്തിന് പ്രാധാന്യം നൽകി, കുളിപ്പുരകൾ ക്രമീകരിച്ചു.

ദേവദർശനത്തിന് മാത്രമല്ല ക്ഷേത്രം ഉപയോഗിക്കേണ്ടത് എന്ന കാഴ്ചപ്പാടായിരുന്നു ഗുരുദേവന്. അരുവിപ്പുറം ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ച ക്ഷേത്രവാവൂട്ടുയോഗമാണ് പിന്നീട് എസ് എൻ ഡി പി യോഗമായി പരിണമിച്ചത്. സംഘാടനത്തിനും ബോധവത്കരണത്തിനും സൗകര്യം ലഭിക്കത്ത രീതിയിൽ ക്ഷേത്രത്തിനോടനുബന്ധിച്ച് ഭരണനിർവ്വഹണസംവിധാനത്തിനായി നിരവധി സഭകൾ സ്ഥാപിച്ചു – ഇവിടെയെല്ലാം സത്സംഗകൂട്ടായ്മയും ആദ്ധ്യാത്മിക പ്രഭാഷണവും നടത്താനുള്ള വ്യവസ്ഥയും അദ്ദേഹം ഏർപ്പെടുത്തി. ക്ഷേത്രവരുമാനത്തിൽ നിന്ന് ധർമ്മപ്രചാരകരെ പരിശീലിപ്പിക്കുവാനും ധർമ്മപ്രചാരണത്തിനും തുക നീക്കിവയ്ക്കണമെന്നുള്ള ഗുരുദേവൻ്റെ നിർദ്ദേശത്തിൻ്റെ പ്രാധാന്യം ഇന്നും പലരും വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്. നൂതന സന്യാസ- സ്ഥാപന – സംഘടനാ മാതൃകകൾ, അനാചാരനിർമ്മാർജ്ജനയത്നങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ സവിശേഷസംഭാവനകൾ ആണെന്നതും സത്യമാണ്.

എന്നാൽ സനാതനധർമ്മത്തിൻ്റെ കാലോചിതമായ വ്യാഖ്യാനങ്ങളും അപചയം നീക്കാനുള്ള കർമ്മപദ്ധതികളുമായിരുന്നു, ഇവയെല്ലാം. കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഹിന്ദുധർമ്മ സംരക്ഷണ പ്രവർത്തനങ്ങളായിരുന്നു അവ. അകത്തും പുറത്തും വ്യാപിച്ചിരുന്ന അജ്ഞാനത്തിനെതിരെയുള്ള ധീരമായ പോരാട്ടങ്ങൾ.
എന്നാൽ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെയല്ല, “സനാതനധർമ്മത്തെ വെല്ലുവിളിച്ച് ധിക്കരിക്കുന്ന മൂന്നാമത്തെ ധാരയിലെ പ്രതിനിധിയാണ് ശ്രീ നാരായണഗുരു “വെന്ന് അദ്ദേഹം പറയുന്നു. ഈ നിലപാടിനോട് എങ്ങനെ യോജിക്കുവാൻ കഴിയും?

ചില ചോദ്യങ്ങൾ !

