Skip to content

സനാതനധർമ്മം – 8

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാം ഭാഗം.
എട്ടാം ഭാഗം:

ജാതിമാമൂൽവാദികൾസനാതനധർമ്മവിരുദ്ധർ!

സമത്വസാഹോദര്യപൂർണമായ സമാധാനജീവിതത്തിനും സമാജപുരോഗതിയ്ക്കും മാത്രമല്ല, സനാതനധർമ്മത്തിൻ്റെ ഉജ്വലദർശനങ്ങൾക്കും അതിൻ്റെ മഹാചാര്യന്മാർക്കും എതിരെ കടുത്ത ഭീഷണിയുയർത്തിയ സാമൂഹ്യവിരുദ്ധരായിരുന്നു ജാതിമാമൂൽമൗലികവാദശക്തികൾ, അന്നും ഇന്നും എന്നും! (“പഴയകാലത്തെ സനാതനധർമ്മവിരുദ്ധരായ” ഇവരെയാണ് സനാതനധർമ്മത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ഇന്നത്തെ “സനാതനധർമ്മ ഉന്മൂലനവാദികൾ” ശ്രമിക്കുന്നത്!)
സനാതനധർമ്മത്തിൻ്റെ ഉള്ളടക്കമായ ഉജ്വലമായ ദർശനങ്ങൾ (തത്വങ്ങൾ) അഭ്യാസങ്ങൾ, നിയമങ്ങൾ എന്നിവയെ പരിമിതപ്പെടുത്തി വികലമാക്കിയ ആശയമലിനീകരണത്തിൻ്റെ ആസൂത്രകരാണ് ജാതി-മാമൂൽവാദികൾ!
ഏകേശ്വരദർശനം, ഏകമാനവസങ്കല്പം, ഏകലോകവീക്ഷണം, പഞ്ചമഹാകർത്തവ്യങ്ങൾ, പഞ്ചമഹാഋണങ്ങൾ, പഞ്ചമഹായജ്ഞദർശനം, കർമ്മസിദ്ധാന്തം, പുനർജന്മസിദ്ധാന്തം എന്നിവയെല്ലാം ഇവർ അട്ടിമറിച്ചു.
ഏകേശ്വരദർശനം
സെമിറ്റിക് ഗ്രന്ഥങ്ങളിൽ കാണുന്നത് ഇടുങ്ങിയതും മറ്റുള്ളവയെ നിരാകരിക്കുന്നതുമായ (Exclusive) ഏകദൈവസിദ്ധാന്തമാണ്. യഹോവ/അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന കാഴ്ചപ്പാട്. മറ്റ് ദൈവസങ്കൽപങ്ങളോടും ഇതര മതാനുയായികൾ, വിശ്വാസങ്ങൾ എന്നിവയോടുമുള്ള അസഹിഷ്ണുത നിറഞ്ഞ വിദ്വേഷ സമീപനം, ക്രൂരതകൾ എന്നിവയാൽ സമൃദ്ധമാണ് സെമിറ്റിക് സിദ്ധാന്തങ്ങളും ചരിത്രവും. അതിനാൽ ഏകദൈവ സിദ്ധാന്തത്തോട് തന്നെ ഒരു വിപ്രതിപത്തി ചിന്തിക്കുന്ന ജനങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ സെമിറ്റിക് വീക്ഷണങ്ങൾക്ക് കടകവിരുദ്ധവും എല്ലാത്തിനെയും ഉൾക്കൊള്ളുന്ന തരത്തിൽ സർവാശ്ലേഷിയുമായ (all inclusive) ഏകേശ്വരദർശനമാണ് സനാതനധർമ്മത്തിനുള്ളത്. മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവികളിലും വസ്തുക്കളിലും (ചരാചരങ്ങളിലും) പ്രകൃതിയിലും കുടികൊള്ളുന്നത് ഒരേ അടിസ്ഥാനചൈതന്യമാണെന്ന ഏകത്വദർശനവും സനാതനധർമ്മത്തിൻ്റെ സ്വന്തം. പാരമാർത്ഥികതലത്തിൽ സാക്ഷാത്കരിക്കേണ്ട അദ്വൈതദർശനമാണിത്.
