സനാതനധർമ്മത്തിലെ പരമേശ്വരനാണ് ശ്രീ പരമശിവൻ. എല്ലാറ്റിനും ഉപരിയായ പരമതത്വത്തെ ആണ് പരമേശ്വരൻ എന്ന പദം കൊണ്ട് വ്യവഹരിക്കുന്നത്. യാതൊന്നും (എന്തും, ഏതും, ആരും) ആരെയാണോ അതിക്രമിക്കാത്തത് അദ്ദേഹമാണ് പരമേശ്വരൻ. അതായത് ലോകം, കാലം, സചേതന – അചേതന വസ്തുക്കൾ തുടങ്ങിയ എല്ലാത്തിന്‍റെയും ഈശ്വരൻ, (ഈശൻ, അധിപൻ, നാഥൻ, പതി). സർവ്വേശ്വരൻ, അഖിലേശ്വരൻ, നിഖിലേശ്വരൻ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. God അല്ല Almighty God എന്നർത്ഥം!
ലോകത്തിന്‍റെ ഈശ്വരൻ എന്നർത്ഥത്തിൽ വിശ്വേശ്വരനും വിശ്വനാഥനും ജഗദീശ്വരനും, കാലത്തിന്റെ നാഥനായ മഹാകാളനും കാലേശ്വരനും, ജീവികളുടെ പതിയായ പശുപതിയും ജീവേശ്വരനും, ഭൂതപതിയായ ഭൂതേശ്വരനും ആണ് പരമേശ്വരൻ. അദ്ദേഹം സൂക്ഷ്മലോക വാസികളായ ദേവൻമാരുടെ ഈശ്വരൻ ആകയാൽ സുരേശ്വരനും, ദേവദേവനും മഹാദേവനുമാണ്. കാരണ ലോകവാസികളായ ഈശ്വര പ്രതീകങ്ങളുടെയും ഈശ്വരനാകയാൽ മഹേശനും മഹേശ്വരനുമാണ്.
“ന തസ്യ കശ്ചിത് പതിരസ്തി ലോകേ” – പരമശിവന് ആശ്രയമായോ നാഥനായോ ഈശ്വരനായോ മറ്റാരുമില്ല (ശ്വേതാശ്വതരോപനിഷത്ത് 6:9) നിരീശ്വരനും നിരാശ്രയനും സനാതനനും പരമേശ്വരനുമായ പരബ്രഹ്മ തത്വത്തിന്‍റെ തത്വനാമമാണ് ശിവം, പരമശിവം, ശിവൻ, പരമശിവൻ എന്നീ പദങ്ങൾ കൊണ്ട് സാമാന്യമായി സൂചിപ്പിക്കുന്നത്. നിത്യ – ശുദ്ധ – ബുദ്ധ – മുക്തനാണ് അവിടുന്ന്. അദ്ദേഹം അകായനും (സ്ഥൂല – സൂക്ഷ്മ – കാരണ ശരീരങ്ങളിലാത്തവൻ) നിരാകാരനും നിരവയവനും ആണ്. ഈ നിരാകാര പരബ്രഹ്മതത്വത്തിന്‍റെ പ്രതീകമാണ് ശിവലിംഗം.
യോഗിമാരുടെ ധ്യാന – സമാധികളിൽ വ്യക്തമാകുന്ന ജ്യോതിർലിംഗത്തെയാണ് യോഗിമാർ ആദ്യം ഉപാസിച്ചിരുന്നത്. ജ്യോതിധ്യാന വിദ്യാരഹസ്യം അതാണ്. ഗായത്രി മന്ത്രത്തിന്‍റെ അർത്ഥം നോക്കുക (സ്ഥൂല – സൂക്ഷ്മ – കാരണ ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന ഉപാസനായോഗ്യമായ പരമേശ്വരൻ്റെ ജ്യോതിസ് എൻ്റെ ബുദ്ധിയേയും ചൈതന്യവത്താക്കട്ടെ എന്നാണ് മന്ത്രത്തിന്‍റെ ഭാവാർത്ഥം). പിന്നീട് സ്ഥൂല ലോകത്ത് പ്രകാശിക്കുന്ന നക്ഷത്രം, സൂര്യൻ, ചന്ദ്രൻ, അഗ്നി, ദീപം എന്നിവയിലും ധ്യാനിക്കാൻ തുടങ്ങി. (ചില താന്ത്രികരും യോഗികളും ഇപ്പോഴും അഗ്നിയിലാണ് ശിവലിം ഗോപാസന ചെയ്യുന്നത്) അടുത്ത ഘട്ടമായി അവയവങ്ങളില്ലാത്ത കല്ലിൽ ശിവജ്യോതിലിംഗം ദർശിച്ച് ആരാധിക്കുന്ന പതിവുമുണ്ടായി. പല ആകൃതിയിലുള്ള ശിവലിംഗങ്ങൾ ദ്വാദശ ശിവലിംഗങ്ങളിൽത്തന്നെ കാണുവാൻ കഴിയും. ഇതെല്ലാം ഭക്തരുടെ വിവിധ തലങ്ങൾ പരിഗണിച്ച് ഉപാസനയ്ക്ക് വേണ്ടിയാണ്.
