Member   Donate   Books   0

20 ഫെബ്രുവരി – രാജർഷി ജനകാനന്ദജിയുടെ സമാധിദിനം

AVS

ഇന്ന് രാജർഷി ജനകാനന്ദജിയുടെ (James J. Lynn) സമാധിദിനം
(5 മെയ് 1892- 20 ഫെബ്രുവരി 1955).
നിരവധി കഷ്ടപ്പാടുകൾ അതിജീവിച്ചു, സ്വപ്രയത്നത്തിലൂടെ വളർന്ന്, കോടീശ്വരനായി മാറിയ ഒരു അമേരിക്കൻ ബിസിനസുകാരനായിരുന്നു ജെയിംസ്.ജെ ലിൻ. 1932-ൽ മിസോറിയിലെ കൻസാസ് സിറ്റിയിൽ വെച്ചാണ് മഹായോഗിയായ ശ്രീ പരമഹംസ യോഗാനന്ദജിയെ ലിൻ കണ്ടുമുട്ടുന്നത്.
മഹാഗുരുവിൻ്റെ മഹിമയും ജ്ഞാനവും തിരിച്ചറിഞ്ഞ് അദ്ദേഹം ശിഷ്യനായിത്തീർന്നു. കടുത്ത ബിസിനസ് സമ്മർദ്ദവും അസ്വസ്ഥതയും ദേഷ്യവും അനുഭവിച്ചുകൊണ്ടിരുന്ന ലിൻ, ഗുരു പഠിപ്പിച്ച സാധനാസമ്പ്രദായത്തിലൂടെ മനോനിയന്ത്രണവും പ്രശാന്തതയും കൈവരിച്ചു.
 
ലൗകിക ജീവിതത്തിൽ വലിയ വ്യവസായി ആയിരുന്നെങ്കിലും, ഗുരുവിന്റെ നിർദ്ദേശപ്രകാരം ആശ്രമജീവിതത്തിന് മാതൃകയാകും വിധം ലളിതമായ ജീവിതമാണ് ലിൻ, നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയം, നിയന്ത്രിത ജീവിതം, പെരുമാറ്റ മര്യാദകൾ, ധ്യാനനിഷ്ഠ; ഇവ മറ്റു ശിഷ്യർക്കു പ്രചോദനമായി.
 
ശ്രീ പരമഹംസ യോഗാനന്ദജി സ്ഥാപിച്ച Self-Realization Fellowship (SRF)-ൻ്റെ പ്രാരംഭകാല വളർച്ചയിൽ ജെയിംസ് ലിൻ വലിയ സാമ്പത്തിക സഹായം നൽകി. ആശ്രമങ്ങൾ സ്ഥാപിക്കാനായും പ്രസിദ്ധീകരണങ്ങൾക്കായും പ്രവർത്തനങ്ങൾക്കായും സംഘടനയുടെ സ്ഥിരതയ്ക്കായും നിർലോഭം അദ്ദേഹം നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. ഗുരുവിന്റെ മഹാദൗത്യം അമേരിക്കയിൽ ഉറപ്പിച്ചു നിലനിർത്താനും ലിൻ അനവരതം പ്രവർത്തിച്ചു.

‘ആത്മീയ’ ഭാരതത്തിനും ‘വ്യാവസായിക’ അമേരിക്കയ്ക്കും ഇടയിൽ ഒരു സാംസ്കാരിക കൈമാറ്റം യോഗാനന്ദജി ആഗ്രഹിച്ചിരുന്നു. ജീവിതത്തിൽ സന്തുലിതമായ ഒരു സമീപനമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. ബിസിനസ് പ്രധാനമാണെങ്കിലും ധ്യാനവും (സാധനയും) പ്രധാനമാണെന്ന് യോഗാനന്ദജി അഭിപ്രായപ്പെട്ടു. ഇത് സ്വജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമായിരുന്നു ജെയിംസ് ലിൻ.

1935-ൽ ഭാരതത്തിലേക്ക് യോഗാനന്ദജി തിരിച്ചുപോയിരുന്നു. ആ സമയത്ത് ലിൻ, കാലിഫോർണിയയിൽ ഒരു സമുദ്രതീര വസ്തു വാങ്ങി ഒരു ആശ്രമം നിർമ്മിച്ചു. യോഗാനന്ദജിയുടെ സ്വപ്നസങ്കല്പത്തിന്റെ സാക്ഷാത്കാരമായിരുന്നു ഈ ആശ്രമം.

അമേരിക്കയിൽ യോഗാനന്ദജി മടങ്ങിയെത്തിയപ്പോൾ, ഒരു അപ്രതീക്ഷിത സമ്മാനമായി ഈ ആശ്രമം ജെയിംസ് ലിൻ, ഗുരുനാഥന് സമർപ്പിച്ചു.

1951 ഓഗസ്റ്റ് 25 -ന് ലിൻ, ഗുരുവിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിക്കുകയും ‘രാജർഷി ജനകാനന്ദ’ എന്ന സന്യാസനാമം യോഗാനന്ദജി അദ്ദേഹത്തിന് നൽകുകയും ചെയ്തു.

യോഗാനന്ദജി തന്റെ പ്രിയശിഷ്യനായ രാജർഷി ജനകാനന്ദജിയെ സ്നേഹപൂർവം “Saint Lynn” എന്ന് വിശേഷിപ്പിച്ചിരുന്നു.

Rajarshi-Janakananda-2

1952-ൽ സദ്ഗുരു യോഗാനന്ദജിയുടെ മഹാസമാധിക്ക് ശേഷം ജനകാനന്ദജി Self-Realization Fellowship (SRF) ന്റെ പ്രസിഡന്റായി (1952–1955) നേതൃത്വം വഹിച്ചു. യോഗാനന്ദജിക്ക് ശേഷം താനാണ് ഗുരുവെന്ന് ജനകാനന്ദജി അവകാശപ്പെട്ടില്ല. സിക്കുമതത്തിന്റെ അന്തിമഗുരു എന്ന നിലയിൽ ഗുരുഗ്രന്ഥ സാഹിബിന്റെ പദവിക്ക് സമാനമായ രീതിയിൽ SRF & YSS- സംഘടനയുടെ ഗുരു എന്നും ശ്രീ പരമഹംസ യോഗാനന്ദജി ആയിരിക്കുമെന്ന് നിശ്ചയിക്കപ്പെട്ടു.

ഒരു യഥാർത്ഥ ശിഷ്യൻ അഥവാ ഉത്തമ സാധകൻ എങ്ങനെയായിരിക്കണമോ ആ വിധം ജീവിച്ചു, പ്രവർത്തിച്ച് മാതൃക കാണിച്ച മഹത് വ്യക്തിത്വമായിരുന്നു രാജർഷി ജനകാനന്ദജി.

ലക്ഷക്കണക്കിന് ഡോളർ വില മതിക്കുന്ന തൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും SRF ന് സമർപ്പിച്ച ജനകാനന്ദജി 1955 ഫെബ്രുവരി 20- ന് മഹാസമാധിയായി.

ആ മഹാത്മാവിന്റെ പാദാരവിന്ദങ്ങളിൽ സാദര പ്രണാമങ്ങൾ!

ആർഷവിദ്യാസമാജം