പരമശിവൻ, പരാശക്തി, പരബ്രഹ്മം, പരംപൊരുൾ, പരമാത്മാവ്, വിഷ്ണു, ബ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഇന്ദ്രൻ, മിത്രൻ, യമൻ, അഗ്നി, നിര്യതി എന്ന് ഋഷിമാരും വേദങ്ങളും വാഴ്ത്തുന്ന സച്ചിദാനന്ദസ്വരൂപിയായ പരമതത്വമാണ് ശ്രീപരമേശ്വരൻ.
പരമേശ്വരൻ്റെ വ്യത്യസ്തമായ തത്വ -അനന്യ -അവ്യയ-വിഭൂതി (മഹിമാ) നാമങ്ങളാണ് ഇവയെല്ലാം. ഇതാണ് സനാതനധർമ്മത്തിൻ്റെ അടിസ്ഥാനമായ ഏകേശ്വരദർശനം.
ഏകോഹം ബഹുസ്യാമ: (ഒന്ന് തന്നെയാണ് വിവിധരീതിയിൽ പ്രകാശിക്കുന്നത്).
സർവ്വം ഖല്വിദം ബ്രഹ്മ (ഛാ.ഉ. 3.14.1) – എല്ലാം ആത്യന്തികമായി ബ്രഹ്മം തന്നെ.
വിവിധ രീതിയിൽ പ്രകടമാകുന്ന പരമേശ്വരൻ ഏകനാണ്. അദ്ദേഹത്തെ വേദം വിശേഷിപ്പിക്കുന്നത് അജൈകപാത്ത് (ഒരിക്കലും ജനിക്കാത്ത ഏകരക്ഷകൻ) എന്നാണ്. പല ഭാവത്തിൽ പ്രകാശിക്കുന്ന ഈശ്വരൻ ഒരേ ഒരുവനാണ്. നിരവധി ശ്രുതിവചനങ്ങൾ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഈശ്വരശക്തി കൊണ്ട് പ്രകാശിക്കുന്ന ഭഗവാൻമാർ, ദേവൻമാർ, ഉപദേവൻമാർ, ഋഷിമാർ തുടങ്ങിയവർ അനേകമുണ്ടെങ്കിലും പരമേശ്വരൻ ഏകനാണെന്ന് വേദോപനിഷത്തുക്കളും ആഗമങ്ങളും ഋഷി -ഗുരുപരമ്പരകളും ഒരു പോലെ സൂചിപ്പിക്കുന്നു.
പ്രമാണങ്ങൾ നിരവധിയുണ്ട്.
സൂചനകൾ
1. അജൈകപാത്ത് =അജൻ+ഏകൻ+പാത്ത് = ജനിമൃതികളില്ലാത്ത ഏക സംരക്ഷകൻ (പരിപാലകൻ).
2. സത്-ചിത്-ഏകം-ബ്രഹ്മ-(സച്ചിദേകം ബ്രഹ്മ)
സത്= പരമമായ അസ്തിത്വം (അടിസ്ഥാന യാഥാർത്ഥ്യം, ആത്യന്തിക ഉണ്മ) ഒന്നു മാത്രം.
ചിത്= വിശേഷ ജ്ഞാനത്തോടു കൂടിയ പരമ (പൂർണ)ബോധം.
3. ശിവകേവലം- പരമയാഥാർത്ഥ്യം പൂർണ്ണ സ്വതന്ത്രനായ പരമശിവൻ മാത്രം.
(പരമേശ്വരൻ്റെ തത്വനാമമാണ് ശിവൻ, പരമശിവൻ, ശിവം, പരമശിവം എന്നൊക്കെ അറിയപ്പെടുന്നത്)
4. ഏകോഹി രുദ്ര ന ദ്വിതീയായ തസ്ഥുര്യ ഇമാൻ ലോകാനിശത ഈശനീഭി: (ശ്വേതാശ്വേതരോപനിഷത്ത് 3-2)
ഈ ലോകങ്ങളെ മുഴുവൻ സ്വശക്തികൊണ്ട് ഭരിക്കുന്ന പരമേശ്വരനായ മഹാരുദ്രൻ ഏകനാകുന്നു. അദ്ദേഹം രണ്ടാമതൊന്നിനെ ആശ്രയിച്ച് സ്ഥിതി ചെയ്യുന്നില്ല.
5. ഏകം സത് – ഈശ്വരൻ (സത്യം) ഒന്ന്.