“ഏകസ്യാത്മനോന്യേ ദേവം പ്രത്യംഗാനി ഭവതി”
(ഏകനായ പരമേശ്വരന്റെ പ്രത്യംഗങ്ങളും (അവയവങ്ങളും ഗുണവാചിയായ നാമങ്ങളും) ആണ് എല്ലാ ദേവശബ്ദങ്ങളും)
“തസ്യ വാചക: പ്രണവ:” യോഗസൂത്രം – അധ്യായം -1 സമാധി പാദം. സൂത്രം 27-മഹർഷി പതഞ്ജലി) ഓം പ്രണവം പരമേശ്വരന്‍റെ ബീജമന്ത്രമായതിനാൽ അതു ചേർന്നാലും പഞ്ചാക്ഷരം തന്നെ). അത് വേദമന്ത്രവും ആഗമമന്ത്രവുമാണ്. വൈദികവും താന്ത്രികവും, യൗഗികവുമായ (വേദം, തന്ത്രം, യോഗം) എല്ലാ പദ്ധതികളിലും പരമതത്വം പരമശിവൻ തന്നെ. പരമേശ്വരൻ മഹേശ്വരൻ എന്ന് മറ്റാരെയും ഋഷികൾ വിളിച്ചിട്ടില്ല.
പിൽക്കാലത്ത് പാശ്ചാത്യർ പടച്ചുവിട്ട ആര്യദ്രാവിഡ സിദ്ധാന്തങ്ങളിൽ ഈ “സാങ്കൽപ്പികവർഗ്ഗങ്ങളുടെ ” ഈശ്വരദർശനത്തിലെ ഏകത്വം മിഷനറിമാരേയും ബ്രിട്ടീഷ് സാമ്രാജ്യവാദികളെയും കുഴക്കിയിരുന്നു കാരണം വേദത്തിലും പരമേശ്വരനാണ് ഏകേശ്വരൻ. ധാരാളം ശിവസ്തുതികളുണ്ട്. രാമേശ്വരനും ഗോപേശ്വരനും തന്നെയാണ് ദ്രാവിഡരുടെ ഈശ്വരനും ! ആര്യ ദ്രാവിഡ സംഘർഷ സിദ്ധാന്തം പൊളിഞ്ഞതിന് പിന്നിൽ ഈ യാഥാർത്ഥ്യവുമുണ്ട്.
എങ്ങനെയാണ് ഉജ്വലമായ പരമേശ്വര ദർശനത്തിന് പകരം വികലമായ ദൈവ സങ്കല്പങ്ങൾ പ്രചരിച്ചത്?. പുരാണങ്ങൾ ആധികാരികമോ? ഈശ്വരൻ ഒന്നോ പലതോ? നിർഗുണനോ സഗുണനോ? നിരാകാരനോ സാകാരനോ? നിരാകാരനാണെങ്കിൽ ചിത്രങ്ങളിൽ കാണുന്ന ശിവരൂപം എന്താണ്? സനാതന ധർമ്മം ആര് നൽകി? സാമാന്യ വിശദീകരണം -കർമ്മ സിദ്ധാന്തം – വിധിവാദം – ഏതാണ് ശരി? പ്രത്യക്ഷവാദം, അവതാരവാദം – യാഥാർത്ഥ്യമെന്ത്? സർവ്വ ദൈവവാദമോ സർവ്വവ്യാപി – സർവ്വാന്തര്യാമി സിദ്ധാന്തമോ? പരമേശ്വരൻ സ്രഷ്ടാവോ? സ്വർഗ്ഗനരകങ്ങൾ, പരലോകം പുനർജന്മം ഏതാണ് ശരി?യഹോവ, അല്ലാഹു, പരമേശ്വരൻ താരതമ്യ പഠനം – ഇവയെക്കുറിച്ചെല്ലാം അടുത്ത ദിവസങ്ങളിൽ എഴുതാം.
ചോദ്യങ്ങൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ എന്നിവ 9895444684 എന്ന മൊബൈൽ നമ്പരിലൂടെ ഉന്നയിച്ചാൽ സൗകര്യം പോലെ സംശയനിവാരണവും മറുപടിയും ഫേസ് ബുക്കിലൂടെ നൽകാം. ആരോഗ്യകരമായ സംവാദമായി ഈ ചർച്ച മാറട്ടെ!