മേവാർ സിംഹം മഹാറാണാ പ്രതാപ് സിംഗിൻ്റെ 486-ാം ജയന്തി
AVS
May 9, 2026
•
No Comments
ഇന്ന് (മെയ് 9): “മേവാർ സിംഹം” മഹാറാണാ പ്രതാപ് സിംഗിൻ്റെ 486-ാം ജയന്തി!
ഐതിഹാസികമായ പോരാട്ട വീര്യമുള്ള മേവാറിലെ (രാജസ്ഥാനിലെ) രാജാവായിരുന്നു മഹാറാണാ പ്രതാപ് സിംഗ് ജി.
വൈദേശിക മുഗൾ സാമ്രാജ്യത്തിന്റെ അധിനിവേശത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച റാണാ പ്രതാപ് ജി ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരതയുടെയും ദേശസ്നേഹത്തിന്റെയും ത്യാഗത്തിൻ്റെയും മഹത്തായ പ്രതീകമായി അറിയപ്പെടുന്നു.
1540 മെയ് 9-ന് രാജസ്ഥാനിലെ കുംഭൽഗഢിൽ
മഹാറാണാ ഉദയ് സിംഗ് രണ്ടാമൻ്റെയും റാണി ജീവന്ത് കൻവാറിൻ്റെയും മകനായി ജനിച്ചു.
1572 മുതൽ 1597 വരെ മേവാറിന്റെ ഭരണാധികാരിയായിരുന്നു റാണാ പ്രതാപ് ജി.
മഹാറാണാ പ്രതാപ്ജിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഹൽദിഘട്ടി യുദ്ധം (1576).
അക്ബറിന്റെ മുഗൾ സൈന്യവും (മാൻസിംഗിന്റെ നേതൃത്വത്തിൽ) റാണാപ്രതാപ് സിംഗിന്റെ സൈന്യവും തമ്മിലായിരുന്നു ഈ പോരാട്ടം. സൈനികബലത്തിൽ മുഗളന്മാർ വളരെ മുന്നിലായിരുന്നിട്ടും പ്രതാപ്ജി കീഴടങ്ങാൻ തയ്യാറായില്ല.
യുദ്ധത്തിൽ വിജയിയെ നിശ്ചയിക്കുക പ്രയാസകരമായിരുന്നെങ്കിലും, തന്റെ മാതൃഭൂമി മുഗളന്മാർക്ക് പൂർണ്ണമായി വിട്ടുകൊടുക്കാതെ അദ്ദേഹം പർവ്വതനിരകളിൽ കഴിഞ്ഞു കൊണ്ട് ഗറില്ലാ യുദ്ധമുറയിലുള്ള ഒളിപ്പോരിലൂടെ വിദേശികളായ ശത്രുസേനയെ തകർത്തു കൊണ്ടിരുന്നു.
ചേതക് – വിശ്വസ്തനായ കുതിര!
റാണാപ്രതാപ്ജിയുടെ കീർത്തിയിൽ അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിനും വലിയ സ്ഥാനമുണ്ട്. ഹൽദിഘട്ടി യുദ്ധത്തിൽ മുറിവേറ്റ പ്രതാപ്ജിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ചേതക് കാണിച്ച ധീരതയും അതിനുശേഷം ആ കുതിരയുടെ മരണവും ചരിത്രത്തിലെ വികാരനിർഭരമായ ഒന്നാണ്.
കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വർഷങ്ങളോളം അദ്ദേഹം കാടുകളിൽ കഴിഞ്ഞുകൊണ്ട് തന്ത്രപരമായ പോരാട്ടങ്ങൾ തുടർന്നു.
“എന്റെ രാജ്യം തിരിച്ചുപിടിക്കുന്നത് വരെ പുല്ലിൽ കിടന്നുറങ്ങും, ഇലയിൽ ഭക്ഷണം കഴിക്കും” എന്നദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു.
ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ കുംഭൽഗഢും ഉദയ്പൂരും ഉൾപ്പെടെയുള്ള മേവാർ മുഴുവനും പ്രതാപ്ജി തിരിച്ചുപിടിച്ചു.
1597 ജനുവരി 19-ന് 56-ാം വയസ്സിൽ മഹാറാണ അന്തരിച്ചു.
മുഗൾ ചക്രവർത്തിയായ അക്ബർ പോലും പ്രതാപ്ജിയുടെ ധീരതയെയും നിശ്ചയദാർഢ്യത്തെയും ദേശസ്നേഹത്തെയും ബഹുമാനിച്ചിരുന്നു എന്ന് ചരിത്രം.
“രാജ്യത്തിന്റെ മാനത്തിനായി ജീവിക്കുകയും പോരാടുകയും ചെയ്യുക”: മഹാറാണാ പ്രതാപ്ജി നൽകിയ ജീവിതസന്ദേശമാണിത്.
സ്വന്തം ആത്മാഭിമാനവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ചക്രവർത്തിമാരോട് പോലും പൊരുതിയ ‘മേവാറിലെ സിംഹം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാറാണാ പ്രതാപ്ജിയുടെ പാദകമലങ്ങളിൽ നൂറ് നൂറ് പ്രണാമങ്ങൾ
ആദരപൂർവം,
ആർഷവിദ്യാസമാജം