6. ഏകം സത് വിപ്രാ: ബഹുധാ വദന്തി- ഈശ്വരൻ ഒന്നേയുള്ളൂ, വിജ്ഞൻമാർ പല പേരുകളിൽ വിശേഷിപ്പിക്കുന്നു.
7. ഏകം സന്ത: ബഹുധാ കല്പയന്തി – അന്തിമ തത്വം ഒന്നേയുള്ളൂ. വിവിധ രീതിയിൽ വർണ്ണിക്കുന്നു.
8. ഏകം ദീപം ബഹുധാ ഭാസയന്തി – എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന ജ്യോതിസ്വരൂപൻ ഏകൻ. അദ്ദേഹം പല രീതിയിൽ പ്രകാശിക്കുന്നു.
9. ഏകോ ദേവ നേഹ നാനാസ്തി കിഞ്ചന – പരമേശ്വരൻ ഏകൻ മാത്രം, അനേക ഈശ്വരന്മാർ ഇല്ല. ഭക്തന്മാർക്ക് വേണ്ടി പരമേശ്വരൻ പല രൂപഭാവങ്ങളിൽ പ്രത്യക്ഷനാകുന്നു എന്നേ ഉള്ളൂ.
10. ഏകമേവാദ്വിതീയം ബ്രഹ്മ: – ഈശ്വരൻ ഏകനും അദ്വിതീയനുമാണ്. -ഏകൻ (ഒരേ ഒരാൾ). അദ്വിതീയൻ – (രണ്ടാമതൊരുവൻ ഇല്ലാത്തവൻ).
11. ഏകസ്യാത്മനോഽന്യേ ദേവം പ്രത്യംഗാനി ഭവതി – ഏകനായ ഈശ്വരന്റെ പ്രത്യംഗങ്ങളാണ് (അവയവങ്ങൾ) മറ്റു ദേവന്മാരൊക്കെ (യാസ്ക നിരുക്തം).
12. മൃത്യോ: സ: മൃത്യു ഗച്ഛതി യ: ഇഹ നാനേവ പശ്യതി – യാതൊരുവൻ ഒന്നിനെ പലതായി കാണുന്നുവോ, അയാൾ മൃത്യുവിൽ നിന്ന് മൃത്യുവിലേയ്ക്ക് പതിക്കുന്നു (കഠോപനിഷത്, ദ്വിതീയാധ്യായം – പ്രഥമവല്ലി 11-ാം ശ്ലോകം).
13. ഏകദൈവ സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരു വേദാന്ത സൂത്രത്തിൽ ‘രുദ്രത്വം ആസീത് ’ എന്ന് സൂചിപ്പിക്കുന്നു. ‘ഏകമേവാദ്വിതീയം ബ്രഹ്മാസ്തി നാന്യന്ന സംശയ’ – ബ്രഹ്മം ഒന്നുമാത്രം രണ്ടില്ലാതെ നില നിൽക്കുന്നു. മറ്റൊന്നുമില്ല, സംശയം വേണ്ട (ദർശനമാല10 :10). ഒരു ദൈവമേ മനുഷ്യനുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസിദ്ധമായ സന്ദേശ ത്തിലൂടെയും അറിയിച്ചു.
വിശദമായ പ്രമാണങ്ങൾ ആവശ്യമുള്ളവർക്ക് ചിലത് നൽകാം.
1. ഇന്ദ്രം മിത്രം വരുണമഗ്നി മാഹു
രഥോ ദിവ്യസ്സ സുപർണ്ണോ ഗരുത്മാൻ
ഏകം സദ് വിപ്രാഃ ബഹുധാ വദന്ത്യ-
ഗ്നിം യമം മാതരിശ്വാനമാഹുഃ (ഋഗ്. 1.164.46)
ഇന്ദ്രനും മിത്രനും വരുണനും അഗ്നിയും ഗരുഡൻ എന്നൊക്കെ പല പേരുകളിൽ സ്തുതിക്കപ്പെടുന്നത് ഒരേ മൂലതത്ത്വത്തെത്തന്നെയാണ്. ആ ഒരേ പരമേശ്വരനെത്തന്നെ വിദ്വാന്മാർ അഗ്നിയെന്നും യമനെന്നും മാതരിശ്വാവ് (വായു) എന്നിങ്ങനെ പല പേരുകളിൽ വിശേഷിപ്പിക്കുന്നു.
