മഹർഷി ദയാനന്ദ സരസ്വതിജിയുടെ 202-ാം ജയന്തി ദിനം – Feb 12
AVS
ഇന്ന് മഹർഷി ദയാനന്ദ സരസ്വതിജിയുടെ 202-ാം ജയന്തി ദിനം! (12 ഫെബ്രുവരി 1824 – 30 ഒക്ടോബർ 1883)
വേദങ്ങളുടെ ദർശനത്തെയും മനുഷ്യന്റെ വിവിധ ആശയങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് 1875 ൽ അദ്ദേഹം രചിച്ച മഹത്തായ ഗ്രന്ഥമാണ് സത്യാർത്ഥപ്രകാശം. 1883-ൽ അതിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ഇറങ്ങി. കോടിക്കണക്കിന് ജനങ്ങളെ ഇപ്പോഴും സ്വാധീനിക്കുന്ന ശ്രേഷ്ഠകൃതികളിൽ ഒന്നാണത്. ശ്രീശങ്കരാചാര്യർക്ക് ശേഷം മത-ദാശനിക താരതമ്യ പഠനരംഗത്തുള്ള ആദ്യത്തെ കാൽവെയ്പായി സത്യാർത്ഥപ്രകാശത്തെ വിലയിരുത്തുന്നവർ ഉണ്ട്. ഹിന്ദുവിന്റെ അപചയ കാലഘട്ടത്തിൽ ഉണ്ടായ പുരാണങ്ങളെ വേദപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്നുകണ്ട് തള്ളിക്കളയുകയും ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെ സത്യത്തിന്റെയും യുക്തിയുടെയും ഉരകല്ലിൽ വിമർശനബുദ്ധ്യാ പഠിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന ഹിന്ദിയിലെ ആദ്യത്തെ സ്വതന്ത്ര കൃതിയാണ് സത്യാർത്ഥ പ്രകാശം.
ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ, ഉത്തർപ്രദേശിലെ മഥുരയിൽ സ്വാമി വിരജാനന്ദദണ്ഡിജിയുടെ ശിഷ്യത്വം സ്വീകരിച്ച് സ്വാമി ദയാനന്ദ സരസ്വതിയായി മാറി .
ഹിന്ദുധർമ്മത്തിൽ പിൽക്കാലത്ത് കടന്നുകൂടിയ അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടാൻ വേണ്ടിയും തെറ്റായ മതപരിവർത്തനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയും അദ്ദേഹം 1875- ൽ രൂപീകരിച്ച ഹിന്ദുധർമ്മ സംരക്ഷണപ്രസ്ഥാനമാണ് ആര്യസമാജം. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും വഞ്ചിച്ചും ഹിന്ദുവിൽ നിന്ന് ഇതര മതങ്ങളിലേക്ക് മാറ്റിയ കോടാനുകോടി ജനങ്ങളെ ശുദ്ധി പ്രസ്ഥാനത്തിലൂടെ തിരിച്ചുകൊണ്ടുവരുവാൻ ആര്യസമാജത്തിന് കഴിഞ്ഞു! വേദങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും തുടച്ചുനീക്കുകയും ചെയ്താൽ മാത്രമേ ഹൈന്ദവ ധർമ്മത്തിൽ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് വിശ്വസിച്ചാണ് സ്വാമിജി ആര്യസമാജത്തിന് തുടക്കം കുറിച്ചത്. ഏകേശ്വരദർശനം, ശരിയായ ഈശ്വരസങ്കല്പം, വേദപ്രാമാണ്യം, വേദാധിഷ്ഠിത ജീവിതം, ആചാരപരിഷ്കരണം, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം, അയിത്തോച്ചാടനം, സാമൂഹിക നീതി, ജാതിക്കെതിരായ യത്നങ്ങൾ എന്നിവയ്ക്കായി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതി സമ്പ്രദായം, മൃഗബലി, തുടങ്ങിയവ ഇല്ലായ്മ ചെയ്യുവാനായി പ്രവർത്തിച്ചു.