Member   Donate   Books   0

മഹാകവി കുമാരനാശാൻ വിട വാങ്ങിയിട്ട് ഇന്ന് 102 വർഷം പൂർത്തിയാകുന്നു!

AVS

മഹാകവി കുമാരനാശാൻ വിട വാങ്ങിയിട്ട് ഇന്ന് 102 വർഷം പൂർത്തിയാകുന്നു!

മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കംകുറിച്ച കവിശ്രേഷ്ഠണ്‌ ശ്രീ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924).

ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിങ്ങനെയും ആശാൻ അറിയപ്പെടുന്നു.

ശ്രീനാരായണ ഗുരുദേവനെ പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. ഒരിക്കൽ, കുമാരനാശാൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുദേവനെ, അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും ആശാനും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. ആശാൻ രചിച്ച സ്തോത്രകവിതകൾ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരുദേവൻ ആശാനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്ന, സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണഗുരുദേവന്റെ ആത്മീയചൈതന്യം ആശാനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ സുബ്ര്യമണ്യസ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഏകദേശം ഇരുപതുവയസ് പ്രായമായപ്പോൾ, ആശാൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽച്ചെന്നുകൂടി അന്തേവാസിയായി, വേദ-വേദാന്ത ഗ്രന്ഥപാരായണത്തിലും ഗവേഷണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അതിനുമുമ്പ് കുമാരൻ, കുമാരു എന്നിങ്ങനെയായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, കുറ്റാലത്തെത്തി. അവിടെവച്ച്, അദ്ദേഹത്തിനു മലമ്പനി ബാധിച്ചു. ഈ യാത്രയുടെയവസാനം, അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത്, ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഗുരുദേവന്റെ ആശിർവാദത്തോടുകൂടി ബാംഗ്ലൂരിലും പിന്നീട് കൊൽക്കത്തയിലും പോയി ഡോ. പല്പുവിൻ്റെ സഹായത്താൽ ഉയർന്ന വിദ്യാഭ്യാസത്തിന് കുമാരനാശാൻ ശ്രമിച്ചിരുന്നു.
ശ്രീനാരായണഗുരുദേവന്റെ നിർദ്ദേശമനുസരിച്ച്, കൊൽക്കത്തയിലെ ഉന്നത വിദ്യാഭ്യാസം അവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽക്കഴിഞ്ഞു.

ശ്രീനാരായണഗുരുദേവനും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിച്ചു. യോഗത്തിന്റെ സംഘടനാപരമായ ചുമതലകളേൽപ്പിക്കാൻ ഗുരുദേവൻ തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903-ൽ കുമാരനാശാൻ യോഗത്തിൻ്റെ ആദ്യസെക്രട്ടറിയായി. ഏകദേശം പതിനാറുവർഷക്കാലം സ്തുത്യർഹമായ രീതിയിൽ അദ്ദേഹം ആ ചുമതല വഹിച്ചു. 1904-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസിക ആശാൻ ആരംഭിച്ചു.

എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്ക് വേണ്ടി കുമാരനാശാൻ വഹിച്ച പങ്കു നിസ്തുലമാണ്. സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല അദ്ദേഹം. അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള നവോത്ഥാന പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത്, ഈ സാമൂഹികബോധവും ധാർമ്മിക പ്രതിബദ്ധതയും ആണ്.

നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയ സ്വതന്ത്ര കൃതികൾക്ക് പുറമേ, ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം -എന്നിവയുടെ വിവർത്തനങ്ങളും കുമാരനാശാൻ രചിച്ചിട്ടുണ്ട്. ഗദ്യ ലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പലർക്കും മറുപടിയായി എഴുതിയ ‘മതപരിവർത്തന രസവാദം’ എന്ന ഗ്രന്ഥത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്.
1921-ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ രചിച്ച ‘ദുരവസ്ഥ’, യാഥാർത്ഥ്യങ്ങൾക്ക് നേരെ തുറന്നുവച്ച ഒരു കണ്ണാടി തന്നെയായിരുന്നു! എതിർപ്പുകൾ തൃണവത്ഗണിച്ചുകൊണ്ട്, തനിക്ക് ബോധ്യപ്പെട്ട സത്യങ്ങൾക്ക് വേണ്ടി നിലകൊണ്ടത് കൊണ്ടാവാം, അകാലത്തിൽ ആശാന് ഇഹലോക ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

മലയാള കാവ്യലോകത്ത് ദീപ്തമായ സാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു 1924 ജനുവരി 16-ന്,
വെളുപ്പിന് മൂന്നുമണിക്ക്, പല്ലനയാറ്റിൽ
‘റെഡീമർ’ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ, കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമായ ഈ അപകടം നടന്നത്, ബോട്ട് കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്കു പോകുമ്പോളാണ്.145 യാത്രക്കാരോളം ബോട്ടിലുണ്ടായിരുന്നു.
കുമാരനാശാന്റെ മൃതശരീരം അപകടം നടന്നതിന്റെ പിറ്റേ ദിവസമാണ്
കണ്ടെടുത്തത്. പല്ലനയാറ്റിൽ ഉണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 25 -നും 35 -നും ഇടയ്ക്കാകുമെന്ന് അനുമാനിക്കുന്നു. ചില സാമൂഹിക വിരുദ്ധരുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിൽ ഉണ്ടോ എന്ന സംശയങ്ങൾക്ക് ഇന്ന് ബലമേറുന്നു.

കവിതയെ പടവാളാക്കി സാമൂഹിക വിപ്ലവത്തിന് പരിശ്രമിച്ച മഹാകവിയുടെ ദീപ്തസ്മരണകൾക്ക് മുന്നിൽ അശ്രുപുഷ്പങ്ങൾ! പ്രണാമം……!!

ആദരപൂർവം,
ആർഷവിദ്യാസമാജം