2. സുപർണ്ണം വിപ്രാ കവയോ വചോഭി
രേകം സന്തം ബഹുധാ കല്പയന്തി. (ഋഗ് 10.114.5)
സർവ്വവ്യാപകമായ പരബ്രഹ്മതത്വമായ ശ്രീപരമേശ്വരനെ വിദ്വാന്മാരായ കവികൾ വാക്കുകളെക്കൊണ്ട് അനേകം രൂപങ്ങളിൽ സങ്കല്പിക്കുന്നു.
3. തദേവാഗ്നിസ്തദാദിത്യസ്തദ്വായുസ്തദുചന്ദ്രമാഃ
തദേവ ശുക്രം തദ്ബ്രഹ്മ താ ആപഃ സ പ്രജാപതിഃ
(ശു. യജു. 32.1)
ആ ഒരേയൊരു പരമേശ്വരതത്ത്വത്തെത്തന്നെ അഗ്നിയെന്നും ആദിത്യനെന്നും വായുവെന്നും ചന്ദ്രനെന്നും ശുക്രനെന്നും അപ് (ജലം) എന്നും ബ്രഹ്മമെന്നും പ്രജാപതിയെന്നും തുടങ്ങിയ പല പേരുകളിൽ പറഞ്ഞുവരുന്നു.
4. അഗ്നേർവ്വാ ഏതാസ്സർവ്വാ
സ്തത്ത്വഃ യദേതാ ദേവതാഃ
(ഐതരേയ ബ്രാഹ്മണം)
ഈ ദേവതകൾ എല്ലാം തേജോരൂപനായ പരബ്രഹ്മത്തിന്റെ തന്നെ ആകാരഭേദങ്ങളാണ്.
5. മഹാഭാഗ്യാദ് ദേവതായാ ഏക ആത്മാ ബഹുധാ സ്തൂയതേ
ഏകസ്യാത്മനോഽ ന്യദേവാഃ പ്രത്യങ്ഗാനി ഭവന്തി.
(യാസ്ക മഹർഷി – നിരുക്തം 7-4)
പരമേശ്വരൻ്റെ അനന്തമഹിമകൾ നിമിത്തം ഒരേ പരമാത്മാവ് അനേകം പ്രകാരങ്ങളിൽ സ്തുതിക്കപ്പെടുന്നു. ഏകനായ ആത്മാവി ന്റെ വിവിധ അംഗങ്ങളാണ് (ഭാവങ്ങളാണ്) എല്ലാ അന്യദേവന്മാരും (ഈശ്വരപ്രതീകങ്ങൾ).
ഏറെ വിമർശന വിധേയമായ മനുസ്മൃതിയിൽ പോലും ഇങ്ങനെ കാണാം
6. ഏതമേകേ വദന്ത്യഗ്നിമനുമന്യേ പ്രജാപതിം
ഇന്ദ്രമേകേഽ പരേ പ്രാണമപരേ ബ്രഹ്മശാശ്വതം
(മനുസ്മൃതി. 12-123)
അഗ്നിയെന്നും പ്രജാപതിയെന്നും ഇന്ദ്രനെന്നും ശാശ്വതബ്രഹ്മമെന്നും ഒരേ മൂലതത്ത്വത്തെത്തന്നെ പല പ്രകാരത്തിൽ പറയുന്നു.)
പരമേശ്വരൻ അകായൻ, നിരാകാരൻ നിരവയവൻ, സർവ്വജ്ഞാനി
അപാണിപാദോ ജവനോ ഗൃഹീതാ
പശ്യത്യചക്ഷുഃ സശ്രുണോത്യകർണ്ണഃ (ശ്വേ.ഉ. 3.19)
ആ മഹാപുരുഷൻ കരചരണാദിരഹിതനായിരിക്കെ തന്നെ സമസ്ത വസ്തുക്കളേയും ഗ്രഹിക്കുന്നവനായും കണ്ണും കാതുമില്ലാതെ തന്നെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവനായും വർത്തിക്കുന്നു.