1)സനാതനധർമ്മത്തിലെ ഏത് ദർശനത്തേയാണ് അദ്ദേഹം ചോദ്യം ചെയ്തത് ?
2)എന്താണ് അതിനുള്ള തെളിവുകൾ ?
3)എപ്പോൾ? എവിടെ വച്ച്? എങ്ങനെയാണദ്ദേഹം സനാതനധർമ്മത്തെ വെല്ലുവിളിച്ചത് അല്ലെങ്കിൽ ധിക്കരിച്ചത്.?
4) ശ്രീ നാരായണഗുരുവോ, പ്രിയശിഷ്യരോ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സനാതനധർമ്മത്തെ വെല്ലുവിളിച്ചിട്ടുണ്ടോ?
ഉദാഹരണമായി കുമാരനാശാൻ്റെ നിലപാട് പരിശോധിക്കാം
സനാതനധർമ്മസാരം ഉജ്വലമാണ്, മാമൂൽ വാദത്തെയാണ് എതിർക്കേണ്ടത് എന്ന നിലപാട് തന്നെയാണ് ശ്രീ നാരായണ ഗുരുവിനെപ്പോലെ തന്നെ അദ്ദേഹത്തിൻ്റെ വത്സല ശിഷ്യനും എസ് എൻ ഡി പി യോഗം പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാകവി കുമാരനാശാനും ഉണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ “മതപരിവർത്തനരസവാദം “ എന്ന കൃതി തന്നെ ഇതിന് ഉത്തമോദാഹരണം. ഇക്കാര്യം വ്യക്തമാക്കാൻ ധാരാളം തെളിവുകളുണ്ടെങ്കിലും ചിലത് മാത്രം ഇപ്പോൾ സൂചിപ്പിക്കാം.
“ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതി വാഴ്ത്തിടുന്നു വേദം നാലും” –
“ദുരവസ്ഥ “യിൽ കുമാരനാശാൻ ചൂണ്ടിക്കാട്ടുന്നു.
സനാതനധർമ്മത്തിലെ ആർഷഗുരുപരമ്പരകളും വേദോപനിഷത്തുക്കളും സിദ്ധന്മാർ എഴുതിയ ദിവ്യ സ്തോത്രങ്ങളും പരബ്രഹ്മം അഥവാ പരമേശ്വരൻ്റെ ഏകത്വദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വന്തര്യാമി സിദ്ധാന്തം, പ്രകൃതി – പുരുഷ അഭേദദർശനം അഥവാ അദ്വൈത ദർശനം എന്നിവ വ്യക്തമായി പ്രഖ്യാപിക്കുന്നു. ആയിരക്കണക്കിന് തിളങ്ങുന്ന ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും.
“എല്ലാ മനുഷ്യരും തുല്യരാണ്” എന്ന സമത്വവീക്ഷണത്തിനും ഉപരിയായി എല്ലാ ജീവികളും ഒന്നെന്ന “ജീവബ്രഹ്മൈക്യസിദ്ധാന്തം” പ്രഖ്യാപിച്ച ദർശനമാണ് സനാതനധർമ്മം. സമത്വത്തേക്കാൾ വലിയ ദർശനമാണ് ഈ അഭേദദർശനം.
 
എല്ലാ ലോകങ്ങളിലും പരമേശ്വരൻ(പരബ്രഹ്മം) വ്യാപിച്ചിരിക്കുന്നു എന്ന സിദ്ധാന്തം ആണ് സർവ്വവ്യാപിസിദ്ധാന്തം . സചേതനവസ്തുക്കളിലും അചേതന വസ്തുക്കളിലും (അണുമുതൽ) ആത്മാവ് എന്ന രൂപത്തിൽ (ആത്മാവ് ജീവനല്ല!) കുടികൊള്ളുന്നു എന്ന ദർശനമാണ് സർവ്വന്തര്യാമിസിദ്ധാന്തം. അത് മാത്രമല്ല ചരാചരങ്ങളും – (ജീവനുള്ളവയും ജീവനില്ലാത്തവയും) – പ്രകൃതിയും ഈശ്വരനും ഒന്നെന്ന ദർശനമാണ് അദ്വൈതവേദാന്തസാരം. അതായത് അടിസ്ഥാനപരമായി (പാരമാർത്ഥികമായി) ഈശ്വരൻ അല്ലാതെ മറ്റൊന്നുമില്ല. തത്വമസി, പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, അയമാത്മ ബ്രഹ്മ:, പ്രജ്ഞാനം ബ്രഹ്മ:, സോഹം, ഹംസ, ശിവോഹം എത്രയോ ആപ്തവാക്യങ്ങൾ!. സനാതനധർമ്മത്തിലല്ലാതെ മറ്റെവിടെയും ദർശിക്കാനാകാത്ത, ഈ ഉജ്വലദർശനങ്ങളെ ആർക്കാണ് നിഷേധിക്കാൻ കഴിയുക?
എന്നാൽ അന്നത്തെ മാമൂൽവാദികൾ – ജാതിവൈരവാദികൾ സനാതനധർമ്മത്തോട് ചെയ്തതെന്ത്? കുമാരനാശാൻ തുടരുന്നു.
“വൈദികമാനികൾ മർത്ത്യരിൽ ഭേദവും
ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു.”
വേദത്തെ പിന്തുടരുന്നു എന്ന് പറയുന്നവർ തന്നെ ഇതിനെതിരെ പ്രവർത്തിക്കുന്നുവെന്നാണ് ആശാൻ സൂചിപ്പിക്കുന്നത്.

മഹത്തായ ബ്രഹ്മവിദ്യയുടെ അടിസ്ഥാനസിദ്ധാന്തങ്ങൾ അട്ടിമറിച്ചതിനെക്കുറിച്ച് ആശാൻ വിലപിക്കുന്നു.

