ഇന്ന്, ജനുവരി 5: ശ്രീ ശ്രീ പരമഹംസ യോഗാനന്ദജിയുടെ 133-ാം ജന്മവാർഷികദിനം!
AVS
ഇന്ന്, ജനുവരി 5: ശ്രീ ശ്രീ പരമഹംസ യോഗാനന്ദജിയുടെ 133-ാം ജന്മവാർഷികദിനം!
1893 ജനുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയകുടുംബത്തിലായിരുന്നു യോഗാനന്ദജി ജനിച്ചത്. മുകുന്ദലാൽ ഘോഷ് എന്നായിരുന്നു വീട്ടുകാർ നൽകിയ പേര്. അദ്ദേഹത്തിൻ്റെ പിതാവ് ഭഗവതീചരൺ ഘോഷും മാതാവ് ജ്ഞാനപ്രഭാദേവിയുമാണ്. ശ്രീ മുകുന്ദലാൽജി, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വർഗിരി മഹാരാജിൻ്റെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദയെന്ന പേരിൽ ഈശ്വര- ഗുരു-ധർമ്മസേവനം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തനായി.
മനുഷ്യന്റെ ബോധസത്തയുടെ സൗന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥ ഈശ്വരീയതയും സാക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ – വർണ്ണ- ഗോത്ര – മതവിശ്വാസികളായ ആളുകളെ ദേശഭേദമന്യേ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു! “God is realizable. You can know Him now through meditation” – ഇത് അദ്ദേഹത്തിൻ്റെ ഏറെ ശ്രദ്ധേയമായ ആഹ്വാനമായിരുന്നു.
ഭാരതത്തിന്റെ പുരാതനധ്യാനയോഗമാർഗ്ഗമായ ക്രിയായോഗം ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൗത്യമെന്ന് സദ്ഗുരുവായ ശ്രീ യുക്തേശ്വർജി പ്രവചിച്ചിരുന്നു!
ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച്, 1920-ൽ യോഗാനന്ദജി അമേരിക്കയിലേക്ക് പോയി. ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങളും അദ്ധ്യാത്മിക പ്രഭാഷണങ്ങളും ചെയ്യുന്നതിന് അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. അനവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായി. ലക്ഷക്കണക്കിന് അമേരിക്കക്കാരെ സനാതനധർമ്മപാതയിലേക്ക് നയിക്കുവാനും യോഗാനന്ദജിയ്ക്ക് സാധിച്ചു!!
മഹാഗുരുപരമ്പരകളുടെയും, തന്റെയും ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി “യോഗദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ” (YSS) 1917-ൽ ഭാരതത്തിലും, “സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ്” (SRF) 1920-ൽ അമേരിക്കയിലും യോഗാനന്ദജി സ്ഥാപിച്ചു. ഈ ആധ്യാത്മികപ്രസ്ഥാനങ്ങളിലൂടെ ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, യഥാർത്ഥ ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, അദ്ധ്യാത്മിക ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും യോഗാനന്ദജി സാമാന്യജനത്തിനെ പരിചയപ്പെടുത്തി.
ശ്രീ യോഗാനന്ദജിയുടെ ജന്മദിനത്തിൽ ആ മഹാഗുരുവിന് ശതകോടി പ്രണാമങ്ങൾ.
ആർഷവിദ്യാസമാജം