എന്നാൽ സെമിറ്റിക് മതങ്ങളിലെ exclusive ആയ ഏകദൈവസിദ്ധാന്തമല്ല, സനാതനധർമ്മത്തിലെ all inclusive ആയ ഏകേശ്വരദർശനം എന്ന് പ്രത്യേകം തിരിച്ചറിയണം. എല്ലാറ്റിനേയും ആദരിക്കാനും അതിൻ്റേതായ സ്ഥാനം നൽകി ബഹുമാനിക്കാനും കഴിയുന്ന ഏകേശ്വരദർശനമാണ് സനാതനധർമ്മത്തിനുള്ളത്. അതിന് കാരണം ഈ ധർമ്മത്തിൻ്റെ സർവ്വവ്യാപിസിദ്ധാന്തവും സർവ്വാന്തര്യാമിസിദ്ധാന്തവുമാണ്.
സർവ്വവ്യാപിസിദ്ധാന്തം (All pervading, omnipresence theory)
ആത്യന്തികതലത്തിൽ ഈശ്വരൻ വിശ്വത്തിലാകെ ബ്രഹ്മരൂപത്തിൽ വ്യാപിച്ചിരിക്കുന്നു എന്നതാണ് സർവ്വവ്യാപിസിദ്ധാന്തം.
സർവ്വാന്തര്യാമി സിദ്ധാന്തം (Immanent theory)
വിശ്വത്തിലെ ചരാചരങ്ങളിൽ (ജീവനുള്ളതും ജീവനില്ലാത്തതുമായ) ഈശ്വരൻ അടിസ്ഥാനതലത്തിൽ ആത്മഭാവത്തിൽ കുടികൊള്ളുന്നു എന്ന ദർശനമാണ് സർവ്വാന്തര്യാമി സിദ്ധാന്തം.
സർവ്വവ്യാപിസിദ്ധാന്തം – തെളിവുകൾ
പരമേശ്വരൻ പരാത്പരനും സ്വാശ്രയനും (നിരാലംബൻ)സ്ഥിരനും സർവ്വവ്യാപിയും ആകുന്നു:
യസ്മാത്പരം നാപരമസ്തികിഞ്ചി
ദ്യസ്മാന്നാണീയോ ന ജ്യായോസ്തി കശ്ചിദ്
വൃക്ഷ ഇവ സ്തബ്ധോ ദിവി തിഷ്ഠത്യേക-
സ്തേനേദം പൂർണ്ണം പുരുഷേണ സർവ്വം
ശ്വേതാശ്വേതരോപനിഷദ് 3.3
ആ പരമേശ്വരനേക്കാൾ പരമായി മറ്റൊന്നുമില്ല. അവനേക്കാൾ അണുവായോ അഥവാ വിഭുവായോ (സർവ്വവ്യാപകനായോ) മറ്റാരുമില്ല. അവൻ തന്നെയാണ് പ്രകാശമാനമായ ആകാശത്തിൽ മറ്റൊന്നിനേയും ആശ്രയിക്കാതെ വൃക്ഷത്തെപ്പോലെ നിശ്ചലനായി സ്ഥിതി ചെയ്യുന്നത്. ആ പുരുഷനാൽ ജഗത്തു മുഴുവൻ പൂർണ്ണമായിരിക്കുന്നു. (ആ പുരുഷൻ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്നു).
2. സ ഓതഃ പ്രോതശ്ച വിഭൂഃ പ്രജാസു
(ശു.യജു. 32.😎
വിഭുവായ ആ പരമാത്മാവ് (പരമേശ്വരൻ) വിശ്വത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നു.
3. വേദാഹം സൂത്രം വിതതം യസ്മിന്നോതാ ഇമാഃ പ്രജാഃ
(അഥർവ്വം 10.8.68)
ആ പരമേശ്വരൻ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു എന്നും ഈ വിശ്വം മുഴുവൻ അതിനാൽ ഓതപ്രോതമായിരിക്കുന്നു (അടിസ്ഥാനമാക്കിയതാണെന്നും) എന്നും ഞാൻ (വൈദിക ഋഷി) അറിയുന്നു.
സർവ്വവ്യാപിസിദ്ധാന്തവും സർവ്വാന്തര്യാമി സിദ്ധാന്തവും – തെളിവുകൾ
1. ഏകോദേവഃ സർവ്വഭൂതേഷു ഗൂഢഃ
സർവ്വവ്യാപീ സർവ്വഭൂതാന്തരാത്മാ (ശ്വേ.ഉ. 6-11)
ഏകനായ ആ പരമാത്മാവ് സർവ്വഭൂതങ്ങളിലും ഗൂഢമായി വസിക്കുന്നവനും സർവ്വവ്യാപിയും അന്തരാത്മാവുമാണ്.