 

“എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
നിർണയം നിന്നെപ്പോൽ പാരിലധോഗതി

വിണ്ണവർ ഗംഗയ്ക്കുമുണ്ടായില്ല “

 

സനാതനധർമ്മവും ജാതിമാമൂൽ വാദങ്ങളും തമ്മിലുള്ള ഈ വൈരുധ്യം ആർക്കും ദർശിക്കാനാകും വിധം വ്യക്തമാണ്. മനുഷ്യരിൽത്തന്നെ ഭേദങ്ങൾ കല്പിക്കുന്ന ജാതിമാമൂൽവാദം വേദവിരുദ്ധമാണെന്ന യാഥാർത്ഥ്യം ഗുരുവിനും ശിഷ്യന്മാർക്കും ബോധ്യമായിരുന്നു.
 

ഇവിടെ ചോദ്യങ്ങൾ കൃത്യമാണ് . സനാതനധർമ്മത്തിനോ വേദങ്ങൾക്കോ ബ്രഹ്മവിദ്യയ്ക്കും എതിരായിട്ടാണോ ആശാൻ സംസാരിക്കുന്നത്? അതിന് സംഭവിച്ച അധഃപതനത്തെക്കുറിച്ചല്ലേ? മഹത്തായ സിദ്ധാന്തത്തിൽ അട്ടിമറി നടത്തുക, പരിമിതപ്പെടുത്തി വികൃതമാക്കുക, വെള്ളം ചേർക്കുക എന്നീ അപചയങ്ങൾക്കെതിരെയാണ് കുമാരനാശാനും അദ്ദേഹത്തിൻ്റെ ഗുരുദേവനും പ്രവർത്തിച്ചത് എന്നത് ഇതിൽ നിന്ന് വ്യക്തമല്ലേ?

സനാതനധർമ്മത്തിൻ്റെ ഊടും പാവുമായ (ഒഴിവാക്കാനാവാത്ത വിധം ചേർന്നിരിക്കുന്ന) ഈശ്വരദർശനത്തിനും ജീവിതദർശനത്തിനും എതിരെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തിയ അട്ടിമറികൾ, സ്വാധ്യായരാഹിത്യം മൂലം സ്വാഭാവികമായി വന്ന അപചയങ്ങൾ, അതുകൊണ്ടുണ്ടായ അധോഗതികൾ – ഇവയൊക്കെയായിരുന്നു നേരിടേണ്ട യഥാർത്ഥപ്രശ്നങ്ങൾ. ഗുരുദേവൻ വെല്ലുവിളിച്ചത് ഈ മാമൂൽ വാദങ്ങളെയാണ്, സനാതനധർമ്മത്തെയല്ല.

വിവിധ ആർഷഗുരുപരമ്പരകൾ,നാഥസിദ്ധയോഗികൾ, തമിഴ്നാട്ടിലെ സിദ്ധപരമ്പര,ശ്രീ ശങ്കരാചാര്യർ, ബസവേശ്വരൻ, ഭക്തിപ്രസ്ഥാനാചാര്യന്മാർ, ശ്രീരാമകൃഷ്ണപ്രസ്ഥാനം, ബ്രഹ്മസമാജം, പ്രാർത്ഥനാസമാജം, ആര്യസമാജം, തിയോസഫിക്കൽ സൊസൈറ്റി, അരവിന്ദ മഹർഷി, തൈക്കാട് അയ്യാവു ഗുരു, അയ്യാ വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, സദാനന്ദ ഗുരുസ്വാമി, ശുഭാനന്ദ ഗുരുദേവൻ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ശിവാനന്ദ പരമഹംസർ,ആഗമാനന്ദ സ്വാമികൾ, ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണ ഗുരുവിൻ്റെയും ശിഷ്യന്മാർ തുടങ്ങിയവരെല്ലാം സനാതനധർമ്മവക്താക്കളായി നിലയുറപ്പിച്ചുതന്നെയാണ് സനാതനധർമ്മവിരുദ്ധമായ മാമൂൽ വാദത്തിനും അനാചാരങ്ങൾക്കുമെതിരെ പൊരുതിയത്. കേരളം മുതൽ കാശ്മീർ വരെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച ഈ സുദീർഘനവോത്ഥാനപരമ്പരയിലെ ഗുരുക്കന്മാരെല്ലാം ശ്രമിച്ചത് സനാതനധർമ്മത്തെ മാമൂൽവാദങ്ങളിൽ നിന്ന് രക്ഷിക്കാനാണ്. ഇതാണ് ഗുരുദേവനും ചെയ്തത്. അതായത് “എലിയെ കൊല്ലാൻ ഇല്ലം അല്ല ചുടേണ്ടത് “എന്നവർ തിരിച്ചറിഞ്ഞിരുന്നു.

 

ആർക്കും വ്യക്തമായി കാണാൻ കഴിയുന്ന ഈ വസ്തുതകളാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ എല്ലാവരും അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്തേനെ! ചുരുങ്ങിയ പക്ഷം സനാതനധർമ്മനവോത്ഥാനം, ഹിന്ദുധർമ്മനവീകരണം എന്നെങ്കിലും സൂചിപ്പിക്കാമായിരുന്നു! അതിന് പകരം അദ്ദേഹം പറയുന്നത് സനാതനധർമ്മവും അതിലെ ആശയങ്ങളും തള്ളിക്കളയേണ്ട വിധത്തിലുള്ളതാണ് എന്ന രീതിയിലാണ്. അതിനോട് നവോത്ഥാനനായകരായ ഋഷികൾ – ശ്രീ നാരായണഗുരുവുൾപ്പടെ ഒരിക്കലും യോജിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ പറയുന്നത് അവരുടെ ധന്യജീവിതങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

 

ജാതിവ്യവസ്ഥിതിയുടെ ക്രൂരതകൾ അനുഭവിക്കുമ്പോൾ പോലും അതിനുത്തരവാദി സനാതനധർമ്മമാണെന്ന് തെറ്റിദ്ധരിക്കുവാനോ, പറയുവാനോ, തള്ളിപ്പറയാനോ ധർമ്മം ഉപേക്ഷിക്കാനോ അവർ തയ്യാറായില്ല. മാത്രമല്ല അങ്ങനെ ചിന്തിച്ചവരെ അവർ ശക്തമായ തെളിവുകളും യുക്തിഭദ്രമായ വാദമുഖങ്ങളുമായി തിരുത്തുകയും ചെയ്തു. ശ്രീ നാരായണഗുരുവിനെപ്പോലെ തന്നെ ഈ നവോത്ഥാനഗുരുക്കന്മാരെല്ലാം മതപരിവർത്തനങ്ങൾക്കെതിരെയും നിലകൊണ്ടു. മതം മാറ്റത്തിന് വിധേയരായവരെ തിരിച്ചെടുക്കുവാനും ശ്രദ്ധിച്ചു. ചട്ടമ്പിസ്വാമികളുടെ പ്രവർത്തനങ്ങളും വേദാധികാരനിരൂപണം, ക്രിസ്തുമതച്ഛേദനം തുടങ്ങിയ കൃതികളും ശ്രദ്ധിക്കുക. അയ്യങ്കാളിയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സദാനന്ദ സ്വാമികൾ, ശുഭാനന്ദ ഗുരുദേവൻ, ആഗമാനന്ദ സ്വാമികൾ എന്നിവരെല്ലാം ഇത് തന്നെയാണ് ചെയ്തത്.

Guruparamparas

സനാതനധർമ്മം, ശ്രീ നാരായണധർമ്മം, ഗുരുദേവ ജീവചരിത്രങ്ങൾ, കൃതികൾ, നവോത്ഥാനചരിത്രം എന്നിവയുടെ പഠനഗവേഷണങ്ങൾക്ക് സമയം ലഭിക്കാത്ത ആധുനിക പാർട്ടിനേതാക്കൾക്ക് ഈ വിഷയങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണമെന്നില്ല. അവർ ശ്രീ നാരായണഗുരുവിനെ “ഹിന്ദുധർമ്മവിരുദ്ധനാക്കാനും ” “നിരീശ്വരനാക്കാനും “വരെ മടിക്കില്ല. അതാണല്ലോ ഗുരുദേവൻ സനാതനധർമ്മത്തെ ചോദ്യം ചെയ്തു, ധിക്കരിച്ചു, വെല്ലുവിളിച്ചു എന്നൊക്കെ പരസ്യമായി പറയുന്നത്?! എന്നാൽ ഇവർ പറയുന്നതുപോലെയായിരുന്നില്ല ശ്രീ നാരായണഗുരുവിനെ ഇ എം എസ് വിലയിരുത്തിയത്. വിയോജനത്തോട് കൂടിയാണെങ്കിലും ശ്രീനാരായണഗുരുവിനെ “ ആർഷസന്ദേശവക്താവെന്നാണ് “ അദ്ദേഹം വിശേഷിപ്പിച്ചത്. അത് അടുത്ത ലേഖനത്തിൽ സൂചിപ്പിക്കാം

(തുടരും)