2. ഏകസ്തഥാ സർവ്വഭൂതാന്തരാത്മാ
രൂപം രൂപം ബഹുരൂപം ബഹിശ്ച
(കഠ.ഉ. 2-2-10)
സർവ്വഭൂതങ്ങളുടേയും അന്തരാത്മാവായ പരമേശ്വരൻ, ഏകനാണെങ്കിലും വിഭിന്ന ദേഹങ്ങളിൽ പ്രവേശിച്ച് അതാതിന്റെ രൂപം ധരിക്കുന്നു.
3. ഏകോവശീ സർവ്വഭൂതാന്തരാത്മാ
ഏകം രൂപം ബഹുധാ യഃ കരോതി
തമാത്മസ്ഥം യേഽ നുപശ്യന്തി ധീരാഃ
തേഷാം സുഖം ശാശ്വതം നേതരേഷാം.
(കഠ.ഉ. 2-12)
എല്ലാ ദേഹധാരികളിലും ആത്മസ്വരൂപത്തിൽ നിവസിക്കുന്ന പരമാത്മാവ് ഏകരൂപനെങ്കിലും അനേകം രൂപം ധരിക്കുന്നു. തന്റെ
ഉള്ളിൽ വസിക്കുന്ന ആ പരബ്രഹ്മത്തെ നിരന്തരം ദർശിച്ചുകൊണ്ടി
രിക്കുന്ന ജ്ഞാനികൾക്കു മാത്രമേ ശ്വാശ്വത സുഖം ലഭിക്കുന്നുള്ളൂ.
അന്യർക്ക് ലഭിക്കുന്നില്ല.
4. അണോരണീയാൻ മഹതോ മഹീയാൻ
ആത്മാഗുഹായാം നിഹിതോസ്യജന്തോഃ (ശ്വേ.ഉ. 3.20)
ഒരേ സമയം അണുവിലും അണുവായും വിഭുവിലും വിഭുവായും ഉള്ള ആ പരമാത്മാവ് സമസ്ത പ്രാണികളുടേയും ഹൃദയഗഹ്വരത്തിൽ ആത്മാരൂപേണ നിഹിതനായിരിക്കുന്നു.
മഹാവാക്യങ്ങളായ പ്രജ്ഞാനംബ്രഹ്മ (ഐ.ഉ. 3.1.2), അഹംബ്രഹ്മാസ്മി (ബൃ.ഉ. 4-10), തത്ത്വമസി (ഛാ.ഉ. 6.8.67), അയമാത്മാ ബ്രഹ്മ (മാ.ഉ. 2), സോഹം, ഹംസ, ശിവോഹം തുടങ്ങിയവയെല്ലാം സർവ്വാന്തര്യാമി സിദ്ധാന്തത്തിൻ്റെ മറ്റ് തെളിവുകളാണ്.
എല്ലാ വസ്തുക്കളിലും ലോകത്തിലും അടിസ്ഥാനപരമായി ഈശ്വരതത്വം കുടികൊള്ളുന്നു എന്നതാണ് ഈ ഉദാത്തദർശനങ്ങളുടെ സാരം.
ഈ സിദ്ധാന്തങ്ങളാണ് എവിടെയും (കല്ലിലും, തൂണിലും തുരുമ്പിലും, നദിയിലും, മലയിലും മാത്രമല്ല ചെടികൾ, മൃഗങ്ങൾ, മനുഷ്യർ തുടങ്ങിയ ജീവികളിലും) ഈശ്വരനെ ദർശിക്കുന്ന വീക്ഷണം നമുക്കുണ്ടാക്കിയത്.
നമസ്തേ! നമസ്കാരം തുടങ്ങിയ അഭിവാദനരീതിയിൽ പോലും ഈ ദർശനമുണ്ട്. “അങ്ങയിലും എന്നിലും അടിസ്ഥാനതലത്തിൽ കുടികൊള്ളുന്ന ഈശ്വരനെ വണങ്ങുന്നു” എന്നാണ് കൈകൂപ്പലിൻ്റെ താല്പര്യം.
(തുടരും)